Current Date

Search
Close this search box.
Search
Close this search box.

Interview

ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനം ഇസ്‌ലാമിനെ കുറിച്ച അജ്ഞത

Mohamed-Bechari.jpg

ഫ്രഞ്ച് നാഷണല്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിംസ് (French National Federation of Muslims) പ്രസിഡന്റും ഇസ്‌ലാമിക് യൂറോപ്യന്‍ കോണ്‍ഫറന്‍സ് (Islamic European Conference) ജനറല്‍ സെക്രട്ടറിയുമാണ് ഡോ. മുഹമ്മദ് ബശാരി. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മേല്‍ ഭീകരമുദ്ര ചാര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. ഇസ്‌ലാമിനെ കുറിച്ച ശരിയായ അധ്യാപനങ്ങളുടെ അഭാവവും മാധ്യമങ്ങളുടെ തെറ്റായ പ്രചാരണങ്ങളും പാശ്ചാത്യലോകത്ത് ഇസ്‌ലാമിനെ കുറിച്ച തെറ്റായ ഒരു ചിത്രം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഈയടുത്ത് കെയ്‌റോ സന്ദര്‍ശിച്ച വേളയില്‍ ‘അല്‍വഅ്‌യുല്‍ ഇസ്‌ലാമി’ മാസികക്ക് അദ്ദേഹം അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ:

ഒരുപക്ഷേ പാശ്ചാത്യലോകത്ത്, പ്രത്യേകിച്ചും ഇസ്‌ലാമിന്റെ പേരില്‍ ചില ഭീകരസംഘങ്ങള്‍ രംഗത്ത് വന്നതിന് ശേഷം അവിടത്തെ മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും അപകടകരമായ ഒരു പ്രശ്‌നമായിരിക്കാം ഇസ്‌ലാമോഫോബിയ. അവിടെയുടെ മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം എന്തൊക്കെയാണ് അതിന്റെ പ്രതിഫലനങ്ങള്‍?
– പാശ്ചാത്യ ലോകത്തെ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇസ്‌ലാമോഫോബിയ എന്നതില്‍ ഒരു സംശയവുമില്ല. അവരുടെ സ്വാതന്ത്ര്യങ്ങള്‍ക്ക് പോലും നിയന്ത്രണം വരുന്ന വ്യവസ്ഥകള്‍ അവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നത് അതിനെ തുടര്‍ന്നാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്‌ലിം വിരുദ്ധ നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നത് അതിന്റെ ഉദാഹരണമാണ്. ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അക്രമത്തിനും നിരപരാധികളുടെ രക്തംചിന്താനും പ്രേരിപ്പിക്കുന്നതാണെന്നും ഇസ്‌ലാം അക്രമണോത്സുകതയുടെയും ഭീകരതയുടെയും മതമാണെന്നുമുള്ള ധാരണ വലിയൊരു വിഭാഗം പാശ്ചാത്യരുടെ മനസ്സുകളില്‍ അടിയുറച്ച് പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏതൊരാക്രണം ഉണ്ടാകുമ്പേഴേക്കും അതിന്ന് പിന്നില്‍ മുസ്‌ലിംകളാണെന്ന കേവലം ആരോപണം കൊണ്ടു തന്നെ മുസ്‌ലിം വിരുദ്ധ മാനസികാവസ്ഥ വ്യാപകമാകുന്നു. രാജ്യത്ത് മുസ്‌ലിംകള്‍ അകറ്റിനിര്‍ത്തപ്പെടുന്ന ഒരവസ്ഥയിലേക്കാണത് എത്തിക്കുന്നത്.

പാശ്ചാത്യന്‍ ഇസ്‌ലാമിനെ അക്രമത്തിന്റെയും ഭീകരതയുടെയും മതമായിട്ടാണ് മനസ്സിലാക്കുന്നതെന്ന് താങ്കള്‍ പറഞ്ഞല്ലോ, എന്താണ് പ്രസ്തുത അവസ്ഥയുടെ യഥാര്‍ഥ കാരണം? എന്തുകൊണ്ട് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചിത്രം ബോധപൂര്‍വം വികൃതമാക്കപ്പെടുന്നു?
– ഈ ചോദ്യം ചോദിച്ചതിന് ആദ്യമേ താങ്കളോട് നന്ദി രേഖപ്പെടുത്തുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഭീകരമുദ്ര ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സ്വാഭാവികമായും കൃത്യമായ ലക്ഷ്യമുണ്ട്. പാശ്ചാത്യ മനസ്സുകളില്‍ ഇസ്‌ലാമിന്റെ ചിത്രം വികൃതമാക്കലും ആരും ഇസ്‌ലാം ആശ്ലേഷിക്കുന്നതിനെ കുറിച്ച് ആലോചിക്കാത്ത സാഹചര്യം ഒരുക്കലുമാണത്. അവിടെ മുസ്‌ലിംകള്‍ ഉണ്ടാവരുത്, അഥവാ ഉണ്ടെങ്കില്‍ തന്നെ വളരെ ചെറിയൊരു ന്യൂനപക്ഷമായിരിക്കണം അവര്‍. ഇസ്‌ലാമിനെയും അതിന്റെ ചൊവ്വായ അധ്യാപനങ്ങളെയും സംബന്ധിച്ച അജ്ഞതയുടെ ഫലമാണത്. മാധ്യമങ്ങളുടെ തെറ്റായ പ്രചരണങ്ങളും പാശ്ചാത്യ മനസ്സുകളില്‍ ഇസ്‌ലാമിന്റെ വികൃതമായ ചിത്രം ഒരുക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.

പാശ്ചാത്യ ചിന്തകളിലും മനസ്സുകളിലും ഇസ്‌ലാമിന്റെ ചിത്ര വികൃതമാക്കുന്നതില്‍ ഓറിയന്റലിസ്റ്റ് രചനകള്‍ സുപ്രധാന പങ്കുഹിച്ചിട്ടുണ്ട്. വസ്തുനിഷ്ഠാപരമായോ നിഷ്പക്ഷമായോ ആയിട്ടല്ല അവര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഇസ്‌ലാമിനെ കൈകാര്യം ചെയ്തത്. മാത്രമല്ല, മുന്‍വിധികളോടെയാണവര്‍ ഇസ്‌ലാമിനെ സമീപിച്ചത്. അതുകൊണ്ടു തന്നെ ഇസ്‌ലാമിനെതിരെ നീചമായ ആരോപണങ്ങള്‍ അവര്‍ ഉയര്‍ത്തി. അതിനുപുറമെ അധിക പാശ്ചാത്യ രാഷ്ട്രങ്ങളിലെയും കരിക്കുലങ്ങള്‍ പരിചയപ്പെടുത്തുന്ന ഇസ്‌ലാമിന്റെയും ഈയടുത്തകാലത്ത് രംഗത്ത് വന്ന ഭീകരസംഘടനകളുടെയും ചിത്രങ്ങളും ഇസ്‌ലാമിനെ കുറിച്ച തെറ്റായ ചിത്രം ഒരുക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.

ഇസ്‌ലാമിന്റെ പേരില്‍ ഭീകവാദസംഘടനകള്‍ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ എങ്ങനെയാണ് പാശ്ചാത്യ ലോകം അതിനോട് പ്രതികരിക്കുന്നത്?
– ചില ഭീകരസംഘടനകളുടെ വളരെ നിന്ദ്യമായ ആക്രമണങ്ങളോട് പാശ്ചാത്യരുടെ പ്രതികരണത്തിലും വൈവിധ്യങ്ങളുണ്ട്. യുക്തിപരമായി അതിനെ സമീപിക്കുന്നവരും അതിന്റെ പേരില്‍ ഇസ്‌ലാമിനെ വെറുക്കുന്നവരുമുണ്ട്. പാശ്ചാത്യരെല്ലാം ഒരുപോലെയല്ല. ഈ ഭീകരസംഘടനകള്‍ യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെയല്ല പ്രതിനിധീകരിക്കുന്നതെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ സാധ്യമാവുന്ന രീതിയില്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇസ്‌ലാമെന്നത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും ദര്‍ശനമാണെന്നും നീതിയും കൂടിയാലോചനയും കാരുണ്യവും നന്മയും വിട്ടുവീഴ്ച്ചയുമെല്ലാമാണ് അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ എന്നും ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്.

ഇസ്‌ലാമിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പാശ്ചാത്യലോകത്തെ മുസ്‌ലിംകള്‍ എന്ത് നിലപാടാണ് അതിനോട് സ്വീകരിക്കുന്നത്?
– സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ദര്‍ശനമായ ഇസ്‌ലാമിന് ദുഷ്‌പേരുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുന്നവരാണ് ഇവിടത്തെ മുസ്‌ലിംകള്‍. എന്നാല്‍ ഈ ഭീകരസംഘടനകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നത് മുസ്‌ലിം യുവാക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനാണെന്നത് ദുഖകരമാണ്. യുവാക്കളിലുള്ള, പ്രത്യേകിച്ചും ഇസ്‌ലാമിനെ കുറിച്ച് ശരിയായ ബോധമില്ലാത്തവരിലെ ആവേശത്തെ ദുരുപയോഗപ്പെടുത്താനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നത്. എന്തൊക്കെയാണ് ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നത് എന്തൊക്കെയാണ് അനുവദിക്കാത്തത് എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കാത്തവരെയാണ് അവ ലക്ഷ്യംവെക്കുന്നത്.

മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ ഇസ്‌ലാമിന്റെ ചിത്രം വികൃതമാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് താങ്കള്‍ പറഞ്ഞല്ലോ, എങ്ങനെയാണത്?
– ഇക്കാലത്ത് വാര്‍ത്താമാധ്യമങ്ങള്‍ക്ക് സുപ്രധാനമായ സ്ഥാനമാണുള്ളതെന്ന് നമുക്കറിയാം. ആധുനിക ലോകത്തിന്റെ മൂന്ന് അടിസ്ഥാനങ്ങളാണ് രാഷ്ട്രീയം, സാമ്പത്തികം, മാധ്യമങ്ങള്‍ എന്നിവ. അതില്‍ സമൂഹത്തിന്റെ എല്ലാ തട്ടിലും സ്വാധീനം ചെലുത്തുന്ന ഒന്നാണ് മാധ്യമങ്ങള്‍. കുറഞ്ഞ സമയം കൊണ്ട് അവ വ്യാപകമായി വിവരകൈമാറ്റം ചെയ്യുന്നു എന്നതിനാലാണത്. കാഴ്ച്ച, കേള്‍വി, വായന തുടങ്ങിയവയെ പരിഗണിച്ച് പല രൂപങ്ങളും അതിനുണ്ട്. വ്യക്തികളുടെ കാഴ്ച്ചപ്പാടുകളും ചിന്തകളും ഒരുക്കുന്നതിലും അവ പങ്കുവഹിക്കുന്നു.

മനുഷ്യന്റെ ചിന്തയും മാനസികാവസ്ഥയും ഒരുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് താങ്കള്‍ പറഞ്ഞു. മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് അവയെ എങ്ങനെ ഉപയോഗിക്കാനാവും?
– നേരത്തെ പറഞ്ഞതു പോലെ ഇക്കാലത്ത് മാധ്യമങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ഓരോ ജനതയുടെയും ജീവിതത്തില്‍ അത് വലിയ പങ്കുവഹിക്കുന്നു. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള അവയുടെ കഴിവിന്റെ ഫലമാണത്. ക്രിയാത്മകമായ ചിന്തകളാണ് അവ പങ്കുവെക്കുന്നതെങ്കില്‍ അതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അപകടകരമായ ചിന്തകള്‍ അതിലൂടെ പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ് പ്രശ്‌നം. വ്യതിചലിച്ച ചിന്തകളും തീവ്രവാദ ആശയങ്ങളും അതിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. മാധ്യമങ്ങള്‍ യുവാക്കളെ ശരിയായ പാതയിലേക്ക് നയിക്കുന്ന ശരിയായ ചിന്തകളെ പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണ്. വഴിപിഴച്ച ചിന്തകളില്‍ നിന്ന് അവരെ സംരക്ഷിക്കുകയും വേണം.

മൊഴിമാറ്റം: നസീഫ്‌

Related Articles