Current Date

Search
Close this search box.
Search
Close this search box.

‘മുസ്‌ലിമായിരിക്കുക എന്നത് എവിടെയായാലും വെല്ലുവിളി തന്നെ’

(2012 ലെ ‘സ്‌കോളര്‍ ഓഫ് ദി ഇയര്‍’ ആയി, ‘ഓണ്‍ഇസ്‌ലാം’ വായനക്കാര്‍ നോമിനേറ്റ് ചെയ്തവരില്‍ രണ്ടാം സ്ഥനം ലഭിച്ച ശൈഖ് നുഅമാന്‍ അലി ഖാനുമായി ‘ഓണ്‍ ഇസ്‌ലാം’ നടത്തിയ മുഖാമുഖം)

ചോദ്യം: 2012 ലെ ‘സ്‌കോളര്‍ ഓഫ് ദി ഇയര്‍’ ആയി, ‘ഓണ്‍ ഇസ്‌ലാമിന്റെ’ പ്രേക്ഷകര്‍ അങ്ങയെ നോമിനേറ്റ് ചെയ്തിരിക്കുകയാണല്ലൊ. ഈ മഹത്തായ സ്ഥാനത്തേക്ക് താങ്കളെ നോമിനേറ്റ് ചെയ്തവരോട് വല്ലതും പറയാനുണ്ടോ?

മറുപടി: ‘നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ശ്രേഷ്ഠ വ്യക്തിയൊന്നുമല്ല ഞാന്‍. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി.

ചോദ്യം: താങ്കളുടെ ഖുര്‍ആന്‍ പഠന പരിപാടിയില്‍ നിന്നും തുടങ്ങാം. ഇതേ വരെ താങ്കള്‍ നേടിയതെന്തെല്ലാമാണ്? ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്?

മറുപടി: ‘കവര്‍ റ്റു കവര്‍’ എന്നു പറയുന്ന എന്റെ ഹ്രസ്വ ഖുര്‍ആന്‍ വിവരണ പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്. അതിനൊടനുബന്ധിച്ച മൂന്നു മേഖലകള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്.:

1. വര്‍ഷം തൊറും 4 – 5 സൂറകള്‍ പഠിക്കുന്ന തരത്തിലുള്ളതാണ് ഒന്നാമത്തേത്. ഇത് അടുത്ത് തന്നെ പ്രതീക്ഷിക്കാവുന്നതാണ്, ഇന്‍ഷാ അല്ലാഹ്. അസ്സ്വഫ്, അല്‍ജുമുഅ, അല്‍ മുനാഫിഖൂന്‍, അത്തഗാബുന്‍ എന്നീ സൂറകള്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2. ഖുര്‍ആനിലെ പ്രമേയ സംബന്ധമായ പഠനമാണ് മറ്റൊന്നു. മുസ്‌ലിം സമൂഹ താല്‍പര്യങ്ങള്‍ക്ക് അനുഗുണവും, ഖുര്‍ആനിന്റെ അത്ഭുതകരമായ അന്തദര്‍ശനങ്ങളുള്ളതെങ്കിലും വേണ്ട വിധം വെളിച്ചം കാണാത്തതുമായ വിഷയങ്ങളെടുത്തു ഏകീകൃത രീതിയില്‍ അവതരിപ്പിക്കുവാനാണ് തീരുമാനം.

‘ലജ്ജ’യെ കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാടാണ് ഇവയില്‍ ആദ്യത്തേത്. രണ്ടാമത്തേത് ‘പിതൃത്വ’ ത്തെ കുറിച്ച ഖുര്‍ആനിക കാഴ്ചപ്പാടും. ഞങ്ങളുടെ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ‘ബയ്യിന’ ടി. വിയില്‍, ഈ വര്‍ഷം തന്നെ, ഇവ രണ്ടും പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

3. ഇമാമുമാര്‍, ഖതീബുമാര്‍, ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍, ഖുര്‍ആന്‍ വ്യാഖ്യാനം പഠിപ്പിക്കന്നവര്‍ എന്നിവര്‍ക്കെല്ലാം ഗ്രഹിക്കാനുതകുന്നതും ഫലപ്രദവുമായ ഒരു ‘സ്റ്റഡി ടൂള്‍’ ആയി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന, ഒരു ഖുര്‍ആന്‍ പഠനരേഖാ സഞ്ചയം(Quranic Studies Database) വികസിപ്പിച്ചെടുക്കാനുദ്ദേശ്യമുണ്ട്.

ഖുര്‍ആനിലെ വാക്കുകള്‍, അലങ്കാര പ്രയോഗങ്ങള്‍, വാക്യങ്ങള്‍, സൂറകള്‍ എന്നിവ സര്‍ച്ച് ചെയ്യാനുതകുന്ന ഒരു രേഖാ സഞ്ചയമായിരിക്കണം ഇതെന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരമൊന്നിന്റെ നിര്‍മാണം വളരെ പ്രയാസകരമാണെങ്കിലും, ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍, ഖുര്‍ആന്‍ പഠന രീതിയില്‍ മഹത്തായൊരു വിപ്ലവമുണ്ടാക്കാന്‍ ഇതിന്നു കഴിയുമെന്നാണ് എന്റെ വിശ്വാസം. ലോകത്തിന്റെ നാനാ ഭാഗങ്ങളിലെ യോഗ്യരായ അദ്ധ്യാപകര്‍, ഒരേ ഫ്ലാറ്റ് ഫോമിലൂടെ തങ്ങളുടെ ഗവേഷണങ്ങള്‍ വഴി പരസ്പരം സഹകരിക്കാന്‍ തുടങ്ങുന്നതൊടെ, ആവര്‍ത്തന ശ്രമങ്ങള്‍ വേണ്ടി വരില്ല. ഉദാഹരണമായി, എനിക്ക് ഒരു സൂക്തമോ, അല്ലെങ്കില്‍, വാക്കു തന്നെയോ കണ്ടെത്തേണ്ടതുണ്ടെങ്കില്‍, ഇത് വഴി, എന്റെ അന്വേഷണം മറ്റു അധ്യാപകരുമായി പങ്കുവെക്കാന്‍ കഴിയുന്നു. അതിനാല്‍ വീണ്ടും ഈ ജോലി ഞാന്‍ ആവര്‍ത്തിക്കേണ്ടി വരില്ല. കാരണം, ഖുര്‍ആനില്‍ അതേ പദം പ്രയോഗിച്ച മറ്റെല്ലാ സ്ഥലങ്ങളിലും സ്വയമേവ അത് പ്രത്യക്ഷപ്പെടും.

രണ്ടു വര്‍ഷത്തോളമെടുക്കുന്ന ഒരുദ്യമമാണിത്. പക്ഷെ, ഒരു ഖുര്‍ആന്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമെന്ന നിലയില്‍, സമൂഹത്തിന്ന് ഇതുണ്ടാക്കുന്ന നേട്ടം അറിയാവുന്നതിനാല്‍, ഞാന്‍ ഇക്കാര്യത്തില്‍ വളരെ ആവേശമുള്ളവനാണ്.

ചോദ്യം: ഇസ്‌ല്‌ലാമിക പഠന താല്പര്യം, അമേരിക്കന്‍ മുസ്‌ലിംകളില്‍, ശ്രദ്ധേയമാം വിധം വളര്‍ന്നു കൊണ്ടിരിക്കുകയാണല്ലോ. തദാവശ്യാര്‍ത്ഥം, ‘ബയ്യിന’ പോലുള്ള സ്ഥാപനങ്ങളും പാഠശാലകളും രംഗത്തു വന്നു കൊണ്ടിരിക്കുന്നു. അമേരിക്കയിലെ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ പ്രകടന പത്രികയെ കുറിച്ച് എന്തു പറയുന്നു? അവസരങ്ങളെന്തെല്ലാം? വെല്ലുവിളികള്‍ എന്തെല്ലാം?

മറുപടി: പ്രകടന പത്രിക അവിശ്വസനീയമാണെന്നാണ് എനിക്ക് തോന്നുന്നത്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുക പോലും ചെയ്‌തേക്കാവുന്ന മുഖ്യ പഠന സ്ഥാപനങ്ങള്‍ അമേരിക്കയില്‍ നാം കാണാന്‍ പോവുകയാണെന്നാണെനിക്കു തോന്നുന്നത്. ഇതര മുസ്‌ലിം രാജ്യങ്ങള്‍ പോലെ, വഖ്ഫ് പോലുള്ള സാമ്പത്തികാശ്രയങ്ങള്‍ ഞങ്ങള്‍ സ്ഥാപിച്ചിട്ടില്ല. അതിനാല്‍, സ്വന്തം സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിക്കുകയേ നിര്‍വാഹമുള്ളു. പക്ഷെ, അതൊരു സാഹസമാണ്. ചുരുങ്ങിയ ധനം കൊണ്ട്  കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ചിന്തിക്കാന്‍ അത് നമ്മെ നിര്‍ബന്ധിതരാക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുന്ന വിദ്യാഭ്യാസ സ്രോതസ്സുകള്‍ സ്ഥാപിക്കുന്നത്, സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ പ്രാധാന്യമേറിയ ഒരു കാലത്തണ് നാം ജീവിക്കുന്നത്. ‘ബയ്യിന’ക്ക് ഞാന്‍ കൈകൊണ്ട തത്വശാസ്ത്രം അതാണ്. നമ്മുടേത് ഒരു അമേരിക്കന്‍ പാഠശാലയായിരിക്കാമെങ്കിലും, ലോകമാസകലമുള്ള അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയെ, അത് വഴി, സേവിക്കാന്‍ നമുക്കു കഴിയുമെന്ന പ്രതീക്ഷയാനുള്ളത്.

ചോദ്യം: ഉത്സുകരായ യുവാക്കള്‍, പ്രത്യേകിച്ചും നവമുസ്‌ലിംകള്‍, ഈജിപ്ത്, സഊദി അറേബ്യ പോലുള്ള മുസ്‌ലിം രാജ്യങ്ങളില്‍ പോയി ഇസ്‌ലാമും അറബി ഭാഷയും പഠിക്കാന്‍ അതികാംക്ഷ കാണിക്കുന്നു. ഇതെ കുറിച്ച് എന്താണ് അഭിപ്രായം? അവര്‍ അന്വേഷിക്കുന്നത് അമേരിക്കയില്‍ കണ്ടെത്താനാവുമോ?

മറുപടി: എന്റെ സത്യസന്ധമായ അഭിപ്രായമാണ് താങ്കള്‍ ആരായുന്നതെങ്കില്‍, ‘അതെ’ എന്നാണ് മറുപടി. അവര്‍ അന്വേഷിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ അവര്‍ക്കു ലഭിക്കും. സ്രോതസ്സുകള്‍, പ്രാഗല്‍ഭ്യം, പാഠ്യപദ്ധതി, ഉപഭാഗങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. അല്‍ഹംദു ലില്ലാഹ്.

പഠിക്കാനായി വിദേശത്തു പോകുന്നവരെ ഞാന്‍ പുകഴ്ത്തുന്നു. അവരുടെ വിജയത്തിന്നായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നാല്‍, കുറെ കാലം വിദേശത്ത് ചെലവഴിച്ചു പഠിച്ചവര്‍ നേടിയതിനോട് മത്സരിക്കാനും അതിനെ അതിജയിക്കാനുമാണ് എന്റെ വിദ്യാര്‍ത്ഥികളോട് ഞാന്‍ ആഹ്വാനം നടത്തുന്നത്.

ചോദ്യം: സമൂഹത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് അവബോധമുള്ളവരും, അനുയോജ്യ പരിഹാരം കണ്ടെത്താന്‍ കഴിവുറ്റവരുമായ യോഗ്യരായ പണ്ഡിതന്മാരെ സ്വന്തം നാട്ടില്‍ വാര്‍ത്തെടുക്കാന്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് കഴ്ഞ്ഞിട്ടുണ്ടെന്നാണോ താങ്കല്‍ കരുതുന്നത്?

മറുപടി: അതിന്റെ മാര്‍ഗത്തിലാണ് ഞങ്ങളെന്നാണ് ഞാന്‍ കരുതുന്നത്. സമൂഹം മൊത്തം പരസ്പര ബന്ധിതമാണ്. സമൂഹത്തിന്റെ മറ്റെ ഭാഗത്തു നിന്നും ഞങ്ങള്‍ വിച്ഛേദിക്കപ്പെടുകയാണെങ്കില്‍, ഞങ്ങളുടെ പാണ്ഡിത്യം പരാജയപ്പെട്ടുപോകും. അടുത്ത ഭാവിയില്‍, അത്തരമാളുകളെ വികസിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നുവെന്നാണ് എന്റെ വിശ്വാസം.

ലോക ചരിത്രം, മനശാസ്ത്രം, സമൂഹശാസ്ത്രം, താരതമ്യ പഠന സാഹിത്യം, മറ്റു മാനവാന്വോഷണ മേഖലകള്‍ എന്നിവയില്‍, ഞങ്ങളുടെ മത നേതൃത്വം പ്രാവീണ്യം നേടുകയാണെങ്കില്‍, സമൂഹത്തിന്റെ ഇടയന്മാരായി വര്‍ത്തിക്കാന്‍ അവര്‍ക്കു കഴിവുണ്ടാകുമെന്നാണ് കരുതുന്നത്.

ചോദ്യം: ഖുര്‍ആന്‍ അദ്ധ്യാപനത്തില്‍ തല്‍പരനാണല്ലോ താങ്കള്‍. തങ്ങളുടെ കുട്ടികളുടെയും യുവാക്കളുടെയും നിത്യ ജീവിതത്തില്‍, ഖുര്‍ആനിനെ ഊര്‍ജ്ജസ്വലമാക്കാന്‍ ഉപയുക്തമായ വല്ല നിര്‍ദ്ദേശവും, രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും നല്‍കാനുണ്ടോ?

മറുപടി:  1.   അല്പം ഹൃദിസ്തമാക്കുക. പക്ഷെ, അതിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക.

2. വീട്ടില്‍ വെച്ചു പ്രാര്‍ത്ഥിക്കുക. അതിലെ പ്രധാനഭാഗം ഖുര്‍ആനായിരിക്കട്ടെ.

3. മുതിര്‍ന്ന കുട്ടികള്‍ക്ക് വേണ്ടി, ഖുര്‍ആനിനെയും അതിന്റെ ആശയങ്ങളെയും കുറിച്ച സംഭാഷണങ്ങള്‍ നടത്തുക. ഞാന്‍ മുമ്പ് സൂചിപ്പിച്ച ‘കവര്‍ റ്റു കവര്‍’ പരമ്പര ഈ ആവശ്യാര്‍ത്ഥം ഉണ്ടാക്കപ്പെട്ടതാണ്. കൂടുതല്‍ അക്കാദമിക് തലത്തിലേക്ക് ഇറങ്ങാതെ, കുടുംബത്തിന്നു ഖുര്‍ആന്‍ പഠനം എളുപ്പമാക്കുകയാണതിന്റെ ലക്ഷ്യം.

4. ഖുര്‍ആന്‍ സംബന്ധമായ വീഡിയോകളും പോഡ്കാസ്റ്റുകളും ഉപയോഗപ്പെടുത്തുക. പ്രയോജനകരമായവ ശ്രവിക്കുക, പ്രത്യേകിച്ചും കാറില്‍ യാത്രചെയ്യുമ്പോഴെല്ലാം.

ചോദ്യം: താങ്കളുടെ വീക്ഷണ പ്രകാരം, മുസ്‌ലിം പ്രഭാഷകര്‍, ഉപദേശകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പൊള്‍ (ജുമ ഖുതുബ, സമ്മേളനങ്ങള്‍ മുതലായവയില്‍) കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട വിഷയങ്ങള്‍ ഏതെല്ലാമാണ്? ഏത് മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്?

മറുപടി: ശ്രദ്ധിക്കേണ്ട മേഖലകള്‍ക്ക് പരിധിയൊന്നുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, കുടുംബം, സദാചാര ശാസ്ത്രം, ബാധ്യതകള്‍, സേവനം, ആത്മ വിശ്വാസം, ദൃഡവിശ്വാസം എന്നിവക്ക് ഞാന്‍ മുന്‍ഗണന നല്‍കുന്നു.

ചോദ്യം: അമേരിക്കയില്‍, ഒരു പ്രായോഗിക മുസ്‌ലിമായി ജീവിക്കുക ഒരു വെല്ലുവിളിയാണല്ലോ. നല്ല മുസ്‌ലിം പൗരന്മാരായി തീരുക എന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിന്നുപയുക്തമായ വല്ല ഉപദേശവും സഹോദരീ സഹോദര്‍ന്മാര്‍ക്ക് നല്‍കാനുണ്ടോ?

മറുപടി: മുസ്‌ലിമായിരിക്കുക എന്നത് എവിടെയും വെല്ലുവിളി തന്നെയാന്. മുസ്‌ലിം നാമം വഹിക്കാന്‍ വളരെ എളുപ്പമാണ്. പക്ഷെ, അതിന്റെ നിലവാരമനുസരിച്ചു ജീവിക്കുക പാകിസ്താനിലാകട്ടെ, ബംഗ്ലാദേശിലാകട്ടെ, ഈജിപ്തിലാകട്ടെ അത്ര എളുപ്പമല്ല. തങ്ങളുടെ ലോക വീക്ഷണത്തെയും ദൈനംദിന ഉദ്യമങ്ങളെയും ജീവിത ലക്ഷ്യത്തെയും നയിക്കുന്ന, ആത്മീയവും ബൗദ്ധികവുമായൊരു ദൃഡവിശ്വാസം, ഇസ്‌ലാമിന്റെ വാസ്തവികതയില്‍, മുസ്‌ലിം ചെറുപ്പക്കാര്‍ ഉജ്ജ്വലിപ്പിക്കേണ്ടതുണ്ട്. ദൃഡ വിശ്വാസമാണ് എല്ലാം.

ചോദ്യം: ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ, പ്രത്യേകിച്ചും അറബ് – ഇസ്‌ലാമിക് രാജ്യങ്ങളിലെ, മുസ്‌ലിംകള്‍ക്ക്, താങ്കള്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണ്?

മറുപടി: നമുക്കു ചുറ്റുമുള്ള ലോകം മലീമസമാണ്. നാം എവിടെ ജീവിക്കുകയാണെങ്കിലും അതില്‍ നിന്നു മുക്തിയില്ല. വിട്ടുവീഴ്ച ഇല്ലാത്ത ഒരു മതമത്രെ ഇസ്‌ലാം. നിങ്ങള്‍ക്കുള്ളില്‍ ഇസ്‌ലാമുണ്ടെങ്കില്‍ നിങ്ങളുടെ മൗലിക പ്രമാണങ്ങളുടെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ നിങ്ങള്‍ സ്വയം അനുവദിക്കുകയില്ല. ഇന്നയിന്ന മാര്‍ഗത്തിലൂടെ പോകുന്നതാണ് നല്ലതെന്നു നിങ്ങളുടെ മതം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, മറ്റുള്ളവരെല്ലാം വേറൊരു മാര്‍ഗത്തിലൂടെ ചരിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള്‍ക്ക് പ്രശ്‌നമാവുകയില്ല.
മതം പഠിക്കുക; വിധിനാളില്‍ നിങ്ങളെ രക്ഷപ്പെടുത്തുകയാണ് അതിന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കുക; ഇഹലോകത്ത് അതിന്റെ ലക്ഷ്യം ലോകത്തെ ഒരുത്തമ സ്ഥാനമാക്കുകയെന്നതാണെന്നറിയുക; ഈ ലോകത്തെ ഏറ്റവും മെച്ചപ്പെട്ടാതാക്കാന്‍ നിങ്ങളെന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?

നിങ്ങള്‍, ഈ സമൂഹത്തിലെ, യുവജനത, അതിന്റെ ഏറ്റവും മഹത്തായ ആസ്തിയാണ്. നിങ്ങള്‍ ‘പ്രശ്‌ന’മല്ല, പ്രത്യുത, ‘പരിഹാര’മാണ് എന്നറിയുക; വിസ്മരിക്കരുത്; അല്ലാഹു നിങ്ങളില്‍ സ്ഥാപിച്ച ഒരു മഹാത്മ്യമാണത്; വൈകാതെ, വളരെ വേഗത്തില്‍ നിങ്ങള്‍ അത് തിരിച്ചറിയേണ്ടതുണ്ട്. നിങ്ങള്‍ എന്തു ചെയ്യുകയാണെങ്കിലും, മറ്റുള്ളവരെക്കാള്‍ നല്ല രീതിയില്‍ ചെയ്യുക; നമുക്ക് നമ്മുടെ സമൂഹത്തെ ശുദ്ധീകരിക്കാം; ബിസിനസ്സിലേക്ക് നീതിശാസ്ത്രം തിരിച്ചു കൊണ്ടു വരാം; രാഷ്ട്രീയത്തിലേക്ക് സത്യ സന്ധത തിരിച്ചു കൊണ്ടുവരാം; മറ്റുള്ളവരെ കുറിച്ചുള്ള ശ്രദ്ധ അയല്‍പക്ക ബന്ധത്തിലേക്ക് തിരിച്ചു കൊണ്ടുവരാം; സാഹോദര്യം പള്ളികളിലേക്ക് തിരിച്ചു കൊണ്ടുവരാം; മൂല്യവിദ്യാഭ്യാസം പാഠശാലകളിലേക്ക് തിരിച്ചു കൊണ്ടുവരാം.
ഒരിക്കല്‍, പ്രായമുള്ള ഒരാള്‍ എന്നൊട് പറയുകയുണ്ടായി: നിങ്ങള്‍ക്ക് മനുഷ്യനെ കണ്ടെത്താനായില്ലെങ്കില്‍, നിങ്ങളായിരിക്കും ആ മനുഷ്യന്‍! തന്റെ പൂര്‍ണമതത്തെ സേവിക്കാന്‍ അല്ലാഹു സഹായിക്കട്ടെ!

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles