Current Date

Search
Close this search box.
Search
Close this search box.

അക്രമിയായ ഒരു ഭരണാധികാരിയെയും ഇതുവരെ പിന്തുണച്ചിട്ടില്ല : ഖറദാവി

(ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ആനുകാലിക നിലപാടുകളെ കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അഹ്മദ് അലി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്)

? താങ്കള്‍ ഈജിപ്തിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ചുകൊണ്ട് ധാരാളമായി സംസാരിക്കുന്നു. സ്വന്തം ജനത അദ്ദേഹത്തിനെതിരെ രംഗത്തുവരാന്‍ മാത്രം നിരവധി അബദ്ധങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഭരണനിര്‍വഹണ തലങ്ങളില്‍ ദുര്‍ബലനായ ഒരു വ്യക്തിയെ നിയമിക്കുകയും ജനങ്ങള്‍ക്ക് വേണ്ടി ശ്രദ്ദേയമായ ഒരു പ്രവര്‍ത്തനവും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്..എന്താണ് പ്രതികരണം.

– അധികാരത്തിലെത്തിയതു മുതല്‍ ഭരണകൂടം രൂപീകരിക്കുന്നതുവരെ ശക്തമായ ആക്രമണങ്ങള്‍ക്ക് മുര്‍സി വിധേയനായിട്ടുണ്ട്. പ്രധാനമന്ത്രിയെ നിയോഗിച്ചതില്‍ വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ടായിരുന്നു. എന്തിനാണ് ജനസ്വീകാര്യത ഇല്ലാത്ത ഒരാളെ പ്രധാനമന്ത്രി സ്ഥാനത്ത് നിയമിച്ചതെന്ന് അദ്ദേഹത്തോട് ഞാന്‍ നേരിട്ട് ചോദിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥാനത്തേക്ക് യോഗ്യനായ ഒരാളെ കണ്ടെത്താന്‍ നിരവധിശ്രമിച്ചിട്ടും കഴിയാത്തതിനാലാണ് അദ്ദേഹത്തെ നിയോഗിക്കേണ്ടി വന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മുര്‍സിക്കെതിരെ ഭരണത്തിന്റെ ഒന്നാം തിയ്യതി മുതല്‍ രംഗത്തുവന്നവര്‍ അദ്ദേഹത്തിന്റെ ഭരണം പരാജയമായിരുന്നു എന്ന് വിലയിരുത്തുന്നത് യുക്തിപരമല്ല. യഥാര്‍ഥത്തില്‍ ഒരു വര്‍ഷത്തെ ഭരണത്തിനിടയില്‍ ശ്രദ്ദേയമായ പലനേട്ടങ്ങളും കരസ്ഥമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഭരണം ഏറ്റെടുത്തത് മുതല്‍ ദിനേന നാല് മണിക്കൂര്‍ മാത്രമേ അദ്ദേഹം ഉറങ്ങിയിരുന്നുള്ളൂ. രാഷ്ട്രത്തിന്റെ നവോഥാനത്തിന് വേണ്ടി ജനങ്ങളെ ഒരുമിച്ചുനിര്‍ത്താന്‍ അദ്ദേഹം അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹത്തിന്റെയടുത്ത് അഴിമതിയുടെ നിരവധി രേഖകള്‍ ലഭിച്ചിരുന്നു. അത് വെളിപ്പെടുത്തുകയാണെങ്കില്‍ മുഴുവന്‍ ഈജിപ്തുകാര്‍ക്കുമത് അപമാനമാകുമെന്ന കാരണത്താല്‍ അദ്ദേഹമത് വെളിപ്പെടുത്തിയില്ല. അതേ സമയം അതിന്റെ വക്താക്കളെ താക്കീത് ചെയ്യാനും അദ്ദേഹം മടിച്ചില്ല. പക്ഷെ, അദ്ദേഹത്തെ അവര്‍ വേണ്ടത്ര മുഖവിലക്കെടുത്തില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
സൂയസ് കനാലിന്റെ വികസനം, ഭക്ഷ്യക്ഷാമം പരിഹരിക്കാനുതകുന്ന റൊട്ടിനിര്‍മാണ പ്രൊജക്ട്, നിര്‍മാണ രംഗത്ത് ഈജിപ്ഷ്യര്‍ക്കാവശ്യമായ അടിസ്ഥാന വസ്തുക്കള്‍ രാജ്യത്തിനകത്തു തന്നെ വികസിപ്പിക്കാനുള്ള സംവിധാനം, ഗ്യാസ്, ഇന്ധനം, സോളാര്‍ എന്നീ മേഖലയില്‍ രാഷ്ട്രം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ നിരവധി പുരോഗനാത്മക പ്രവര്‍ത്തനങ്ങളിലദ്ദേഹം ഏര്‍പ്പെട്ടിട്ടുണ്ട്.

? മധ്യമശൈലി (മന്‍ഹജുല്‍ വസത്)എന്നതായിരുന്നല്ലോ താങ്കളുടെ അഭിപ്രായ പ്രകടനങ്ങളുടെയും എഴുത്തിന്റെയുമെല്ലാം കാതല്‍, ബ്രദര്‍ഹുഡ് ചായ്‌വിലൂടെ ഈ വ്യതിചലനം ഇപ്പോള്‍ കൂടുതല്‍ പ്രകടമായിരിക്കുന്നു…എങ്ങിനെ പ്രതികരിക്കുന്നു.

– വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്ത ഈ മധ്യമശൈലിയില്‍ നിന്ന് ഞാന്‍ പ്രബോധനപ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഒരു ഘട്ടത്തിലും വ്യതിചലിച്ചിട്ടില്ല. ഫാതിഹ സൂറതിലെ ചൊവ്വായ മാര്‍ഗം(സ്വിറാതുല്‍ മുസ്തഖീം) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഈ മധ്യമ മാര്‍ഗമാണ്. അളത്തത്തില്‍ ആധിക്യമോ കുറവോ വരാതിരിക്കുക എന്നതാണ് മധ്യമം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഈജിപ്ഷ്യന്‍ വിപ്ലവം, മുര്‍സിയുടെ തെരഞ്ഞെടുപ്പ് എന്നിവക്ക് മുമ്പും ശേഷവും ഈ ആശയം തന്നെയാണ് ഞാന്‍ മുന്നോട്ട് വെച്ചത്. മരണം വരെ തന്റെ പ്രബോധനം ഇതുതന്നെയായിരിക്കുകയും ചെയ്യും. എന്റെ അടിസ്ഥാന തത്വമാണ് ഇത്. എവിടെയാണ് ഞാന്‍ വ്യതിചലിച്ചത് എന്നത് വ്യക്തമാക്കേണ്ട ബാധ്യത താങ്കളുടേതാണ്.

? താങ്കള്‍ മധ്യമ നിലപാടിനുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നു. പിന്നെ എന്താണ് മിക്ക അറേബ്യന്‍-പശ്ചാത്യ രാഷ്ട്രങ്ങളില്‍ താങ്കള്‍ക്ക് പ്രവേശനാനുമതി വിലക്കിയത്..

– എനിക്ക് പ്രവേശനാനുമതി എന്തുകൊണ്ട് വിലക്കുന്നു എന്നത് ഈ രാഷ്ട്രങ്ങളോടാണ് താങ്കള്‍ ചോദിക്കേണ്ടത്. മുമ്പ് എനിക്ക അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്നും ഇപ്പോള്‍ എന്തുകൊണ്ട് നല്‍കുന്നില്ല എന്നും നിങ്ങള്‍ അവരോട് ചോദിച്ചുനോക്കുക. ഞാന്‍ അന്നും ഇന്നും ഞാന്‍ തന്നെയാണ്. എനിക്കൊരു മാറ്റവും വന്നിട്ടില്ല. യു എ ഇ ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള അവാര്‍ഡ് എനിക്ക് നല്‍കിയിട്ടുണ്ട്. എനിക്ക് അവാര്‍ഡ് നല്‍കിയ സന്ദര്‍ഭത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആലു മക്തൂം പറഞ്ഞു. ‘താങ്കള്‍ക്ക് അത് ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഇതില്‍ ഞങ്ങള്‍ ഇടപെട്ടില്ല. ഇസ്‌ലാമിക ലോകത്തിനും മുസലിം സമൂഹത്തിനും താങ്കള്‍ ചെയ്ത സേവനത്തെ കുറിച്ച് മനസ്സിലാക്കുകയും താങ്കള്‍ ഇത് സ്വീകരിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ അതില്‍ വളരെയധികം സന്തോഷിച്ചു’. മാത്രമല്ല, അതിനു ശേഷം അബൂദാബി ചാനല്‍ മൂന്നു മണിക്കൂര്‍ നേരം എന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തു. പക്ഷെ, അവരിലൊരാളും ഞാന്‍ മധ്യമ നിലപാടില്‍ നിന്ന് വ്യതിചലിച്ചു എന്ന് അഭിപ്രായപ്പെട്ടിരുന്നില്ല..
പിന്നീട് അവരില്‍ പലതും സംഭവിച്ചു. അവര്‍ അവരുടെ നിലപാടില്‍ മാറുകയല്ലാതെ ഞാന്‍ എന്റെ വീക്ഷണത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

? താങ്കള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന രാഷ്ട്രങ്ങള്‍ അധികരിച്ചു വരികയാണോ? അതില്‍ താങ്കളുടെ ജന്മനാടായ ഈജിപ്തും അതില്‍ ഉള്‍പ്പെടുമല്ലോ..

– പ്രവേശനാനുമതി നിഷേധിക്കുന്നത് പ്രത്യേകമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല, ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമാണ്. കഴിഞ്ഞ ദിവസം അന്തരിച്ച ആഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സന്‍ മണ്ടേല കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ വരെ അമേരിക്കയുടെ ഭീകര പട്ടികയില്‍ ഇടം പിടിച്ച വ്യക്തിയായിരുന്നു. ഈജിപ്തിന്റെ നിരീക്ഷക ലിസ്റ്റില്‍ ഞാന്‍ ഉള്‍പ്പെടാന്‍ കാരണം എന്നെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ത മാധ്യമങ്ങള്‍ നല്‍കുന്ന പ്രചരണങ്ങളിലൂടെയാണ്.

? താങ്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിന്റെ പേരില്‍ ഖത്തറിനെ ആക്ഷേപിക്കുന്നവരോട് ……

– ഖത്തര്‍ സത്യത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി  നിലനില്‍ക്കുന്നു എന്ന കാരണത്താലാണ് ഖത്തറിനെതിരെ അവര്‍ നിലകൊള്ളുന്നത്. ഖത്തറിനെ അതില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. പക്ഷെ, ഖത്തര്‍ അമീറും ജനതയും സത്യത്തോടൊപ്പം നിലകൊള്ളുകയാണ് ചെയ്തത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളോട് ഞാന്‍ പറഞ്ഞത് ഇതു മാത്രമാണ് : ‘മര്‍ദ്ധിതര്‍ക്കെതിരെ മര്‍ദ്ദകരോടൊപ്പം നിലകൊള്ളുക എന്നത് നിങ്ങള്‍ക്ക് ഹറാമാണ്. സ്വന്തം ജനതയെ അറുകൊല ചെയ്യാന്‍ വേണ്ടി മര്‍ദ്ദകരായ ഭരണാധികാരികളെ മില്യണുകള്‍ നല്‍കി നിങ്ങള്‍ സഹായിക്കരുത്. അതില്‍ നിന്ന് ഒരു ഡോളര്‍ പോലും ജനങ്ങളുടെ ഉപകാരത്തിനെത്തുകയില്ല. മിഥ്യക്കെതിരെ സത്യത്തോടും നീതിയോടൊപ്പവുമാണ് ഞാന്‍ നിലകൊള്ളുന്നത്. അക്രമതത്തോടൊപ്പം ഒരിക്കലും ഞാന്‍ നിലകൊള്ളുകയില്ല.
    
? ഖത്തറിനെ കുറിച്ച്…..
-ഖത്തറിലെ ഭരണാധികാരികള്‍ ഇന്നുവരെ താങ്കള്‍ ഇന്നതു മാത്രം സംസാരിക്കണം, ഇന്നതു സംസാരികകരുത് എന്ന് എന്നോട് പറഞ്ഞിട്ടില്ല. മാത്രമല്ല, നന്മ ആരു ചെയ്താലും അതംഗീകരിക്കാനും അവരെ പ്രോല്‍സാഹിപ്പിക്കാനും നാം തയ്യാറാകണം. തെറ്റുകണ്ടാല്‍ തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യണം. ഖത്തറിന്റെ രാഷ്ട്രീയത്തോടുള്ള എന്റെ നിലപാട് പണ്ടുമുതലേ ഇതു തന്നെയാണ്. എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയ പദവിയും ഞാന്‍ സ്വീകരിച്ചിട്ടില്ല. ഞാന്‍ നേതൃത്വം നല്‍കുന്ന ലോകപണ്ഡിതവേദി ഏതെങ്കിലും ഒരു രാഷ്ട്രത്തില്‍ പരിമിതമല്ല, ലോക മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നതാണ്. സത്യത്തോടൊപ്പം ഖത്തര്‍ നിലകൊള്ളുന്നതില്‍ ഞാന്‍ ഇപ്പോഴും അഭിമാനിക്കുന്നു.

? രാഷ്ട്രീയ അഭിപ്രായങ്ങളെയും ശറഇയ്യായ ഫതവകളെയും താങ്കള്‍ കൂട്ടിക്കുഴക്കുന്നു എന്നതാണ് വിമര്‍ശകര്‍ താങ്കള്‍ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം….

-മനുഷ്യന്റെ സമഗ്രജീവിതവുമായി ബന്ധപ്പെട്ട വ്യവസ്ഥയാണ് ഇസ്‌ലാം. രാഷ്ട്രീയം, സാമ്പത്തികം, വൈജ്ഞാനികം, സാംസ്‌കാരികം, സാമൂഹികം തുടങ്ങിയ മേഖലകളിലെല്ലാം അതിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അക്രമത്തിനെതിരെ നീതിക്കും മിഥ്യക്കെതിരെ സത്യത്തിന്റെ വിജയത്തിനായി നിലകൊള്ളുക എന്ന പ്ലാറ്റ്‌ഫോമിലല്ലാതെ രാഷ്ട്രീയത്തില്‍ ഞാന്‍ ഇടപെടാറില്ല. എഫ് ജെ പി, ഹിസ്ബുന്നൂര്‍, വസത് പോലുള്ള പാര്‍ട്ടികളില്‍ ഇന്ന പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ വോട്ട ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടാറില്ല. മറിച്ച് ക്രിയാത്മകമായ നിലയില്‍ നിങ്ങളുടെ വേട്ട് വിനിയോഗിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടാറുള്ളത്. പക്ഷെ, വിപ്ലവത്തിന്റെ വക്താക്കളും വിരോധികളും തമ്മില്‍ മത്സരിക്കുമ്പോള്‍ വിപ്ലവത്തിന്റെ വിജയത്തിനായി നിലകൊള്ളാന്‍ ഞാന്‍ ആവശ്യപ്പെടാറുണ്ട്. ചുറ്റും അക്രമവും അധര്‍മവും കാണുമ്പോള്‍ അതിലിടപെടാതെ വാതിലടച്ച് പഴയ ഗ്രന്ഥങ്ങളിലെ പ്രയോജന രഹിതമായ വിഷയങ്ങള്‍ പരതുന്ന മുസ്‌ലിം പണ്ഡിതനെ പോലെ കഴിയുവാന്‍ എനിക്ക് സാധിക്കുകയില്ല. അത് ശത്രുവിന് ഉപദ്രമോ മിത്രത്തിന് ഉപകാരമോ ചെയ്യുകയില്ല. സത്യം മറച്ചുവെക്കാതെ ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കണമെന്ന് അല്ലാഹു പണ്ഡിതന്മാരോട് കരാര്‍ ചെയ്തിട്ടുള്ളതാണ്. ‘വേദഗ്രന്ഥത്തില്‍ അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ചുപിടിക്കുകയും അതിനു വിലയായി തുച്ഛമായ ഐഹികതാല്‍പര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവര്‍, തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകത്തീയല്ലാതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്’.(അല്‍ ബഖറ 174)

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles