Interview

ശിയാക്കളെ ഉപയോഗിച്ച് മുസ്‌ലിംകളെ ദുര്‍ബലമാക്കുകയാണവര്‍

അറബ് -ഇസ്‌ലാമിക ലോകം കനത്ത വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. സിറിയ മുതല്‍ ബര്‍മ വരെ മുസ്‌ലിംകളുടെ ചോര ചിന്തിക്കൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണുള്ളത്. ലോകാടിസ്ഥാനത്തില്‍ തന്നെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കെതിരെ ശക്തമായ ഗൂഢാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അല്‍ അസ്ഹറിലെ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറും ഇസ്‌ലാമിക് റിസര്‍ച്ച് അക്കാദമി മെമ്പറുമായ മുഹമ്മദ് മുഖ്താര്‍ മഹ്ദി ഇസ്‌ലാം മെസ്സേജ് ലേഖകന്‍ അഹ്മദ് അബ്ദുള്ളാഹിറിന് അനുവദിച്ച പ്രത്യേക അഭിമുഖം :

?സിറിയയില്‍ നിന്നുള്ള ചോരപുരണ്ട വാര്‍ത്തകള്‍ക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ മൗനം തുടരുമ്പോള്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്?

-സിറിയ, ഫലസ്തീന്‍, ഇറാഖ്, സുഡാന്‍, മ്യാന്മാര്‍ എന്നിവിടങ്ങളിലെല്ലാം സംഭവിക്കുന്നത് മുസ്‌ലിം സമൂഹത്തെ ദുര്‍ബലപ്പെടുത്താനുള്ള പരിശ്രമങ്ങളാണ്്. ശത്രുവിന്റെ സ്വഭാവത്തെ കുറിച്ച് ഖുര്‍ആന്‍ നമുക്ക് വിശദീകരിച്ചുതരുന്നുണ്ട്: ‘അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും'(അല്‍ ബഖറ 217). സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം അന്ത്യനാള്‍ വരെ തുടര്‍ന്നുകൊണ്ടിരിക്കും. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഇസ്‌ലാമിന്റെ വളര്‍ച്ചയെ അസഹിഷ്ണുതയോടെ കാണുന്നതും ഇസ്‌ലാമിനെ വെറുക്കുന്നതുമായ ഒരു കൂട്ടരുണ്ട് ഇവിടെ. അവര്‍ സ്വന്തമായി ചില വ്യവസ്ഥകള്‍ പടച്ചുണ്ടാക്കുന്നു. അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താന്‍ ഇസ്‌ലാമിനോട് ഏറ്റവും ശത്രുതയുള്ള ജൂതരോട് അവര്‍ സഹായം തേടുന്നു. മാനവികതക്കോ മനുഷ്യരക്തത്തിനോ മനുഷ്യാവകാശങ്ങള്‍ക്കോ അവരുടെയടുത്ത് ഒരു വിലയുമില്ല. യൂറോപ്യരെ മാത്രമാണ് മനുഷ്യരായി പരിഗണിക്കുന്നത്. മുസ്‌ലിംകളും അറബികളുമായ മനുഷ്യര്‍ക്ക് അവരുടെയടുത്ത് ഒരു അവകാശവുമില്ല. ഐക്യരാഷ്ട്ര സഭയടക്കമുള്ള എല്ലാ വേദികളിലും പശ്ചാത്യരുടെ ഈ ഇരട്ടത്താപ്പ് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
സിറിയയില്‍ സംഭവിക്കുന്ന കൊലപാതകങ്ങളിലും കൂട്ടക്കൊലയിലും അത്ഭുതപ്പെടാനൊന്നുമില്ല, പശ്ചാത്യന്‍ നാഗരികത ഇസ്‌ലാമിനെ ഭീരകതയും പിന്തിരിപ്പനുമായിട്ടു തന്നെയാണ് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഖുര്‍ആന്‍ അതിനെ പറ്റി വിവരിച്ചു തരുന്നു: ‘അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യും'(മുംതഹിന 2), ‘തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും'(അല്‍ കഹ്ഫ് 20) ആധുനിക കാലത്ത് ഇസ്‌ലാമിനെതിരെ നടക്കുന്ന ഗൂഢാലോചനകളും കുത്സിത ശ്രമങ്ങളും കാണുമ്പോള്‍ ഖുര്‍ആന്‍ ഇന്ന് അവതീര്‍ണമാകുന്നതു പോലെ നമുക്ക് അനുഭവപ്പെടും.

? ഈജിപ്തിലെത്തുന്ന ഇറാന്‍ ടൂറിസ്റ്റുകള്‍, തങ്ങളുടെ ആശയ പ്രചരണത്തിനുള്ള ഉപാധിയാക്കി ഇതിനെ മാറ്റുന്നു എന്ന പ്രശ്‌നം ചിലര്‍ ഉന്നയിക്കുകയുണ്ടായി. താങ്കളുടെ അഭിപ്രായം എന്താണ്?

-ഈജിപ്ഷ്യന്‍ ജനതക്ക് ഒരിക്കലും ശീഈ ചിന്താഗതികള്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ല. അവരില്‍ നിന്നും പണം വാങ്ങി ഭൗതികമായി പ്രയോജനം പറ്റുന്ന ചിലരുണ്ട് എന്നത് ശരി തന്നെ. എന്നാല്‍ അതിലൂടെയൊന്നും ഈജിപ്ഷ്യന്‍ ജനതയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുകയില്ല. അവരുടെ സന്ദേശം അവരെ തൃപ്തിപ്പെടുത്തുകയുമില്ല. ഈജിപ്തില്‍ ശിയാക്കളുടെ എണ്ണം വളരെ കുറവാണ്.
ജൂത ഗൂഢാലോചനകളുമായിട്ടാണ് ശിയാക്കളുടെ പ്രശ്‌നം ബന്ധപ്പെട്ടു കിടക്കുന്നത്. മുസ്‌ലിം സമൂഹത്തില്‍ നുഴഞ്ഞുകയറാനും അഭ്യന്തരമായി അവരെ ദുര്‍ബലരാക്കാനുമുള്ള തങ്ങളുടെ അജണ്ടകള്‍ ശിയാക്കളിലൂടെ ജൂതന്മാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ശിയാക്കളുടെ അപകടത്തെ കുറിച്ചുള്ള ചില വിവരണങ്ങള്‍ അല്‍പം അതിരുകവിഞ്ഞതാകാം. എന്നാല്‍ പോലും പ്രവാചകനില്‍ നിന്നും ലഭ്യമായ യഥാര്‍ഥ ദീനിനെ കുറിച്ച അവബോധം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കല്‍ മാത്രമാണ് ഇതിനുള്ള പരിഹാരം.

? ശിയാക്കളും ജൂതന്മാരും ഒരു നാണയത്തിന്റെ ഇരു വശങ്ങളായിട്ടാണോ താങ്കള്‍ കാണുന്നത്?

-ഇരു വശങ്ങളല്ല, മുസ്‌ലിംകള്‍ക്കെതിരെ ഗൂഢാലോചന മെനയുന്നതും നിയന്ത്രിക്കുന്നതും ജൂതരാണ്. ഈ ഗൂഡാലോചനകളും ഗൂഢ പദ്ധതികളും നടപ്പില്‍ വരുത്തുന്ന ഉപകരണങ്ങളാണ് ശിയാക്കള്‍.

? ഈജിപ്ഷ്യന്‍ ജനത നിലവില്‍ ധാര്‍മികമായ തകര്‍ച്ച നേരിടുന്നതായി കാണുന്നു. എന്താണ് ഇതിന് കാരണം?

– ഇസ്‌ലാമിനെ കുറിച്ചുള്ള അജ്ഞതയാണ് ഈ ധാര്‍മികാധപ്പതനത്തിന് പ്രധാന കാരണം. മുപ്പത് വര്‍ഷത്തോളമുള്ള മുന്‍ഭരണകൂടത്തിന്റെ അനന്തരസ്വത്താണ് ഈ ധാര്‍മികാധപ്പതനവും മൂല്യച്ചുതിയും.

? വര്‍ദ്ധിച്ചുവരുന്ന ഈ ധാര്‍മികവും സാമൂഹികവുമായ അധപ്പതനത്തില്‍ നിന്ന് സമൂഹത്തെ എങ്ങനെ സംസ്‌കരിക്കാനാകും?

സഹനമവലംബിച്ചുകൊണ്ടുള്ള ശിക്ഷണ വ്യവസ്ഥകള്‍ തന്നെയാണ് ഇതിന് പ്രധാനം. മുപ്പത് വര്‍ഷമായി തുടരുന്ന സേഛ്വാധിപത്യ ഭരണത്തിന്റെ തകര്‍ച്ച ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു. ഒരു പുതിയ സംസ്‌കരണം സാധ്യമാകണമെങ്കില്‍ അല്‍പം സമയമെടുക്കും. വലിയ വലിയ കെട്ടിടങ്ങളും നഗരങ്ങളും നിര്‍മിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ യഥാര്‍ഥ മനുഷ്യനെ രൂപപ്പെടുത്തുക എന്നത് വളരെ സാഹസികമായ ഒരു യജ്ഞമാണ്, തൗഹീദിന്റെ വചനം അതിനാലാണ് ‘ലാ ഇലാഹ’ എന്ന എല്ലാ ദൈവങ്ങളെയും നിരാകരിക്കുന്ന ആഹ്വാനത്തോടു കൂടി തുടങ്ങിയത്. ‘ഇല്ലല്ലാഹ്’ എന്നുള്ള പൂരണം പിന്നീടാണ് ചേര്‍ത്തത്. ആദ്യമായി മനുഷ്യനെ അടക്കി വാഴുന്ന എല്ലാ സംഗതികളോടുമുള്ള നിരാകരണം സാധിച്ച ശേഷമാണ് യഥാര്‍ഥ അല്ലാഹുവിലേക്കുള്ള സ്വീകരണം സാധ്യമാകുന്നത്. ഹൃദയത്തില്‍ നിന്നും ബുദ്ധിയില്‍ നിന്നും എല്ലാ തെറ്റായ ധാരണകളും ഒഴിച്ചു നിര്‍ത്തിയതിനു ശേഷം പൂര്‍ണമായ സംസ്‌കരണം നേടിയെടുക്കുക എന്നതാണ് ഇതിനുള്ള മാര്‍ഗം.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
Related Articles
Close
Close