Interview

തുണീഷ്യന്‍ വിപ്ലവാസൂത്രണത്തിലെ ഗതിവിഗതികള്‍ /ഹമ്മാദ് അല്‍ ജിബാലി

അറബ് വസന്തത്തിന്റ പരിമളം ആദ്യമായി പരിലസിച്ചത് തുനീഷ്യയിലായിരുന്നു. ലോകത്തിലെ സ്വാതന്ത്ര്യദാഹികളായ എല്ലാ മനുഷ്യര്‍ക്കുള്ള ശുദ്ധവായുവും മര്‍ദ്ദകഭരണകൂടങ്ങള്‍ക്കുളള താക്കീതുമായിരുന്നു അത്. പുതുയുഗത്തിന്റെ പ്രതീക്ഷയില്‍ ചെയ്തുതീര്‍ക്കാന്‍ ഒരുപാടുണ്ട്. പക്ഷെ, ഇതെല്ലാം അസഹനീയതയോടെ വീക്ഷിക്കുന്ന വഴിമുടക്കികള്‍ക്ക് അടങ്ങിരിക്കാന്‍ എങ്ങനെ കഴിയും? ഈ പശ്ചാത്തലത്തില്‍ തുനീഷ്യയുടെ പുതിയ പ്രസിഡന്റും അന്നഹ്ദയുടെ നേതാവുമായ ഹമ്മാദ് അല്‍ ജിബാലിയുമായുള്ള അഭിമുഖം.

? രാഷ്ട്രത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ട് പ്രസിഡണ്ടിന്റെ പുതിയപരിഷ്‌കാരങ്ങളില്‍ താങ്കള്‍ക്കും ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ ആശയപരമായിട്ടുള്ളതാണോ അതോ രാഷ്ട്രീയമായിട്ടുള്ളതാണോ?
തെരുവിലും പാര്‍ലമെന്റിനു മുമ്പിലുമൊക്കെയുമായി നിങ്ങള്‍ കാണുന്ന ഈ അവസ്ഥ വിപ്ലവാനന്തരം രൂപപ്പെട്ടതുതന്നെയാണ്. നാം ഇപ്പോള്‍ സേഛ്വാധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. പഴയവ്യവസ്ഥ പൂര്‍ണമായും ഉഛാടനം ചെയ്തുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഇപ്പോള്‍ തെരുവില്‍ പ്രത്യക്ഷപ്പെടുന്നത് അതിന്റെ ചില അനുരണനങ്ങള്‍ മാത്രമാണ്. പ്രബലരായ പലവിഭാഗങ്ങളും നിരീക്ഷകരും ‘അന്നഹ്ദ’ ഭരണത്തില്‍ വരാതിരിക്കാന്‍ അഹോരാത്രം പരിശ്രമിച്ചവരാണ്. പക്ഷെ ജനം നമ്മെ തെരഞ്ഞെടുത്തിരിക്കുകയാണ്. അതിനാല്‍ ഇന്നവര്‍ അങ്ങേയറ്റത്തെ നിരാശയിലകപ്പെട്ടിരിക്കുകയാണ്. അക്രമികളെ നിലക്കുനിര്‍ത്തലും ഏറ്റവും ശരിയായ ഭരണ വ്യവസ്ഥ നിലവില്‍ വരികയുമാണ് തുനീഷ്യന്‍ ജനത ലക്ഷ്യം വെച്ചത്. അവിടെ സ്വത്വ പ്രതിസന്ധിയോ ഭീഷണിയോ ഇല്ല. അസ്ഥിത്വവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം ജനങ്ങളുമള്‍ക്കുമൊരു പ്രതിസന്ധിയുമില്ല. അതിനാല്‍ തന്നെ ഈ ഫലം പ്രത്യയശാസ്ത്രപരമായി ഇരട്ടത്താപ്പ് നയം സ്വീകരിച്ചവരുടെ മുമ്പില്‍ വലിയ പ്രതിസന്ധിതീര്‍ത്തിരിക്കുകയാണ്.

? തുണീഷ്യയില്‍ മീഡിയയുടെ ഭാഗത്ത് നിന്ന് അന്നഹ്ദക്കെതിരെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിലോമകരമായ പ്രവണതകളെ എങ്ങനെയാണ് നേരിടുക?
ധാരാളം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമിവിടെ അരങ്ങേറിയിട്ടുണ്ട്. നിര്‍മാണസഭയുടെ പ്രഥമയോഗത്തില്‍തന്നെ നാമതിന് സാക്ഷ്യം വഹിച്ചതാണ്. പ്രവര്‍ത്തന അജണ്ടകളെക്കുറിച്ച ചര്‍ച്ചകളും സംവാദങ്ങളും നാം കാണുന്നു. ഇവയുടെയൊക്കെ ലക്ഷ്യം വ്യക്തമാണ്. ബജറ്റിനെക്കുറിച്ച് നാം ചര്‍ച്ചചെയ്യരുത്. സാമ്പത്തിക ബജറ്റിനെക്കുറിച്ചോ പൊതുബജറ്റിനെക്കുറിച്ചോ നമുക്കൊരു കാഴ്ചപ്പാടോ സംവാദമോ രൂപപ്പെടരുത്. തുനീഷ്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത. പിന്നാക്കം നില്‍ക്കുന്ന ടൂറിസം മേഖല ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ദീര്‍ഘദൃഷ്ടിയില്ലാത്ത നിലപാടുകള്‍മൂലം രാജ്യത്തിന്റെ ആഭ്യന്തരവും വൈദേശികവുമായ നിക്ഷേപങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇത്തരം പരിതസ്ഥിതികളും പ്രശ്‌നങ്ങളും തുനീഷ്യയുടെ ഇപ്പോഴത്തെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. പഴയ സേഛ്വാധിപത്യ പാത അന്നഹ്ദയിലൂടെ ആവര്‍ത്തിക്കാതിരിക്കാന്‍ വളരെ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. അന്നഹ്ദയുടെ പ്രവര്‍ത്തനങ്ങളെയും കഴിഞ്ഞ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെയും ചേര്‍ത്തുവായിക്കാനാണ് പലരും ശ്രമിക്കുന്നത്. (ബിന്‍ അലിയുടെ സേഛ്വാധിപത്യവും അന്നഹ്ദയുടെ സേഛ്വാധിപത്യവും എന്നാണവര്‍ ഉപയോഗിക്കുന്നത്) പ്രതിപക്ഷത്തിന്റെ കൈയിലുള്ള മീഡിയയാണ് അതിന് നേതൃത്വംനല്‍കുന്നത്.

? മീഡിയയുടെ ഇത്തരം ആക്രമങ്ങളെ എങ്ങനെയാണ് നിങ്ങള്‍ പ്രതിരോധിക്കുക.
ഇവരുടെ കെണിയിലകപ്പെടാതിരിക്കാന്‍ നാം അതീവ ജാഗ്രതപുലര്‍ത്തുന്നുണ്ട്. കാരണം അറബ് ലോകത്തെ ആദ്യ ജനാധിപത്യ പരീക്ഷണമാണ് നാം നടത്തുന്നത്. ലിബറല്‍, മതേതര, ദേശീയ വീക്ഷണങ്ങള്‍ വെച്ച് പുലര്‍ത്തുന്ന എല്ലാ വിഭാഗങ്ങളുമായി ഐക്യപ്പെടുകയും സഖ്യത്തിലേര്‍പ്പെടുകയും ചെയ്യുന്ന ഒരു സ്ട്രാറ്റജി രൂപപ്പെടുത്താനാണ് നാം ആഗ്രഹിക്കുന്നത്. നിലവിലുള്ള മീഡിയകള്‍ പ്രചരിപ്പിക്കുന്നരൂപത്തിലല്ലാത്ത, പുതിയസ്വഭാവത്തിലുള്ള ഐക്യത്തിന്റെയും യോജിപ്പിന്റെയും രൂപത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഒറ്റക്കുളള ഭരണം നമുക്ക് എളുപ്പമായതോടൊപ്പം വളരെ പ്രയാസകരവുമായിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ വിജയകരമായ പരീക്ഷണം മറ്റു ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് കൂടി പകര്‍ന്നുനല്‍കാനാണ് നാം ആഗ്രഹിക്കുന്നത്.

? അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണകൂടത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടെന്നാണെല്ലോ നിരീക്ഷിക്കപ്പെടുന്നത്.
അത് പൂര്‍ണമായും ശരിയല്ല. അധികാരം വ്യവസ്ഥപ്പെടുത്തുകയാണെങ്കില്‍ അതില്‍ സന്തുലിതത്വമുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങളിലും നമ്മുടെ പരിപാടികളിലും പാര്‍ലമെന്റി വ്യവസ്ഥയാണ് നാം തെരഞ്ഞടുത്തത്. അധികാര കേന്ദ്രീകരണത്തില്‍ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ടിന് ചില അധികാരങ്ങളുള്ളതായി കാണാം. അതിന് പുറമെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റുചില അധികാരങ്ങള്‍ കൂടികൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രസിഡന്റ് റിപ്പബ്ലിക്കിന്റെ നാഥനാണ്. എല്ലാ അധികാരങ്ങളും നാം കൈവശപ്പെടുത്തുന്നില്ല, പ്രസിഡന്റിന്റെ അധികാരത്തിലേക്ക് ചേര്‍ക്കുകമാത്രമാണ് ചെയ്തത്.

? താല്‍ക്കാലിക ഗവണ്‍മെന്റ് എന്ന നിലക്ക് നിങ്ങള്‍ പ്രത്യേക നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാതെ കെണിയിലകപ്പട്ടിരിക്കുകയാണെന്ന് സംസാരമുണ്ട്, എന്താണ് താങ്കളുടെ അഭിപ്രായം.
അത് വളരെ ശരിയാണ്. ഇത് ഞങ്ങളുടെ വിധിയാണ്. ഒളിച്ചോടിക്കൊണ്ടോ, ഒഴിഞ്ഞുമാറിക്കൊണ്ടോ നാം അതിനെ അഭിമുഖീകരിക്കുകയില്ല. തുനീഷ്യന്‍ ജനതയുടെ അവകാശത്തിനുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളിലൂടെയും, ആഭ്യന്തരമായ പ്രശ്‌നങ്ങളിലൂടെയും ഉപരോധത്തിലൂടെയും ഞങ്ങളെ പരാജയപ്പെടുത്താനാണ് ശത്രുക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അതിനുപുറമെ കൊള്ളയും കൊളളിവെപ്പും പണിമുടക്കലും വ്യാപകമാണ്. രാഷ്ട്രീയക്കാരടക്കമുള്ളവരുടെ ഇത്തരം പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മുമ്പിലെ വെല്ലുവിളിയാണ്. സമയം പരിമിതമാണ്, സാധ്യതകള്‍ വളരെ കുറവാണ്, പ്രതിസന്ധികള്‍ ധാരാളമാണ്. ഭരണഘടന രൂപപ്പെടുത്തുന്നതിലും പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും വിജയകരമായ രീതിയില്‍ പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലാണ് ഇപ്പോള്‍ നമ്മുടെ ശ്രദ്ധ. രണ്ടുമാസത്തിനുള്ളില്‍ ഭരണഘടന ഉണ്ടാക്കാന്‍ കഴിയുമെന്ന് നമുക്ക് വലിയ പ്രതീക്ഷയുണ്ട്. ഭരണഘടനാ വിദഗ്ദന്‍മാരുടെ നിയമോപദേശം നാം തേടും. ജനം അത് അംഗീകരിക്കുകയാണെങ്കില്‍ അത് പ്രാവര്‍ത്തികമാക്കും. അല്ലാത്തപക്ഷം നാം കെട്ടിപ്പെടുത്തതെല്ലാം തകര്‍ന്നുപോവും.

? രാഷ്ട്രീയവും നാഗരികവുമായ ചിന്താധാരകളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളുണ്ട്. നിങ്ങള്‍ ഒരിസ്‌ലാമിക ചേരിയായാണ് ഭരണത്തിലെത്തിയത്. ഇത്തരം ഇസ്‌ലാമികവും മതേതരവുമായ വ്യത്യസ്ഥ ചിന്താധാരകളെയും അവരുടെ പ്രവണതകളെയും നിങ്ങള്‍ എങ്ങനെ ഉള്‍കൊള്ളും?
വലതുപക്ഷ തീവ്രതക്കും ഇടതുപക്ഷ തീവ്രതക്കും ഇടയില്‍ നിലകൊള്ളാനാണ് ഞങ്ങളുടെ വിധി. തുനീഷ്യന്‍ ജനതയില്‍ നിന്ന് വലതുപക്ഷത ീവ്രതയോ ഇടതുപക്ഷ തീവ്രതയോ നാം ആഗ്രഹിക്കുന്നില്ല. നമ്മുടെ ചില സലഫി സുഹൃത്തുക്കള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലാത്ത ചില പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. ടൂറിസം നിര്‍ത്തലാക്കാനും നമസ്‌കാരം പോലുള്ള കാര്യങ്ങളിലേക്ക് അവരെ ക്ഷണിക്കാനുമാണ് അവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിപ്ലവത്തിനുമുമ്പ് അവരില്‍ ഭൂരിഭാഗവും ജയിലിനുള്ളില്‍ കഴിയുകയായിരുന്നു. പക്ഷെ ഇപ്പോള്‍ അവര്‍ തെരുവിലിറങ്ങി ചില മുദ്രാവാക്യങ്ങളും മുന്‍ഗണനകളുമെല്ലാം മുന്നോട്ട് വെക്കുന്നു. അവരുടെ നേതൃത്വവുമായി സംസാരിക്കുമ്പോള്‍ സൂക്ഷ്മതയും വാഗ്ദാനങ്ങളൊക്കെ ദര്‍ശിക്കാം. എന്നാല്‍ അവരുടെ പിന്‍നിര അങ്ങേയറ്റത്തെ തീവ്രതപുലര്‍ത്തുന്നതായി കാണാം. പൊതുജനത്തിനു മുമ്പില്‍ ‘അന്നഹ്ദ’യും ‘അത്തഹ്‌രീറും’ ഒരുപോലെയാണ്. പൊതുജനത്തിന് താല്‍പര്യമില്ലാത്ത, പര്‍ദ്ദയുടെ ദൈര്‍ഘ്യം, മൂടുപടം തുടങ്ങിയ വിഷയങ്ങളിലാണ് അവര്‍ സമയംചിലവഴിച്ച് കൊണ്ടിരിക്കുന്നത്. ഇക്കാലത്ത് തുണീഷ്യന്‍ ജനതക്ക് ഇത്തരം വിഷയങ്ങളില്‍ ഒരുപ്രതിസന്ധിയുമില്ല. ഇതവരുടെ മുന്‍ഗണനയുമല്ല. അതിനാല്‍ തുണീഷ്യന്‍ ജനതയോട് കരുണകാണിക്കണമെന്നാണ് സലഫി സഹോദരന്‍മാരോട് നമുക്കാവശ്യപ്പെടാനുള്ളത്.

? ഇസ്‌ലാമികശരീഅത്ത് അവലംബമാക്കണമെന്ന് മുസ്‌ലിം സമൂഹത്തിനിടയില്‍ ശക്തമായ വീക്ഷണമുണ്ട്. ഈ കാഴ്ചപ്പാടിനോട് എങ്ങനെ പ്രതികരിക്കും?
ഇസ്‌ലാമിക സ്രോതസ്സുകളെക്കുറിച്ചുള്ള ഈ ധാരണകളെക്കുറിച്ചാണ് നാം ചര്‍ച്ചചെയ്യുന്നത്. അല്ലാഹുവിന്റെ ശരീഅത്ത് നടപ്പില്‍ വരുത്തുകയില്ല എന്ന് പറഞ്ഞ് കൊണ്ട് തെരഞ്ഞെടുപ്പിനെയും അന്നഹ്ദയെയും ബഹിഷ്‌കരിക്കാന്‍ ചില സലഫിസുഹൃത്തുക്കള്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ഞങ്ങളവരോട് ചോദിച്ചു, സ്വാതന്ത്ര്യം ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പെട്ടതാണോ അതിന് കടകവിരുദ്ധമായതാണോ! മര്‍ദ്ദിതര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി നിലകൊള്ളല്‍ ശരീഅത്തിന്റെ താല്‍പര്യത്തില്‍ പെട്ടതാണോ? ദാരിദ്ര്യവും നിരക്ഷരതയും ഉന്മൂലനംചെയ്യല്‍, ജനസേവനം, തൊഴിലില്ലായ്മ പരിഹരിക്കല്‍ …ഇവയെല്ലാം ശരീഅത്തിനുവിരുദ്ധമാണോ? മറിച്ച് ഇതെല്ലാം ഉള്‍ക്കൊള്ളുന്നതല്ലേ ശരീഅത്ത്! ശിക്ഷാവിധികള്‍ നടപ്പില്‍ വരുത്തന്നതില്‍ പരിമിതമാണോ ഇസ്‌ലാമിക ശരീഅത്ത്? ജനങ്ങള്‍ക്ക് സ്വീകാര്യമായമാകുന്ന രീതിയില്‍ ശരീഅത്ത് പ്രയോഗവല്‍ക്കരിക്കാനുള്ള വഴിയൊരുക്കുക വളരെ അനിവാര്യമാണ്. തുണീഷ്യന്‍ ജനതയില്‍ പട്ടിണി സാര്‍വ്വത്രികമായിരിക്കെ മോഷ്ടാവിന്റെ കരഛേദം നടത്തുക എളുപ്പമുള്ളകാര്യമാണോ.
ഇസ്‌ലാമും ജനാധിപത്യവും വൈരുദ്ധ്യമാണ് എന്ന് ചില സലഫികള്‍പ്രചരിപ്പിക്കുന്നു. ഈ പ്രചരണത്തില്‍ മറ്റുപല മുസ്‌ലിങ്ങളും അകപ്പെട്ടിട്ടുണ്ട്. പശ്ചാത്യര്‍ അവരുമായുള്ള സംവാദത്തില്‍ ഈ ചോദ്യം ബോധപൂര്‍വ്വം എടുത്തിടാറുണ്ട്. അതിന് നാം നല്‍കുന്ന മറുപടി ഇത് ഇസ്‌ലാമിന് എതിരല്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ നാം അംഗീകരിക്കുന്നു. അധികാരക്കൈമാറ്റ വ്യവസ്ഥയെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. പ്രത്യേകിച്ചും കുവൈത്തിലെ ഇസ്‌ലാമികപ്രസ്ഥാനം. സല്‍ഭരണം കാഴ്ചവെക്കുക എന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായി ഈ കാഴ്ചപ്പാടിന് വേണ്ടി യൂസുഫുല്‍ ഖറദാവിയെ പോലുള്ള പണ്ഡിതന്‍മാര്‍ ശബ്ദമുയര്‍ത്തിയതായി നമുക്ക് കാണാം.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
അല്‍മുജ്തമഅ്, ജനു.6-2012

Facebook Comments
Related Articles

4 Comments

  1. 722261 569818Admiring the time and energy you put into your weblog and in depth info you offer. Its great to come across a weblog every once in a although that isnt exactly the same old rehashed material. Great read! Ive bookmarked your site and Im adding your RSS feeds to my Google account. 12121

Leave a Reply

Your email address will not be published.

Close
Close