1971 ലെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി കഴിഞ്ഞ കുറെ നാളുകളായി വേട്ടയാടപ്പെടുന്നു. പാര്‍ട്ടിയുടെ നേതാക്കന്‍മാരെ മുഴുവന്‍ കോടതി കയറ്റിക്കൊണ്ട് രാജ്യത്തെ മുഖ്യ പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനുള്ള ഭരണ കക്ഷിയായ അവാമി ലീഗിന്റെ കുടില തന്ത്രമായാണ് ഈ നീക്കം വിലയിരുത്തപ്പെട്ടത്. കലുഷിതമായ ഈ രാഷ്ട്രീയാന്തരീക്ഷത്തില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവും പാര്‍ലിമെന്റ് അംഗവുമായ ഹമീദുറഹ്മാന്‍ ആസാദ് സംസാരിക്കുന്നു.
? ബംഗ്ലാദേശ് എന്നും അസ്വസ്ഥതയുടെയും അസ്ഥിരതയുടെയും രാജ്യമായാണ് കാണപ്പെടുന്നത്. എന്തുകൊണ്ടാണ് ആ രാജ്യം അങ്ങനെയൊരു അവസ്ഥയിലെത്തിച്ചേര്‍ന്നത്?
– സ്വാതന്ത്ര്യത്തിനു ശേഷം ബംഗ്ലാദേശിന്റെ സ്ഥാപക പ്രസിഡന്റ് ശൈഖ് മുജീബുറഹ്മാന്‍ യുദ്ധക്കുറ്റങ്ങള്‍ക്കെല്ലാം മാപ്പ് നല്‍കിയതായി പ്രഖ്യാപിച്ചതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രി ശൈഖ് ഹസീന ഇപ്പോള്‍ തീരുമാനമായ ആ വിഷയം വീണ്ടും എടുത്തു പ്രശ്‌നമാക്കിയിരിക്കുന്നു. ഇത് രാജ്യത്തെ മൊത്തത്തില്‍ അസ്ഥിരപ്പെടുത്തിയെന്നു പറയേണ്ടി വരും. തീര്‍ച്ചയായും രാഷ്ട്രീയമായ ഈ സംഘര്‍ഷാവസ്ഥ രാജ്യത്തിന്റെ പുരോഗതിയെയും ബാധിക്കും.
മറ്റൊരു വിഷയം കൂടി ഇപ്പോഴത്തെ കലുഷിതാവസ്ഥക്ക് കാരണമായിട്ടുണ്ട്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നടത്തേണ്ടത് നിസ്പക്ഷ താല്‍കാലിക ഭരണകൂടമാണെന്നത് എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ച, തീരുമാനിച്ചുറപ്പിച്ച ഒരു കാര്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പോകുന്നു. ഇത് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന വിഷയമല്ല.
? ബംഗ്ലാദേശ് ഈ പ്രതികൂലാവസ്ഥയെ എങ്ങനെ അതിജീവിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
– രണ്ടു കാര്യങ്ങള്‍ അനിവാര്യമാണെന്നു തോന്നുന്നു. ഒന്ന്, തെരഞ്ഞെടുപ്പ് തീര്‍ച്ചയായും നിസ്പക്ഷമായ ഒരു സംവിധാനത്തിനു കീഴില്‍ നടത്തപ്പെടണം. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമ്മീഷനു കീഴില്‍ നടത്തപ്പെടുന്ന ഏതു തെരഞ്ഞെടുപ്പും അസ്വീകാര്യമാണ്. രണ്ട്, യുദ്ധക്കുറ്റ വിചാരണയെന്നത് ഒരു ഗൂഡാലോചനയുടെ ഭാഗമാണ്. തീര്‍ച്ചയായും അതില്‍ നിന്നുമുണ്ടാകുന്ന വിധികള്‍ എവിടെയും സ്വീകാര്യമല്ല. അതുകൊണ്ട് ഒ. ഐ. സി തങ്ങളുടെ മേഖലയിലെ സ്വാധീന ശക്തികളായ സൗദി, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ഈ വിചാരണ നിര്‍ത്തി വക്കാന്‍ മുന്നോട്ട് വരണം.
? 1974 ല്‍ ശൈഖ് മുജീബുറഹ്മാന്‍ മാപ്പു നല്‍കിയ വിഷയത്തില്‍ പുത്രി ഇപ്പോള്‍ ഇങ്ങനെ ഇടപെടുന്നത് തെറ്റായ നടപടിയാണെന്നാണോ താങ്കള്‍ കരുതുന്നത്?
– തീര്‍ച്ചയായും തെറ്റായ ഒരു നടപടിയാണ് ശൈഖ് ഹസീനയുടെത്. തെരഞ്ഞെടുപ്പിനു ശേഷം ബംഗാബന്ധു ഹാളില്‍ ചേര്‍ന്ന സമ്മേളനത്തിന്‍ ശൈഖ് ഹസീന പറഞ്ഞു; തെരഞ്ഞെടുപ്പില്‍ 300 സീറ്റില്‍ രണ്ടെണ്ണം മാത്രം ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിച്ചുള്ളൂ എന്നത് ജനങ്ങള്‍ യഥാര്‍ഥത്തില്‍ വിധി നടപ്പാക്കി എന്നതിന്റെ തെളിവാണ്. എന്നാല്‍ പിന്നീട് യു. എസ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യയുടെ താല്‍പര്യത്തിനു വഴങ്ങി ഒരു യുദ്ധക്കുറ്റ വിചാരണ തുടങ്ങാന്‍ പോകുന്ന വിവിരം ഹസീന പറയുന്നുണ്ട്. പ്രധാന പ്രതിപക്ഷ കക്ഷിയായി ബി. എന്‍. പി യുടെ ഉപദേശകന്‍ എഴുതിയ ഈ വിഷയമടങ്ങിയ ലേഖനം അമര്‍ദേശ് പത്രത്തില്‍ ബംഗ്ലാദേശില്‍ പ്രസിദ്ധീകരിച്ചിരുന്നു.
? പക്ഷെ ബംഗ്ലാദേശ് സര്‍ക്കാര്‍ പറയുന്നത് യുദ്ധക്കുറ്റ വിചാരണക്കോടതി ഒരു അന്താരാഷ്ട്ര സംവിധാനമാണെന്നാണല്ലോ?
– യഥാര്‍ഥത്തില്‍ ധാക്കയില്‍ സ്ഥാപിച്ചത് പൂര്‍ണ്ണാര്‍ഥത്തില്‍ ഒരു അന്താരാഷ്ട്ര വിചാരണക്കോടതിയല്ല. അവിടെ അന്താരാഷ്ട്ര ജഡ്ജിമിരില്ല, പ്രോസിക്യൂട്ടര്‍മാരില്ല, അഭിഭാഷകരില്ല. മാത്രമല്ല, ബംഗ്ലാദേശ് ഭരണകൂടം കോടതിയുടെ നടപടിയില്‍ ഇടപെടുന്നു എന്ന് എകണോമിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിഷയത്തില്‍ പൊതുചര്‍ച്ച പാടില്ല എന്ന് കര്‍ശനമാക്കി. പ്രതിഭാഗം സാക്ഷികളുടെ എണ്ണം വെട്ടിച്ചുരുക്കി, ഒരാളെ തട്ടിക്കൊണ്ടു പോകുക വരെ ചെയ്തു. ഒരു വിഷയത്തില്‍ ജഡ്ജി രാജി വെച്ചു. വധശിക്ഷ വിധിച്ച മറ്റുള്ളവര്‍ സാക്ഷിമൊഴികള്‍ കേള്‍ക്കുക പോലും ചെയ്തിട്ടില്ല.
? ഒരു ഡസനോളം ജമാഅത്ത് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. യഥാര്‍ഥത്തില്‍ അവരെല്ലാം കുറ്റവാളികളാണോ?
– അവര്‍ യഥാര്‍ഥത്തില്‍ കുറ്റവാളികളല്ല. അവരെല്ലാം കഴിഞ്ഞ നാല്‍പതു കൊല്ലമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന നേതാക്കളാണ്. ഇന്നേവരെ അവര്‍ക്കെതിരെ ഒരു കേസു പോലും ഉണ്ടായിട്ടില്ല. അവരില്‍ ചിലര്‍ പ്രമുഖരായ മന്ത്രിമാരും എം. പി മാരും സ്വകാര്യ സര്‍ക്കാര്‍ മേഖലയില്‍ സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിച്ചവരുമാണ്. ഒരു ചെറിയ വാര്‍ത്ത പോലും അവരെക്കുറിച്ച് മോശമായി വന്നിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും നല്ല മനുഷ്യരാണവര്‍.
? ഇപ്പോള്‍ തന്നെ രണ്ടു ജമാഅത്ത് നേതാക്കളെ കുറ്റക്കാരായി വിധിച്ചിട്ടുണ്ടല്ലോ. അവരെ മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും?
– ഞങ്ങളുടെ നേതൃത്വം നിയമപരമായും രാഷ്ട്രീയമയും ഇതിനെ നേരിടും. ഇത്തരം അനീതി നടപ്പാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ആദരണീയരായ ഞങ്ങളുടെ നേതാക്കളെ സംരക്ഷിക്കാന്‍ ജീവന്‍ ത്യജിക്കാനും ഞങ്ങള്‍ തയ്യാറാണ്. ഇപ്പോള്‍ തന്നെ ചിലര്‍ ഈ വിഷയത്തില്‍ ജീവന്‍ ത്യജിച്ചിട്ടുണ്ട്. ഇവിടെ ഞങ്ങള്‍ യഥാര്‍ഥ സാഹോദര്യം കാണാന്‍ ആഗ്രഹിക്കുകയാണ്.
? സര്‍ക്കാരിനെതിരെ ഇപ്പോള്‍ തന്നെ ജമാഅത്ത് പ്രചാരണം നടത്തുന്നുണ്ടല്ലോ?
– ഭരണകൂടം പാര്‍ട്ടി അനുയായികള്‍ക്കൊപ്പം നിഷ്‌കളങ്കരായ മനുഷ്യരെക്കൂടി തങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുടെ മറവില്‍ വധിച്ചു കളയുന്നു. സ്വാഭാവികമായും സര്‍ക്കാരിനെതിരെ സമരം ചെയ്ത് ഞങ്ങളുടെ നേതാക്കളെ മോചിപ്പിക്കുകയും ഒരു നിസ്പക്ഷ താല്‍ക്കാലിക ഭരണകൂടം സ്ഥാപിക്കുകയുമല്ലാതെ മറ്റൊരു ബദലില്ല.
? വലിയ ഒരു വിഭാഗം ജമാഅത്ത് നേതാക്കളും പ്രവര്‍ത്തകരും ജയിലിലാണ്. എന്താണ് അവരുടെ മേല്‍ ചുമത്തിയിട്ടുള്ള കുറ്റം?
– ഞങ്ങളുടെ ഭരണഘടന അനുവദിച്ച രാഷ്ട്രീയ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്നതല്ലാതെ മറ്റൊരു കുറ്റവും അവര്‍ ചെയ്തിട്ടില്ല. ഇസ്‌ലാമിന്റെ പ്രബോധനവും അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും നിരോധിച്ചതിനെതിരെ ശബ്ദിച്ചു എന്നതാണ് അവരെ ജയിലിലടക്കാനുള്ള മുഖ്യ കാരണം.
? സര്‍ക്കാര്‍ രാജ്യത്ത് ഒരു മതേതര ഭരണകൂടം സ്ഥാപിക്കാനുള്ള പ്രചാരണത്തിലാണ്. ഒരു മുസ്‌ലിം പ്രസ്ഥാന നേതാവ് എന്ന അര്‍ഥത്തില്‍ ലോകത്തെ മൂന്നാമത്തെ മുസ്‌ലിം രാജ്യത്തെ മതേതരവല്‍കരിക്കാനുള്ള നീക്കത്തെ എങ്ങനെ കാണുന്നു?
– ജമാഅത്തെ ഇസ്‌ലാമി ഞങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പ്രസ്ഥാനമാണ്. മതേതര വല്‍കരണം എന്ന ആശയം രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. പഴഞ്ചന്‍ ആശയത്തെയാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ജനങ്ങള്‍ ജമാഅത്തിനെയാണ് കൂടുതല്‍ ജനാധിപത്യ പാര്‍ട്ടിയായി മനസ്സിലാക്കുന്നത്.
? ഏതൊക്കെയാണ് ജമാഅത്ത് നേടിയെടുക്കണമെന്നാഗ്രഹിക്കുന്ന സുപ്രധാന ലക്ഷ്യങ്ങള്‍?
– ഇസ്‌ലാമിനെ അതിന്റെ തനതായ അര്‍ഥത്തില്‍ പുന:സ്ഥാപിക്കുന്നതിലൂടെ അനീതിയും അക്രമവും പീഠനവുമൊന്നുമില്ലാത്ത ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുകയെന്നതാണ് ഞങ്ങളുടെ ഏറ്റവും മുഖ്യമായ ലക്ഷ്യം. ഒരു തരത്തിലുള്ള വിവേചനവും അത്തരമൊരു സാമൂഹികാവസ്ഥയില്‍ ഉണ്ടാവില്ല. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ രക്ഷകരായി മാറുമെന്ന് തീര്‍ച്ചയായും അവര്‍ പ്രതീക്ഷിക്കുന്നു.
? ബംഗ്ലാദേശിലെ നിലവിലെ അവസ്ഥയെക്കുറിച്ച് താങ്കള്‍ക്ക് ലോക മുസ്‌ലിംകളോട് എന്തെങ്കിലും പറയാനുണ്ടോ?
– എത്രമാത്രം ഭീകരമാണ് രാജ്യത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനമെന്ന് ലോക മുസ്‌ലിംകള്‍ മനസ്സിലാക്കേണ്ടതുണ്ട്. തുര്‍ക്കിയിലെ എ. കെ പാര്‍ട്ടിയെപ്പോലെ, ഈജിപ്തിലെ ബ്രദര്‍ഹുഡിനെപ്പോലെ ബംഗ്ലാദേശിലെ മുസ്‌ലിംകളെയും അവരുടെ പ്രസ്ഥാനങ്ങളെയും രക്ഷിക്കാന്‍ ഒ. ഐ. സി അടിയന്തിരമായി രംഗത്തെത്തണം.
അവലംബം : ഓണ്‍ ഇസ്‌ലാം
വിവ: അതീഖുറഹ്മാന്‍