Interview

ക്ഷമയും സ്ഥൈര്യവുമാണ് ഞങ്ങളുടെ ആയുധം

ഏതൊരു പ്രബോധനകന്റെയും നേതാവിന്റെയും ഭാര്യക്കുണ്ടാവേണ്ട പ്രധാന ഗുണം ക്ഷമയും സ്ഥൈര്യവുമാണെന്നാണ് ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹിന്റെ പ്രിയതമ ഉമ്മു ഉമര്‍ പറയുന്നത്. അല്‍മുജ്തമഅ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരിക്കാര്യം പറയുന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

ശൈഖ് റാഇദ് സലാഹിന്റെ ഭാര്യയായ ഉമ്മു ഉമര്‍, നിങ്ങളെങ്ങനെയാണ് സ്വയം പരിചയപ്പെടുത്തുന്നത്?
സമുദായത്തിന്റെയും നാടിന്റെയും വേദനകള്‍ പേറുന്ന മുസ്‌ലിമും അറബിയും ഫലസ്തീനിയുമാണ് ഞാന്‍.

ശൈഖുമായുള്ള വിവാഹത്തെ കുറിച്ച് വിവരിക്കുമോ?
ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെയും നാസ്വിറയിലെയും സ്‌കൂളുകളില്‍ നിന്നും വിദ്യാഭ്യാസം നേടി. ഖുദ്‌സിലെ കുല്ലിയത്തുദ്ദഅ്‌വ വഉസ്വൂലുദ്ദീനില്‍ നിന്നും ഞാന്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തീകരിച്ചു. ആ ഘട്ടത്തിലാണ് ശൈഖിന്റെ ജീവിതത്തിലേക്ക് ഞാന്‍ കടന്നു ചെല്ലുന്നത്. അഞ്ച് പെണ്‍മക്കളെയും മൂന്ന് ആണ്‍മക്കളെയും അല്ലാഹു ഞങ്ങള്‍ക്ക് നല്‍കി. എല്ലാ കാര്യത്തിലും ഇണക്ക് തുണയായി മാറാനാണ് ജീവിതത്തില്‍ ഞാന്‍ ശ്രമിച്ചത്. എന്റെ ദീനിനെയും വീടിനെയും കുടുംബത്തെയും ഞാന്‍ സ്‌നേഹിക്കുന്നു. മുഴുവന്‍ ആളുകള്‍ക്കും നന്മ വരട്ടെയെന്നാണ് ഞാനാഗ്രഹിക്കുന്നത്.

ശൈഖ് ഇപ്പോള്‍ ഏത് ജയിലിലാണുള്ളത്? ശൈഖ് വിശേഷിപ്പിക്കുന്ന പോലെ ‘ഇഅ്തികാഫിരിക്കുന്ന സ്ഥലത്ത്’ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധയില്‍ പെട്ടത്?
കഴിഞ്ഞ മെയ് 8 മുതല്‍ നെഗവ് മരുഭൂമിയിലെ ‘റാമൂന്‍’ ജയിലിലാണ് ശൈഖ് സലാഹുള്ളത്. 2007ല്‍ ഖുദ്‌സിലെ വാദി ജൗസില്‍ നടത്തിയ ജുമുഅ ഖുതുബയുടെ പേരിലാണ് ശിക്ഷയനുഭവിക്കുന്നത്. ‘വിഭാഗീയതക്കും അക്രമത്തിനും പ്രേരിപ്പിച്ചു’ എന്ന ആരോപണമാണ് ഇസ്രയേല്‍ ജഡ്ജി അദ്ദേഹത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഖുദ്‌സിനും മസ്ജിദുല്‍ അഖ്‌സക്കും വേണ്ടി ഉയരുന്ന മുഴുവന്‍ ശബ്ദങ്ങളെയും നിശബ്ദമാക്കാനുദ്ദേശിച്ചുള്ള ഇസ്രയേല്‍ നടപടിയാണിത്.

ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവും വിശ്വാസവും അല്ലാഹുവിനൊപ്പമുള്ള ഏകാന്തവാസവുമാണ് അദ്ദേഹത്തില്‍ കണ്ടത്. മുഹമ്മദ് നബി(സ)യുടെ ഉമ്മത്ത് വിജയിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസവും പ്രകാശവും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. വീട്ടില്‍ നിന്നും അകന്ന് ജയിലില്‍ ‘ഇഅ്തികാഫ്’ ഇരിക്കുകയാണദ്ദേഹം. മറ്റ് ഫലസ്തീന്‍ തടവുകാരെ സ്വാധീനിക്കാതിരിക്കാന്‍ ഏകാന്ത തടവിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. അവസാനമായി സന്ദര്‍ശിച്ചപ്പോള്‍ ശൈഖ് എന്നോട് പറഞ്ഞത് അദ്ദേഹത്തെ സംബന്ധിച്ചടത്തോളം സമയം വേഗത്തില്‍ പോവുകയാണന്നാണ്. സമയം പൂര്‍ണമായും വായനയിലും പഠനത്തിലും ഓര്‍മക്കുറിപ്പുകള്‍ രേഖപ്പെടുത്തി വെക്കുന്നതിലും മനപാഠമാക്കിയ ഖുര്‍ആന്‍ ഓര്‍മ പുതുക്കുന്നതിലുമാണ് അദ്ദേഹം ചെലവഴിക്കുന്നത്. ജയിലിലെ ടെലിവിഷനില്‍ ഹീബ്രു ചാനലുകളും ‘അല്‍അറബിയ്യ’ ചാനലും മാത്രമാണ് ലഭിക്കുന്നത്. അദ്ദേഹം ആവശ്യപ്പെട്ട ചില പുസ്തകങ്ങള്‍ ഞങ്ങള്‍ കൊണ്ടുവരുമ്പോള്‍ അവര്‍ തടയുകയാണ്. മാസത്തില്‍ രണ്ട് തവണ മുതിര്‍ന്ന രണ്ട് ബന്ധുക്കള്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് സന്ദര്‍ശനം അനുവദിക്കുന്നത്. ഗ്ലാസ് മറക്ക് പിന്നില്‍ നിന്നുള്ള സന്ദര്‍ശനമാണ് അനുവദിക്കുക.

തടവറില്‍ ശൈഖ് ആരുമായും കൂടുതല്‍ സമയം കൂടിക്കാഴ്ച്ച നടത്താറില്ല. അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന പോലെ ‘ഇഅ്തികാഫില്‍’ കഴിയുന്നിടത്ത് അല്ലാഹുവിനൊപ്പമുള്ള യഥാര്‍ഥ ഏകാന്തത ലഭിക്കട്ടെ എന്നാണ് ഞങ്ങള്‍ അല്ലാഹുവോട് തേടുന്നത്. ”ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്, രാജാക്കന്‍മാര്‍ അത് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അതിന് വേണ്ടി അവര്‍ ഞങ്ങളുമായി യുദ്ധം ചെയ്യുമായിരുന്നു” എന്ന് അദ്ദേഹം നിരന്തരം ഞങ്ങളോട് പറയാറുണ്ട്.  ഏകാന്തതയില്‍ കഴിയുന്ന ഈ ഘട്ടം അദ്ദേഹത്തിന്റെ സുപ്രധാന ഘട്ടമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയിലല്ല, മറിച്ച് നിലപാടുകളുടെയും ചിന്തകളുടെയും വിലയിരുത്തലുകളുടെയും കാര്യത്തിലത് കൂടുതല്‍ കരുത്തുപകരും.

ആദരണീയനായ പണ്ഡിതന്റെ ഭാര്യയെന്ന നിലയില്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പാണ്ഡിത്യവും കുടുംബനാഥനെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വല്ല കുറവും വരുത്തിയിട്ടുണ്ടോ? മക്കളെയത് എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?
അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം മക്കളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ സഹായത്താലും സഹനം കൈകൊണ്ടും അതിനെ മറികടക്കുകയാണ് ഞങ്ങള്‍. ശൈഖുമായുള്ള ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ എന്നെ അല്ലാഹുവിന് നേര്‍ച്ചയാക്കുകയാണ് ചെയ്തിട്ടുള്ളത്. സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അത്ര എളുപ്പമുള്ള വഴിയല്ല, ദുര്‍ഘടമായ ഒന്നാണെന്ന് എനിക്കറിയാമായിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം വീട്ടില്‍ നന്നായി അനുഭവപ്പെട്ടിരുന്നു. മക്കളെ വളര്‍ത്തുന്നതിലുള്ള ആ വിടവ് ഞാന്‍ അടച്ചത് ക്ഷമയും സ്ഥൈര്യവും ആയുധമാക്കിയാണ്. മുസ്‌ലിം ഉമ്മത്തിനും മസ്ജിദുല്‍ അഖ്‌സക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ശക്തിയും സഹായവുമായി മാറാനാണ് അതിലൂടെ ഞാന്‍ ശ്രമിച്ചത്.

ഭര്‍ത്താവ് തടവറയില്‍ കഴിയുമ്പോള്‍ ഒരു ഉമ്മയെന്ന നിങ്ങളുടെ അവസ്ഥ വിവരിക്കുമോ?
തടവുകാരന്റെ ഭാര്യയായ ഏതൊരു ഉമ്മയെയും പോലെ ശൈഖ് കുടുംബത്തിനും മക്കള്‍ക്കും ഒപ്പമുണ്ടായിരുന്നെങ്കിലെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതെല്ലാം മുസ്‌ലിം ഉമ്മത്തിനും മസ്ജിദുല്‍ അഖ്‌സക്കും വേണ്ടിയാണല്ലോ എന്ന് ചിന്തിക്കുമ്പോള്‍ വലിയ ആശ്വാസമാണ് ലഭിക്കുന്നത്. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ പല തടവുകാരുടെയും കുടുംബങ്ങളെ കണ്ടുമുട്ടാറുണ്ട്. ജീവപര്യന്തം ശിക്ഷവിധിക്കപ്പെട്ടവര്‍ അക്കൂട്ടത്തിലുണ്ട്. അവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഞങ്ങളനുഭവിക്കുന്നത് വളരെ നിസ്സാരമാണെന്നാണ് തോന്നാറുള്ളത്. അവരുടെ യുവത്വമാണ് ജയിലുകളില്‍ ഹോമിക്കപ്പെടുന്നത്. അവര്‍ക്കെല്ലാം ക്ഷമയും സ്ഥൈര്യവും നല്‍കാന്‍ അല്ലാഹുവോട് ഞാന്‍ തേടുന്നു. മുപ്പതും മുപ്പത്തഞ്ചും വര്‍ഷമായി തടവില്‍ കഴിയുന്നവര്‍ അക്കൂട്ടത്തിലുണ്ട്. അപ്പോള്‍ ഞങ്ങളുടേത് വളരെ നിസ്സാരമാണ്. ഈ സഹനത്തിലെല്ലാം അല്ലാഹു പ്രതിഫലം നല്‍കട്ടെ.

ചിലപ്പോഴെല്ലാം സഹോദരിമാര്‍ എന്നെ ആശ്വസിപ്പിച്ച് സംസാരിക്കാന്‍ വരാറുണ്ട്. ശൈഖിനെ സന്ദര്‍ശിക്കാന്‍ പോയപ്പോഴുള്ള ഈ അവസ്ഥകള്‍ കണ്ട ശേഷം ഇതിനെ അത്ര വലിയ വിഷയമായി പെരുപ്പിക്കേണ്ട എന്നാണ് ഞാനവരോട് പറയാറുള്ളത്. അല്ലാഹുവിന് സ്തുതി, അവനില്‍ നിന്നാണല്ലോ ഈ ക്ഷമ ലഭിക്കുന്നത്. മുസ്‌ലിം ഉമ്മത്തിനും മസ്ജിദുല്‍ അഖ്‌സക്കും വേണ്ടി നാം സമര്‍പിക്കുന്നത് വളരെ നിസ്സാരമാണ്.

ശൈഖിനോടൊപ്പം അറസ്റ്റും തടവും അടക്കമുള്ള ഒട്ടേറെ അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടാവുമല്ലോ. ഇസ്രയേല്‍ നിരോധിച്ചിട്ടുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷനായിരിക്കെയാണ് ഇത്തവണ തടവിലാക്കപ്പെട്ടിരിക്കുന്നത്. ഇത്തവണത്തെ ജയില്‍വാസത്തില്‍ പ്രത്യേകമായെന്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ?
ഉണ്ട്, അദ്ദേഹത്തിന്റെ പ്രായാധിക്യം എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. യുവാക്കള്‍ക്കാണല്ലോ കൂടുതല്‍ സഹിക്കാന്‍ കഴിയുക. എന്റെ ആണ്‍മക്കള്‍ യുവാക്കളായി മാറിയിട്ടുണ്ട്. പിതാവിന്റെ ഭാഗത്തു നിന്നുള്ള ഉപദേശ നിര്‍ദേശങ്ങള്‍ അവര്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയമാണിത്. അദ്ദേഹത്തിന്റെ അഭാവം ദുഖിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോള്‍ വിജയം വരാനിക്കുന്ന എന്ന വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. അഖ്‌സയുടെ വിമോചനവും മുസ്‌ലിം ഉമ്മത്തിന് സന്തോഷിക്കാനുള്ള സമയവും അടുത്തിരിക്കുന്നു എന്ന വികാരമാണ് ഞങ്ങളിലപ്പോള്‍ ഉണ്ടാവുക. പല നാടുകളിലും പ്രായം ചെന്ന മുസ്‌ലിം പണ്ഡിതന്‍മാര്‍ തടവില്‍ കിടക്കുന്നത് കാണുമ്പോള്‍ നമ്മളൊന്നും ദീനിന് വേണ്ടി ഒന്നും സമര്‍പിച്ചിട്ടില്ലെന്ന തോന്നലാണ് ഉണ്ടാവുന്നത്. ഇതെല്ലാം ഏതൊരു നേതാവും അനുഭവിക്കുന്നതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും പകര്‍ന്നു നല്‍കുന്നവരാണവര്‍.

ശൈഖ് ഇനിയും അറസ്റ്റുകള്‍ക്കും ഒരുപക്ഷേ നാടുകടത്തപ്പെടലിനോ ഉന്മൂലനത്തിനോ വിധേയനാക്കപ്പെട്ടാലോ?
ഇബ്‌നു തൈമിയ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരോട് പറഞ്ഞതാണ് എനിക്കും പറയാനുള്ളത്. ”ശത്രുക്കള്‍ എനിക്കെതിരെ എന്ത് ചെയ്യാനാണ്? എന്റെ സ്വര്‍ഗവും പൂന്തോപ്പും എന്റെ മാറിടത്തിലാണ്. എന്നെ വധിച്ചാല്‍ അത് രക്തസാക്ഷിത്വമാണ്. തടവിലിട്ടാല്‍ എനിക്കത് അല്ലാഹുവുമായി ഒറ്റക്കാവാനുള്ള അവസരമാണ്. നാടുകടത്തിയാല്‍ എനിക്കത് വിനോദയാത്രയാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ലോകമെന്നത് പരീക്ഷണമാണ്. ദൈവിക വിധികള്‍ക്കനുസരിച്ച് ഈ ലോകത്തെ പരിചരിക്കാനുള്ള തെളിവുകളാണ് അല്ലാഹു നമുക്ക് മുന്നില്‍ സംവിധാനിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വിധിയുണ്ടെങ്കില്‍ അവസാനം വരെ ആ പാതയില്‍ ഞങ്ങളുണ്ടാവും.

എന്റെ വിവാഹാലോചന നടക്കുന്ന സമയത്ത് ശൈഖ് രക്തസാക്ഷിയാവുന്നതും മസ്ജിദുല്‍ അഖ്‌സയില്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരം നടക്കുന്നതും ഞാന്‍ സ്വപ്‌നത്തില്‍ കണ്ടിരുന്നു. മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടിയാവുമ്പോള്‍ ആ മരണത്തിന് സവിശേഷമായ ഔന്നിത്യമുണ്ടെന്ന് വ്യഖ്യാനം കണ്ടെത്തുകയാണ് ഞാന്‍ ചെയ്തത്. അതുകൊണ്ടാണ് ശൈഖുമായുള്ള ബന്ധം ഞാന്‍ തെരെഞ്ഞെടുത്തത്. പ്രബോധന പ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നത് അദ്ദേഹവുമായി എന്നെ ബന്ധിപ്പിച്ചു. ഇനിയും അറസ്‌റ്റോ രക്തസാക്ഷിത്വം തന്നെയോ സംഭവിച്ചാല്‍ അത് അല്ലാഹുവിന് വേണ്ടിയാണ്. നമ്മുടെ പാത അത്ര സുഖകരമല്ല. അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ചാണ് ശൈഖിനെ ജീവിത പങ്കാളിയാക്കിയത്. അല്ലാഹു കണക്കാക്കിയിട്ടുള്ളത് ജയിലാവട്ടെ, മറ്റെന്ത് തന്നെയുമാവട്ടെ, സ്വര്‍ഗത്തില്‍ ഞങ്ങളെ നീ ഒരുമിപ്പിക്കണേ എന്നാണ് അല്ലാഹുവിനോട് ഞാന്‍ എപ്പോഴും തേടിക്കൊണ്ടിരിക്കുന്നത്.

ഭര്‍ത്താവ് സമൂഹത്തിന്റെ വേദനകളകറ്റാന്‍ പരിശ്രമിക്കുന്ന ഒരു മഹാവ്യക്തിത്വമായിരിക്കുമ്പോള്‍ നിങ്ങളുടെ കാഴ്ച്ചപ്പാടില്‍ സ്ത്രീക്കുണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണ്?
ഏതൊരു പ്രബോധകന്റെയും ഇണക്കുണ്ടാവേണ്ട ഏറ്റവും സുപ്രധാന ഗുണം ക്ഷമയും സ്ഥൈര്യവുമാണ്. ‘സഹനശീലര്‍ക്ക് അല്ലാഹു കണക്കില്ലാതെ പ്രതിഫലം നല്‍കും’ എന്ന് ഖുര്‍ആന്‍ പറയുന്നത് അതുകൊണ്ടാണ്. ക്ഷമയുടെയും സഹനത്തിന്റെയും പ്രാധാന്യമാണത് കുറിക്കുന്നത്. പ്രബോധകന്റെ ഭാര്യക്ക് ഈ ഗുണങ്ങളില്ലാതെ പോകുമ്പോഴാണ് തന്റെ ഇണയുടെ സമര്‍പണത്തെയും പ്രവര്‍ത്തനങ്ങളെയും അവള്‍ വിലമതിക്കാതിരിക്കുന്നത്. അല്ലാഹുവിന്റെ ദീനിനും അതിന്റെ പ്രബോധനത്തിനുമായി സ്വന്തത്തെ വെടിയുകയാണ് ഞങ്ങള്‍.

സമര്‍പ്പണമില്ലാതെ ഒരു ആശയവും എവിടെയും എത്തില്ല. പ്രത്യേകിച്ചും ദീനിന്റെ ആശയങ്ങള്‍. പ്രവാചകന്‍(സ)ല്‍ നമുക്കതിന് ഉദാത്ത മാതൃകയുണ്ട്. ദൈവിക വചനത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ബഹുദൈവാരാധകരും ഖുറൈശികളും അദ്ദേഹത്തെ ദ്രോഹിച്ചു. സഹാബിമാരും ഖലീഫമാരും അതേ പാത തന്നെയാണ് സ്വീകരിച്ചത്. സമര്‍പണത്തിലൂടെയും പോരാട്ടങ്ങളിലൂടെയും ക്ഷമയിലൂടെയും അതിപ്പോള്‍ നമ്മിലേക്ക് എത്തിയിരിക്കുന്നു. ജയിലിന് ഒരിക്കലും ശൈഖിന്റെ ചിന്തയെ തടവിലിടാനാവില്ല. പരീക്ഷണത്തിന്റെ തീക്ഷ്ണതക്കനുസരിച്ച് അത് കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

അധിനിവേശകര്‍ക്ക് മസ്ജിദുല്‍ അഖ്‌സ തകര്‍ക്കാനുള്ള പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നു. അതിനെ കുറിച്ച് എന്തെങ്കിലും വിവരണം നല്‍കുമോ? അതോടൊപ്പം തന്നെ ഖുദ്‌സിന്റെ ജൂതവല്‍കരണത്തെ കുറിച്ച് എന്താണ് പറയുന്നത്?
ഖുദ്‌സിനെ ജൂതവല്‍കരിക്കാനും മസ്ജിദുല്‍ അഖ്‌സ പിടിച്ചെടുക്കാനും അവര്‍ എത്ര തന്നെ ശ്രമിച്ചാലും ‘അല്‍അഖ്‌സ’യുടെ മണ്ണും വിണ്ണും നമ്മുടേതാണെന്നത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മസ്ജിദുല്‍ അഖ്‌സ അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു ദൃഷ്ടാന്തമാണെന്നാണ് നാം വിശ്വസിക്കുന്നത്. അതിന്റെ കാര്യത്തില്‍ ഒരാള്‍ വിട്ടുവീഴ്ച്ച കാണിക്കുന്നുവെങ്കില്‍ ദീനിന്റെ കാര്യത്തിലാണവന്‍ വിട്ടുവീഴ്ച്ച കാണിക്കുന്നത്. അല്ലാഹു പറയുന്നു: ”തന്റെ ദാസനെ, ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനുവേണ്ടി മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് -അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്- ഒരു രാവില്‍ സഞ്ചരിപ്പിച്ചവന്‍ പരിശുദ്ധനത്രെ.” എന്റെ അഭിപ്രായത്തില്‍ മസ്ജിദുല്‍ അഖ്‌സയുടെ പ്രശ്‌നം മുസ്‌ലിം സമുദായത്തില്‍ വിസ്‌ഫോടനം സൃഷ്ടിക്കും. ഓരോ രാഷ്ട്രവും അതിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വ്യാപൃതമാണെങ്കിലും പുതിയ പ്രതീക്ഷയും പ്രത്യാശയും അത് പകര്‍ന്നു നല്‍കും.

മസ്ജിദുല്‍ അഖ്‌സക്ക് നേരെ നിരന്തരം ആസൂത്രണങ്ങള്‍ നടക്കുന്നുണ്ട്. ഓരോ നിമിഷവും പുതിയ കാര്യങ്ങള്‍ അവിടെ സംഭവിക്കുന്നു. അത് തകര്‍ത്ത് അവിടെയുണ്ടായിരുന്നുവെന്ന് അവര്‍ വാദിക്കുന്ന ജൂത ദേവാലയം പണിയാനാണ് അവരുദ്ദേശിക്കുന്നത്. മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌കരിക്കാനെത്തുന്നവര്‍ക്ക് പ്രായപരിധികള്‍ അവര്‍ നിശ്ചയിച്ചിരിക്കുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ അകറ്റി നിര്‍ത്തുന്നു. അതിന്റെ ഗേറ്റുകള്‍ അടച്ചിടുന്നു. അതേസമയം കുടിയേറ്റക്കാര്‍ നിത്യേനെ അതിക്രമിച്ചു കടക്കുകയും ചെയ്യുന്നു. അതിന്റെ പരിസരത്തെ വീടുകളും കച്ചവട സ്ഥാപനങ്ങളും ഉടമപ്പെടുത്തിയ അവര്‍ ഖബറുകളെ നിന്ദിക്കുന്നു. നമസ്‌കരിക്കാനെത്തിയവരുടെ ബസ്സുകള്‍ അവര്‍ കണ്ടു കെട്ടുകയും ഖുദ്‌സിനും മസ്ജിദുല്‍ അഖ്‌സക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മാന്യന്മാരെ അറസ്റ്റ് ചെയ്യുകയും ജൂത ആഘോഷങ്ങളും കൂട്ടമായുള്ള അതിക്രമിച്ചു കടക്കലുകളും അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറ്റി മറിക്കാന്‍ അല്ലാഹുവിന് കണ്ണടച്ച് തുറക്കുന്ന സമയം മതി.

നിങ്ങളുടെ കാഴ്ച്ചപ്പാടില്‍ ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള പരിഹാരമെന്താണ്?
മുസ്‌ലിം സമുദായം ഖുര്‍ആനിലേക്കും പ്രവാചകചര്യയിലേക്കും മടങ്ങുക എന്നത് മാത്രമാണ് അതിനുള്ള ഏക പരിഹാരം. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. സമാധാന ചര്‍ച്ചകള്‍ ഒരു ഫലവുമില്ലാത്ത നീക്കങ്ങളാണ്. അടിസ്ഥാന ആവശ്യങ്ങളില്‍ നിന്ന് ഫലസ്തീനികളുടെ ശ്രദ്ധ തിരിക്കലും അടിസ്ഥാന തത്വങ്ങളില്‍ അവരെ വിട്ടുവീഴ്ച്ചക്ക് പ്രേരിപ്പിക്കലും മാത്രമാണ് അതില്‍ നടക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നവും മസ്ജിദുല്‍ അഖ്‌സയുടെ പ്രശ്‌നവും ഫലസ്തീനികളുടെ മാത്രം പ്രശ്‌നമല്ല. മറിച്ച മുഴുവന്‍ സമുദായത്തിന്റെയും പ്രശ്‌നമാണത്. അതിനുള്ള പരിഹാരങ്ങളും വഴികളും വിശുദ്ധ ഖുര്‍ആനില്‍ വളരെ വ്യക്തമാണ്.

ലോകത്തെ മുസ്‌ലിം വനിതകളോട്, അവര്‍ക്ക് ഫലസ്തീന്‍ വിഷത്തില്‍ സാധ്യമാകുന്ന സഹായത്തെ കുറിച്ച് എന്ത് നിര്‍ദേശമാണ് നല്‍കാനാഗ്രഹിക്കുന്നത്? അത് സംബന്ധിച്ച് യുവതികളെ ബോധവല്‍കരിക്കാനുള്ള മാര്‍ഗമെന്താണ്?
ഫലസ്തീന്റെയും ഖുദ്‌സിന്റെയും അല്‍അഖ്‌സയുടെയും കാര്യത്തില്‍ അവബോധം വളര്‍ത്തിയെടുക്കണമെന്നാണ് ഒന്നാമതായി മുസ്‌ലിം സ്ത്രീകളോട് ഞാന്‍ ആവശ്യപ്പെടുന്നത്. ഇന്നത്തെ ജീവിതത്തില്‍ വളരെ വ്യാപകമായിട്ടുള്ള സോഷ്യല്‍മീഡിയകളെ അതിനായി ഉപയോഗപ്പെടുത്തണം. അപ്രകാരം സെമിനാറുകളും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഫലസ്തീന്‍ വിഷയത്തില്‍ പരിപാടികള്‍ സംഘടിക്കേണ്ടതുണ്ട്. പലരും വിസ്മരിച്ചു പോകുന്ന ഒരായുധമാണ് പ്രാര്‍ഥന. ‘നിങ്ങള്‍ എന്നോട് തേടുവിന്‍ ഞാന്‍ ഉത്തരം നല്‍കാം’ എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. ആത്മാര്‍ഥമായ പശ്ചാത്താപത്തിലൂടെയും അല്ലാഹുവിലേക്ക് മടങ്ങിയും അവനുമായുള്ള ബന്ധം നാം ശക്തിപ്പെടുത്തണം. അധിനിവേശകര്‍ ഖുദ്‌സ് നിവാസികളുടെയും ഫലസ്തീനികളുടെയും ജീവിതം അനുദിനം ഞെരുക്കി കൊണ്ടിരിക്കുകയാണ്. ഖുദ്‌സ് നിവാസികള്‍ക്കും മസ്ജിദുല്‍ അഖ്‌സക്കും ആവശ്യമായ ഭൗതികവും ആശയപരവുമായ എല്ലാ പിന്തുണയും നല്‍കേണ്ടതുണ്ട്.

വിവ: നസീഫ്‌

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker