Interview

മുസ്‌ലിം വിരുദ്ധമാണ്‌ കര്‍ണാടകയിലെ ജയിലുകള്‍

നാല്പത് ശതമാനത്തോളം ജയില്വാസികളും മുസ്ലിംകളാണ്.വര്ഗീയ സംഘര്ഷങ്ങള്ക്കുശേഷമാണ് അവരില് മിക്കവരും അറസ്റ്റുചെയ്യപ്പെട്ടത്. അവരില് ചിലര് വര്ഷങ്ങളായി ജയിലില് നരകിക്കുന്നു. നാലര മാസത്തെ തടവുശിക്ഷയ്ക്കുശേഷം വിമോചിതനായ നവീന് സൂരിന്ജി തടവറയില് കണ്ട അനുഭവങ്ങള് പങ്കുവയ്ക്കുന്നു.

ജയില്‍ മോചിതരാകുമ്പോള്‍ പലര്‍ക്കും ആശ്വാസമാണ്‌ തോന്നുക. നാലര മാസത്തെ തടവിനു ശേഷം കഴിഞ്ഞയാഴ്‌ച ജാമ്യം കിട്ടി പുറത്തുവരുമ്പോള്‍, തന്റെ തടവുജീവിതം ഒരനുഗ്രഹമായിരുന്നെന്ന്‌ ഒരു ടി വി ജേണലിസ്റ്റായ നവീന്‍ സൂരിന്‍ജി പറയുന്നു. 

കര്‍ണാടകയിലെ മംഗലാപുരത്ത്‌ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന യുവാക്കളെയും യുവതികളെയും അസഹിഷ്‌ണുക്കളായ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമിക്കുന്നത്‌ വീഡിയോയില്‍ പകര്‍ത്തിയതിലൂടെ സൂരിന്‍ജി കഴിഞ്ഞ ജൂലൈയില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

എന്നാല്‍ വര്‍ഗീയ വാദികളോടൊപ്പം അക്രമത്തില്‍ പങ്കെടുത്തെന്ന വിചിത്ര കുറ്റം ചുമത്തി കഴിഞ്ഞ നവംബറില്‍ പൊലീസ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒരു ഗ്രാമീണ കര്‍ഷകന്റെ മകനായ സൂരിന്‍ജി, തന്റെ പത്തുവര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍, ജാതീയ സംഘര്‍ഷങ്ങള്‍, പൊലീസ്‌ അതിക്രമങ്ങള്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ വിശദമായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി മംഗലാപുരത്ത്‌ പത്രപ്രവര്‍ത്തന മേഖലയിലെ അഴിമതിക്കെതിരെ അദ്ദേഹം കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുന്നു. സൂരിന്‍ജിയുമായുള്ള അഭിമുഖമാണ്‌ ചുവടെ:

നാലരമാസക്കാലത്തെ ജയില്വാസത്തെക്കുറിച്ച്?

പൊലീസ്‌ എനിക്കു നല്‌കിയ ഒരു സമ്മാനമായിരുന്നു എന്റെ ജയില്‍ ജീവിതം. പൊലീസുകാരുടെ മറ്റൊരു മുഖം മനസ്സിലാക്കാന്‍ എനിക്കത്‌ അവസരം നല്‌കി. പത്രപ്രവര്‍ത്തകന്‌ അത്ര എളുപ്പത്തില്‍ അത്തരമൊരവസരം ലഭിക്കില്ല. സംസ്ഥാന ഗവണ്‍മെന്റിലും നഗരസഭയിലും എത്ര ആഴത്തിലാണ്‌ വര്‍ഗീയവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നതെന്ന്‌ ഞാന്‍ കണ്ടു.

എന്തായിരുന്നു ജയിലിലെ അനുഭവം?

ഏറ്റവും വലിയ അറിവ്‌ ഏതാണ്ട്‌ നാല്‌പത്‌ ശതമാനത്തോളം ജയില്‍വാസികളും മുസ്‌ലിംകളാണ്‌ എന്നതായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കുശേഷമാണ്‌ അവരില്‍ മിക്കവരും അറസ്റ്റുചെയ്യപ്പെട്ടത്‌. അവരില്‍ ചിലര്‍ വര്‍ഷങ്ങളായി ജയിലില്‍ നരകിക്കുകയാണ്‌. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയതിന്‌ അറസ്റ്റു ചെയ്യപ്പെട്ട ഒരു ഹിന്ദുവിനെയോ ക്രിസ്‌ത്യാനിയെയോ ഞാന്‍ ജയിലില്‍ കണ്ടില്ല. അമുസ്‌ലിംകളായ ചിലര്‍ സദാചാര പൊലീസായി പ്രവര്‍ത്തിച്ചത്‌ എന്റെ വീഡിയോയില്‍ പതിഞ്ഞതുമൂലം അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്‌. മംഗലാപുരത്ത്‌ വര്‍ഗീയ വാദികളായ സദാചാരപ്പോലീസുകാരുടെ അക്രമങ്ങള്‍ നിത്യസംഭവമാണ്‌.

ജയിലില് നിങ്ങളുടെ ദിനചര്യ എന്തായിരുന്നു?

രാവിലെ ആറു മണിക്ക്‌ എണ്ണമെടുക്കുന്നതിന്‌ ഞങ്ങളെ ക്യൂ ആയി നിര്‍ത്തും. ആരും രാത്രി മരിച്ചിട്ടില്ലെന്ന്‌ ഉറപ്പു വരുത്താനാണിത്‌. എന്നാല്‍ പ്രശസ്‌തരായ ജയില്‍പുള്ളികള്‍ ഈ ക്യൂവില്‍ ഉണ്ടാവില്ല. പെട്ടെന്നുള്ള കുളിയും 7.30-ന്‌ ഒരു ചെറിയ നടത്തവും അനുവദിച്ചിരുന്നു. രാവിലെ 9.30-ന്‌ പ്രഭാതഭക്ഷണം. പത്രപ്രവര്‍ത്തകനായതിനാല്‍ എനിക്ക്‌ സഹായിക്കാനാവുമെന്ന്‌ കരുതി ജയില്‍വാസികളായ പലരും എന്നെ സമീപിക്കുമായിരുന്നു. അവരുടെ പരാതികള്‍ ഞാന്‍ എഴുതിക്കൊടുക്കും. ജാമ്യത്തിനായി അപേക്ഷിക്കുന്നതിനു വേണ്ട 500 രൂപ ഇല്ലാത്തതിനാല്‍ പലരും മാസങ്ങളോളം ജയിലില്‍ തന്നെ കഴിയുന്നു. ജയില്‍വാസികളായ മറ്റുള്ളവരില്‍ നിന്ന്‌ പണം കടംവാങ്ങാന്‍ ഞാനവരെ സഹായിക്കുമായിരുന്നു.

താങ്കള്ക്ക് ജാമ്യം ലഭിക്കാന് വൈകിയതെന്തുകൊണ്ടാണ്?

എന്റെ കേസിന്റെ കാര്യത്തില്‍ ആര്‍ എസ്‌ എസും പ്രാദേശിക ഭരണകൂടവും ഒത്തുകളിച്ചു. അവരെന്നെക്കുറിച്ച്‌ കോടതിയില്‍ കളവ്‌ പറഞ്ഞു. നഗരത്തില്‍ ജോലിയിലായിരുന്ന ഞാന്‍ ഒളിച്ചുപോയെന്നാണ്‌ പൊലീസ്‌ പറഞ്ഞത്‌. ഇതാണ്‌ എന്റെ ജാമ്യം വൈകാന്‍ കാരണം.

താങ്കളുടെ ജയിലനുഭവം പത്രപ്രവര്ത്തകര്ക്ക് എന്തെങ്കിലും പാഠങ്ങള് നല്കുന്നുണ്ടോ?

പോലീസുകാര്‍ നല്‌കുന്ന വിവരങ്ങള്‍ മാത്രം കേള്‍ക്കാതെ അറസ്റ്റുചെയ്യപ്പെട്ട ആളുകളുടെ പക്ഷവും പത്രപ്രവര്‍ത്തകര്‍ കേള്‍ക്കണം. ജനങ്ങളുടെ പക്ഷത്തുനിന്ന്‌ വാര്‍ത്തകള്‍ നല്‌കുക എന്നതാണ്‌ നമ്മുടെ പ്രാഥമികമായ ധാര്‍മിക ബാധ്യത. വര്‍ഗീയ വാദികളുടെ അറസ്റ്റിനു വഴിവെച്ചത്‌ ഞാന്‍ നല്‌കിയ വീഡിയോ ഫൂട്ടേജ്‌ മാത്രമായിരുന്നു. അധികാരത്തിലിരിക്കുന്ന തങ്ങളുടെ യജമാനന്മാരെയാണ്‌ പോലീസുകാര്‍ സേവിക്കുക എന്ന്‌ പത്രപ്രവര്‍ത്തകര്‍ മനസ്സിലാക്കണം. കോണ്‍ഗ്രസ്‌ ഭരണകാലത്ത്‌ മതേതരവാദികളായിരുന്ന പോലീസ്‌ ഓഫീസര്‍മാര്‍ 2008-ല്‍ ബി ജെ പി അധികാരത്തില്‍ വന്നതോടെ വര്‍ഗീയവാദികളായി മാറി. ഭരണകൂടത്തിന്‌ ന്യൂനപക്ഷങ്ങളോടും ദലിതുകളോടും കര്‍ഷകരോടും ആദിവാസികളോടും വിരോധമുണ്ടെന്ന്‌ ജയില്‍ എന്നെ കാട്ടിത്തന്നു. കേവലം സംശയത്തിന്റെ പേരില്‍ ഏതാണ്ട്‌ 500 പേര്‍ മംഗലാപുരം ജയിലില്‍ അടയ്‌ക്കപ്പെട്ടിട്ടുണ്ട്‌. അവരെല്ലാം മുസ്‌ലിംകളാണ്‌. സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനാല്‍ 15 വയസ്സുകാരനായ ഒരു പയ്യനെ പോലീസ്‌ ഓഫീസര്‍ അറസ്റ്റു ചെയ്‌തു ജയിലിലടച്ചു. മാസങ്ങളായി അവന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌. നടക്കാന്‍ പോലും കഴിയാത്ത, ഖവ്വാലി ആലാപകനായ എണ്‍പതുകാരന്‍ റഹ്‌മാന്‍ രണ്ട്‌ സിംകാര്‍ഡുകള്‍ സ്വന്തമാക്കിയതിന്‌ ജയിലിലടയ്‌ക്കപ്പെട്ടിരിക്കുന്നു. ഒരു ബ്രാഹ്‌മണന്റെ 75 രൂപ വിലയുള്ള ബക്കറ്റ്‌ മോഷ്‌ടിച്ചെന്ന ആരോപണത്തിന്‌ വിധേയനായി ഒരു ദലിതന്‍ മൂന്നു മാസമായി ജയില്‍വാസമനുഭവിക്കുന്നു. അത്തരം കേസുകള്‍ പോലീസ്‌ സ്റ്റേഷനുകളില്‍ വെച്ചുതന്നെ പരിഹരിച്ചുകൂടേ? പലപ്പോഴും പത്രപ്രവര്‍ത്തകര്‍ പോലീസുകാര്‍ പത്രസമ്മേളനത്തിലൂടെ പുറം ലോകത്തോട്‌ പറയുന്നത്‌ വിശ്വസിച്ച്‌, കുറ്റം ചുമത്തപ്പെട്ടവരെ `ശിക്ഷിക്കുന്നു.’

മാധ്യമ മേഖലയില് നിന്ന് താങ്കള്ക്കു ലഭിച്ച പിന്തുണയില് താങ്കള് സന്തുഷ്ടനാണോ?

കൂട്ടുകാരില്‍ നിന്നു മാത്രമാണ്‌ ഞാന്‍ പിന്തുണ പ്രതീക്ഷിച്ചത്‌. എനിക്ക്‌ കാര്യമായ പിന്തുണ പലരില്‍ നിന്നും ലഭിച്ചിട്ടുണ്ട്‌. അവരോടെല്ലാം എനിക്ക്‌ നന്ദിയുണ്ട്‌. എന്നാല്‍ ആശയപരവും അല്ലാത്തതുമായ കാരണങ്ങളാല്‍ മംഗലാപുരത്തെ മിക്ക പത്രപ്രവര്‍ത്തകരും എന്നെ പിന്തുണക്കാതിരിക്കുകയാണ്‌ ചെയ്‌തത്‌.

അടുത്ത പരിപാടി?

പത്രപ്രവര്‍ത്തനം തുടരണം. എന്റെ ജയിലനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്‌തകം രചിക്കാന്‍ പദ്ധതിയുണ്ട്‌. പലതും എനിക്കെഴുതാനുണ്ട്‌.

വിവസിദ്ദീഖ് സൈനുദ്ദീന്

(കടപ്പാട് : ശബാബ് വാരിക)

Facebook Comments
Related Articles
Close
Close