ഫലസ്തീന്‍ ബാലന്‍ മുഹമ്മദ് ദുര്‍റയുടെ രക്തസാക്ഷിത്വത്തിന് ഈ സെപ്റ്റംബര്‍ 28-ന് പതിമൂന്നാണ്ട് തികയുന്നു. 2000ാം ആണ്ട് സെപ്റ്റംബര്‍ 28ന് നടന്ന രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദയുടെ പ്രതീകമായാണ് മുഹമ്മദ് ദുര്‍റ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ മസ്ജിദുല്‍ അഖ്‌സയെ 3000 സൈനികരെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്യുകയും പള്ളിയില്‍ നമസ്‌ക്കരിച്ചിരുന്ന മുഴുവനാളുകളെയും ഒഴിപ്പിക്കുകയും ചെയ്തു. അതു കാരണം പിന്നീടുള്ള 5 വര്‍ഷക്കാലയളവില്‍ കത്തിപ്പടര്‍ന്ന ഇന്‍തിഫാദയില്‍ ആയിരക്കണക്കിന് രക്തസാക്ഷികളാണ് ഫലസ്തീന്‍ മണ്ണില്‍ പിറന്നു വീണത്. ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ചിരുന്നു മൂഹമ്മദ് ദുര്‍റയുടെ മരണരംഗം. നിരീക്ഷണ ടവറില്‍ നിലയുറപ്പിച്ചിരുന്ന കാപാലികരായ ഇസ്രയേല്‍ സൈനികര്‍ വെടിയുതിര്‍ക്കുന്നതും പിതാവ് തന്റെ മകനെ സംരക്ഷിക്കുന്നതുമായ ചിത്രം. ഫ്രഞ്ച് ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫറുടെ ക്യാമറ ലെന്‍സില്‍ പതിഞ്ഞ ചിത്രങ്ങള്‍ സംഭവത്തിന്റെ ഭീകരത വളരെ വ്യകതമായി തുറന്നു കാട്ടിയിട്ടും വിവിധ രൂപത്തില്‍ ന്യായീകരിച്ച് നിഷേധിക്കുകയായിരുന്നു ജൂത സംഘം. കള്ള കഥകള്‍ കെട്ടിച്ചമച്ചതാണെന്നും ഫോട്ടോ വ്യാജമാണെന്നുമുള്ള പ്രചരണം ഇപ്പോഴും തുടരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവ്, ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ നെതന്യാഹു പറഞ്ഞതിലൂടെ മനസിലാക്കാം. ഇസ്രയേല്‍ പ്രധാനമന്തി പറഞ്ഞത് മുഹമ്മദ് ദുര്‍റ ഇപ്പോഴും ജ്ീവിച്ചിരിപ്പുണ്ട് എന്നാണ്. അധിവേശകര്‍ കെട്ടിയുണ്ടാക്കിയ പച്ച നുണ! ഇത്തരം പുതിയ ആരോപണങ്ങളുടെയും വിവരണങ്ങളുടെയും പശ്ചാത്തലത്തില്‍ മുഹമ്മദ് ദുര്‍റയുടെ പിതാവ് ജമാല്‍ ദുര്‍റ മുജ്തമഅ് മാസിക ലേഖകയുമായി നടത്തിയ അഭിമുഖത്തിന്റെ സുപ്രധാന ഭാഗമാണ് ചുവടെ.
നേരത്തെ താനും മകനും ജൂതനാണെന്നും ഫലസ്തീനികള്‍ തങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും പറഞ്ഞ് വിഷയത്തെ കൊഴുപ്പിച്ച് ജൂതാനുകമ്പ വളര്‍ത്താന്‍ നടത്തിയ ദയനീയ ശ്രമം പാഴായപ്പോഴാണ് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ഇസ്രയേല്‍ രംഗത്തെത്തിയിരുക്കുന്നത്. ‘മുഹമ്മദ് ദുര്‍റ മരിച്ചിട്ടില്ല. അവന്‍ ചന്തയിലൂടെ നടക്കുന്നുണ്ട്. വീട്ടിലേക്ക് പച്ചക്കറിയും മറ്റു സാധനങ്ങളും വാങ്ങാന്‍ പുറത്തിറങ്ങാറുണ്ട് ‘ തുടങ്ങിയ കടുത്ത ആരോപണത്തെ എതിര്‍ത്തു കൊണ്ട് ജമാല്‍ പറയുന്നു. ‘ജൂതന്‍മാര്‍ ആരോപിക്കുന്നതു പോലെ തന്റെ മകന്‍ ജീവിച്ചിരില്ല. അത് തെളിയിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന് കമ്മീഷനെ വച്ച് തന്റെ മകന്റെ ശവക്കല്ലറ തുറക്കാന്‍ ഞാന്‍ തയാറാണ്.’ ഇത്തരം ആരോപണം പടച്ചുണ്ടാക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ച് ഘടകം എന്തായിരിക്കാമെന്ന് ചോദ്യത്തിന് ജമാല്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ‘ നേരത്തെ തന്നെ ലോകത്തിനു മുന്നില്‍ മുഖം വികൃതമായിരുന്ന ഇസ്രയേലെന്ന കിരാത രാഷ്ട്രത്തിന്റെ പേരില്‍, തനിക്കും മകനുമുണ്ടായ ദുരനുഭവം കാരണത്താല്‍ തീര്‍ത്താല്‍ ത്ീരാത്ത മറ്റൊരു കളങ്കം കൂടി ചാര്‍ത്തപ്പെടും എന്ന ഭയമായിരിക്കാം ഇത്തരം കല്ലുവച്ച നുണകള്‍ പറയാന്‍ അവരെ പ്രേരിപ്പിച്ചത്. തങ്ങളുടെ നിരപരാധിത്വം ലോകത്തിനു മു്ന്നില്‍ തെളിയിക്കാന്‍ സത്യത്തെ മൂടിവെച്ചുളള ഇത്തരം പ്രചരണങ്ങള്‍ കൊണ്ടേ സാധിക്കൂ എന്നും അവര്‍ തിരിച്ചറിയുന്നു’ ഫ്രഞ്ച് ട്രൈബ്യൂണലിനോട് എനിക്ക് രണ്ട് വിഷയങ്ങളിലാണ് വിശദീകരണം തേടാനുള്ളത്. ഒന്നാമത്തേത്, തന്നെയും മകനെയും ലക്ഷ്യമാക്കി നടന്ന ഈ വെടിവെപ്പിന്റെ ടേപ്പ് കെട്ടിച്ചമച്ചതാണെന്ന് ഇസ്രയേല്‍ പറയുമ്പോഴും ഫ്രഞ്ച് ടെലിവിഷന്‍ കഴിഞ്ഞ മാസം വരെ പറഞ്ഞത് ആ ടേപ്പ് കെട്ടിച്ചമച്ചതല്ല മറിച്ച് യാഥാര്‍ത്ഥ്യമാണെന്നാണ്. രണ്ടാമത്തേത് എനിക്ക് പരിക്കേറ്റിട്ടില്ലെന്ന ജൂതന്‍മാരുടെ വാദത്തിനുള്ള വിശദീകരണാണ്. എന്റെ മകനെ രക്ഷിക്കാനുള്ള വ്യഗ്രതയില്‍ വെടിയേറ്റതും മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെയും വ്യകതമായ തെളിവ് എന്റെ പക്കലുണ്ട്. രണ്ടാമത്തേതിന്റെ വിശദീകരണം ഈ മാസം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. ജമാല്‍ പ്രതീക്ഷയോടെ പറഞ്ഞു.
കണ്ണീരണിയുന്ന ഓര്‍മ്മകള്‍ ഇപ്പോഴും ബാക്കി..
ജമാല്‍ തുടരുന്നു ‘സാമ്പത്തികമായി ശേഷിയുണ്ടായിരുന്നെങ്കില്‍ ഈ കേസില്‍ ആരോപണവിധേയരായ മുഴുവന്‍ ഇസ്രയേല്‍ നേതൃത്വത്തിനെതിരെ കേസിനു പോകുമായിരുന്നു. ജൂതന്‍മാരുടെ കരങ്ങളാല്‍ തന്റെ മകന്‍ കൊല്ലപ്പെട്ടിട്ടില്ലന്ന വാദം കള്ളവും കെട്ടിയച്ചമച്ചതുമാണെന്ന് നിഷ്പ്രയായാസം തെളിയിക്കാനും സാധിക്കുമായിരുന്നു. ഫലസ്തീനികള്‍ നെയ്‌തെടുത്ത ശുദ്ധ നുണയാണ് ആ ടേപ്പിലുള്ളതെന്ന വാദമുന്നയിക്കുന്നവരുടെ തലപ്പത്തിരിക്കുന്നത് ജൂത കോടീശ്വരനും മീഡിയ റീറ്റന്റ്‌സ് ഗ്രൂപ്പ് മാനേജരുമായ ഫിലിപ് കാര്‍സെന്റിയാണ്.
12 വര്‍ഷം പിന്നിട്ടുവെങ്കിലും ആ ദുരന്ത ദിനം ഇപ്പോഴും മനസില്‍ തീപ്പന്തം കണക്കെ ആളിപ്പടരുന്നുവെന്ന് പറയുന്ന ജമാല്‍ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്. രണ്ടാം ഇന്‍തിഫാദ ആരംഭിച്ച് രണ്ടാം നാള്‍. കൃത്യമായി പറഞ്ഞാല്‍ 2000 സെപ്റ്റംബര്‍ 30ന് ഞാനും ആറാം ക്ലാസുകാരനായ മകന്‍ മുഹമ്മദും പുതിയ കാര്‍ വാങ്ങാന്‍ അങ്ങാടിയിലേക്കിറങ്ങിയതായിരുന്നു. അതിനായി ആദ്യം പഴയ കാര്‍ വില്‍പന നടത്തി. ശേഷം പുതിയ ജീപ് കമ്പനിയുടെ കാര്‍ വാങ്ങാനുള്ള അവന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷെ ചില തടസ്സങ്ങള്‍ കാരണം കാര്‍ വാങ്ങാന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. രക്തസാക്ഷി കവല എന്നറിയപ്പെടുന്ന നതസാരിം ജംഗ്ഷന് ഒരു കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ നമ്മള്‍ കണ്ടത് സമീപത്തെ റോഡ് കല്ലുകൊണ്ട് തടഞ്ഞ നിലയിലായിരുന്നു. ഞാനും മകനും ടാക്‌സിയിലെ മറ്റു യാത്രക്കാരും ഇറങ്ങി നടക്കാന്‍ തീരുമാനിച്ചു. മറ്റേതെങ്കിലും ടാക്‌സി കിട്ടിയേക്കുമെന്ന് പ്രതീക്ഷയില്‍ ഞാനും മകനും ജംഗ്ഷനില്‍ നിന്നും അല്‍പം മാറി നടന്നു. ലോകം മുഴുവന്‍ ടെലിവിഷനിലൂടെ കണ്ട ആ പോയന്റില്‍ ഞാനും മകനും എത്തിയതും സൈനിക താവളത്തില്‍ നിന്നും തുരുതുരാ വെടിവെപ്പ് നടക്കുന്നുണ്ടായിരുന്നു. എന്റെ മകന്റെ കാര്യം ആലോചിച്ച് ഞാന്‍ ഭയചകിതനായി. അതിനാല്‍ വെടിയേല്‍ക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ ചില സുഹൃത്തുക്കളെ മോബൈലില്‍ വിളിച്ച് ഞാനും മകനും അകപ്പെട്ട സ്ഥലത്തെക്കുറിച്ച് കൃത്യമായി പറഞ്ഞു കൊടുക്കുകയും ആ പ്രദേശത്തു നിന്നും രക്ഷപ്പെടാന്‍ ഉടനടി ആംബുലന്‍സ് അയച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം മകന്‍ മുഹമ്മദിന് ആദ്യത്തെ വെടിയണ്ട കാല്‍ മുട്ടില്‍ പതിച്ചു. എന്നെ പട്ടി കടിച്ചേ എന്ന് അവന്‍ ഉറക്കെ അലമുറിയിട്ടു. മൂന്നോളം തവണ ആവര്‍ത്തിച്ച അവന്‍ കഠിനമായ വേദന കൊണ്ട് പുളയുന്ന സന്ദര്‍ഭത്തില്‍ എന്നോട് ചോദിച്ചു. ‘അവര്‍ എന്തിനാണുപ്പാ ഞങ്ങളുടെ നേരെ വെടിയുതിര്‍ക്കുന്നത് ?’ പക്ഷെ എനിക്ക് മറുപടിയുണ്ടായിരുന്നില്ല. ഞാന്‍ പിന്നെയും സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെടുകയും മകന് വെടിയേറ്റതിനാല്‍ എത്രയും പെട്ടെന്ന് ആംബുലന്‍സ് അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ അവന്റെ ജീവന്‍ അല്‍പാല്‍പമായി ഇല്ലാതവുമ്പോഴും അവന്‍ പറഞ്ഞത് ‘ഭയപ്പെടേണ്ട ഉപ്പാ.. എനിക്ക് വേദന താങ്ങാന്‍ സാധിക്കുന്നുണ്ട്’ എന്നായിരുന്നു. നിങ്ങള്‍ക്ക് മുന്നില്‍ വര്‍ണ്ണിക്കാന്‍ സാധിക്കാത്ത വിധം, വേദന താങ്ങാനുള്ള അപാരമായ കഴിവ് അവനുണ്ടായിരുന്നു. ആ സമയം അവനെ രക്ഷിക്കാന്‍ വേണ്ടി ഞാനവനെ എന്റെ പുറകിലേക്ക് വലിച്ചു മാറ്റി്. വെടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു കൊണ്ട് വെടിയുണ്ട വരുന്ന ഭാഗത്തേക്ക് ഞാന്‍ എന്റെ വലതു കൈ ഉയര്‍ത്തി വീശി. ഒളിസങ്കേതത്തില്‍ നിന്നായതിനാല്‍ വെടിയുതിര്‍ക്കുന്ന സൈനികരെ വേണ്ടവിധം കാണാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷെ യാതൊരു പ്രയോജനവും അതുകൊണ്ടുണ്ടായില്ല. അപ്പോഴും മകന്‍ ദയനീയമായി പറഞ്ഞത് ഉപ്പാ നായയെ ഭയപ്പെടേണ്ട എന്നായിരുന്നു. എന്റെ ശരീരത്തില്‍ പലയിടത്തും വെടിയുണ്ട തുടര്‍ച്ചയായി പതിച്ചു കൊണ്ടിരുന്നു. എന്റെ കൈക്കും കാലിനും വെടിയേറ്റു. എന്റെ മകന്‍ മുഹമ്മദിന്റെ ശബ്ദം നിലച്ച നിമിഷം ഞാന്‍ സ്തബ്ദനായി. അവന്റെ ശരീരം തുളച്ച് വെടിയുണ്ട പുറത്തേക്ക് തെറിച്ചിരിക്കുന്നു. അവന്‍ രക്തസാക്ഷിയായിരിക്കുന്നു. എന്റെ വ്യസനവും വേദനയും ഇരട്ടിയായി. നമ്മളെ കൊണ്ടുപോകാനായി വന്ന ആംബുലന്‍സ് ഡ്രൈവറെ ജൂത കാട്ടാളന്‍മാര്‍ വഴിയില്‍ വച്ച് വകവരുത്തിയതായി പിന്നീടറിഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ പരിണിതി തങ്ങള്‍ക്കും വന്നേക്കുമെന്ന് ഭയന്ന് മറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാരും നമ്മുടെയടുത്തേക്ക് വന്നില്ല.’
വലുതായാല്‍ ഒരു പോലീസുകാരനാവണമെന്ന മോഹമുണ്ടായിരുന്ന തന്റെ മകന്‍ രക്തസാക്ഷിയായെങ്കിലും ഈ കേസുമായി ശക്തമായി മുന്നോട്ട് പോവാന്‍ തന്നെ തീരുമാനിച്ചുറച്ചിരിക്കയാണ് ജമാല്‍ ദുര്‍റ. അതിന്റെ വിജയത്തിനായി തന്റെയും കുടുംബത്തിന്റെയും ജീവന്‍ ബലി നല്‍കാനും അദ്ദേഹം തായാറാണ്. പ്രത്യേകിച്ചും, മൂന്നു മാസം മുമ്പ് ഈ കേസ് അവസാനിപ്പിച്ചില്ലെങ്കില്‍ ഇല്ലാതാക്കിക്കളയുമെന്ന ഭീഷണി തന്റെ മൊബൈലില്‍ വന്ന സാഹചര്യത്തില്‍. തനിക്ക് രക്തസാക്ഷിത്വം വിധിക്കപ്പെടുന്നുവെങ്കില്‍ തന്റെ കാലശേഷം ഈ കേസ് മുറുകെപ്പിടിച്ച് മുന്നോട്ട് കൊണ്ടു പോവണമെന്ന വസ്വിയത്താണ് ജമാല്‍ തന്റെ മക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. തന്റെയും മകന്റെയും കാര്യത്തില്‍ ഫലസ്തീന്‍ അധികാരികള്‍ കാണിക്കുന്ന ഒട്ടകപ്പക്ഷി രാഷ്ട്രീയത്തെ അപലപിച്ച അദ്ദേഹം, രാജ്യത്തെ മുഴുവന്‍ ബാധിക്കുന്നതാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു.
വിവ : ഇസ്മാഈല്‍ അഫാഫ്