ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ത്തുന്ന തരത്തില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങള്‍ പുതിയ സംവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ട ആളുകള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാഹ് ഹുസൈനിയുമായി മുഹമ്മദ് യൂനുസ് നടത്തിയ അഭിമുഖത്തില്‍ ഇന്ത്യ പിന്തുടരുന്ന ബഹുസ്വരതയെയും സഹിഷ്ണുതാ മനോഭാവത്തെയും കുറിച്ച് സംസാരിക്കുന്നു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:-
♦രാജ്യത്ത് വര്‍ഗീയ ധ്രുവീകരണവും അസഹിഷ്ണുതയും വളര്‍ത്തുന്ന തരത്തില്‍ അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
സമകാലിക സംഭവവികാസങ്ങള്‍ തീര്‍ച്ചയായും വര്‍ഗീയ ധ്രുവീകരണത്തിന്റെയും അസഹിഷ്ണുതയുടെയും അന്തരീക്ഷത്തെ തന്നെയാണ് വിളിച്ചോതുന്നത്. സ്വാന്ത്ര്യാനന്തരം രാജ്യം സാക്ഷ്യം വഹിക്കുന്ന ഒരു പ്രത്യേക ചരിത്രഘട്ടം കൂടിയാണിത്. എന്നാല്‍, ഇന്ത്യയിലെ മഹാഭൂരിപക്ഷത്തെയും ഇതിന്റെ വിപരീത ഫലങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യന്‍ ജനത ഇന്നും വലിയൊരളവില്‍ ബഹുസ്വരതയെ ആഘോഷിക്കുന്നവരും സഹിഷ്ണുത മുറുകെ പിടിക്കുന്നവരുമാണ്. രാജ്യത്തെ മതമൈത്രി തകര്‍ത്ത് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും ഫാഷിസ്റ്റ് ശക്തികളുടെയും പ്രവര്‍ത്തനഫലമാണ് ഈ സംഭവവികാസങ്ങള്‍. വളരെ ഗൗരവതരമായി തന്നെ സമൂഹം ഈ വിഷയത്തെ കാണേണ്ടതുണ്ട്.
♦ആഗോളതലത്തില്‍ ഇന്ത്യയുടെ വൈവിധ്യത്തെയും ഏകത്വത്തെയും ഈ സംഭവവികാസങ്ങള്‍ എങ്ങനെയാണ് ബാധിക്കുക?
വിവിധ മതവിശ്വാസങ്ങള്‍ പിന്‍പറ്റുന്ന ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി സമൂഹത്തെ വിഭജിക്കുക എന്നതാണ് ഇതിന്റെ ആസൂത്രകരുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ബഹുസ്വരതയും ജനാധിപത്യവും സാമ്പത്തിക വളര്‍ച്ചയുമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. രാജ്യത്ത് നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന വര്‍ഗീയ ആക്രോശങ്ങളൊക്കെ തന്നെ ആഗോളതലത്തില്‍ ഇവക്ക് ബലക്ഷയമുണ്ടാക്കും. നിരന്തരമായ ഭീതിയില്‍ കഴിയുന്ന ഒരു സമൂഹത്തിനും സാമ്പത്തികവളര്‍ച്ച നേടിയെടുക്കാനുമാവില്ല.
♦ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബഹുസ്വരത തകര്‍ത്തുകൊണ്ട് രാഷ്ട്രീയകക്ഷികള്‍ ഗൂഢമായി എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഈ സംഭവങ്ങളുടെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ സാംസ്‌കാരിക ദേശീയതയെക്കുറിച്ചും ഭൂരിപക്ഷസിദ്ധാന്തത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണ്. അവര്‍ തങ്ങളുടെ സാംസ്‌കാരികാധിപത്യം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. ഭരണകൂടത്തിന് ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കുണ്ടെന്ന് നമുക്ക് പറയാന്‍ കഴിയില്ലെങ്കിലും 2014-ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അതിന് ആക്കം കൂടി എന്നത് ഒരു വസ്തുതയാണ്. സര്‍ക്കാറിന് ഇതിലൊന്നും യാതൊരു പങ്കുമില്ലെന്ന് അവര്‍ ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള പരിഹാരക്രിയകള്‍ ചെയ്യുകയാണ് വേണ്ടത്. സമൂഹത്തിലെ ഐക്യവും സമാധാനവും തകര്‍ക്കുന്ന ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തി പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണ്.
♦മതങ്ങളാണ് ഈ സംഭവങ്ങള്‍ക്കൊക്കെ പിന്നിലെന്നും അന്യമതസ്ഥരോട് വിദ്വേഷം വെച്ചുപുലര്‍ത്താന്‍ അത് കാരണമാകുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. ഈ അഭിപ്രായത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?
വര്‍ഗീയ ലഹളകളെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ മതങ്ങളാണ് കുഴപ്പങ്ങളൊക്കെ ഉണ്ടാക്കുന്നതെന്ന് ആരും അഭിപ്രായപെട്ടിട്ടില്ല. വിവിധ മതങ്ങളും ആചാരങ്ങളും പിന്‍പറ്റുന്ന ധാരാളം സമുദായങ്ങള്‍ ഈ രാജ്യത്ത് നൂറ്റാണ്ടുകളായി ഒരുമിച്ച് കഴിയുന്നു. മധ്യകാലഘട്ടങ്ങളില്‍ പോലും വര്‍ഗീയ ധ്രുവീകരണം എന്നത് നമ്മുടെ രാജ്യത്തു നിന്ന് ഉയര്‍ന്നു കേട്ടിരുന്നില്ല.
അതുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഒരു ആധുനിക പ്രതിഭാസമായാണ് വര്‍ഗീയത മനസ്സിലാക്കപെടേണ്ടത്. ഇത്തരം വിഷംചീറ്റലുകള്‍ക്ക് മതത്തിന്റെ വേരുകള്‍ തേടുന്നത് തികച്ചും അബദ്ധമാണ്. മതനിരാസത്തില്‍ ഉയര്‍ന്നുവന്ന സമൂഹങ്ങളില്‍ പോലും സ്വത്വവിവേചനങ്ങള്‍ ഉണ്ടാവാറുണ്ട്. നിരവധി വൈജാത്യങ്ങള്‍ക്കിടയിലും സഹിഷ്ണുതയോടെ നിലനില്‍ക്കാന്‍ പറ്റുക എന്നതാണ് ഒരു പക്വത പ്രാപിച്ച സമൂഹത്തി്‌ന്റെ അടയാളം.
♦ആരാണ് രാജ്യത്തുണ്ടാകുന്ന വര്‍ഗീയ സംഭവങ്ങളുടെ ഗുണഭോക്താക്കള്‍?
സമകാലിക സംഭവങ്ങളൊക്കെ രാഷ്ട്രീയപ്രേരിതമാണെന്നത് വ്യക്തമാണ്. കപടരാഷ്ട്രീയ താല്‍പര്യങ്ങളുള്ളവരാണ് തീര്‍ച്ചയായും ഇതിന്റെ ഗുണഭോക്താക്കള്‍.
♦സാധാരണ ജനങ്ങള്‍ എങ്ങനെയാണ് ഇത്തരം സംഭവങ്ങളോട് പ്രതികരിക്കേണ്ടത്?
വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയുകയും അവരുടെ കെണിയില്‍ പെടാതെ സൂക്ഷിക്കുകയുമാണ് വേണ്ടത്. സാമൂഹ്യസംഘടനകളും എന്‍.ജി.ഒകളും അക്കാഡമിക് കൂട്ടായ്മകളും സോഷ്യല്‍ ആക്ടിവിസ്റ്റുകളും സിവില്‍ സൊസൈറ്റികളുമൊക്കെ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ പരിശ്രമിക്കേണ്ടതുണ്ട്. വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവവും ആശയധ്രുവീകരണവുമാണ് കുഴപ്പങ്ങളിലേക്ക് വഴിവെക്കുന്ന മറ്റ് ഘടകങ്ങള്‍. ഒരു മതത്തില്‍ പെട്ട ആളുകള്‍ക്ക് മറ്റ് മതസ്ഥരെ അറിയാത്ത അവസ്ഥ. മതാന്തര്‍ സംവേദനങ്ങള്‍ സംശയങ്ങള്‍ ദൂരീകരിച്ച് പരസ്പരവിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. തെറ്റായ ആശയവിനിമയങ്ങള്‍ സാധ്യമായ എല്ലാ നിലയിലും എതിര്‍ക്കപെടണം. പ്രത്യേകിച്ച്, ടെക്സ്റ്റ്ബുക്കുകള്‍ വഴി കുട്ടികളില്‍ പോലും മുസ്‌ലിം ഭീതി വളര്‍ത്തുന്ന സാഹചര്യത്തില്‍.
♦ഇത്തരം വര്‍ഗീയ സംഭവങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാറിന്റെ മൗനാനുവാദമുണ്ടെന്ന് താങ്കള്‍ നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാറിന് പങ്കുണ്ടോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് നീണ്ട ചരിത്രമുണ്ട്. സാമ്രാജ്യത്വ മാതൃകയിലുള്ള വിഭജിച്ചു ഭരിക്കല്‍ നയം ഈ രാജ്യത്തിന് ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചിട്ടുണ്ട്. ചില രാഷ്ട്രീയപാര്‍ട്ടികള്‍ സാമ്രാജ്യത്വപാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് വോട്ടുകള്‍ കരസ്ഥമാക്കുന്നതിനായി വിഭജിച്ചു ഭരിക്കല്‍ നയം സ്വീകരിക്കുകയുണ്ടായി. പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം വര്‍ഗീയ ശക്തികള്‍ വേരുപിടിച്ചു എന്നത് ഒരു വസ്തുതയാണ്. മൃദുസമീപനം സ്വീകരിക്കുന്നതിന് പകരം കര്‍ക്കശമായ നിലപാട് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ കൈകൊള്ളേണ്ടുണ്ട്. എന്നാല്‍ മന്ത്രിസഭാംഗങ്ങള്‍ പോലും വര്‍ഗീയമായാണ് അവരുടെ പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുന്നത്.
♦നിരവധി കലാകാരന്മാരും എഴുത്തുകാരും സിനിമാപ്രവര്‍ത്തകരുമൊക്കെ വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചുകൊണ്ട് തെരുവിലിറങ്ങുകയുണ്ടായി. സമൂഹത്തിലെ വരേണ്യവിഭാഗവും പൊതുജനത്തോടൊപ്പം ഇത്തരം പ്രതിഷേധങ്ങളില്‍ കൈകോര്‍ക്കുമ്പോള്‍ എന്തെങ്കിലും ശുഭസൂചനകള്‍ അവ നല്‍കുന്നുണ്ടോ?
അതെ, ഭാവിയില്‍ തീര്‍ച്ചയായും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ നമുക്ക് സാധിക്കും. നമ്മുടെ കലാകാരന്മാരും എഴുത്തുകാരും സിനിമാപ്രവര്‍ത്തകരുമൊക്കെ അക്ഷീണം ഇതിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രധാനം. നമ്മുടെ രാജ്യത്തിന്റെ പൊതുബോധം ഒരു തരത്തിലുമുള്ള അസഹിഷ്ണുയോ വര്‍ഗ്ഗവിദ്വേഷമോ പ്രോത്സാഹിപ്പിക്കുകയില്ല എന്ന ശുഭസൂചനയാണ് ഇത് നല്‍കുന്നത്. വര്‍ഗീയ പ്രചാരകര്‍ക്കെതിരെ സമാധാനകാംക്ഷികളായ ആളുകള്‍ ഇനിയും അണിനിരക്കേണ്ടതുണ്ട്.
♦ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിനായി ജമാഅത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്യപെട്ടിട്ടുണ്ടോ?
ആരംഭം മുതല്‍ തന്നെ ജമാഅത്ത് ഇതിനെതിരെ ശക്തമായി നിലകൊണ്ടിട്ടുണ്ട്. സമൂഹത്തില്‍ സമാധാനവും ഐക്യവും നിലനില്‍ക്കണമെന്നാണ് ജമാഅത്ത് എന്നും ആഗ്രഹിച്ചിട്ടുള്ളത്. വിവിധ മതസമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും സാഹോദര്യവും വളര്‍ത്തിക്കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെ ജമാഅത്ത രൂപംകൊടുത്ത കൂട്ടായ്മയാണ് ‘ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി’. മതനേതാക്കളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജമാഅത്ത് രൂപംകൊടുത്ത വേദിയാണ് ‘ധാര്‍മിക് ജന്‍ മോര്‍ച്ച’. പട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ‘സദ്ഭാവനാ മഞ്ച’ും പ്രവര്‍ത്തിച്ചുവരുന്നു. വര്‍ഗീയാഭിനിവേശത്തിനെതിരെയുള്ള നിയമപോരാട്ടം ലക്ഷ്യം വെച്ചുകൊണ്ടാണ് ‘അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്’ എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്.
♦ഇത്തരം സംഭവങ്ങളോട് മുസ്‌ലിംകള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?
ഇത്തരം സാഹചര്യങ്ങളില്‍ മുസ്‌ലിംകള്‍ വ്യാകുലപ്പെടേണ്ട ആവശ്യമില്ല. മുസ്‌ലിംകളെ പ്രകോപിപ്പിപ്പ് കാര്യം നേടുക എന്നതാണ് ശത്രുക്കള്‍ സ്വീകരിക്കുന്ന നിലപാട്. അമുസ്‌ലിംകളിലേക്ക് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സന്ദേശം സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും എത്തിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം തന്നെ മുസ്‌ലിംകള്‍ സ്വയം വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരേണ്ടതുണ്ട്. നമ്മെ ബാധ്യതയായാണ് ഇക്കൂട്ടര്‍ കാണുന്നത്, എന്നാല്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ് നമ്മള്‍ എന്ന് കാണിച്ചുകൊടുക്കുകയാണ് വേണ്ടത്.
♦ഈ സാഹചര്യത്തില്‍ പണ്ഡിതന്മാരുടെ കര്‍ത്തവ്യമെന്താണ്?
പണ്ഡിതന്മാര്‍ക്ക് വലിയ ബാധ്യതയാണുള്ളത്. അനിസ്‌ലാമികമായ പ്രവണതകളില്‍ നിന്ന് ജനസമൂഹത്തെ ശുദ്ധീകരിച്ചെടുക്കേണ്ട ജോലി അവരുടേതാണ്.
വിവ: അനസ് പടന്ന