Interview

‘കേരളം നല്‍കിയ പിന്തുണ കരുത്തായി’

‘എനിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചത് കേരളത്തില്‍ നിന്നാണ്. അന്ന് മുതല്‍ ഒരാഗ്രഹമായിരുന്നു കേരളക്കാരെ നേരില്‍ കാണുകയെന്നത്’ തിരക്കിനിടയില്‍ വീണു കിട്ടിയ സമയത്തു കഫീല്‍ ഖാന്‍ ഇതു പറഞ്ഞാണ് സംസാരം ആരംഭിച്ചത്.

സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറെ മാസങ്ങളായി ജീവിതത്തില്‍ സംഭവിച്ചത്. അപ്പോഴും കരുത്തായി മാറിയത് ലോകം നല്‍കിയ പിന്തുണയും പ്രാര്‍ത്ഥനയുമാണ്. അതില്‍ എന്നും ഒന്നാം സ്ഥാനം കേരളക്കാര്‍ തന്നെയായിരുന്നു.

‘കുറച്ചുസമയം കൊണ്ട് തന്നെ കേരളത്തെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ലോകത്തില്‍ ഇത്രമാത്രം പ്രതികരണ സ്വാഭാവം കാണിക്കുന്ന ഒരു ജനതയെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിരട്ടി ജനങ്ങള്‍ ഉത്തര്‍പ്രദേശിലുണ്ട്. യു.പി കേരളത്തിന്റെ അവസ്ഥയിലേക്ക് വരാന്‍ ഇനിയും ഒരു പാട് കാലം പിടിക്കും’ കഫീല്‍ ഖാന്‍ അത് പറയുമ്പോള്‍ അയാളുടെ മുഖത്തെ സന്തോഷം ഞാന്‍ ശ്രദ്ധിച്ചു. ‘കേസിന്റെ മെറിറ്റ് കോടതി തള്ളിയത് കാരണം ജോലിയില്‍ തിരിച്ചു കയറാം എന്നാണു പ്രതീക്ഷ. ഇപ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പു കാരണം എല്ലാവരും ആ വഴിക്കാണ്. അത് കഴിഞ്ഞാല്‍ ഒരു തീരുമാനമാകും എന്നാണ് പ്രതീക്ഷിക്കുന്നത്’.

‘കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നമായി കാണാനാണ് താല്‍പര്യം’. അത് പറയുമ്പോള്‍ ഒരു ഭയം അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു. ഭരണകൂട ഭീകരത എത്ര മാത്രം ശക്തമാണെന്ന് പറയാതെ തന്നെ നമുക്കു അനുഭവപ്പെടും. മനുഷ്യത്വം എന്നത് ഇപ്പോഴും ഭൂമിയില്‍ നിലനില്‍ക്കുന്നു എന്നതിന് തന്റെ ജീവിതം തെളിവാണെന്ന് കഫീല്‍ പറഞ്ഞു. ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ കേരളത്തില്‍ എത്തി പിന്തുണയ്ക്ക് നന്ദി പറയാന്‍ ആഗ്രഹിച്ചിരുന്നു. അത് സാധിച്ചതില്‍ അദ്ദേഹം ദൈവത്തിനു നന്ദി പറഞ്ഞു. എല്ലാവരും അവരുടെ ലോകത്തേക്ക് ചുരുങ്ങിയ വടക്കേ ഇന്ത്യയില്‍ നിന്നും പൊതു സമൂഹമായി വളര്‍ന്ന കേരളം എന്നും മാതൃക തന്നെ ആണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.

ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അദ്ദേഹം വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോളിഡാരിറ്റി ഒരുക്കുന്ന സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കും. ഒരു ജീവിതത്തിന്റെ ദുരിതം മുഴുവന്‍ കുറച്ചു മാസങ്ങള്‍ കൊണ്ട് നേരിട്ട ഒരു മനുഷ്യനാണ് എന്റെ മുന്നില്‍ നില്‍ക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വെളുത്തു മെലിഞ്ഞ ആ ശരീരത്തിനുള്ളില്‍ ദൃഢമായ ഒരു മനസ്സുണ്ട് എന്നത് നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. ഭരണകൂടം ഒരുക്കിയ തന്ത്രങ്ങളെ മറികടക്കാന്‍ ലോകവും നല്ല മനുഷ്യരും ഇന്നും ജീവിച്ചിരിക്കുന്നു എന്നത് ശുഭ സൂചനയാണ്. അല്‍പ നേരത്തെ സംസാരത്തിനു ശേഷം ഇനിയും കാണാമെന്ന പ്രതീക്ഷയില്‍ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെട്ടു.

(ഉത്തര്‍പ്രദേശിലെ ഗൊരക്പൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായിരുന്ന ഡോ. കഫീല്‍ ഖാന്‍ കേരള സന്ദര്‍ശനത്തിനിടെ കോഴിക്കോട് വെച്ച്  ‘ഇസ്‌ലാം ഓണ്‍ലൈവിന്’ അനുവദിച്ച അഭിമുഖത്തില്‍ നിന്നും)

 

Facebook Comments
Show More

Related Articles

Close
Close