Interview

മാധ്യമ കുപ്രചാരണങ്ങളുടെ ഇരയാണ് ഖത്തര്‍

ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച ജി.സി.സി അംഗരാജ്യങ്ങളുടെ നടപടിയുമായി ബന്ധപ്പെട്ട് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി അല്‍ജസീറയോട് സംസാരിക്കുന്നു.

ഇപ്പോഴത്തെ ഈ പ്രതിസന്ധിയുടെ കാരണങ്ങള്‍ എന്തൊക്കെയാണ്?
ഖത്തറിനെതിരെയുള്ള നീക്കങ്ങളില്‍ ഞങ്ങള്‍ അത്ഭുതവും ഖേദവും പ്രകടിപ്പിച്ചിരുന്നു. ഈ പ്രതിസന്ധിക്ക് പിന്നില്‍ സത്യസന്ധവും യഥാര്‍ത്ഥവുമായ കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നോ, അല്ലെങ്കില്‍ ഞങ്ങളുടെ അറിവിലില്ലാത്ത മറഞ്ഞിരിക്കുന്ന വല്ല കാരണങ്ങളുമുണ്ടോ എന്നോ ഞങ്ങള്‍ക്കറിയില്ല.

നിലവിലെ പ്രതിസന്ധിക്ക് സത്യസന്ധമായ കാരണങ്ങള്‍ വല്ലതുമുണ്ടായിരുന്നെങ്കില്‍, ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് നടന്ന ജി.സി.സി ഉച്ചകോടിയില്‍ അത് ചര്‍ച്ച ചെയ്യാന്‍ കഴിയുമായിരുന്നു, പക്ഷെ അന്ന് ഇതിനെ സംബന്ധിച്ച് യാതൊന്നും പറയപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല. കൂടാതെ, റിയാദില്‍ നടന്ന അമേരിക്കന്‍-ഇസ്‌ലാമിക്-അറബ് ഉച്ചകോടിയിലും യാതൊന്നും തന്നെ വിഷയസംബന്ധമായി പറയപ്പെട്ടിരുന്നില്ല. ഈ സമ്മേളനങ്ങളില്‍ ഒന്നും തന്നെ നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഒന്നും തന്നെ ചര്‍ച്ച ചെയ്തിട്ടില്ലെന്നിരിക്കെ, ഇത്തരമൊരു പ്രതിസന്ധി പൊട്ടിപുറപ്പെടുന്നതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് യാതൊരു സൂചനയുമില്ലായിരുന്നു.

അതുകൊണ്ടു തന്നെ (സൗദിയും യു.എ.ഇയും ഫണ്ട് നല്‍കുന്ന) മാധ്യമങ്ങളാണ് ഖത്തറിനെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമക്കുകയും, നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തതെന്നാണ് ഇതെല്ലാം തുറന്ന് കാട്ടുന്നത്. ഹാക്കിംഗ് സംഭവത്തിന് ശേഷം മാത്രമാണ് ഈ മാധ്യമ കാമ്പയിന്‍ തുടങ്ങിയത്. ഖത്തറിനെയും, ഖത്തര്‍ ഭരണാധികാരികളെയും അപമാനിക്കുന്ന തരത്തില്‍ ഖത്തറിനെതിരെ നടന്ന വന്‍തോതിനുള്ള മാധ്യമപ്രചാരണം ജി.സി.സിയുടെ ചരിത്രത്തില്‍ ആദ്യത്തേതാണ്. ഞങ്ങള്‍ ഖത്തരികള്‍ അതില്‍ അടിപതറി വീണില്ല. ക്ഷമയോടും, വിവേകത്തോടും കൂടി ഞങ്ങള്‍ അതിനെ കൈകാര്യം ചെയ്തു.

അമീര്‍ ശൈഖ് തമീം ഇന്ന് രാത്രി സംസാരിക്കുമെന്ന് അറിയിച്ചിരുന്നു. പക്ഷെ എന്തു കൊണ്ടാണത് മാറ്റി വെച്ചത്?
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഖത്തര്‍ ജനതയെ അഭിസംബോധന ചെയ്തു കൊണ്ട് ഇന്ന് രാത്രി സംസാരിക്കാനിരുന്നതായിരുന്നു, പക്ഷെ അത് മാറ്റി വെക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് അമീര്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയുണ്ടായി. പ്രതിസന്ധി പരിഹരിക്കുന്നതിന് സമയം നല്‍കുന്നതിന് വേണ്ടിയായിരുന്നു അത്. 2014-ലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കുവൈത്ത് അമീര്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു.

ഖത്തറിനെതിരെ എടുക്കപ്പെട്ടിരിക്കുന്ന നടപടികള്‍ മുന്‍കാലങ്ങളില്‍ കാണാത്തതും, പക്ഷപാതപരവുമാണ്. ഞങ്ങള്‍ ഖത്തരികള്‍ ഇതുപോലെയുള്ള നടപടികള്‍ ഒരിക്കലും കൈകൊണ്ടിട്ടില്ല. ചര്‍ച്ചയിലൂടെയും, പരസ്പര ബഹുമാനത്തിലൂടെയും ഏതൊരു പ്രശ്‌നത്തിനും പരിഹാരം കാണാം എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന സഹോദരതുല്ല്യരും, സുഹൃത്തുക്കളുമായ ഒരുപാട് വിദേശകാര്യമന്ത്രിമാരില്‍ നിന്നും എനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു, ഞാന്‍ അങ്ങോട്ട് വിളിക്കുകയും ചെയ്തിരുന്നു. അറബ് ലോകത്ത് ഇന്ന് അനവധി യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. സിറിയ, ലിബിയ, യമന്‍ എന്നീ രാജ്യങ്ങള്‍ യുദ്ധക്കെടുതിയിലാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഖത്തറിനെ ആക്രമിക്കാന്‍ ജി.സി.സി എടുത്ത തീരുമാനം ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തുന്നു.

ഒരേ ഭാഷയും, അതിവിശാലമായ കുടുംബബന്ധങ്ങളും പരസ്പരം പങ്കുവെക്കുന്ന അടിസ്ഥാനപരമായി ഒരു ജനതയായ ജി.സി.സി രാഷ്ട്രങ്ങളുടെ ഭാവിയെ സംബന്ധിച്ച യഥാര്‍ത്ഥമായ ചോദ്യങ്ങളാണ് ഇത് ഉയര്‍ത്തുന്നത്. എന്നിരുന്നാലും, ജി.സി.സിയിലെ അംഗരാജ്യങ്ങളില്‍ ചിലര്‍ അവരുടെ ഇഷ്ടങ്ങള്‍ ഖത്തറിന് മേല്‍ അടിച്ചേല്‍പ്പിക്കാനും, ഖത്തറിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാനും ശ്രമിച്ചതിനെ ഞങ്ങള്‍ തള്ളികളഞ്ഞിരുന്നു. പക്ഷെ, ജി.സി.സിക്ക് മേല്‍ വലിയൊരു ചോദ്യ ചിഹ്നം ഉണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്.

ഖത്തറിലെ സാധാരണ ജീവിതത്തെ പ്രതിസന്ധി എങ്ങനെയായിരിക്കും ബാധിക്കുക?
ഖത്തറില്‍ ഇതിന് മുമ്പും നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1996-ലെ സര്‍ക്കാര്‍ മാറ്റവും, 2014-ല്‍ ജി.സി.സി രാജ്യങ്ങള്‍ക്കും ഖത്തറിനും ഇടയില്‍ ഉണ്ടായ പ്രതിസന്ധിയും അവയില്‍ ചിലതാണ്. പക്ഷെ ഞങ്ങള്‍ അതിനെയെല്ലാം അതിജയിച്ചു. പൗരന്‍മാര്‍ക്കും, താമസക്കാര്‍ക്കും സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിന് ഖത്തര്‍ സ്വന്തത്തെ തന്നെ ആശ്രയിക്കും. പൗരജീവിതവും, സുപ്രധാന നിര്‍മാണ പ്രൊജക്റ്റുകളും സാധാരണ പോലെ തന്നെ മുന്നോട്ട് പോകുന്നത് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു.

മാധ്യമങ്ങളുടെ അപകീര്‍ത്തി പ്രചാരണത്തിന്റെ ഇരയാണ് ഖത്തര്‍. നിലവിലെ പ്രതിസന്ധികളുടെ ഫലമായുണ്ടായ ഖത്തറിലെ സാമ്പത്തിക ക്ലേശത്തെ പറ്റി സംസാരിക്കുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ കൃത്യമായിരിക്കില്ല. സൗദി അറേബ്യയുമായി പങ്കിടുന്ന അതിര്‍ത്തിയാണ് ഞങ്ങളെ ആകെ ബാധിക്കുക. അന്താരാഷ്ട്ര സമുദ്രപാതകള്‍ മുഖേനയും, അന്താരാഷ്ട്ര വ്യോമപാത മുഖേനയും പുറംലോകവുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് കഴിയുന്ന കാലത്തോളം സൗദി അറേബ്യന്‍ അതിര്‍ത്തി ഒഴികെയുള്ളതൊന്നും തന്നെ ഞങ്ങളെ യാതൊരു വിധത്തിലും ബാധിക്കുകയില്ല.

അമേരിക്കയുമായുള്ള ബന്ധങ്ങളെ അത് എങ്ങനെ ബാധിക്കും?
പാശ്ചാത്യലോകത്ത് വമ്പിച്ച കുപ്രചാരണങ്ങള്‍ക്ക് ഇരയാണ് ഖത്തര്‍, പ്രത്യേകിച്ച് ജി.സി.സി അംഗരാജ്യങ്ങളില്‍ ഒന്നിന്റെ അംബാസഡറില്‍ നിന്ന് തന്നെ ഖത്തറിനെതിരെ ദുരാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു, ജി.സി.സി ഉടമ്പടിയുടെ ലംഘനമാണത്. താഴെക്കിടയിലുള്ള ഓഫീസുകളില്‍ നിന്നാണ് ഖത്തറിനെതിരെ ഭീകരവാദം ആരോപിച്ച് കൊണ്ടുള്ള പ്രചാരണങ്ങള്‍ വരുന്നത്.

ഔദ്യോഗിക സ്ഥാപനങ്ങള്‍ മുഖേനയാണ് അമേരിക്കയുമായുള്ള ഞങ്ങളുടെ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്, അതു കൊണ്ട് തന്നെ അവ ശക്തവുമാണ്. താഴെക്കിടയിലുള്ള സ്ഥാപനങ്ങള്‍ മുഖേനയല്ല മറിച്ച് ഔദ്യോഗിക അമേരിക്കന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഖാന്തിരമാണ് ഖത്തര്‍-യു.എസ് ബന്ധം വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയുമായി ഒരു നയതന്ത്ര പങ്കാളിത്തമാണ് ഞങ്ങള്‍ക്കുള്ളത്, ഭീകരവിരുദ്ധ പോരാട്ടം, മിഡിലീസ്റ്റിലെ സാധാനശ്രമങ്ങള്‍ എന്നിവയിലെ ശക്തരായ പങ്കാളികളാണ് ഞങ്ങള്‍.

അവലംബം: Al Jazeera
വിവ: ഇര്‍ഷാദ് കാളാചാല്‍

 

Facebook Comments
Related Articles
Close
Close