Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദി മുദ്രകുത്തപ്പെട്ടവന്റെ വീടും മറ്റൊരു ജയിലാകുന്നു

? ‘കെട്ടിച്ചമച്ച കേസിലെ ജനകീയ തെളിവെടുപ്പ’ സോളിഡാരിറ്റി സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലം

-രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടക്കുകയും അതിനെ തുടര്‍ന്ന് നിരപരാധികളായ നിരവധി മുസ്‌ലിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോകുകയും തീവ്രവാദികളെന്നു മുദ്രകുത്തി അന്വേഷണം കൂടാതെ ജയിലിലടക്കപ്പെടുന്ന സ്ഥിതിവിശേഷണമാണ് അടുത്തകാലം വരെ ഉണ്ടായിരുന്നത്. എന്നാല്‍ അസിമാനന്ദയുടെ വെളിപ്പെടുത്തലുകളോടു കൂടി ഇന്ത്യയിലെ സംഘപരിവാര്‍ ശക്തികള്‍ വളരെ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന അജണ്ടയാണ് ഇതിനുപിന്നിലെന്ന് വ്യക്തമാകുകയുണ്ടായി. ഇത്തരത്തില്‍ ബലിയാടാക്കപ്പെടുന്ന നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ ഉണ്ട് എന്ന ഒരു യാഥാര്‍ഥ്യം നമ്മുടെ മുമ്പില്‍ ഒരു ചോദ്യഛിഹ്നമായി കിടക്കുന്നു. ഏറ്റവും ഒടുവിലായി ബംഗഌരു സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കിടക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനിയോടൊപ്പം തന്നെ പരപ്പനങ്ങാടി സക്കരിയ, കണ്ണൂര്‍ ഷമീര്‍, മനാഫ് അടക്കമുള്ള നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ നിരപരാധികളാണെന്ന് അന്വേഷണത്തില്‍ നിന്നും നമുക്ക് ബോധ്യപ്പെടുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കെട്ടിച്ചമക്കപ്പെട്ട ‘കേസുകളിലെ ജനകീയ തെളിവെടുപ്പ്’ വിപുലമായ രീതിയില്‍ തന്നെ നടത്താന്‍ സോളിഡാരിറ്റി ആഗ്രഹിക്കുന്നത്.
? കാശ്മീര്‍ തീവ്രവാദികളുമായി കേരളത്തിലെ ചില ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന സി പി എം പ്ലീനത്തിലെ പരാമര്‍ശം യഥാര്‍ഥത്തില്‍ ഇത്തരം തീവ്രവാദികളുണ്ട് എന്നതിനെ സാധൂകരിക്കുന്നതല്ലേ..
– നേരത്തെ ഇടതുപക്ഷത്തെ കുറിച്ചുള്ള നമ്മുടെ അനുഭവം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഡല്‍ഹിയില്‍ വെച്ച് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ‘ഫാബ്രിക്കേറ്റഡ് പബ്ലിക്ക് ഹിയറിംഗി’ല്‍ ഇടതുപക്ഷ നേതാക്കള്‍ സജീവമായി പങ്കെടുക്കുകയും പ്രസ്തുത വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുകയും ഇന്ത്യയില്‍ ധാരാളം നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ ജയിലിലടക്കപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിക്കുകയും അതില്‍ ഇടപെടുമെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി കോഴിക്കോട് നടത്തിയ മുഖ്യധാര മാസികയുടെ പ്രകാശന ചടങ്ങില്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട നടത്തിയ പ്രസ്താവനയും അത്തരത്തിലുള്ളതാണ്. മുസ്‌ലിം ചെറുപ്പക്കാര്‍ വേട്ടയാടപ്പെടുന്നു, അവര്‍ അരക്ഷിതരാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരമൊരു നയമാണ് സി പി എം കേന്ദ്രതലത്തില്‍ എടുത്തിട്ടുള്ളത്.
കേരളത്തിലെ സി പി എമ്മിന് ഒരു പശ്ചാത്തലമുണ്ട്. ഇന്ത്യ ഭ്രാന്താലയമാണ് എന്ന് ഇവിടുത്തെ ജന്മിത്വവും അസമത്വവും കാരണം സാമൂഹിക പരിഷ്‌കാര്‍ത്തക്കള്‍ക്ക് പറയേണ്ടി വന്ന ഒരു അവസ്ഥയായിരുന്നു. ഇതിനെതിരെ ശക്തമായി പോരാടിയ സംഘടനയായിരുന്നു ഇടതുപക്ഷം. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയം കാണാനായി പഴയ ജാതി-ജന്മിത്വ സംഘടനകളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്. വോട്ടുബാങ്ക് മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തരം സവര്‍ണ പ്രീണനങ്ങള്‍ ചരിത്രപരമായ വലിയ വങ്കത്തരമാണെന്നും ഇടതുപക്ഷം കനത്ത വില നല്‍കേണ്ടിവരും എന്നാണ് നമുക്ക് പറയാനുള്ളത്.

? മുമ്പ് ഉത്തരേന്ത്യയിലെ ‘ അഅ്‌സംഗഢ്’ പോലുള്ള പ്രദേശങ്ങളിലായിരുന്നു ഇത്തരത്തിലുള്ള വേട്ടകള്‍ നടന്നിരുന്നത്. പക്ഷെ മതനിരപേക്ഷ കേരളത്തിലും ഇത്തരം വേട്ടകള്‍ നടക്കുന്നു എന്നല്ലേ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

– ഉത്തരേന്ത്യയിലെ മുസ്‌ലിം ചെറുപ്പക്കാര്‍ വേട്ടയാടപ്പെടുന്നതിനെ കുറിച്ചും അതിന്റെ പശ്ചാത്തലത്തെ കുറിച്ചുമെല്ലാം മുമ്പ് കേരളത്തിലെ പലരും സംസാരിക്കുകയും കേരളത്തിന്റെ മതേതരത്വത്തെ വാഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഉത്തരേന്ത്യയുടെ മാത്രം അവസ്ഥയല്ല, പ്രബുദ്ധ കേരളം എന്ന് നാം അവകാശപ്പെടുന്ന കേരളത്തിന്റെ മണ്ണില്‍ നിന്നും ഇരുപതോളം നിരപരാധികളായ ചെറുപ്പക്കാര്‍ ഇപ്രകാരം ജയിലിലടക്കപ്പെട്ടു എന്നാണ് ഇപ്പോള്‍ നമുക്ക് പഠനത്തിലൂടെ മനസ്സിലായിട്ടുള്ളത്. ഇത് ബാംഗ്ലൂര്‍ കേസില്‍ മാത്രമല്ല, മറ്റു കേസുകളിലും കാണാവുന്നതാണ്. മഅ്ദനി കുടകില്‍ പോയതിനെ പറ്റി തെഹല്‍കയുടെ ഷാഹിന നടത്തിയ അന്വേഷണമാണ് ഇതിനു പിന്നില്‍ കെട്ടിച്ചമച്ച സാക്ഷികളും മൊഴികളുമാണ് എന്ന് മനസ്സിലായത്. സോളിഡാരിറ്റി മാര്‍ച്ച് മാസത്തില്‍ നടത്തപ്പെടുന്ന ‘കെട്ടിച്ചമച്ച കേസുകളിലെ ജനകീയ തെളിവെടുപ്പ്’ ഇത്തരം കടുത്ത യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശക്തമായ ചുവടുവെപ്പായിരിക്കും.

? മഅ്ദനിയോടൊപ്പം തന്നെ ബംഗഌരു ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സക്കരിയ്യയുടെ കേസ് ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു..

– സക്കരിയ്യ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നാട്ടുകാരും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയക്കാരും തീവ്രവാദിയുടെ വീട് എന്ന് പറഞ്ഞ് മാറിനിന്ന സന്ദര്‍ഭമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ പ്രസ്തുത കേസിനെ കുറിച്ച് പഠിച്ച് യാഥാര്‍ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവന്നപ്പോള്‍ സക്കരിയ്യ നിരപരാധിയാണെന്നും നിരപരാധിയുടെ വീടാണെന്നും പറഞ്ഞ് എം പിമാരും മന്ത്രിമാരും വരെ സന്ദര്‍ശനം നടത്തുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
സക്കരിയ്യയുടെ കേസ് നടത്താന്‍ ഒരു ജനകീയ കമ്മറ്റിയുണ്ടാക്കിയിട്ടുണ്ട്. ഒരു അഡ്വക്കറ്റിനെ വെച്ച് കേസ് മുമ്പോട്ട് പോകുന്നുണ്ട്. സാക്ഷി വിസ്താരം കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു കേസ് മുമ്പോട്ട് കൊണ്ടുപോകുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരം കേസുകള്‍ വാദിക്കാന്‍ അഡ്വക്കറ്റുമാര്‍ ആവശ്യപ്പെടുന്നതെന്ന് ഇവരുടെ കുടുംബങ്ങളുമായി സംസാരിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്. അവരുടെ സ്ഥലവും സ്വര്‍ണവും വീട് വരെയും വിറ്റിട്ടാണ് കേസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഉത്തരവാദിത്തപ്പെട്ടവരുടെ ബാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഒന്നാമതായി, നിരപരാധികളായ ചെറുപ്പക്കാരെ കേസുകളില്‍ കുടുക്കി കൊണ്ടുപോകുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവരുടെ കുടുംബം കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ സഹായിക്കാനുള്ള മനസ്സെങ്കിലും പ്രബുദ്ധ കേരളം കാണിക്കണം.

?കണ്ണൂരിലെ ഷമീര്‍ എപ്രകാരമാണ് കേസില്‍ എത്തിപ്പെടുന്നത്.

-ഷമീറിന്റേത് വിചിത്രമായ കേസാണ്. അദ്ദേഹം കുടുംബസമേതം ഗള്‍ഫില്‍ താമസിക്കുകയായിരുന്നു. അവിടെ ടാക്‌സി ഡ്രൈവറാണ്. ഒരു ദിവസം പാസ്‌പോര്‍ട്ട് എംബസി വാങ്ങിവെക്കുന്നു. പിന്നീട് കുറച്ച് ദിവസം അവനെ എംബസിയിലേക്ക് വിളിപ്പിക്കുന്നു. പിന്നീട് എംബസി ഇടപെട്ട് ഭാര്യയെ നാട്ടിലേക്ക് പറഞ്ഞയക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിന്റെ രണ്ടുദിവസം മുമ്പ് ചില പത്രങ്ങളില്‍ റിപ്പബ്ലിക്കന്‍ ദിനത്തില്‍ തീവ്രവാദി ആക്രമണമുണ്ടാകാന്‍ സാധ്യത എന്ന വാര്‍ത്തവരുന്നു. റിപ്പബ്ലിക്കന്‍ ദിനത്തിന്റെ മൂന്ന് ദിവസത്തിന് മുമ്പ് എംബസി അദ്ദേഹത്തിന് ഡല്‍ഹിയിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തു. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ തീവ്രവാദി എന്ന പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. ഇതാണ് അവരുടെ കുടുംബക്കാര്‍ കാണുന്നത്. പിന്നീട് വക്കീലുമായി ബന്ധപ്പെട്ട് കാണ്‍മാനില്ല എന്നു പറഞ്ഞു കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ഷമീര്‍ ജയിലിലുണ്ടായിരിക്കെ കോടതി അവനെ വിളിക്കുമ്പോള്‍ absconding (ഒളിവിലാണ്) എന്നാണ് പറയുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഷണ്‍മുഖദാസ് നമ്മോട് വിവരിച്ചു. പിന്നീട് കേസ് നടത്തി, ഇപ്പോള്‍ ബംഗ്ലൂര്‍ ജയിലിലാണ് ഉള്ളത്. അവിടെ ഒരു ജനകീയ കമ്മറ്റിയാണ് കേസുമായി മുമ്പോട്ട് പോകുന്നത്.
ഇപ്രകാരം തന്നെയാണ് മനാഫ് എന്ന ചെറുപ്പക്കാരന്റെയും അവസ്ഥ. അവന്‍ ഗള്‍ഫില്‍ നിന്നുവന്ന് നാട്ടില്‍ ടാക്‌സിയോടിച്ചു കഴിയുകയായിരുന്നു. ഒരിക്കല്‍ തടിയന്റെവിട നസീര്‍ ടാക്‌സി വിളിച്ചു പോകുന്നു. നസീര്‍ തീവ്രവാദിയായി അറിയപ്പെടുന്നതിന് മുമ്പ് ഒരു സുഹൃത്ത് വന്ന് അവന്റെ ടാക്‌സി എടുത്തുപോകുന്നു. അതിന്റെ പേരിലാണ് അവനെ ജയിലിലടച്ചിരിക്കുന്നത്. എന്താണ് അവന്‍ ചെയ്ത തെറ്റ് എന്നറിയാന്‍ പോലും കഴിയാതെയാണ് പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം കേസുകള്‍ ഇന്ത്യയിലെ നീതിബോധമുള്ളവരും ഉയര്‍ന്ന നീതിന്യായ വകുപ്പിലുള്ളവരുമായി ചര്‍ച്ച ചെയ്ത് ജനകീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് സോളിഡാരിറ്റി ഉദ്ദേശിക്കുന്നത്.

? മുസ്‌ലിം സംഘടനകള്‍ക്ക് ഭരണത്തില്‍ സ്വാധീനമുള്ള ഒരു മതനിരപേക്ഷ സംസ്ഥാനത്തില്‍ എന്തുകൊണ്ട് നിരപരാധിയായ മുസ്‌ലിം ചെറുപ്പക്കാര്‍ ഇപ്രകാരം ജയിലിലടക്കപ്പെട്ടിട്ട് അതിനെതിരെ ഒരു പ്രതികരണം ഉണ്ടാകാത്തത്.

-ഇത് വളരെ ഗൗരവത്തോടുകൂടി കേരളീയ പൊതുസമൂഹം കാണേണ്ട ഒരു വിഷയമാണ്. കേരളത്തിന്റെ പലതും വെറും ജാടയാണ്. മതേതരത്വം എന്നുപറയുന്നതുപോലും അപ്രകാരമാണ് എന്നാണ് നമുക്ക് തോന്നുക. ഏറ്റവും നല്ല വര്‍ഗീയമനസ്സ് അടക്കിവെച്ചിട്ടുള്ള ഒരു സമീപനമാണ് ഇത്തരക്കാരില്‍ നിന്ന് ചിലപ്പോഴെങ്കിലും പ്രകടമാകുന്നത്. അതുകൊണ്ടാണ് കേരളത്തിലെ ചെറുപ്പക്കാരെ അന്യസംസ്ഥാനത്തെ ജയിലുകളിലേക്ക് പിടിച്ചുകൊണ്ടുപോകുമ്പോള്‍ എന്താണ് ഇവര്‍ ചെയ്ത തെററ് എന്ന പ്രാഥമിക അന്വേഷണം പോലും ഇവിടെ നടത്തപ്പെടാത്തത്. അതിന്റെ മികച്ച ഉദാഹരണമാണ് സക്കരിയ്യ. നീണ്ടവര്‍ഷങ്ങള്‍ ജയിലിലായിട്ട് അവന്റെ നാട്ടിലെ ഭൂരിപക്ഷമുള്ള സമുദായ സംഘടനയടക്കം എന്തിന് പിടിച്ചുകൊണ്ടുപോയി എന്ന ഒരന്വേഷണം നടത്താതെ തീവ്രവാദിയാണെന്ന് ചിത്രീകരിക്കപ്പെട്ട ഒരവസ്ഥ ഇവിടെയുണ്ട്. ഏതൊരാളെയും കുടുക്കാനുള്ള ഒരു മനോഹരമായ ലേബലാണ് തീവ്രവാദി. തീവ്രവാദി എന്നു പറഞ്ഞു ഒരാളെ പിടിച്ചുകൊണ്ടുപോയാല്‍ അവന്റെ വീട് തീവ്രവാദിയുടെ വീടാണ്. അവന്റെ ഉ്പ്പ തീവ്രവാദിയുടെ ഉപ്പയാണ്. ഇനി അവരോട് സംസാരിക്കാന്‍ പാടില്ല എന്ന ഒരു പൊതുബോധം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനെ കൃത്യമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ജനകീയമായ ഇടപെടലുകളിലൂടെ അത് പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ‘എന്തിന്റെ പേരിലാണ്’ എന്ന് ചോദ്യം ചെയ്യപ്പെടുന്ന ഒരു അവസ്ഥ ഇപ്പോള്‍ ഉണ്ടായിവരുന്നുണ്ട്.

? ഇത്തരം കേസുകളില്‍ ഇടപെട്ടാല്‍ അത്തരം സംഘടനകളും തീവ്രവാദികളുടെ സംഘടനയായി ചിത്രീകരിക്കപ്പെടുമോ എന്ന ഒരു ഭയം ഇവിടെയില്ലേ..

– ഇത് മാധ്യമങ്ങളടക്കമുള്ളവര്‍ സൃഷ്ടിച്ച ഒരു പൊതുബോധത്തിന്റെ പ്രശ്‌നമാണ്. അത്തരം വിഷയങ്ങള്‍ തൊടാന്‍ പാടില്ല, അവരുടെ വീടുകളിലേക്ക് പൊകാന്‍ പാടില്ല..അതിന്റെ ഏറ്റവും നല്ല അനുഭവമാണ് സക്കരിയ്യയുടെയും ഷമീറിന്റെയും വീട്ടില്‍ പോയപ്പോള്‍ അവരുടെ ഉമ്മയുടെ ഒരു വികാരം ഞങ്ങളനുഭവിച്ചു. ‘എന്റെ മകനെ അന്വേഷിച്ച് നിങ്ങളെങ്കിലും വന്നല്ലോ’ എന്നായിരുന്നു  അവരുടെ പ്രതികരണം. രണ്ടുതരം തടവറകളിലാണ് അവരുള്ളത്. ഒന്ന് അവരുടെ മക്കള്‍ തടവറയിലാണ്. മറുഭാഗത്ത് വീടുകളില്‍ അവര്‍ മറ്റൊരു ജയിലിലാണ്. അവരുമായി സമീപിക്കാന്‍, അവരുടെ മക്കളെ വിവാഹം കഴിക്കാന്‍ ആരും ധൈര്യപ്പെടാത്ത അവസ്ഥ. ജയിലില്‍ അവരെ കാണാന്‍ പോലും ഇതുകാരണം പലരും മടിക്കുന്നു. മഅ്ദനിയെ കാണാന്‍ പോയപ്പോള്‍ ഒരു ഭാഗം തളര്‍ന്നുകിടക്കുന്ന ശറഫുദ്ദീന്‍ എന്ന ഒരാളെ കാണുകയുണ്ടായി. അവന്റെ ഉമ്മ മരിച്ചു, അവന് കാണാന്‍ കഴിഞ്ഞില്ല. രണ്ടുമക്കളുണ്ട്. മാനസികമായ നിരവധി സംഘര്‍ഷങ്ങള്‍ ആ ചെറുപ്പക്കാരന്‍ അനുഭവിക്കുന്നുണ്ട്. ഈ പ്രശ്‌നം പോലും ആരും ഉയര്‍ത്താന്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇവിടെ പ്രബുദ്ധകേരളത്തിനും മുസ്‌ലിം സംഘടനകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. ഈ നിശ്ശബ്ദമായ അടിയന്തരാവസ്ഥയെ ബോധപൂര്‍വം മറികടക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ മതേതര കേരളം വലിയ വില കൊടുക്കേണ്ടിവരും.

? കേരളത്തില്‍ മുസ്‌ലിം പ്രസാധനാലയങ്ങളില്‍ റൈഡ് നടത്തുകയും പുസ്തകവേട്ടയോടൊപ്പം തന്നെ ചില വ്യക്തികളെയും അടുത്തായി അറസ്റ്റു ചെയ്യുകയുണ്ടായി. ഇതെല്ലാം ഈ ഭീകരവേട്ടയുടെ ഭാഗമല്ലേ..

-കേരളത്തില്‍ നിരോധിക്കപ്പെടാത്ത ഒരു സാഹിത്യത്തിന്റെ പേരില്‍ അറസ്റ്റ്. അത് എഴുതിയവനെയോ പ്രസാധകനെയോ, വില്‍പനക്കാരെയോ ആരെയാണ് യഥാര്‍ഥത്തില്‍ അറസ്റ്റ് ചെയ്യേണ്ടത്. അതിന്റെ എം ഡിയെയാണ് ഇപ്പോള്‍ അറസ്റ്റ്‌ചെയ്തിരിക്കുന്നത്. അപ്രകാരം തന്നെ എല്ലാ മുസ്‌ലിം സംഘടനകളുടെയെല്ലാം പ്രസാധനാലയങ്ങളില്‍ കയറിയിറങ്ങിയതോടെ വേറെ ചില സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. ഇത്തരം പ്രവണതകളെ ശക്തമായി ചെറുത്തുതോല്‍പിച്ചിട്ടില്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടിവരും. ഒരു സമൂഹത്തെ വീണ്ടും ഇത്തരം സമീപനത്തോടെ നോക്കിക്കാണുമ്പോള്‍ രാഷ്ട്രത്തിന്റെ പുരോഗതിയും ഭാവിയും വലിയ അപകടത്തിലാകും തീര്‍ച്ച!

തയ്യാറാക്കിയത് : അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles