(1986 ല്‍, മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ഇമാം ഖാലിദ് തഖിയുദ്ദീന്‍ ഹിലാലി ബ്രസീലിലെ പ്രമുഖ ഇസ്‌ലാമിക പ്രവര്‍ത്തകനാണ്. 1986 ല്‍, അദ്ദേഹം സാഓ പാളോ (Sao Paulo)യില്‍, അലിയ്യു ബ്‌നു അബീത്വാലിബ് ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചു. ഇതോടൊപ്പം നിരവധി ഇസ്‌ലാമിക് വെബ്‌സൈറ്റുകളും സ്ഥാപിക്കുകയുണ്ടായി. 1988 ല്‍, സ്ഥാപിതമായ ആദ്യത്തെ പോര്‍ത്തുഗീസ് വെബ്‌സൈറ്റായ islam.cim.br.in അവയിലുള്‍പ്പെടുന്നു. ഇപ്പോള്‍ ബ്രസീലിലെ, സുപ്രിം കൗണ്‍സില്‍ ഓഫ് ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ് പ്രസിഡണ്ടും, ഫെഡറേഷന്‍ ഓഫ് മുസ്‌ലിം അസോസിയേഷന്‍സ് ഓഫ് ബ്രസീലിലെ ഇസ്‌ലാമിക കാര്യ മാനേജറുമാണ്. അദ്ദേഹുമായി ഓണ്‍ ഇസ്‌ലാം നടത്തിയ ഇന്റര്‍വ്യൂ)
ഓണ്‍ ഇസ്‌ലാം: ഇന്റര്‍വ്യൂവിന്ന് സമ്മതിച്ചതില്‍ നന്ദി! സുപ്രിം കൌണ്‍സില്‍ ഓഫ് ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ്, ഫെഡറേഷന്‍ ഓഫ് മുസ്‌ലിം അസോസിയേഷന്‍സ് ഓഫ് ബ്രസീല്‍ എന്നിവയ്‌ടെ പ്രവര്‍ത്തന മേഖലകളെ കുറിച്ചാണ് താങ്കളോടുള്ള ആദ്യ ചോദ്യം.
ഖാലിദ് തഖിയ്യുദ്ദീന്‍: 2005 ലാണ്, സുപ്രിം കൌണ്‍സില്‍ ഓഫ് ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ് രൂപീകരിച്ചത്. രാജ്യത്തെ ഇമാമുമാരുടെയും പ്രബോധകരുടെയും താല്പര്യങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അത്. മുസ്‌ലിംകളുടെ ഒരു സ്വപ്ന സാക്ഷാല്‍ക്കാരം കൂടിയായിരുന്നു അത്. വളരെ കാലമായി, അതിനായി അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദൈവേച്ഛയാല്‍ 2005 ലാണത് വെളിച്ചം കണ്ടത്.
ബ്രസീലിലെ ഇമാമുമാരുടെയും പ്രബോധകരുടെയും കാര്യങ്ങള്‍ സംഘടിപ്പിച്ചു ക്രമീകരിക്കുകയായിരുന്നു അതിന്റെ പ്രഥമ ലക്ഷ്യം. പ്രബോധന പദ്ധതികള്‍ വിഭജിക്കുകയായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേത്, ഫത്‌വകള്‍ ഏകീകരിക്കുകയും തദ്‌സംബന്ധമായ കുഴപ്പങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക. അവസാനമായി, ബ്രസീലില്‍, അഹ്‌ലുസ്സുന്നത് വല്‍ജമാഅത്തിന്റെ വിശ്വാസ പ്രമാണങ്ങളുടെയും കര്‍മശാസ്ത്രത്തിന്റെയും സംശയങ്ങള്‍ക്ക് ഒരു ചട്ടക്കൂടായി വര്‍ത്തിക്കുക. റമദാന്‍ മാസപ്പിറവി, രണ്ടു മുസ്‌ലിം പെരുനാളുകള്‍ എന്നിവ ഈ അവസാനത്തെതിന്റെ പരിധിയില്‍ പെട്ടതാണ്.
ഒരു സകാത് ഫണ്ട് രൂപീകരണവും കൗണ്‍സിലില്‍ന്റെ ലക്ഷ്യത്തില്‍ പെടുന്നു. അത് പ്രാവര്‍ത്തികമാക്കുന്നതിന്ന് സ്‌റ്റേറ്റിന്റെ ഔദ്യോഗികാംഗീകാരത്തിന്നും ലൈസന്‍സിന്നും ആവശ്യപ്പെട്ടിരുന്നുവെങ്കിലും 2012 ല്‍ മാത്രമാണ് പരസ്യമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഞങ്ങള്‍ക്ക് ലഭിച്ചത്. പ്രാദേശിക ഇമാമുമാരും ഇതര സ്‌റ്റേറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍ക്കൊള്ളുന്നതാണ് സുപ്രിം കൗണ്‍സില്‍. പോര്‍ത്തുഗീസ് ഭാഷയിലുള്ള ഖുര്‍ആന്‍ പരിഭാഷയുടെയും ഇസ്‌ലാമിക സാഹിത്യങ്ങളുടെയും അംഗീകാര/ മേല്‍നോട്ട ചുമതലയും കൗണ്‍സിലിന്നു തന്നെയാണ്. ഇമാമുമാര്‍ക്ക് പരിശീലനം നല്‍കുന്ന പ്രത്യേക സെഷനുകളുമുണ്ട്.
ഓണ്‍ ഇസ്‌ലാം: ബ്രസീലില്‍ ഇസ്‌ലാം ആദ്യമാണോ?
ഖാലിദ് തഖിയ്യുദ്ദീന്‍: ഇസ്‌ലാമുമായുള്ള ബ്രസീലിന്റെ ബന്ധത്തെ മൂന്നു ഘട്ടമായി തിരിക്കാവുന്നതാണ്. പതിനഞ്ചാം ശതകത്തിന്റെ രണ്ടാം പകുതിയില്‍, പോര്‍ത്തുഗീസുകാര്‍ ബ്രസ്സീല്‍ കണ്ടെത്തിയത് മുതല്‍ ആരംഭിക്കുന്നതാണ് ഒന്നാം ഘട്ടം. പൊര്‍ത്തുഗീസുകാരനായ കേപ്രാവോ ആയിരുന്നു, ബ്രസീല്‍ കണ്ടെത്തിയ ആദ്യത്തെ നാവിക നേതാവ്. പരിചയ സമ്പന്നരായ ലൈബീരിയന്‍ മുസ്‌ലിം നാവികരുടെ സഹായം അദ്ദേഹത്തിന്നു ലഭിച്ചിരുന്നതായി, നിരവധി സ്രോതസ്സുകള്‍ പ്രസ്താവിക്കുന്നുണ്ട്.
കുറ്റവിചാരണയില്‍ നിന്നും രക്ഷപ്പെട്ട് ബ്രസീലിലേക്ക് പലായനം നടത്തിയ ചില മുസ്‌ലിംകള്‍, അവിടെ തങ്ങളുടെ മതം പരസ്യമായി അനുഷ്ടിച്ചിരുന്നതായും ചില സ്രോതസ്സുകള്‍ പറയുന്നുണ്ട്. എന്നാല്‍, ഇവര്‍ താമസിയാതെ, ബ്രസീലില്‍ കുറ്റവിചാരണക്കാരാല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. വെള്ളിയാഴ്ച കുളിക്കുക, വിശേഷ ദിവസങ്ങളില്‍ വെള്ള വസ്ത്രം ധരിക്കുക എന്നിവ, ഒരാള്‍ മുസ്‌ലിമാണെന്നതിന്ന് കുറ്റവിചാരണക്കാര്‍ മാനദണ്ഡമാക്കിയിരുന്നുവത്രെ.
ബ്രസീലിലെ തങ്ങളുടെ വിശാലമായ ഭൂമികള്‍ വീണ്ടെടുക്കാനായി, തൊഴിലാളികളെന്ന നിലയില്‍, പോര്‍ത്തുഗീസുകാര്‍, പശ്ചിമാഫ്രിക്കയില്‍ നിന്നും അടിമകളെ കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് രണ്ടാം ഘട്ടമാരംഭിക്കുന്നത്. പതിനാറാം ശതകത്തിലായിരുന്നു അത്. ഈ അടിമകളില്‍ നിരവധി പേര്‍, യഥാര്‍ത്ഥത്തില്‍, ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. ചിലര്‍ ഇമാമുകളും പണ്ഡിതന്മാരുമായിരുന്നു. അടിമകളോട് ചേര്‍ന്ന് സ്വയം അടിമത്തം സ്വീകരിക്കുകയായിരുന്നു ഇവര്‍. തങ്ങളുടെ സഹോദരങ്ങളെ, മതപരമായും ആത്മീയമായും രക്ഷിക്കുന്നതിന്ന് വേണ്ടിയായിരുന്നു ഇവര്‍ അങ്ങനെ ചെയ്തത്.
പശ്ചിമാഫ്രിക്കയില്‍ നിന്നും ബ്രസീലിലെത്തിയ ഈ മുസ്‌ലിംകളെ, പോര്‍ത്തുഗീസുകാര്‍ നിര്‍ബന്ധ മാമോദീശ നടത്തിയിരുന്നു. അത് കൊണ്ടായിരുന്നു അവര്‍ രഹസ്യമായി ഇസ്‌ലാം അനുഷ്ടിച്ചത്. സ്‌കൂളുകള്‍ സ്ഥാപിച്ചു കൊണ്ടും, ഖുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടും, തങ്ങളുടെ കുടിലുകളില്‍, ഇവര്‍ ഇസ്‌ലാമിക ജീവിത രീതി നില നിറുത്തുകയാണുണ്ടായത്.
പതിനെട്ടാം ശതകാന്ത്യത്തില്‍, മധ്യാഫ്രിക്കയില്‍ നിന്നുള്ള ഒരു കൂട്ടം മുസ്‌ലിംകള്‍ ബ്രസീലിലേക്ക് കപ്പല്‍ കയറി. പുരോഗമന മുസ്‌ലിം നാഗരികതയുടെ ദൃക്‌സാക്ഷികളായിരുന്ന ഇവര്‍, അവിടെ താമസിച്ചിരുന്ന പൂര്‍വാഫ്രിക്കക്കാര്‍ക്കിടയില്‍, പ്രക്ഷോഭ പ്രേരണ നല്‍കുകയായിരുന്നു. അങ്ങനെ, നിരവധി വിപ്ലവങ്ങള്‍ ഉടലെടുത്തു. കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പത്തൊമ്പതാം ശതകത്തിന്റെ തുടക്കം മുതലായിരുന്നു (1800 – 1805 – 1811) അത് നടന്നത്.
1835 ല്‍, ബാഹിയയില്‍ ഒരു വലിയ ഇസ്‌ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെടുകയുണ്ടായി. ‘അടിമ വിപ്ലവ’ത്തൊടെ അത് പതിമടങ്ങാവുകയായിരുന്നു. അടിമകളെ മോചിപ്പിക്കുക, ബ്രസീലില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നൊക്കെയായിരുന്നു അതിന്റെ ലക്ഷ്യം. പക്ഷെ, അടിച്ചമര്‍ത്തപ്പെട്ടതിനാല്‍, വിപ്ലവം പരാജയപ്പെടുകയായിരുന്നു. അടിമകളെ, പൂര്‍വാഫ്രിക്കയിലേക്ക് തിരിച്ചയക്കുകയായിരുന്നു അധിനിവേശക്കാര്‍ ചെയ്തത്. പിന്നീട്, ഇവര്‍ അവിടെ ചരിത്രത്തിലെ വലിയ പങ്കു നിര്‍വഹിക്കുകയുണ്ടായി. തിരിച്ചു ചെന്നു ബ്രസീലില്‍ തന്നെ താമസമാക്കിയവര്‍, അവിടെ പലേടങ്ങളിലായി ചിതറുകയായിരുന്നു.
ഈ ആഫ്രിക്കന്‍ മുസ്‌ലിംകള്‍ വഴിയാണ്, ബ്രസീല്‍ രണ്ടാമതായി ഇസ്‌ലാമിനെ പരിചയപ്പെടുന്നത്.
കൃഷി, വ്യവസായം, സ്വര്‍ണഖനി എന്നിവയായിരുന്നു ഇവരുടെ പ്രവര്‍ത്തന മേഖലകള്‍. കൃഷി, വ്യവസായം, കൈവേല തുടങ്ങിയവയുമായി ബന്ധപ്പെട്ട, പോര്‍ത്തുഗീസ് പദങ്ങളില്‍ മിക്കവാറും അറബി മൂലങ്ങളത്രെ. 1830 മുതല്‍ 60 വര്‍ഷം കൊണ്ട്, മുസ്‌ലിംകളില്‍ ഭൂരിഭാഗവും തിരോധാനം നടത്തുകയായിരുന്നു.
1920 ലെ, സീറോ – ലബനീസ് കുടിയേറ്റത്തോടെയാണ്, ബ്രസീലിലെ ഇസ്‌ലാമിക സ്വാധീനത്തിന്റെ മൂന്നാം ഘട്ടമാരംഭിക്കുന്നത്. അത് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു. 1929 ല്‍ സ്ഥാപിതമായ ഇസ്‌ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ് ആദ്യത്തെ മുസ്‌ലിം എന്‍.ജി.ഒ. 1950 കളുടെ മധ്യത്തോടെ, ഇതര ഭാഗങ്ങളില്‍ മറ്റു ഇസ്‌ലാമിക സംഘടനകള്‍ രൂപീകരിക്കാന്‍ ആലോചിക്കുന്നത് വരെ ഇതായിരുന്നു ഏക ഇസ്‌ലാമിക സ്ഥാപനം. ഇന്ന് രാജ്യത്തൊട്ടാകെ, മുസ്‌ലിംകള്‍ക്ക് 80 ഓര്‍ഗനൈസേഷനുകളും 100 പള്ളികളും സ്വന്തമായുണ്ട്.
ഓണ്‍ ഇസ്‌ലാം: മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും, മധ്യ അമേരിക്കന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ബ്രസീലിയന്‍ മുസ്‌ലിംകളുടെ സ്ഥിതി എന്താണ്? അറബികളും മുസ്‌ലിംകളുമായി നല്ല ബന്ധം നിലനിറുത്തുന്നതില്‍ പ്രസിദ്ധമാണല്ലോ ബ്രസീല്‍? അറബ് – മുസ്‌ലിം രാഷ്ട്രങ്ങളില്‍, ഒന്നിനോടും അത് യുദ്ധത്തിലേര്‍പ്പെട്ടിട്ടില്ലല്ലോ?
ഖാലിദ് തഖിയ്യുദ്ദീന്‍: സ്വാതന്ത്ര്യം, നിയമം, പൌരാവകാശം എന്നിവയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ഈ രാജ്യം, അറബ് – മുസ്‌ലിം രാജ്യങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. അതിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പുരോഗതിയില്‍, മുസ്‌ലിംകളും അമുസ്‌ലിംകളുമായ അറബികള്‍ വലിയ പങ്കാണ് നിര്‍വഹിച്ചത്. ഏകദേശം 10 – 12 മില്യന്‍ ബ്രസീലിയരുടെ വേര് അറബ് രാജ്യങ്ങളത്രെ. നിരവധി സ്വാതന്ത്ര്യം അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ബ്രസീലില്‍ അറബികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം, വളരെ വിശാലമാണെന്ന് എനിക്ക് പറയാന്‍ കഴിയും. എല്ലാ വിഭാഗങ്ങള്‍ക്കും മതങ്ങള്‍ക്കും തുല്യാവകാശം നല്‍കുന്ന ഒരു രാഷ്ട്രമാണത്.
എല്ലാ വിധ മതവിവേചനങ്ങളില്‍ നിന്നും മുക്തമാവുക എന്ന കല്പനയോടെ, സ്‌റ്റേറ്റ് സംരക്ഷണയില്‍ കഴിയുന്ന നിരവധി സംഘടനകള്‍ ഇവിടെയുണ്ട്.
സെക്യൂരിറ്റി, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയില്‍ പോലും മതവിവേചന വിരുദ്ധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ക്കും എപ്പോഴും പരാതി കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന്ന്, കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് വരെ, അര്‍ജന്റീനയില്‍ കുട്ടികള്‍ക്ക് മുസ്‌ലിം നാമകരണം നടത്താന്‍ മുസ്‌ലിം കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍, ഈ വിലക്ക് എടുത്തു കളഞ്ഞിരിക്കുന്നു. എന്നാല്‍, ബ്രസീലില്‍ ഇത്തരമൊന്ന് ചിന്തിക്കാന്‍ പോലും കഴിയുകയില്ല.
സപ്ത. 11 സ്‌ഫോടനങ്ങളോടെ, അറബികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ നടന്ന കണിശമായ ജാഗ്രതാ സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ, ശക്തമായി നിലകൊള്ളൂകയായിരുന്നു ബ്രസീല്‍. വിഷയം, യുക്തി പൂര്‍വകവും, ബുദ്ധിപൂര്‍വകവും കൈകാര്യം ചെയ്യാനാണത് ഇഷ്ടപ്പെട്ടത്.
(തുടരും)
വിവ : കെ.എ. ഖാദര്‍ ഫൈസി