Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രം പൗരന്‍മാരെ ഭീകരവല്‍ക്കരിക്കുന്നു

manisha-sethi-kaf.jpg

കഴിഞ്ഞ മൂന്ന ദശാബ്ദങ്ങളായി, ‘ഭീകരവാദം’ എന്ന പദം സാധാരണ പൗരന്റെ മനസ്സിലേക്ക് പതുക്കെ പതുക്കെ കുത്തിവെക്കപ്പെട്ടു തുടങ്ങിയിട്ട്. അജ്ഞാതനെ കുറിച്ചുള്ള ഭീകരമായ ഭയം അതവരില്‍ സൃഷ്ടിച്ചു. അക്രമികളായ മനുഷ്യരുടെ കൈയ്യിലെ പ്രഹരശേഷിയുള്ള യുദ്ധോപകരണം എന്ന നിലയില്‍ ഭീകരവാദം ഉപയോഗിക്കപ്പെട്ടു തുടങ്ങി. ഭയം എന്നത് നമ്മുടെ കാലത്തെ നിര്‍ണയിക്കുന്ന ഒന്നായി മാറി. ഭീകരവാദത്തിന്റെ പ്രാഥമിക ഉപകരണമായ ബോംബ് സ്‌ഫോടനങ്ങള്‍ അപ്രതീക്ഷിതമായും, മാപ്പര്‍ഹിക്കാത്ത വിധത്തിലും അങ്ങിങ്ങായി അരങ്ങേറുന്നു. സ്‌ഫോടനങ്ങള്‍ ക്രോധാവേശവും, ജനകൂട്ടത്തിന്റെ ഉന്മാദവും ഇളക്കിവിട്ടു. ഓര്‍മകള്‍ക്കും, ബോധ്യങ്ങള്‍ക്കും മരവിപ്പ് ബാധിക്കും വിധം അത് നമ്മുടെ യുക്തിക്ക് മങ്ങലേല്‍പ്പിച്ചു. ഭീകരവാദം ഇല്ലായ്മ ചെയ്യുക എന്നത് നമ്മുടെ രാഷ്ട്രീയ വ്യവഹാരത്തില്‍ സര്‍വവ്യാപിയായ ഒരു പദ്ധതിയായി മാറി. നമ്മുടെ സ്വാതന്ത്ര ഭാരതം നേരിടുന്ന കൊടിയ വിപത്തായി അതിനെ കണക്കാക്കി. ‘ഭീകരവാദത്തെ’ വേരോടെ പിഴുതെറിയുന്നതിനായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെ മനസ്സിലാക്കുക എന്നത് അതു കൊണ്ട് തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. മനീഷ സേഥിയുടെ ‘കാഫ്കാലാന്‍ഡ്’ എന്തും കൊണ്ടും ആ കര്‍മ്മം തുടങ്ങാന്‍ പറ്റിയ കൃതിയാണ്.

പോലിസുകാര്‍ പറയുന്ന കാര്യങ്ങള്‍ എന്തു കൊണ്ട് റിപ്പോര്‍മാര്‍ സംശയത്തോടെ മാത്രം കാണണം എന്നതിനെ സംബന്ധിച്ചും, ദീകരവാദത്തെ കുറിച്ചുള്ള അധീശ വ്യവഹാരങ്ങളെ വെല്ലുവിളിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും കാഫ്കലാന്‍ഡ് എന്ന കൃതിയുടെ കര്‍ത്താവ് മനീഷാ സേഥി സംസാരിക്കുന്നു

ഈ പുസ്തകത്തില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ എഴുതിയിട്ടുണ്ട്. എന്താണ് ഈ വിഷയം തെരഞ്ഞെടുക്കാന്‍ കാരണം ? ഗവേഷണങ്ങളുമായി എങ്ങനെ മുന്നോട്ട് പോയി?

ഒറ്റയടിക്ക് പൂര്‍ത്തിയാക്കിയ ഒന്നല്ല ഇത്. നിയമവിരുദ്ധമായ അറസ്റ്റുകള്‍ക്കെതിരെ ജാമിഅയിലെ അധ്യാപകര്‍ നടത്തുന്ന ഒരു കാമ്പയിന്റെ ഭാഗമായിരുന്നു ഞാന്‍. 2008 ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിന് ശേഷമാണ് സംഘടന രൂപീകരിക്കുന്നത്. ഈ പുസ്തത്തെ കുറിച്ചുള്ള ആലോചനകള്‍ക്ക് മുമ്പ് തന്നെ വിഷയത്തെ സംബന്ധിച്ച് ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയിരുന്നു. മീഡിയകളിലും, പത്രങ്ങളിലും വളരെ കുറച്ച് മാത്രമെ ഭീകരവാദത്തെ സംബന്ധിച്ച മുഖ്യധാരാ വ്യവഹാരങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള കാര്യങ്ങള്‍ വന്നിരുന്നുള്ളു. ഞങ്ങളുടെ കാമ്പയിന്‍ കേവലം വാചാടോപമായി പരിമിതപ്പെടാന്‍ പാടില്ല എന്നത് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടേണ്ടതുണ്ടായിരുന്നു, അതുപോലെ ആയുധപ്പുര കൂടുതല്‍ മെച്ചപ്പെടുത്തണം. വസ്തുതകളാണ് ഞങ്ങളുടെ ആയുധങ്ങള്‍. അവയില്ലായെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസയോഗ്യമായ ഒരു കേസ് സൃഷ്ടിക്കാന്‍ സാധിക്കില്ല. ഒരു ലഘുലേഖ തയ്യാറാക്കുകയാണെങ്കിലും, അത് നല്ലപോലെ ഗവേഷണം ചെയ്തും, രേഖകളുടെ പിന്‍ബലത്തോടെയുമായിരിക്കണം അവതരിപ്പിക്കേണ്ടത്.

നമ്മുടെ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ടല്ലോ. നല്ല ഉദ്യോഗസ്ഥര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇല്ലായെന്നുണ്ടോ? ഭീകരവാദ കേസുകള്‍ പിന്നെ എങ്ങനെയാണ് അന്വേഷിക്കേണ്ടത് ?
തീര്‍ച്ചയായും, നല്ല ഉദ്യോഗസ്ഥരും ചീത്ത ഉദ്യോഗസ്ഥരും ഉണ്ട്. ഉദാഹരണമായി ഹേമന്ദ് കാര്‍ക്കരെ. വ്യവസ്ഥയുടെ ഒരു ഭാഗമായി കൊണ്ട് തന്നെ ഒരാള്‍ക്ക് പലതും ചെയ്യാന്‍ സാധിക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അദ്ദേഹം. ഇതിനെ കുറിച്ചല്ല എന്റെ പുസ്തകം. ശിക്ഷയില്‍ നിന്നും ചിലര്‍ ഒഴിവാക്കപ്പെടുന്നതിനെ കുറിച്ചാണ് ഇവിടെ ചോദ്യം. ഇതൊരു ഘടനാപരമായ ചോദ്യമാണ്. സ്ഥാന കയറ്റം കിട്ടുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും , പേരും പ്രശസ്തിയും പണവും നേടാന്‍ ശ്രമിക്കുന്നവരുമായ ഉദ്യോഗസ്ഥരുടെ കേസുകളെ കുറിച്ച് ചിലയാളുകള്‍ എഴുതാറുണ്ട്. പക്ഷെ അത് മാത്രമല്ല യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അവര്‍ എന്ത് തന്നെ ചെയ്താലും ഇവിടെ നിലവിലുള്ള വ്യവസ്ഥ അവരെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു. ഭീകരവിരുദ്ധ യുദ്ധം സംബന്ധിച്ച വ്യവഹാരങ്ങളുമായാണ് പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നത്. അടിയന്തരാവസ്ഥാ കാലഘട്ടത്തിലേക്ക് നീളുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഒരു വ്യവസ്ഥാപിത പ്രശ്‌നത്തെ തുറന്ന് കാട്ടുന്നുണ്ട്. ഇത് വ്യക്തികളെ കുറിച്ചുള്ളതല്ല. അതിനേക്കാളുപരി, ടാഡ, പോട്ട, യു.എ.പി.എ പോലെയുള്ള നിയമങ്ങള്‍ ഈ പ്രക്രിയയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. കുറ്റപത്രമില്ലാതെ കാലങ്ങളോളം നിരപരാധികളെ ജയിലിലടക്കാന്‍ അവ അനുമതി നല്‍കുന്നു.

‘ഹിന്ദു ഭീകരത’ യുടെ പേരിലും അന്യായമായ അറസ്റ്റുകള്‍ നടന്നിട്ടില്ലെ?
മീഡിയ ബോധപൂര്‍വ്വം അവഗണിക്കുന്ന സംഗതികളിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹിന്ദു ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍, ആരോപണം ഉന്നയിക്കപ്പെട്ടവരെ എല്‍.കെ അദ്വാനി പോലും നേരിട്ട് പോയി സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് ഭീകരവാദം എന്നതിനെ കുറിച്ചാണ് ഈ പുസ്തകം. രാഷ്ട്രം അതിലെ പൗരന്‍മാരുടെ മേല്‍ അഴിച്ച് വിടുന്ന ഭീകരതയാണ് ഇവിടെ പരിശോധനക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ കാലാവസ്ഥയും, വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന ഇസ്‌ലാമിക് ഭീകരവാദത്തെ കുറിച്ച വ്യവഹാരങ്ങളും മുസ്‌ലിംകള്‍ക്കെതിരെ വിപുലമായ രീതിയിലുളള മുന്‍വിധികള്‍ സൃഷ്ടിക്കുന്നതിന് വഴിവെച്ചിട്ടുണ്ട്. അത്തരം കേസുകളില്‍ ആരെയാണ് പിടികൂടുന്നത് എന്നതിനെ സംബന്ധിച്ച് പോലിസ് ശ്രദ്ധ ചെലുത്തുകയില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

മാധ്യമങ്ങളുടെ പങ്കിനെ കുറിച്ച് നിങ്ങള്‍ പരിശോധിക്കുകയുണ്ടായി. കുറ്റാന്വേഷണ റിപ്പോര്‍ട്ടര്‍മാര്‍ എപ്പോഴും പറയാറുള്ളത് പോലിസ് അവരോട് പറയുന്നത് എന്താണോ അത് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ്. പോലിസ് എന്താണോ ചിന്തിക്കുന്നത് അതാണ് അവര്‍ നമുക്ക് കാണിച്ച് തരുന്നത്.
പക്ഷെ അതല്ലല്ലോ യഥാര്‍ത്ഥത്തില്‍ അവരുടെ ജോലി. കുറ്റാന്വോഷണ റിപ്പോര്‍ട്ടര്‍മാരെ സ്‌പെഷ്യല്‍ സെല്ലിന്റെയോ, എ.ടി.എസിന്റെയോ വക്താക്കളായി കാണാന്‍ കഴിയില്ല. പ്രസ് റിലീസുകള്‍ അവര്‍ വായിക്കുന്നുണ്ടാവാം. പക്ഷെ പോലിസിന്റെ തിയറികളെ ചോദ്യം ചെയ്യാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതു പോലെ അവരോട് പറയപ്പെടുന്ന കാര്യങ്ങളെ സൂക്ഷമ പരിശോധനക്ക് വിധേയമാക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറവണം. ഒരു ഭീകരവാദ കേസിന്റെ വിചാരണ കേള്‍ക്കുവാനായി നിങ്ങള്‍ കോടതിയില്‍ പോവുകയാണെങ്കില്‍, അന്വേഷണ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ടിരിക്കുന്ന അനവധി ക്രൈം റിപ്പോര്‍ട്ടര്‍മാരെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അവരില്‍ നിന്നും എപ്പോഴും ഒരു നിശ്ചിത അകലം പാലിക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുപ്രധാന സ്രോതസുകളായി തങ്ങള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് ഒരുവേള റിപ്പോര്‍ട്ടര്‍മാര്‍ വിചാരിച്ചേക്കാം, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏജന്‍സികളാണ് റിപ്പോര്‍ട്ടര്‍മാരെ ശരിക്കും ഉപയോഗപ്പെടുത്തുന്നത്. ഇത് പക്ഷെ പ്രശ്‌നത്തിന്റെ ഒരു ഭാഗം മാത്രമാണ്. എഡിറ്റോറിയല്‍ തലത്തില്‍ നടക്കുന്ന രാഷ്ട്രീയ നയരൂപീകരണവും, തീര്‍പ്പു കല്‍പ്പിക്കലുമാണ് മുഖ്യ പ്രശ്‌നം. ഇത് അത്തരം കഥകള്‍ ഉണ്ടാക്കുന്ന റിപ്പോര്‍ട്ടര്‍മാരെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു. അതിനേക്കാളുപരി ഇത്തരം കഥകളെ അവ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഉദാഹരണമായി ബര്‍ദ്വാന്‍ ബോംബ് സ്‌ഫോടനത്തെ കുറിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ എടുക്കുക. ആ കേസില്‍ റിപ്പോര്‍ട്ടര്‍മാര്‍ ചോദ്യങ്ങള്‍ ഒന്നും തന്നെ ചോദിച്ചില്ല എന്നു മാത്രമല്ല, കേസ് എങ്ങോട്ട് പോകണമെന്ന് പത്രാധിപന്‍മാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

 

അവലംബം : തെഹല്‍ക
മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles