Interview

ദേശീയത ഭൂരിപക്ഷവാദമല്ല

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഗ്രന്ഥകാരനും വാഗ്മിയുമായ സയ്യിദ് സആദത്തുല്ലാഹ് ഹുസൈനിയുമായി ‘ഗോവ ന്യൂസ്’ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയ സംഘടനയാണോ?
തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അല്ല. ഞങ്ങള്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്നാല്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വര്‍ഗീയതയുടെയും അക്രമണോത്സുകതയുടെയും എതിര്‍ചേരിയിലാണ് ഞങ്ങള്‍ നിലയുറപ്പിക്കുന്നത്. സമൂഹത്തില്‍ സാമൂഹികവും സാമ്പത്തികവുമായ വിഭാഗീയത സൃഷ്ടിക്കുന്ന രാഷ്ട്രീത്തിന് ഞങ്ങള്‍ എതിരാണ്. സാകല്യമാണ് ഞങ്ങളുടെ നയങ്ങളുടെ പ്രത്യേകത.

അപ്പോള്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയെയാണ് നിങ്ങള്‍ പിന്തുണക്കുന്നത്?
രാഷ്ട്രീയത്തെ വിഭാഗീയതയില്‍ നിന്ന് ശുദ്ധീകരിച്ച് ബഹുസ്വരതയില്‍ ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ പരിശ്രമിക്കുന്ന ഏത് പാര്‍ട്ടിയേയും ഞങ്ങള്‍ പിന്തുണക്കും. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങളുടെ കാവലാളാകുന്ന രാഷ്ട്രീയസംവിധാനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.  

ഈ സാഹചര്യത്തില്‍ സംഘ്പരിവാറിന്റെ പങ്കിനെ എങ്ങനെ നോക്കിക്കാണുന്നു?
സംഘ്പരിവാറിന്റെ ചില നയങ്ങളും സമീപനങ്ങളും വളരെ അപകടകരമാണ്. പ്രത്യേകിച്ച് സാക്ഷി മഹാരാജിനെയും സാധ്വി പ്രാചിയേയും പോലുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍. ഭരണകൂടത്തിന്റെ ഭാഗമാണ് സംഘ്പരിവാര്‍ എന്നതും ആശങ്കയുളവാക്കുന്നു.

പക്ഷേ, ഭരണകൂടം അവരെ പിന്തുണക്കുന്നില്ലല്ലോ…?
അത് ശരിയാണ്, എന്നാല്‍ അവരെ എതിര്‍ക്കുന്നുമില്ല. പ്രധാനമന്ത്രിയുടെ മൗനത്തിന് ആഴത്തിലുള്ള അര്‍ഥതലങ്ങളുണ്ട്. ബി.ജെ.പിയും സര്‍ക്കാറും ഇത്തരം പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അനുകൂലിക്കുന്നില്ലെങ്കില്‍ പരസ്യമായി രംഗത്തു വരികയും അത്തരം പ്രസ്താവനകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും മാറിനില്‍ക്കുകയുമാണ് വേണ്ടത്. എന്നാല്‍ അത് സംഭവിക്കുന്നില്ലല്ലോ. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, ചിരപുരാതനമായ നമ്മുടെ മതേതര-ജനാധിപത്യ സങ്കല്‍പത്തിനും അവര്‍ ഭീഷണിയാണ്. ഇത്തരം ചില ഘടകങ്ങളാല്‍ ദേശീയത ഇന്ന് ഭീഷണിയിലാണ്.

ഇന്ത്യയിലെ മുസ്‌ലിംകള്‍ ദേശീയതയെ എങ്ങനെയാണ് സമീപിക്കുന്നത്?
ഇന്ത്യയിലെ മറ്റേത് മതവിഭാഗങ്ങളേയും പോലെ മുസ്‌ലിംകളും ഇന്ത്യയെ സ്‌നേഹിക്കുന്നു. സ്വന്തം നാടിനോടും രാജ്യത്തോടുമുള്ള സ്‌നേഹം ഇസ്‌ലാമിക അധ്യാപനങ്ങളില്‍ പെട്ടതുമാണ്. എന്നാല്‍ ദേശീയത ഏതെങ്കിലും ഒരു പ്രത്യേക സംസ്‌കാരത്തിന്റെ മേല്‍ക്കോയ്മ ആണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു.

അതൊന്ന് വിശദീകരിക്കാമോ?
ദേശീയത ഭൂരിപക്ഷവാദത്തില്‍ നിന്ന് വ്യത്യസ്തമാണ്. ഇന്ത്യ നാനാ ജാതി-മത-വര്‍ണങ്ങളുടെ സംഗമഭൂമിയാണ്. ഇവയെല്ലാം ചേര്‍ന്നതാണ് ഇന്ത്യയും അതിന്റെ ദേശീയതയും. ദേശീയത എന്നാല്‍ മുഖ്യധാരാ സംസ്‌കാരത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളുമല്ല, ഇന്ത്യന്‍ ബഹുസ്വരതയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ എല്ലാ സമുദായങ്ങളുടെയും കൂട്ടായ ശബ്ദമാണ്. മുസ്‌ലിംകള്‍ തങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ രാജ്യസ്‌നേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഭൂരിപക്ഷവാദത്തെ അനുകൂലിക്കുന്നവരല്ല.

ജിഹാദിന്റെ പേരില്‍ ഐ.എസ് പിന്തുടരുന്ന ദേശീയതയെ കുറിച്ച് എന്തു പറയുന്നു?
ഇവയൊന്നും യഥാര്‍ത്ഥ ഇസ്‌ലാമോ ഇസ്‌ലാം പഠിപ്പിക്കുന്ന ജിഹാദോ അല്ല. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഐ.എസിനേയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. ഇസ്‌ലാമിന്റെ ശത്രുക്കളേക്കാള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും കൂടുതല്‍ ഹാനി വരുത്തുകയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈയ്യിലെ പാവയാണ് ഐ.എസ് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. യുദ്ധരംഗത്തും അവര്‍ ലക്ഷ്യം വെക്കുന്നത് മുസ്‌ലിംകളെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയുമാണ്. ഇസ്‌ലാമിനെ പ്രതിനിധീകരിക്കാനോ സ്വന്തത്തെ മുസ്‌ലിംകള്‍ എന്നു വിളിക്കാനോ അവര്‍ക്ക് യാതൊരു അവകാശവുമില്ല. ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ മനോവിചാരമല്ല, ലോകത്തെ മുഖ്യധാരാ മുസ്‌ലിം ലോകത്തിന്റെ തന്നെ നിലപാടാണ്.

ഈ സാഹചര്യത്തില്‍ ഐ.എസ് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണോ?
തീര്‍ച്ചയായും അതൊരു ഭീഷണി തന്നെയാണ്. എന്നാല്‍ ഐ.എസിനേക്കാള്‍ ഈ രാജ്യത്തെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളാണ് ഇന്ത്യയ്ക്ക് ഭീഷണി. അസഹിഷ്ണുത പടര്‍ത്തുക എന്നത് ഗൗരവമേറിയ ഒരു കാര്യമാണ്. ജനാധിപത്യവും ബഹുസ്വരതയും സാമുദായിക ഐക്യവുമാണ് ഇന്ത്യയുടെ എക്കാലത്തെയും വലിയ ശക്തി. വര്‍ഗീയ ശക്തികളൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ അടിസ്ഥാനങ്ങളെ തകര്‍ത്ത് രാജ്യത്തെ ഭിന്നിപ്പിക്കാനാണ്.

അസഹിഷ്ണുതയെ എങ്ങനെ മറികടക്കാം?
സഹിഷ്ണുത കൊണ്ട് തന്നെയാണ് അസഹിഷ്ണുതയെ മറികടക്കേണ്ടത്. അസഹിഷ്ണുത വര്‍ധിക്കുന്നുണ്ടാകാം. എന്നാല്‍ രാജ്യം മൊത്തം അസഹിഷ്ണുതയാണെന്ന് അതിന് അര്‍ത്ഥമില്ല. സഹിഷ്ണുത നമ്മുടെ രാജ്യത്ത് ആഴത്തില്‍ വേരുപിടിച്ച ഒന്നാണ്. നൂറ്റാണ്ടുകളായി വ്യത്യസ്ത സമുദായങ്ങള്‍ ഇവിടെ ഒരുമിച്ച് താമസിക്കുന്നു, ഒരുമിച്ച് ജോലി ചെയ്യുന്നു, ഒരുമിച്ച് വിദ്യ അഭ്യസിക്കുകയും പരസ്പരം വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പാരമ്പര്യവും ഇതാണ്. എന്നാല്‍ ഇന്ത്യയിലെ ചില ശക്തികള്‍ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ഇതു തിരിച്ചറിയുകയും അതില്‍ വിജയിക്കുന്നതില്‍ നിന്ന് അവരെ തടയുകയും വേണം.

ഈ കാഴ്ചപ്പാടിലൂടെ ജെ.എന്‍.യു സംഭവത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
വ്യക്തിപരമായി, കോളേജ് പഠനകാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ആരെങ്കിലും ദേശ-വിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെങ്കില്‍ അതിനെ അപലപിക്കുന്നു. എന്നാല്‍ അതേസമയം, രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് കാമ്പസിലെ ജനാധിപത്യാന്തരീക്ഷത്തെ വളരെ മൃഗീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നതിനേയും അപലപിക്കാതെ വയ്യ.

ജെ.എന്‍.യുവിന്റെ മുഖം മാറുകയാണോ?
ജെ.എന്‍.യു നമ്മുടെ രാജ്യത്തിന്റെ തലച്ചോറാണ്. നയതന്ത്ര വിദഗ്ദ്ധന്മാരും അക്കാഡമീഷ്യന്മാരും ജെ.എന്‍.യുവില്‍ നിന്ന് പുറത്തിറങ്ങുന്നു. ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെയാണ് ഇത്തരം സര്‍വകലാശാലകളുടെ കരുത്ത് എന്നു പറയുന്നത്. ഏത് സര്‍വകലാശാലയും സ്വതന്ത്ര ധൈഷണിക വ്യവഹാരത്തിനുള്ള കേന്ദ്രമായിരിക്കണം. എന്നാല്‍ ജെ.എന്‍.യുവിന്റെ ആ പ്രകൃതത്തെയാണ് ഇന്ന് പലരും ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മുസ്‌ലിം യുവാക്കള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പെടുന്നിനെ കുറിച്ച്?  
തീവ്രവാദത്തിന് മതമില്ല. അത് മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ജമാഅത്തിന് തീവ്രവാദികളോട് യാതൊരു സഹതാപവുമില്ല. ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. എന്നാല്‍ നിരപരാധിയായ ഒരു യുവാവിനെയും വ്യാജ കേസുകളില്‍ കുടുക്കി തുറുങ്കിലടക്കാന്‍ പാടില്ല.

അങ്ങനെ തോന്നാന്‍ കാരണം?
കാരണം, രാജ്യത്ത് സമാനമായ നിരവധി സംഭവങ്ങളുണ്ട്. തീവ്രവാദ ബന്ധം ആരോപിച്ച് നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ ഇന്ന് ജയിലുകളിലാണ്. എന്നാല്‍ ഒരു പതിറ്റാണ്ടായി യഥാര്‍ത്ഥ പ്രതികളില്‍ ആരും തന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതുമൂലം ഈ തീവ്രവാദ ആക്രമണങ്ങള്‍ക്കൊക്കെ വ്യവസ്ഥാപിതമായ ഒരു ക്രമമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.

എന്ത് ക്രമം?
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഇന്ത്യയില്‍ തീവ്രവാദ ഭീഷണി വര്‍ധിച്ചുവരികയാണ്. ഈ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവരും അതില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരും മുതലെടുക്കുന്നവരുമൊക്കെ ആരാണ്? വളരെ കൃത്യമായി വിശകലനം ചെയ്താല്‍ ഇതിന്റെ പിന്നില്‍ ഒരു ക്രമമുള്ളതായി ബോധ്യപ്പെടും. ഏതെങ്കിലും ഒരു ഭരണകക്ഷിയോ സ്വാധീനമുള്ള രാഷ്ട്രീയക്കാരനോ ഏതെങ്കിലും പ്രശ്‌നങ്ങളിലോ വിവാദങ്ങളിലോ കുരുങ്ങുമ്പോള്‍ അപ്പോള്‍ ഒരു തീവ്രവാദ സംഭവം ഉയര്‍ന്നുവരും. കുറേ ചെറുപ്പക്കാര്‍ അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടും, അവര്‍ നിരപരാധികളാണെന്ന് അറിയുന്ന എല്ലാവരും അവര്‍ക്ക് വേണ്ടി ശബ്ദിക്കും. അവസാനം തെളിവില്ലെന്ന പേരില്‍ അവരെ വിട്ടയക്കും. എന്നാല്‍ രാഷ്ട്രീയ ലാഭം കൊയ്തത് മറ്റൊരു കൂട്ടരായിരിക്കും.

ഇത്തരം സാഹചര്യങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് നിര്‍വഹിക്കാനുള്ള ദൗത്യമെന്താണ്?
ഞങ്ങള്‍ ജനങ്ങളെ യഥാര്‍ത്ഥ ഇസ്‌ലാമിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്നു. ഇസ്‌ലാമികാധ്യാപനങ്ങള്‍ ഖുര്‍ആനിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകന്റെ ജീവിതവും ഒരു തുറന്ന രേഖയാണ്. അതുകൊണ്ട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പഴുതു കുറയുന്നു. എന്നാല്‍ സധൈര്യം രണ്ട് കാര്യങ്ങള്‍ ഞങ്ങള്‍ സമുദായത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ലോകത്തെ എല്ലാ മുസ്‌ലിം സമൂഹങ്ങളും യഥാര്‍ത്ഥ ഇസ്‌ലാമിനെയല്ല പ്രതിനിധീകരിക്കുന്നത് എന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. രണ്ടാമതായി, ഞങ്ങള്‍ ഇസ്‌ലാമികാധ്യാപനങ്ങളെ അവതരിപ്പിക്കുന്നത് മാനവിക മൂല്യങ്ങളില്‍ നിന്നു കൊണ്ടാണ്, അതാണ് ഇസ്‌ലാമിന്റെ കാതലും.

മുസ്‌ലിം സമുദായത്തിന്റെ പരിഷ്‌കരണത്തെ കുറിച്ച്?
അതെ, മുസ്‌ലിം സമുദായം പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിന്റെ പ്രഥമ പരിഗണന സദാചാരത്തിനും മൂല്യങ്ങള്‍ക്കുമാണ്. ബിസിനസില്‍ ആയാലും വ്യക്തി ബന്ധങ്ങളിലായാലും സാമുദായിക ബന്ധങ്ങളിലായാലും അത് പ്രകടമാണ്. എന്നാല്‍ മുസ്‌ലിം സമുദായം അത് കണിശമായി പാലിക്കുന്നതില്‍ പരാജയമാണ്. അതുകൊണ്ട് പരിഷ്‌കരണങ്ങള്‍ അനിവാര്യമാണ്. ഈ പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടിയാണ് ജമാഅത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

വിവ: അനസ് പടന്ന

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker