Interview

പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാന്‍ സാധിക്കണം

ജര്‍മന്‍ മുസ്‌ലിം യൂണിയന്‍ പ്രസിഡന്റും യൂറോപിലെ മുസ്‌ലിം നേതാക്കളില്‍ പ്രമുഖനുമായ ഡോ. ഖാലിദ് ഹനഫിയുമായി ‘ഷാര്‍ലി എബ്ദോ’ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ‘അല്‍-മുജ്തമഅ്’ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

♦ ഷാര്‍ലി എബ്ദോ ആക്രമണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു?
– സെപ്റ്റംബര്‍ 11 ആക്രമണം ഉണ്ടാക്കിയ പ്രതിസന്ധിയേക്കാള്‍ ഒട്ടും കുറവല്ലാത്ത പ്രതിസന്ധിയാണ് ഈ ആക്രമണവും സൃഷ്ടിച്ചിരിക്കുന്നത്. യൂറോപിലെ മുസ്‌ലിംകള്‍ക്കത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ചരിത്ര പ്രതിസന്ധിയാണത് ഉണ്ടായിക്കിയിരിക്കുന്നത്. തീവ്രവലതുപക്ഷങ്ങള്‍ രാഷ്ട്രീയമായും ജനകീയമായും സജീവമായിരിക്കുന്നതാണ് അതില്‍ പ്രധാനം. ജര്‍മനിയില്‍ ശക്തിപ്പെട്ടിരിക്കുന്ന ‘പെഗിഡ’ (Patriotic Europeans Against the Islamization of the Wets) അതിന്റെ ഭാഗമാണ്. അതേസമയം ഈ സംഘടനയെയും അതിന്റെ ആവശ്യങ്ങളെയും ശക്തമായി നിരസ്സിച്ചു കൊണ്ട് മുസ്‌ലിംകളോട് അനുഭാവം പുലര്‍ത്തുന്നവരുമുണ്ട്. ജര്‍മനി എല്ലാവരുടേതുമാണെന്ന് പറഞ്ഞ് പെഗിഡയെ അനുകൂലിക്കുന്നവരുടെ പത്തിരട്ടി ഇത്തരത്തില്‍ രംഗത്ത് വന്നിരുന്നു. ഐസിസ് നടത്തുന്ന അറവിന്റെയും കൊലയുടെയും ദൃശ്യങ്ങള്‍ യൂറോപ്യന്‍ മനസ്സുകളില്‍ തെറ്റായ ഫലങ്ങളാണുണ്ടാക്കുന്നത്. യൂറോപ്യന്‍ നാടുകളില്‍ നിന്ന് ഐസിസില്‍ ചേരാന്‍ പോകുന്നവരുമുണ്ട്. അവരില്‍ ചിലരൊക്കെ മടങ്ങി വന്നു, പലരും കൊല്ലപ്പെട്ടു. തങ്ങളുടെ സുരക്ഷയെയോ നിയമങ്ങളെയോ ബാധിക്കുന്ന ഒന്നും യൂറോപ്യന്‍ വ്യക്തിത്വം അംഗീകരിക്കില്ല. ഷാര്‍ലി എബ്ദോ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഫ്രാന്‍സിലെ തന്നെ 5 പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളാണ്. ഇത് മനസ്സിലാക്കാതെ നാം സംഭവത്തെ വിലയിരുത്തുമ്പോള്‍ യൂറോപ്യന്‍മാര്‍ക്ക് സംഭവിച്ച വീഴ്ച്ചയാണ് നമുക്കും സംഭവിക്കുന്നത്. അവരുടെ പ്രവര്‍ത്തനവും അതിനോടുള്ള രോഷാകുലരായ മുസ്‌ലിംകളുടെ പ്രതികരണവും അവയുടെ ദോഷഫലങ്ങളെ ശരിയായി വിലയിരുത്താതെയാണ്.

എന്നാല്‍ ഈ പ്രതിസന്ധിയെ ഒരു സുവര്‍ണാവസരമാക്കി മാറ്റാന്‍ മുസ്‌ലിംകള്‍ക്ക് സാധ്യമാണ്. അതിലൂടെ വലിയ നേട്ടം കൊയ്യാന്‍ സാധിക്കുകയും ചെയ്യും. മാധ്യമങ്ങളുടെ പ്രവര്‍ത്തനഫലമായി യൂറോപ്യന്‍ മനസ്സുകളിലുള്ള മുസ്‌ലിംകളുടെ ചിത്രം മാറ്റാന്‍ അതിലൂടെ സാധിക്കും. യൂറോപ്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ നേതൃത്വത്തിന് കീഴില്‍ ഒരുമിച്ച് നില്‍ക്കാനുള്ള ഒരു സുവര്‍ണാവസരമായിരുന്നു ഇത്.

ഈ സംഭവം യൂറോപ്യന്‍ മുസ്‌ലിംകളെ ഏത് തരത്തിലാണ് സ്വാധീനിച്ചിട്ടുള്ളത്?
– വളരെ പ്രകടമായ ദോഷഫലങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. പല തരത്തിലും തോതിലുമുള്ള അത്തരം കാര്യങ്ങള്‍ തുടരുകയും ചെയ്യുന്നു.  മസ്ജിദുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ഇസ്‌ലാമിക് സെന്ററുകളിലേക്ക് അയക്കുന്ന പ്രവാചകനെ നിന്ദിച്ചു കൊണ്ടുള്ള ചിത്രങ്ങളടങ്ങിയ കത്തുകള്‍, വ്യക്തികള്‍ക്കും നേതാക്കള്‍ക്കും ലഭിക്കുന്ന ഭീഷണി സന്ദേശങ്ങള്‍ തുടങ്ങിയ അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച് കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ശാരീരിക കയ്യേറ്റങ്ങളും ഹിജാബ് ധാരിണികള്‍ക്ക് നേരെയുള്ള വാചികമായ ആക്രമണങ്ങളും നടക്കുന്നു.

അതോടൊപ്പം തന്നെ ചില നല്ല ഫലങ്ങളും അതുണ്ടാക്കിയിട്ടുണ്ട്. ‘ഫ്രഞ്ച് മുസ്‌ലിംകളേ, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു’ എന്നെഴുതിവെച്ച പൂച്ചെണ്ട് മസ്ജിദില്‍ കൊണ്ടുവെച്ച്  പ്രഭാത നമസ്‌കാരത്തിനായി എത്തിയ മുസ്‌ലിംകളെ അത്ഭുതപ്പെടുത്തിയത് അത്തരത്തിലുള്ള ഒന്നായിരുന്നു. ഇത്തരം ഉദാഹരണങ്ങള്‍ കുറവാണ്. സംഭവങ്ങള്‍ മുസ്‌ലികള്‍ക്ക് അനുകൂലമായി റിപോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ള മാറ്റവും പ്രകടമായിട്ടുണ്ട്. തങ്ങളുടെ പ്രവാചകനെ നിന്ദിച്ചപ്പോള്‍ ചര്‍ച്ച് പരാജയപ്പെട്ടിടത്ത് മുസ്‌ലിംകള്‍ വിജയിച്ചിരിക്കുന്നു എന്നാണ് ഒരു പ്രമുഖ ജര്‍മന്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടത്. രാഷ്ട്രത്തിന്റെ സാമൂഹ്യ സുരക്ഷിതത്വത്തിന് ഭീഷണിയാകുമെങ്കില്‍ പ്രവാചകന്‍മാരെ നിന്ദിക്കുന്നത് രാഷ്ട്രം മുന്‍കയ്യെടുത്ത് തടയണം. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അത് തടയണമെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ലി എബ്ദോയുടെ രീതിയെ എതിര്‍ക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഫ്രഞ്ച് ജനതയുടെ 42 ശതമാനവും വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കുന്നതിന് എതിരായിരുന്നു. ഇക്കാര്യത്തില്‍ പുതിയ പോപിന്റെ പ്രസ്താവന ചര്‍ച്ചിന്റെ നിലപാടിലും ക്രിയാത്മകമായ മാറ്റം പ്രതിഫലിപ്പിച്ചിട്ടുണ്ട്. അപ്രകാരം ഇസ്‌ലാം ജര്‍മനിയുടെ ഭാഗമാണെന്ന ചാന്‍സലര്‍ മെര്‍ക്കലിന്റെ പ്രസ്താവനയും സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഫ്രഞ്ച് സംവിധായിക ഇസബെല്‍ മാറ്റികിനെ പോലുള്ളവരുടെ ഇസ്‌ലാം സ്വീകരണത്തിനും ഇത് വഴിവെച്ചിട്ടുണ്ട്. ‘ഖുറൈശികളുടെ ശകാരവും ആക്ഷേപവും അല്ലാഹു എന്നില്‍ നിന്നും എങ്ങനെ തെറ്റിച്ചു കളയുന്നുവെന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നില്ലേ? നിന്ദ്യന്‍ എന്ന് അവര്‍ ആക്ഷേപിക്കുന്നു, നിന്ദ്യന്‍ എന്നുവിളിച്ചവര്‍ ശപിക്കുന്നു, എന്നാല്‍ ഞാന്‍ സ്തുതിക്കപ്പെട്ടവനാണ് (മുഹമ്മദ്).’ എന്ന പ്രവാചക വചനമാണ് അവരെ ആകര്‍ഷിച്ചത്.

യഥാര്‍ത്ഥത്തില്‍ ബഹിഷ്‌കരണങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിന്ദയെ അവസാനിപ്പിക്കാന്‍ സാധിക്കുമോ?
– യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ലോകത്ത് നടക്കുന്ന പ്രകടനങ്ങളെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. പ്രവാചകനിന്ദ സംഭവിച്ച രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും അതുപോലെ തന്നെയാണ്. ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും സൂക്ഷ്മമായ വായനയും കാലിക യാഥാര്‍ത്ഥ്യങ്ങളും ചരിത്രവും അതാണ് വ്യക്തമാക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല.’ (അല്‍-അന്‍ആം: 112)
‘സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും അശേഷം വഴങ്ങിപ്പോകരുത്. അവരുടെ ദ്രോഹങ്ങളെ തെല്ലും സാരമാക്കയുമരുത്.’ (അല്‍-അഹ്‌സാബ്: 48)
‘അതിനാല്‍ പ്രവാചകന്‍, ആജ്ഞാപിക്കപ്പെടുന്നതെന്തോ, അതു പരസ്യമായി ഉദ്‌ഘോഷിച്ചുകൊളളുക. ബഹുദൈവാരാധകരെ ഒട്ടും സാരമാക്കേണ്ടതില്ല. നിനക്കുവേണ്ടി ഈ പരിഹാസക്കാരെ കൈകാര്യം ചെയ്യാന്‍ മതിയായവനാകുന്നു നാം.’ (അല്‍-ഹിജ്ര്‍: 94-95)

ഇത്തരം ചിത്രങ്ങള്‍ ഉണ്ടാവുന്നത് അവസാനിപ്പിക്കുക എന്നതാണ് ബഹിഷ്‌കരണവും പ്രകടനവും കൊണ്ട് നാം അര്‍ത്ഥമാക്കുന്നതെങ്കില്‍, അതിലൂടെ അവ വര്‍ധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാഹു പറയുന്നത് കാണുക: ‘ഈ ജനം അല്ലാഹുവിനെ വെടിഞ്ഞു വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങള്‍ ആക്ഷേപിച്ചുകൂടാത്തതാകുന്നു. അങ്ങനെ, അവരുടെ ബഹുദൈവവിശ്വാസം വിജൃംഭിച്ച്, അറിവില്ലാതെ അല്ലാഹുവിനെ ആക്ഷേപിക്കാന്‍ ഇടയാക്കും.’ (അല്‍-അന്‍ആം: 108)  പൊതുവെ ഫ്രഞ്ച് ജനത പോലും കൈവെടിഞ്ഞ ഒന്നായിരുന്നു ഷാര്‍ലി എബ്ദോ മാസിക. നഷ്ടത്തിലായിരുന്ന അതിന് ജീവനക്കാര്‍ക്കുള്ള ശമ്പളം കൊടുക്കാന്‍ പോലും കഴിയാതെ പൂട്ടിപോകലിന്റെ വക്കിലായിരുന്നു. എന്നാല്‍ ആക്രമണത്തിന് ശേഷം ഒറ്റ ദിവസം കൊണ്ട് ഫ്രാന്‍സില്‍ മാത്രം അതിന്റെ ഏഴ് ദശലക്ഷം കോപ്പികള്‍ ചെലവായി. മൂന്ന് യൂറോയാണ് ഒരു കോപ്പിയുടെ വില. മണിക്കൂറുകള്‍ക്കകം അറബിയും തുര്‍ക്കിയും അടക്കമുള്ള ആറ് ഭാഷകളിലേക്കത് വിവര്‍ത്തനം ചെയ്യപ്പെട്ടു. സംഭാവനകള്‍ സ്വീകരിക്കാനുള്ള അക്കൗണ്ടുകള്‍ അവര്‍ തുറക്കുകയും ദശലക്ഷക്കണക്കിന് യൂറോ സംഭാവനായി സമാഹരിക്കുകയും ചെയ്തു.

മുമ്പ് ഡന്‍മാര്‍ക്കിനെ ബഹിഷ്‌കരിച്ചപ്പോഴും ഇറാഖ് യുദ്ധവേളയില്‍ അമേരിക്കയെ ബഹിഷ്‌കരിച്ചപ്പോഴും എന്താണ് നാം നേടിയത്? ആ ബഹിഷ്‌കരണം എത്ര കാലം തുടര്‍ന്നു? സ്വന്തം നാടിന്റെ സാമ്പത്തിക സുസ്ഥിരതയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ ഒരു ഫ്രഞ്ച് പൗരന് എങ്ങനെ സാധിക്കും? ഇനി ബഹിഷ്‌കരിക്കുകയാണെങ്കില്‍ പ്രവാചകനെ നിന്ദിച്ചവരാണോ, ദശലക്ഷങ്ങളെ കൊന്നൊടുക്കിയവരാണോ അതിന് ഏറ്റവും അര്‍ഹര്‍? ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിന്ന് രാപ്പകല്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നിന്ദിക്കുന്നവരോട് എന്ത് നിലപാടാണ് നാം സ്വീകരിക്കുക? ബഹിഷ്‌കരണത്തിനും പ്രകടനങ്ങള്‍ക്കും നിന്ദയെ അവസാനിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ? ചിത്രരചനയില്‍ അത് നിര്‍ത്താനായാലും എഴുത്തിലും കാഴ്ച്ചയിലും കേള്‍വിയിലും അതിനെ ഇല്ലാതാക്കാനാകുമോ? ഫ്രാന്‍സില്‍ 60 മസ്ജിദുകള്‍ക്ക് നേരെ ആക്രമണമുണ്ടായി, ഹിജാബ് ധാരിണികള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി. ഇതുവരെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈയൊരു കലുഷിതമായ അന്തരീക്ഷത്തില്‍ പ്രകടനങ്ങളും കോലംകത്തിക്കലും എന്ത് ഫലമാണുണ്ടാക്കുക?

നാം എവിടെയാണുള്ളതെന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് മുന്‍ഗണനാക്രമം തയ്യാറാക്കുകയും ഓരോ പ്രവര്‍ത്തനത്തിന്റെയും അനന്തരഫലങ്ങളെ കുറിച്ച് കരുതലോടെയിരിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ സാന്നിദ്ധ്യവും നേട്ടങ്ങളും നാം കാത്തുസൂക്ഷിക്കുകയും പ്രയോജനപ്രദമായ കാര്യങ്ങളില്‍ നാം വ്യാപൃതരാവുകയും വേണം.

അപകീര്‍ത്തിപ്പെടുത്തലിനെയും ഇസ്‌ലാം വിരുദ്ധ സംഘടനകള്‍ പടച്ചുവിടുന്ന പ്രശ്‌നങ്ങളെയും എങ്ങനെ നേരിടണമെന്നാണ് താങ്കള്‍ പറയുന്നത്?
– അവര്‍ ചെയ്യുന്നത് ചെയ്യട്ടെ എന്നുവെച്ച് അവയെ അവഗണിക്കുകയും കണ്ടില്ലെന്ന് നടിക്കുകയുമാണ് വേണ്ടത്. വിജയകരമായ മാധ്യമ സംവിധാനം ഉണ്ടാക്കിയെടുക്കുന്നതിന് യൂറോപ്യന്‍ മുസ്‌ലിംകള്‍ പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്. യൂറോപ്യന്‍ നാഗരികതയുടെ നിര്‍മാണത്തില്‍ മുസ്‌ലിംകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികതലത്തില്‍ തന്നെ കാണിച്ചു കൊടുക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കണം. അപ്രകാരം രാഷ്ട്രീയത്തിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടതുണ്ട്. യൂറോപിലെ മുസ്‌ലിംകള്‍ യൂറോപ്യന്‍ പൗരന്‍മാരാണെന്നത് വിസ്മരിക്കരുത്. മതപരമായും വിശ്വാസത്തിലും സവിശേഷതകളുണ്ടെങ്കിലും അവര്‍ ജീവിക്കുന്നത് യൂറോപിലാണ്. അവകാശങ്ങളുള്ളത് പോലെ തന്നെ അവര്‍ക്ക് മേല്‍ ബാധ്യതകളുമുണ്ടെന്നത് മറക്കരുത്.

മൊഴിമാറ്റം: നസീഫ്‌

Facebook Comments
Related Articles
Close
Close