Interview

ഇസ്രായേല്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നത് ഖുദുസിന് മാത്രമല്ല, മുസ്‌ലിം ഐക്യത്തിനു കൂടിയാണ്

ഫലസ്തീന്‍ ചീഫ് ജസ്റ്റിസും സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് കോര്‍ട്ടിന്റെ മുന്‍ തലവനുമായ ഡോ. തയ്‌സീര്‍ തമീമിയുമായി  അല്‍ മുജ്തമഅ് ലേഖിക സുമയ്യ സആദ നടത്തിയ സംഭാഷണം.

?മസ്ജിദുല്‍ അഖസാ തകര്‍ക്കാന്‍ വേണ്ടി സിയോണിസ്റ്റുകള്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥത്തിന്റെ അവസ്ഥ എന്താണ്? എങ്ങനെയാണ് അത് പ്രയോഗിക്കുന്നത്?
 
-പാറകളില്‍ നേരിയ വിള്ളലുകള്‍ വരുത്തിക്കൊണ്ട് അതിനെ ചിന്നഭിന്നമാക്കുകയും മണ്ണിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്ന പദാര്‍ഥമാണിത്. സിയോണിസ്റ്റ് പത്രങ്ങളില്‍ തന്നെ ഇതിനെ കുറിച്ച് അച്ചടിച്ചു വന്ന തെളിവുകള്‍ നമ്മുടെ അടുത്ത് ധാരാളമുണ്ട്. മസ്ജിദുല്‍ അഖ്‌സയുടെ അടിത്തറകളിലേക്ക് എത്തിനോക്കാനുള്ളതും കുഴിക്കാനുമുള്ളതുമായ പദ്ധതികളെ അതിനാല്‍ നാം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. വര്‍ഷങ്ങളായി ഇവിടെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ യാഥാര്‍ഥ്യങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ നാം യുനസ്‌കോ വിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ അതിനോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. മാത്രമല്ല, ഈ കുത്സിതശ്രമങ്ങളുടെ അടയാളങ്ങള്‍ ഏവര്‍ക്കും പ്രകടമാകുന്നതാണ്. മസ്ജിദുല്‍ അഖ്‌സായുടെ അടിയിലൂടെ തുരങ്കങ്ങളുടെ തുറന്ന ശൃങ്കല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.  അതിന്റെ ചുമരുകള്‍ക്ക് അതുമൂലം വിള്ളലുകള്‍ സംഭവിക്കുകയും അതിനു ചുറ്റും അതിന്റെ അടയാളങ്ങളും കാണുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് മസ്ജിദുല്‍ അഖ്‌സാ സ്ഥിതിചെയ്യുന്ന പാറകള്‍ ഉരുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ്.

?ഹറം സ്ഥിതി ചെയ്യുന്ന പ്രദേശത്തുകൂടെ സിയോണിസ്റ്റ് വിമാനങ്ങള്‍ പറക്കുന്നതിനെസംബന്ധിച്ച് ഖുദുസിലെ ഇസ്‌ലാമിക സംഘടനകള്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മസ്ജിദുല്‍ അഖ്‌സായെ തകര്‍ക്കാന്‍ സാധിക്കുമോ?

-ഇത്തരത്തിലുള്ള നിരവധി തിരക്കഥകള്‍ സിയണിസ്റ്റുകളുടെ ഭാഗത്ത് നിന്ന് തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ജൂതിസ്റ്റ് തീവ്രവാദികള്‍ നിര്‍മിച്ച ലാവോ എന്ന ശക്തിയുള്ള മിസൈലിനെ കുറിച്ചും അത് അഖ്‌സയുടെ മേല്‍ ചൊരിയുന്നതിനെ കുറിച്ചും മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടണല്‍ നിര്‍മാണത്തിന് ശേഷം ഇതിന്റെ നിര്‍മാണത്തിന് തകരാറ് ബാധിക്കുന്ന ഒരു വിമാനത്തെ അയക്കുന്നതിനെ കുറിച്ചും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭൂകമ്പം പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് അഖ്‌സായുടെ തകര്‍ച്ചക്ക് കാരണമായേക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്തരം പ്രചരണങ്ങളെല്ലാം മസ്ജിദുല്‍ അഖ്‌സയെ തകര്‍ത്ത് തല്‍സ്ഥാനത്ത് ഹൈകല്‍ നിര്‍മിക്കുക എന്ന അവരുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്.

? ഇസ്രാഅ്-മിഅ്‌റാജിന്റെ രാത്രിയില്‍ പ്രവാചകന്‍(സ) പ്രവേശിച്ച വാതില്‍(ബാബുന്നബി) എന്ത് ഭീഷണിയാണ് നേരിടുന്നത്?

-ബാബുന്നബി പിന്നീട് ബാബുല്‍ മുഗാറബ എന്നാണ് അറിയപ്പെട്ടത്. സിയോണിസ്റ്റുകള്‍ അതിനെ ജൂതവല്‍കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 1967-ലെ ഖുദുസ് അധിനിവേശം മുതല്‍ അതിന്റെ താക്കോലുകള്‍ അവര്‍ കയ്യടക്കിവെച്ചിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സായില്‍ അതിലൂടെ മുസ്‌ലിംകള്‍ പ്രവേശിക്കുന്നതിനെ അവര്‍ തടയുകയും ചെയ്യുന്നു. 2006-വരെയുള്ള നിരന്തര ശ്രമങ്ങളിലൂടെ അധിനിവേശ ശക്തികള്‍ അതിന്റെ അവകാശം വീണ്ടെടുത്ത ശേഷം വലിയ സൈനിക ഉപകരണങ്ങളും ആയിരക്കണക്കിന് സൈന്യങ്ങള്‍ക്ക് നിലയുറപ്പിക്കാനുള്ള ഇടവും ലഭിക്കുന്ന രീതിയില്‍ അവിടെ വലിയ കെട്ടിടം നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ്. ഇതിലൂടെ മസ്ജിദുല്‍ അഖ്‌സായെ തകര്‍ക്കുക എന്ന ലക്ഷ്യം എളുപ്പമാകുമെന്നും അവര്‍ കരുതുന്നു.  ജൂത തീവ്രവാദികളുടെ മസ്ജിദു തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ഈ വാതിലില്‍ വരെ എത്തിനില്‍ക്കുകയാണ്. ഈ വാതില്‍ അവലംബിച്ചു കൊണ്ട് മസ്ജിദുല്‍ അഖ്‌സയെ ജൂതന്മാര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വിഭജിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് സിയോണിസ്റ്റുകള്‍. പള്ളിയിലേക്കുള്ള പ്രധാനകവാടം അവര്‍ക്കായിരിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

?ബുറാഖ് മതിലിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

-മസ്ജിദുല്‍ അഖ്‌സയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മതിലാണ് ഇത്. പ്രവാചകന്‍(സ)യുടെ ഇസ്രാഅ് പ്രയാണവുമായി ബന്ധപ്പെടുത്തിയാണ് ഇതിന് ഇപ്രകാരം നാമകരണം ചെയ്യപ്പെട്ടത്. അത് കൈപ്പിടിയിലൊതുക്കാന്‍ ജൂതന്മാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. 1929-ല്‍ ജൂതന്മാര്‍ അഖ്‌സയിലേക്കുള്ള അധിനിവേശ ശ്രമത്തിന്റെ ഭാഗമായി ഈ മതില് വരെ എത്തുകയും അവിടെ അവരുടെ കൊടി നാട്ടുകയും മുസ്‌ലിം വികാരത്തെ വെല്ലുവിളിക്കാനായി അവിടെ നിന്ന് തോറ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തപ്പോള്‍ ഫലസ്തീനികള്‍ ഒന്നടങ്കം ഇതിനെതിരെ ശക്തമായി പോരാടുകയുണ്ടായി. ഫലസ്തീനിലെ എല്ലാ ഗ്രാമങ്ങളും പട്ടണങ്ങളും ഇതില്‍ പങ്കുചേര്‍ന്നു. ബ്രിട്ടീഷ് പ്രാതിനിധ്യ ഭരണകൂടത്തിന് ഇത് നിയന്ത്രിക്കാന്‍ സാധിച്ചില്ല. അപ്രകാരം വിഷയം ലീഗ് ഓഫ് നാഷണിന്റെ മുമ്പിലെത്തുകയും തര്‍ക്കവിഷയമായ ‘ഹാഇതുല്‍ ബറാഖ്’ നെ കുറിച്ച് സൂക്ഷ്മ പഠനം നടത്താന്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരെ കൂടാതെയുള്ള മൂന്നംഗ അന്താരാഷ്ട്ര കമ്മിറ്റിയെ പ്രശ്‌നം പഠിക്കാന്‍ വേണ്ടി നിയമിക്കണമെന്ന് ലീഗ് ഓഫ് നാഷനില്‍ അഭിപ്രായമുയരുകയും 1930-ല്‍ ‘ശൂ’ കമ്മിറ്റി നിലവില്‍ വരികയും ചെയ്തു. ഫലസ്തീനികളും ഈജിപ്ഷ്യരും ലബനാനികളും ജൂതന്മാരുമടങ്ങുന്ന നൂറ് കണക്കിന് വ്യക്തിത്വങ്ങളുമായി കമ്മിറ്റി ചര്‍ച്ച നടത്തുകയും നൂറ് കണക്കിന് ചരിത്രപരവും വിശ്വാസപരവുമായ രേഖകള്‍ പരിശോധിക്കുകയും ചെയ്തു കൊണ്ട് കമ്മിറ്റി രണ്ട് സമാനതകളുള്ള പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നല്‍കുകയുണ്ടായി. ഒന്ന് ഖുദുസ് പട്ടണത്തിലെ മസ്ജിദുല്‍ അഖ്‌സയും ഖലീല്‍ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഇബ്‌റാഹീമി മസ്ജിദുമായിരുന്നു. പ്രസ്തുത രണ്ട് സ്ഥലങ്ങളും സംശയലേശമന്യേ മുസ് ലിംകളുടേതാണെന്നും ജൂതന്മാര്‍ക്ക് ഇതില്‍ യാതൊരു അവകാശമില്ലെന്നും കമ്മിറ്റി ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കുകയുണ്ടായി. മാനവികത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ബുറാഖ് മതിലിന്റെ ഏഴ് മീറ്റര്‍ വിദൂരത്തായി മതില്‍ സ്പര്‍ശിക്കാതെ ജൂതര്‍ക്ക് നില്‍ക്കാനുള്ള അവസരം നല്‍കുകയുണ്ടായി. അപ്രകാരം തന്നെ ഹറം ഇബ്രാഹീമിന്റെ മതിലിനു പുറത്ത് നില്‍ക്കാനുള്ള അനുവാദവും ജൂതര്‍ക്ക് നല്‍കുകയുണ്ടായി. ഇത് പ്രയോഗത്തില്‍ വരുത്തേണ്ട അന്താരാഷ്ട്ര കരാറാകുന്നു.

?ഹൈക്കല്‍ സുലൈമാനി’ സ്ഥിതി ചെയ്യുന്നു എന്നതിന്റെ പേരില്‍ മസ്ജിദുല്‍ അഖ്‌സക്കുള്ളില്‍ നടത്തുന്ന തുരങ്കങ്ങളുടെ യഥാര്‍ഥ ലക്ഷ്യം എന്താണ്. ജൂതന്മാര്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലാത്തതിന്റെ കാരണങ്ങള്‍ എന്തെല്ലാം?

-ജൂതന്മാര്‍ 1967-ലെ അധിനിവേശത്തിന് ശേഷം അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ഖുദുസില്‍ സ്ഥിതി ചെയ്യുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഹൈക്കല്‍ സുലൈമാനിയുടെ ചരിത്ര അവശിഷ്ടങ്ങള്‍ കണ്ടെത്താനായി ഖനനം നടത്തിക്കൊണ്ടിരിക്കുന്നു. നീണ്ട വര്‍ഷത്തെ ഖനനത്തിന് ശേഷം സിയോണിസ്റ്റ് പുരാവസ്തു ഗവേഷക പണ്ഡിതനായ ‘മഈര്‍ ബിന്‍ ദൗഫ്’ ഖുദുസില്‍ ഉണ്ടെന്ന്  പ്രചരിപ്പിക്കപ്പെടുന്ന ഹൈക്കലിന്റെ ഒരു അവശിഷ്ടവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട് അദ്ദേഹം വിവരിച്ചു. ‘എന്നാല്‍ ഇസ്രായേല്‍ മസ്ജിദുല്‍ അഖ്‌സയെ തകര്‍ത്തുകൊണ്ട് തല്‍സ്ഥാനത്ത് ഹൈക്കല്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അവിടെ ഖനനപ്രക്രികയ തുടര്‍ന്നുകൊണ്ടിരിക്കും’.

? മസ്ജിദുല്‍ അഖ്‌സായെ മുസ്‌ലിംകള്‍ക്ക് എപ്രകാരം സഹായിക്കാന്‍ സാധിക്കും?

– സിയോണിസ്റ്റ് അജണ്ടകളെ പ്രതിരോധിക്കാനായി ശക്തമായ സ്ട്രാറ്റജികള്‍ രൂപപ്പെടുത്തലാണ് പ്രധാനം. മസിജിദുല്‍ അഖ്‌സയെ മോജിപ്പിക്കാനുള്ള ആളും അര്‍ഥവും ശക്തിയും സമ്പരിക്കുക എന്നതും വളരെ പ്രധാനമാണ്. നമ്മുടെ മുന്‍ഗാമികളുടെ മഹിതമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഉത്തമ മാതൃകയാണ്. നൂറുദ്ദീന്‍ സന്‍കിയും സ്വലാഹുദ്ദീന്‍ അയ്യൂബിയും മുസ്‌ലിംകളെ ഐക്യത്തോടെ ഈ ലക്ഷ്യത്തിനായി ഒരുമിപ്പിച്ചതും ഖുദുസിന്റെ മോചനത്തിനാവശ്യമായ ഭൗതിക സന്നാഹങ്ങള്‍ ഒരുക്കുകയും ചെയ്തത് നമുക്ക് പാഠമാകേണ്ടതുണ്ട്. ഫത്ഹിനെയും ഹമാസിനെയും പരസ്പരം വേര്‍പെടുത്തിയതും ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ വടംവലികളും പ്രശ്‌നങ്ങളും നിലനിര്‍ത്തുന്നതും സിയോണിസ്റ്റുകള്‍ക്ക് വളരെ പ്രയോജനം ലഭിക്കുന്നുണ്ട്. പ്രവാചകന്റെ ഇസ്രാഇന് സാക്ഷിയായ മസ്ജിദുല്‍ അഖ്‌സയെ എന്തു വിലകൊടുത്തും മോചിപ്പിക്കുക എന്നതാണ് മുസ് ലിംകളുടെ ഈ കാലഘട്ടത്തിലെ ഏററവും നിര്‍ബന്ധ ബാധ്യത എന്നാണ് എനിക്ക് ഓര്‍മിപ്പിക്കാനുള്ളത്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
Related Articles
Close
Close