(ബ്രസീലിലെ, സുപ്രിം കൗണ്‍സില്‍ ഓഫ് ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ് പ്രസിഡണ്ട് ഇമാം ഖാലിദ് തഖിയുദ്ദീനുമായി നടത്തിയ അഭിമുഖത്തിന്റെ തുടര്‍ച്ച)
ഓണ്‍ ഇസ്‌ലാം: ബ്രസീലില്‍ സയണിസ്റ്റ് ലോബി എത്രമാത്രം ശക്തമാണ്?
ഖാലിദ് തഖിയ്യുദ്ദീന്‍: ജൂതസമൂഹം 160000 ന്നും 200000ന്നുമിടയിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വളരെ സ്വാധീനവും ശക്തിയുമുള്ളവരാണവര്‍. പൊതു രാഷ്ട്രീയത്തില്‍ പരസ്യമായി അവര്‍ പങ്കെടുക്കുന്നില്ല. ജൂത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് അവര്‍ വോട്ടു നല്‍കുന്നു.
ഓണ്‍ ഇസ്‌ലാം: മുസ്‌ലിം ലോകത്തെ പ്രാദേശിക പ്രശ്‌നങ്ങളില്‍, ബ്രസീലിയന്‍ മുസ്‌ലിംകള്‍ എങ്ങനെ പ്രതികരിക്കുന്നു? ഉദാഹരണമായി, ഈയിടെ നടന്നു കൊണ്ടിരിക്കുന്ന, അറബ് വസന്തം പോലുള്ള സംഭവങ്ങളോട്, അവരുടെ നിലപാടെന്താണ്? അറബ് വസന്തം വ്യത്യസ്തമാണല്ലോ. ബശ്ശാറിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പള്ളികളും മുസ്‌ലിം സംഘടനകളും പ്രസ്താവന ഇറക്കിയിക്കുന്നുവല്ലോ?
ഖാലിദ് തഖിയ്യുദ്ദീന്‍: പലസ്തീന്‍, ഇറാഖ് തുടങ്ങിയ അനിഷ്ടകരമായ പ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം, സമൂഹത്തിലെ അറബികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ അഭിപ്രായ സമന്വയം ഉള്ളതായി നാം കാണുന്നു. അറബി – ഇസ്‌ലാമിക അവകാശങ്ങളില്‍, അനുകൂലമായ നിലപാടെടുക്കുന്നതിന്ന്, പൗരസമൂഹത്തിലൂടെയും മറ്റു സംഘടനകളിലൂടെയും, സ്‌റ്റേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടുന്നു. തദാവശ്യാര്‍ത്ഥം, പലപ്പോഴും, വലിയ പ്രതിഷേധ പ്രകടനങ്ങള്‍ തന്നെ, ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അറബ് വസന്തം വ്യത്യസ്തമാണ്.
സീറൊ – ലെബനാന്‍ കാരെയും, പലസ്തീനിയന്‍ സമൂഹത്തെയും താരതമ്യം ചെയ്യുമ്പോള്‍, വടക്കന്‍ ആഫ്രിക്കക്കാരുടെ എണ്ണം വളരെ ചെറുതാണ്. സിറിയന്‍ വിപ്ലവത്തെ പിന്തുണച്ചു കൊണ്ട് ചില പ്രകടനങ്ങളുണ്ടായിരുന്നു. പക്ഷെ, അതൊരു പ്രമാണമാക്കാന്‍ പറ്റുകയില്ല. കാരണം, ബ്രസീലിലെ സിറിയക്കാരിലധിക പേരും അലവികളാണ്. സിറിയന്‍ ഭരണ വ്യവസ്ഥയെ വലിയ തോതില്‍ അനുകൂലിക്കുന്നവരാണവര്‍. എന്നാല്‍, അലവികളല്ലാത്ത ചില സിറിയക്കാരും ബശ്ശാര്‍ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ വൈമനസ്യം കാണിക്കുകയുണ്ടായി. തങ്ങള്‍ക്ക് നാട്ടില്‍ കുടുംബമുണ്ടെന്നതാണ് കാരണം. ഭരണകൂടം അവരെ ഉപദ്രവിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. എന്നിട്ടും, പല പള്ളീകളും മുസ്‌ലിം സംഘടനകളും, ബശ്ശാറിനെ വിമര്‍ശിച്ചു കൊണ്ടും വിപ്ലവത്തെ പിന്തുണച്ചു കൊണ്ടും പ്രസ്താവനകള്‍ ഇറക്കുകയുണ്ടായി. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഓണ്‍ ഇസ്‌ലാം: ബ്രസീലിയന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാഗഭാഗിത്വം, പ്രത്യേകിച്ചും രാഷ്ട്രീയ പാര്‍ട്ടികളിലും പൗരസമൂഹങ്ങളിലും സംഘടനകളിലും, എങ്ങനെയുണ്ട്?
ഖാലിദ് തഖിയ്യുദ്ദീന്‍: ഈ മേഖലയില്‍ മുസ്‌ലിംകളെത്തിയത് വളരെ വൈകിയാണ്. ക്രിസ്ത്യന്‍ അറബികള്‍ ഇക്കാര്യത്തില്‍, മുസ്‌ലിംകളെ കവച്ചു വെച്ചിട്ടുണ്ട്. വളരെ മുമ്പ് തന്നെ, അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍, ബ്രസീലിയന്‍ പാര്‍ലമെന്റിന്റെ മൂന്നിലൊരു ഭാഗം തന്നെ അവരായിരുന്നു.
ഇത് വരെ, ബ്രസീലിയന്‍ പാര്‍ലമെന്റില്‍, മുസ്‌ലിമേതരരുടെ എണ്ണം വലുതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും അവര്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്.
ഈയിടെ, മുസ്‌ലിംകള്‍ പൊതു രാഷ്ട്രീയത്തില്‍ സ്ഥനങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ട്. ചില മുന്‍സിപ്പാലിറ്റികളില്‍ കുറച്ചു മുസ്‌ലിം മുഖ്യന്മാര്‍ തന്നെയുണ്ട്. സാഓ പോളോ പാര്‍ലമെന്റില്‍ ചില എം. പിമാരുമുണ്ട്.
എന്നാല്‍, ഫെഡറല്‍ പാര്‍ലമെന്റില്‍, ഇത് വരെ മുസ്‌ലിം എം.പി മാരില്ല. മുസ്‌ലിംകള്‍, പ്രത്യേകിച്ച് സാഓ പോളോയില്‍, വലിയ വോട്ടിംഗ് ബ്ലോക്കാണെന്ന കാര്യം വിസ്മരിക്കരുത്. മുസ്‌ലിം താല്പര്യങ്ങളൊടുള്ള പ്രതികരണത്തിലൂടെയാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിക്കുന്നതെന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍, മൂന്നാം തലമുറയിലെ വലിയൊരു ഭാഗം, രാഷ്ട്രീയ ഭാഗഭാഗിത്വത്തിന്റെ പ്രാധാന്യം തിര്‍ച്ചറിയുകയും അതിന്നായി തയ്യാറാവുകയും ചെയ്യുന്നുണ്ട്.
ബ്രസീലിയന്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം അസോസിയേഷന്നു കീഴില്‍, പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു പദ്ധതിയുണ്ട്. ചില വിശിഷ്ട വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത്, പഠന – പ്രവര്‍ത്തനങ്ങളിലൂടെ അവരെ സജീവ രാഷ്ട്രീയക്കാരാക്കാന്‍ തയ്യാറാക്കുകയാണ് ലക്ഷ്യം.
അവര്‍ക്ക്, ബിരുദാനന്തര ബിരുദവും, പ്രസക്ത വിഷയങ്ങളില്‍ പി. എഛ്. ഡിയും, ഡിഗ്രിയും നേടിക്കൊടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പൊളിറ്റിക്കല്‍ സയ്ന്‍സ്, നിയമം പോലുള്ള വിഷയങ്ങള്‍ അവര്‍ പഠിക്കണം. ഫെഡറല്‍ ന്യായാധിപന്മാരില്‍ ധാരാളം മുസ്‌ലിംകളുണ്ട്. വേണ്ടത്ര ഇല്ലെങ്കിലും, മുസ്‌ലിമേതര പൌര സമൂഹങ്ങളിലും നിരവധി മുസ്‌ലിംകള്‍ ഞങ്ങള്‍ക്കുണ്ട്. മതവിവേചനം കൂടാതെ എല്ലാ ബ്രസീലിയന്മാരെയും അവര്‍ സേവിക്കുന്നു.
ഓണ്‍ ഇസ്‌ലാം: മുസ്‌ലിംകള്‍ക്ക് തങ്ങളുടെ മാതൃരാജ്യങ്ങളുമായി എത്രത്തോളം ബന്ധമുണ്ട്? ഈ ബന്ധം ഏത് രീതിയിലാണ്?
ഖാലിദ് തഖിയ്യുദ്ദീന്‍: സ്വന്തം രാജ്യങ്ങളുമായി ബന്ധം നിലനിറുത്താന്‍ താല്പര്യപ്പെടുന്നവരാണ്, പൊതുവെ, മുസ്‌ലിം കുടിയേറ്റക്കാര്‍. ഉദാഹരണമായി, പലര്‍ക്കും (ലെബ്‌നാന്‍ കാരില്‍ അധിക പേര്‍ക്കും) മാതൃരാജ്യത്ത് വീടുകളുണ്ട്. അവരെപ്പോഴും ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. പ്രത്യേകിച്ചും മൂന്നാം തലമുറ. പൂര്‍വികരുടെ രാജ്യം കാണുകയാണവരുടെ ലക്ഷ്യം.
മാതൃരാജ്യങ്ങളിലെ, സാമ്പത്തികവും രാഷ്ട്രീയവുമായ അവസ്ഥയോട് താരതമ്യം ചെയ്യുമ്പോള്‍, ബ്രസീലിലെ സാമ്പത്തിക സ്ഥിരത കാരണം, ബ്രസീല്‍ അവരുടെ മുഖ്യ സമ്പത്തിക സ്രോതസ്സായി നില കൊള്ളുന്നു.
ഓണ്‍ ഇസ്‌ലാം: ബ്രസീലിലെ, മുസ്‌ലിംകളും അമുസ്‌ലിംകളുമായ അറബികള്‍ തമ്മിലുള്ള ബന്ധത്തെ എങ്ങനെ കാണുന്നു?
ഖാലിദ് തഖിയ്യുദ്ദീന്‍: അവിരാമമായ വാര്‍ത്താവിനിമയ മനോഭാവവും കാര്യങ്ങളിലെ ഭാഗഭാഗിത്വവും കാരണം അതൊരു സവിശേഷ ബന്ധം തന്നെയാണ്. ഇരു ഭാഗത്തും, സാമ്പത്തികമോ, സാമൂഹികമോ, രാഷ്ട്രീയമോ ആയ തീവ്ര വീക്ഷണങ്ങളില്ലാത്ത ചില പൊതു താല്പര്യങ്ങളുണ്ട്.
(തുടരും)
വിവ : കെ.എ. ഖാദര്‍ ഫൈസി