Interview

ഭരണഘടന എന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അഖിലേന്ത്യാ അധ്യക്ഷനുമായ മുഹമ്മദ് റാബിഅ് ഹസനി നദ്‌വി ഉറുദുവിലും അറബിയിലും 30-ഓളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ, ദാറുല്‍ ഉലൂം ദയൂബന്ദ് എന്നീ പ്രശസ്ത ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം സ്വദേശത്തും വിദേശത്തുമായി നിരവധി സംഘടനകളുടെ നേതൃത്വം വഹിക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്‌കൂളുകളുടെ ഉദ്ഘാടനത്തിന് വന്ന റാബിഅ് ഹസനി നദ്‌വിയുമായി ‘സിയാസത്ത് ഡെയ്‌ലി’ എഡിറ്റര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ രാജ്യത്തെ മുസ്‌ലിംകള്‍ ഈ വിഷയത്തെ അത്ര ഗൗരവത്തിലെടുത്തിട്ടില്ല. പ്രസ്തുത വിഷയത്തില്‍ താങ്കളുടെ അഭിപ്രായം എന്താണ്?
സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നത് ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങളുടെ പരസ്യമായ ലംഘനമാണ്. അലീഗഢ് മുസ്‌ലിംകളാണ് ആരംഭിച്ചത് എന്നു മാത്രമല്ല, അതിന്റെ നടത്തിപ്പിലും അവര്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ആ ത്യാഗങ്ങളുടെ ഫലമായാണ് ഇന്നു കാണുന്ന അലീഗഢ് സര്‍വകലാശാല ഉണ്ടായത്. അതൊരിക്കലും സര്‍ക്കാരിന് വിസ്മരിക്കാനാവില്ല. സര്‍വകലാശാലക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. അത് തികച്ചും രാഷ്ട്രീയപ്രേരിതവുമാണ്. എന്ത് പ്രതിസന്ധികള്‍ വന്നാലും നാം തിനെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം.

♦മോദി സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്ത് നിലപാടായിരിക്കും സ്വീകരിക്കുക?
നിങ്ങള്‍ക്കറിയാവുന്നത് പോലെ പേഴ്‌സണല്‍ ലോ ബോര്‍ഡ് രാജ്യത്ത് ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനതക്ക് ഗുണകരമായ ശരീഅത്ത് നിയമങ്ങളെ രാജ്യത്ത് സാധുതയുള്ളതാക്കി മാറ്റുക എന്ന പ്രവര്‍ത്തനം. എന്നാല്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടത് മറ്റൊരു വിഷയമാണ്. അതിന് നിയമപരവും രാഷ്ട്രീയപരവുമായ അതിര്‍വരമ്പുകളുണ്ട്. അതുകൊണ്ട് തന്നെ ജംഇയ്യത്തുല്‍ ഉലമാ, ജമാഅത്തെ ഇസ്‌ലാമി, മജ്‌ലിസെ മുഷാവറ, മില്ലി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചായിരിക്കും അലീഗഢ്, ജാമിഅ മില്ലിയ വിഷയത്തില്‍ ഞങ്ങള്‍ ഇടപെടുന്നത്.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യത്ത് സംജാതമായ വര്‍ഗീയ ധ്രുവീകരണത്തിന്റെയും അസഹിഷ്ണുതയുടെയും അന്തരീക്ഷത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
അതെ, രാജ്യത്തെ അവസ്ഥാവിശേഷങ്ങള്‍ അത്ര സുഖകരമല്ല. എന്നാലും സര്‍ക്കാരിന്റെ ഓരോ ചലനത്തേയും നാം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന തരത്തില്‍ ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെയൊക്കെ നാം നിരീക്ഷിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്നു. നമുക്ക് വളരെ ശക്തമായ ഒരു ഭരണഘടനയുണ്ട്. മുസ്‌ലിംകള്‍ക്ക് ധാരാളം അവകാശങ്ങളും അത് വകവെച്ചു തന്നിരിക്കുന്നു. മതേതരത്വം രാജ്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യന്‍ ഭരണഘടന ദളിതുകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ധ്രുവീകരണം രാജ്യത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കും വിഘാതം സൃഷ്ടിക്കുകയാണ് ചെയ്യുക.

യു.പിയില്‍ തെരെഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണ ശ്രമങ്ങള്‍ രാജ്യത്ത് ചര്‍ച്ചാവിഷയമാണ്. ഈ നീക്കത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ സ്‌റ്റേ ഓര്‍ഡര്‍ നിലവിലുണ്ട്. നാം ഒരിക്കലും വിദ്വേഷ പ്രസ്താവനകളെ ഭയക്കേണ്ടതില്ല. നമുക്ക് നമ്മുടെ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ജുഡീഷ്യറിയെ ആര്‍ക്കും കബളിപ്പിക്കാനാവില്ല. എന്നാല്‍ സുബ്രഹ്ണ്യ സ്വാമിയെ പോലുള്ളവര്‍ ജുഡീഷ്യറിയെയും ഹൈജാക്ക് ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസ പരിപാടികള്‍ക്കാണ് താങ്കള്‍ ഇവിടെ വന്നിരിക്കുന്നത്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തെ മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണത്തെ എങ്ങനെ വിലയിരുത്തുന്നു?
21-ാം നൂറ്റാണ്ട് വിജ്ഞാനത്തിന്റേതാണ്. ഖുര്‍ആനിലെ ആദ്യപദം തന്നെ ‘വായിക്കുക’ എന്നായിരുന്നല്ലോ. ആദ്യകാലങ്ങളില്‍ മുസ്‌ലിംകള്‍ എല്ലാ വൈജ്ഞാനിക മേഖളകളിലും തിളങ്ങിയിരുന്നു. എന്നാല്‍ ഇന്ന് ആ പ്രതാപമൊക്കെ നമുക്ക് നഷ്ട്‌പ്പെട്ടു പോയിരിക്കുന്നു. അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നാം നടത്തേണ്ടത്. നമ്മുടെ ആദര്‍ശം വിദ്യാഭ്യാസത്തിന് അത്യധികമായ പ്രാധാന്യം കല്‍പിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമുക്ക് വിജയിക്കാനും ലോകത്തെ നന്മയിലേക്ക് നയിക്കാനും സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നമ്മുടെ ഈ തലമുറക്ക് ബാധ്യതകള്‍ ഏറെയാണ്.

കുറച്ച് മാസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് നരേന്ദ്ര മോദിയുമായി താങ്കളുടെ കൂടിക്കാഴ്ച ഒരുക്കിയിരുന്നു എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിയാണോ? പിന്നെ എന്താണ് സംഭവിച്ചത്?
അത് ശരിയല്ല. ഇരുഭാഗത്ത് നിന്നും അങ്ങനെ ആരും മുന്‍കൈയ്യെടുത്തിരുന്നില്ല. സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം പേഴ്‌സണല്‍ ലോ ബോര്‍ഡ് കൈകൊണ്ടിട്ടില്ല. ഭരണഘടനയും ജുഡീഷ്യറിയുമാണ് നമ്മുടെ രാജ്യത്തിന്റെ ആധാരശിലകള്‍.

വിവ: അനസ് പടന്ന

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker