അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാനും അവരുടെ തെറ്റിധാരണകള്‍ നീക്കാനും വേണ്ടി 2008-ലാണ് സയ്യിദ് ഹാമിദ് മുഹ്‌സിന്‍ ബംഗ്ലളൂരുവില്‍ സലാം സെന്ററിന് തുടക്കം കുറിച്ചത്. അതിന്റെ ആദ്യഘട്ടത്തില്‍ ‘ഖുര്‍ആന്‍ എല്ലാവര്‍ക്കും’ എന്ന തലക്കെട്ടില്‍ നടത്തിയ കാമ്പയിന്‍ ശ്രദ്ധേയമായിരുന്നു. അമുസ്‌ലിംകള്‍ക്കിടയില്‍ ഖുര്‍ആന്‍ വായിക്കാന്‍ പ്രേരണ നല്‍കുന്ന തരത്തിലുള്ള ഒന്നായിരുന്നു അത്. ഖുര്‍ആന്‍ വായനയിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ട് ബംഗ്ലൂര്‍ സിറ്റിയിലെ പ്രധാനപ്പെട്ട മുപ്പതിടങ്ങളില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സെന്റര്‍ സ്ഥാപിച്ചു. അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് അതുണ്ടാക്കിയത്. ഖുര്‍ആന്‍ പരിഭാഷകളും ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച പുസ്തകങ്ങളും അടങ്ങിയ ഗിഫ്റ്റ് പാക്ക് സ്വീകരിക്കാന്‍ നൂറുകണക്കിനാളുകള്‍ സെന്ററിനെ സമീപിച്ചു. വ്യത്യസ്ത ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ വിവിധ കോടതികള്‍ക്കും പോലീസ് ആസ്ഥാനങ്ങള്‍ക്കും, ലൈബ്രറികള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ക്കും സെന്റര്‍ വിതരണം നടത്തുകയും ചെയ്തു. പുസ്തകമേളകളില്‍ സ്റ്റാളുകള്‍ സ്ഥാപിച്ചും ദൈവിക സന്ദേശം ലക്ഷക്കണക്കിന് ആളുകളിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ചിന്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാഹിത്യകാരന്‍മാര്‍, സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി നടത്തിയ ഇടപഴകലുകളിലൂടെ അവരുടെ മനസ്സുകള്‍ വായിക്കാനും വലിയ അനുഭവ സമ്പത്ത് നേടാനും മുഹ്‌സിന് സാധിച്ചു. വായനക്കാരുടെ പ്രത്യേകാവശ്യങ്ങള്‍ പരിഗണിച്ച് പുസ്തകങ്ങള്‍ രചിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. രണ്ടു വര്‍ഷക്കാലയളവിനുള്ളില്‍ അദ്ദേഹം ഇംഗ്ലീഷില്‍ മൂന്ന് പുസ്തങ്ങള്‍ രചിക്കുകയും ചെയ്തു. Follow Me, Islam For You, Islam: Facts vs. Fiction എന്നിവയാണവ. ഉര്‍ദു, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെയും ആരാധനകളെയും കുറിച്ച് അവബോധം ഉണ്ടാക്കി കൊണ്ട് ആയിരക്കണക്കിന് കൈകളില്‍ അവ എത്തിയിട്ടുണ്ട്. അവയുടെ ഈ വേര്‍ഷനുകളെല്ലാം ഇന്റര്‍നെറ്റിലും ലഭ്യമാക്കി.തന്റെ അനുഭവങ്ങളെക്കുറിച്ച് മുഹ്‌സിന്‍ സംസാരിക്കുന്നു.
* Islam: Facts vs. Fiction എന്ന പുസ്തകം നിങ്ങള്‍ രചിച്ചതാണല്ലോ. ഇതേ വിഷയത്തില്‍ മറ്റു പല എഴത്തുകാരുടെയും പുസ്തകങ്ങളുണ്ട്. ഇതില്‍ നിന്നും നിങ്ങളുടെ രചനക്കുള്ള പ്രസക്തിയെന്താണ്?
– ഈ വിഷയത്തില്‍ വേറെയും എഴുത്തുകാര്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചായിരുന്നു അവര്‍ രചന നിര്‍വഹിച്ചത്. ഇസ്‌ലാം-മുസ്‌ലിം കാഴ്ച്ചപ്പാടുകള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് 250 പേജുകളുള്ള ഈ പുസ്തകത്തില്‍ ഞാന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതൊരു ഖേദപ്രകടനമോ മറുപടി പറച്ചിലോ അല്ല. കൃത്യമായ തെളിവുകളുടെ പിന്‍ബലത്തോടെയാണ് ഓരോ കാര്യവും അതില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചരിത്രത്തില്‍ നിന്നും സാമൂഹ്യ ശാസ്ത്രത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നുമെല്ലാം അതിന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ക്കെതിരെ പ്രതിരോധിക്കുന്ന ശൈലിയിലല്ല ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അതുകൊണ്ടു തന്നെ നവ മനസ്സുകള്‍ക്ക് ഉപകാരപ്പെട്ടേക്കാം.
* ഈ പുസ്തകം രചിച്ചതിന് പിന്നില്‍ താങ്കള്‍ക്ക് പ്രത്യേകമായ എന്തെങ്കിലും ലക്ഷ്യമുണ്ടോ?
– പ്രധാനമായും മൂന്ന് ഘടകങ്ങളാണ് എന്നെ ഇതിന് പ്രേരിപ്പിച്ചത്. മുസ്‌ലിംകളെ കുറിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്ന പക്ഷപാതപരമായ ധാരാളം ചരിത്രരചനകള്‍ നിലനില്‍ക്കുന്നുണ്ടെന്നതാണ് അതില്‍ ഒന്നാമത്തേത്. ഇസ്‌ലാം, മുസ്‌ലിം, ശരീഅത്ത്, ഫത്‌വ പോലുള്ള കാര്യങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് അറിവില്ലെന്നതാണ് രണ്ടാത്തെ പ്രേരകം. പടിഞ്ഞാറന്‍ നാടുകളില്‍ ഒരു വ്യവസായം പോലെ വളരുന്ന ഇസ്‌ലാമോഫോബിയയാണ് മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ ഘടകം. അത് ആളുകളെ ഇസ്‌ലാമില്‍ നിന്ന് ഭീതിയോടെ അകറ്റി നിര്‍ത്തുകയും ഇസ്‌ലാമിനെ കുറിച്ച ഭീകരമായ വാര്‍പ്പുമാതൃകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മറ്റുള്ളവരെ മുസ്‌ലിംകളില്‍ നിന്ന് അകറ്റുന്നതിന് കാരണമാകുന്നു. ഇതെല്ലാം സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ത്തുകയും വിഷം കുത്തിവെക്കുകയും ചെയ്യുന്നു.
* ഇസ്‌ലാമോഫോബിയയെ കുറിച്ച് ചെറിയ രൂപത്തില്‍ ഒന്നു വിശദീകരിക്കുമോ?
– ആയുധ നിര്‍മാണ ലോബികള്‍ എപ്പോഴും സമാധാനത്തെ ഭയക്കുന്നു. രാഷ്ട്രങ്ങള്‍ യുദ്ധത്തിന് കോപ്പുകൂട്ടി നിലകൊള്ളുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. അതിലൂടെ മാത്രമേ അവര്‍ക്ക് ലാഭം കൊയ്യാനാവൂ എന്ന തിരിച്ചറിവാണതിന് കാരണം. എന്നാല്‍ യുദ്ധം പെട്ടന്ന് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല. മനസ്സുകളെ അതിന് വേണ്ടി ഒരുക്കിയെടുക്കണം. ജനങ്ങളെ അതിന് മാനസികമായി തയ്യാറാക്കുന്നതിന് പ്രത്യേക രാഷ്ട്രങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ പ്രചാരണങ്ങള്‍ നടക്കേണ്ടതുണ്ട്. അഫ്ഗാന്‍, ഇറാഖ്, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഹതഭാഗ്യരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ന്യായീകരണം കണ്ടെത്തിയത് ഭീകരവാദത്തിന്റെ സിദ്ധാന്തങ്ങള്‍ കൊണ്ടായിരുന്നു. അതിന് വേണ്ടി മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ഭീകരപ്രവര്‍ത്തനങ്ങളില്‍ കുറ്റവാളികളാക്കി കൊണ്ടുള്ള നിരവധി ഗവേഷണങ്ങള്‍ ഉണ്ടാക്കിയെടുത്തു. ഇസ്‌ലാമിന്റെ ചിത്രം വികലമാക്കുന്നതിന് ജിഹാദ്, ഫത്‌വ, ശിയാ, സുന്നി, വഹാബി, സലഫി, ശഹീദ് തുടങ്ങിയ സാങ്കേതിക പദങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഇസ്‌ലാമെന്നു കേള്‍ക്കുമ്പോള്‍ താടിവെച്ച ഒരു തോക്കുധാരി ക്രൂരമായ കണ്ണുകളോടെ റോന്തുചുറ്റുന്ന ചിത്രം ഉയര്‍ന്നു വരുന്ന അന്തീക്ഷം അതിലൂടെ സൃഷ്ടിക്കപ്പെട്ടു. അമേരിക്കയുടെ ഭീകരതക്കെതിരെയുള്ള യുദ്ധവും മതിയായ പ്രചരണങ്ങള്‍ നടത്തി. ഭീകരതക്കെതിരെയുള്ള യുദ്ധം കൂടുതല്‍ അക്രമണങ്ങളിലേക്കും പ്രതികാര പരമ്പരകളിലേക്കുമാണ് നയിച്ചിട്ടുള്ളത് എന്നതാണ് വസ്തുത. മനസ്സുകളില്‍ വെറുപ്പും വിദ്വേഷവും സ്ഥാനം പിടിക്കുമ്പോള്‍ അക്രമണോത്സുകമായ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുന്നു.
പാശ്ചാത്യര്‍ ഒരു വശത്ത് ഏകാധിപതികളും സ്വേച്ഛാധിപതികളുമായ മുസ്‌ലിം നാടുകളിലെ രാജാക്കന്‍മാരെ അംഗീകരിക്കുകയും രഹസ്യധാരണയിലൂടെ അവരെ ഉപയോഗപ്പെടുത്തി പ്രദേശത്തെ തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യിക്കുകയുമാണ് ചെയ്യുന്നത്. മിഡിലീസ്റ്റിന്റെ ഹൃദയഭാഗത്ത് അറബ് നാടുകള്‍ അധിനിവേശം നടത്തി ഇസ്രയേലിന് ഇടം നല്‍കിയത് അവരാണ്. ഫലസ്തീനികളുടെ മണ്ണും വെള്ളവും കൈവശപ്പെടുത്തി മതില്‍ കെട്ടി വേര്‍തിരിച്ചിരിക്കുകയാണ് അവര്‍. മധ്യപൗരസ്ഥ നാടുകള്‍ക്കിടിയില്‍ യുദ്ധം ഉണ്ടാക്കുന്നതിനാണ് പാശ്ചാത്യര്‍ ഇതെല്ലാം ചെയ്യുന്നത്. ഭീകരതയെന്ന പിശാചിനെ സൃഷ്ടിക്കുന്നതിന് വേണ്ടി പാശ്ചാത്യര്‍ ഉണ്ടാക്കിയെടുത്ത കാര്യങ്ങളാണിതെന്ന് പുസ്തകം വരച്ചു കാണിക്കുന്നുണ്ട്. ഭീകരതക്കും അനീതിക്കുമിടയിലെ ബന്ധം പുറത്തു കൊണ്ടുവരികയെന്നതാണ് ഈപുസ്തകത്തിന്റെ ലക്ഷ്യം. ആശയപരമായ കാര്യങ്ങള്‍ അക്രമത്തിലൂടെയല്ല, ബുദ്ധിപരമായാണ് കൈകാര്യം ചെയ്യേണ്ടത്.
* നിങ്ങളുടെ ഈ പുസ്തകം കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ഏതാണ്?
– ഈ പുസ്തകത്തില്‍ പരമാര്‍ശിക്കുന്ന എല്ലാ വിഷയങ്ങളും പ്രധാനം തന്നെയാണ്. എന്നാല്‍ ശ്രദ്ധേയമായ ചില വിഷയങ്ങള്‍ക്ക് അതില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ലോകം ഒരു നാലാം ലോകയുദ്ധത്തിന്റെ വക്കിലാണെന്നത് അവയിലൊന്നാണ്. അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിനും അമേരിക്കയും നടത്തിയതായിരുന്നു മൂന്നാം ലോകയുദ്ധം. അതിനെ തുടര്‍ന്ന് ഊര്‍ജ്ജ സ്രോതസ്സുകള്‍ അന്വേഷിച്ചിറങ്ങിയ അമേരിക്കയുടെ കണ്ണുകള്‍ പതിഞ്ഞത് മിഡിലീസ്റ്റിലെ എണ്ണക്കിണറുകളിലായിരുന്നു. അതുകൊണ്ട് അവിടെ ഒരു യുദ്ധം ഉണ്ടാക്കുന്നതിനുള്ള പ്രേരണകള്‍ അവര്‍ ആരംഭിച്ചു. രണ്ടാമത്തെ ശക്തിയായിരുന്ന സോവിയറ്റ് യൂണിയന്‍ പിരിച്ചു വിട്ടതോടെ തങ്ങളുടെ ‘കൊടിയ ശത്രു’വായി അവര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെ കണ്ടെത്തി, അവക്കെതിരെയായിരുന്നു അവരുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. സോവിയറ്റുകള്‍ വെളുത്ത തൊലിയുള്ളവരായതു കൊണ്ട് അവരെ ലക്ഷ്യമിടുക എളുപ്പമായിരുന്നില്ല. അവരുടെ തൊലിയുടെ നിറവും വ്യത്യസ്തമായ ആഹാരരീതിയും വസ്ത്ര ധാരണവും സംസ്‌കാരവും മുസ്‌ലിംകളെ ലക്ഷ്യം വെക്കുകയെന്നത് എളുപ്പമാക്കി. ടെലിവിഷന്‍ സ്‌ക്രീനുകളിലും, പത്രമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും ഈ യുദ്ധം നിറഞ്ഞു നിന്നു. ഈ യുദ്ധത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളും പാശ്ചാത്യ പക്ഷമാണ് പിടിച്ചത്. ഇസ്‌ലാമിന് മേല്‍ അത് വെറുപ്പിന്റെ അണുക്കള്‍ കുത്തിവെച്ചു.
* ഈ പുസ്തകം മുസ്‌ലിംകള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതാണോ?
– യുവസമൂഹത്തിന്റെ മനസ്സില്‍ പാശ്ചാത്യര്‍ സൃഷ്ടിച്ചെടുത്ത ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ തിരുത്തുന്നതിന് സഹായിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ അതിലുണ്ട്. ഇന്നത്തെ മുസ്‌ലിം യുവത ചിന്തിക്കാത്തവരും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അപ്പുറമുള്ള കാര്യങ്ങള്‍ വായിക്കാത്തവരുമാണ്. തങ്ങളുടെ സംസ്‌കാരം, ചരിത്രം, ആദര്‍ശം, സാഹിത്യം എന്നിവയെക്കുറിച്ചൊന്നും അവര്‍ക്ക് അവബോധമില്ല. നിരവധി വസ്തുതകളാല്‍ ക്രോഡീകരിക്കപ്പെട്ട ഈ പുസ്തകം അവര്‍ക്ക് ഏറെ പ്രയോജനപ്പെടും.
* താങ്കളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുസ്‌ലിംകള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?
– നമ്മളുമായി അടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. വര്‍ഗീയ ന്യൂനപക്ഷങ്ങള്‍ വളരെ ചെറിയ ന്യൂനപക്ഷമാണ് സമൂഹത്തെ മുഴുവന്‍ സ്വാധീനിക്കാന്‍ ശേഷിയില്ലാത്തവയുമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ വലിയൊരു വിഭാഗം സമാധാനവും സൗഹാര്‍ദവും കാംക്ഷിക്കുന്നവരാണ്. അവര്‍ക്ക് ഇസ്‌ലാമിന്റെ ശരിയായ സന്ദേശമെത്തിക്കാതിരിക്കുന്നതിലൂടെ വലിയ അക്രമമാണ് നാം അവരോട് ചെയ്യുന്നത്. എന്നുമാത്രമല്ല നാം അവരോട് എന്തു ചെയ്തു എന്നതിനെ കുറിച്ച് ചിന്തിക്കാത്ത നാം, അവര്‍ നമ്മോട് എന്തു ചെയ്തു എന്നതിനെ കുറിച്ച് അമിത മായി വ്യാകുലപ്പെടുന്ന എന്നത് വളരെ ദുഖകരമാണ്. ഒരു മുസ്‌ലിം വ്യക്തി ചുരുങ്ങിയത് മൂന്ന് പേര്‍ക്ക് ഖുര്‍ആനിന്റെയും പ്രവാചകന്റെയും സന്ദേശമെത്തിച്ചാല്‍ തന്നെ സമൂഹത്തില്‍ അത് വലിയ ഫലമായിരിക്കും ഉണ്ടാക്കുക.
വിവ : അഹ്മദ് നസീഫ്