പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുസ്‌ലിം സമുദായം ബോധവാന്‍മാരായിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. അതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ടെങ്കിലും സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ ഒരു സ്ത്രീ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുണ്ടായിരുന്ന വിലക്കുകള്‍ തകര്‍ത്തെറിയുന്നതില്‍ കാര്യമായ പങ്കുവഹിച്ച ഒരാളാണ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ സമിതിയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ഷാബിസ്ഥാന്‍ ഗഫ്ഫാര്‍. വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുന്നിലുള്ള തടസ്സങ്ങള്‍ തകര്‍ത്തെറിയുക എന്ന ഒറ്റ അജണ്ടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അഞ്ചുവര്‍ഷമായി മുന്നേറുന്ന അവരുമായി മുസ്‌ലിം മിറര്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ:-
– ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ സമിതിക്ക് (National Commission For Minority Educational Institutions) കീഴിലുള്ള ഗേള്‍സ് എജ്യുകേഷന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചെറിയൊരു വിവരണം നല്‍കുമോ?
നാല് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 2007-ല്‍ NCMEI ഗേള്‍സ് എജുകേഷന്‍ സമിതി രൂപീകരിച്ചത്. രാജ്യത്തുള്ള മുഴുവന്‍ പെണ്‍കുട്ടികളെയും വിദ്യാഭ്യാസത്തിലൂടെ ശക്തരാക്കുന്നതിന് ബോധവല്‍കരണം നടത്തുക. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് മുസ്‌ലിം സമുദായത്തെ ബോധവാന്‍മാരാക്കുകയും പഠിപ്പിക്കുകയും ചെയ്യുക, എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ നിന്ന് ഏറ്റവുമധികം കൊഴിഞ്ഞ് പോക്ക് നടക്കുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണെന്നതാണ് ഇതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കാരണം. വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികളെ ശക്തരാക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയെന്നതാണ് മൂന്നാമത്ത കാര്യം. മുസ്‌ലിംകള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വൈമനസ്യം കാണിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയെന്നതാണ് മറ്റൊരു കാര്യം.
ഗേള്‍സ് എജുകേഷന്‍ കമ്മറ്റിയില്‍ ഒരംഗമായി 2008-ലാണ് ഞാന്‍ തെരെഞ്ഞെടുക്കപ്പെടുന്നത്. 2009-ല്‍ കമ്മറ്റിയുടെ ചെയര്‍പേഴ്‌സണായിട്ടും തെരെഞ്ഞെടുക്കപ്പെട്ടു. 2010-ല്‍ NCMEI ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് എം.എസ്.എ സിദ്ദീഖി മുഴുവന്‍ കമ്മറ്റി അംഗങ്ങളുടെയും ഒരു യോഗം വിളിച്ചു ചേര്‍ത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം മുന്നോട്ട് വെച്ചു. ജില്ലാ-ബ്ലോക് തലങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ ഒരു ശൃംഖല രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കമ്മറ്റിയിലെ ഓരോ അംഗത്തിനും ഉത്തരവാദിത്വങ്ങള്‍ നിശ്ചയിച്ചു കൊടുക്കുകയും ചെയ്തു.
സ്‌കൂളുകളും കോളേജുകളുമായി സഹകരിച്ച് വിവിധ സംസ്ഥാനങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി സഹകരിക്കുകയും പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണങ്ങള്‍ നടത്തുകയും ചെയ്തു. പുരുഷനും സ്ത്രീക്കും ഇസ്‌ലാം തുല്ല്യമായ അവകാശങ്ങളാണ് നല്‍കുന്നതെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നതെന്നു അവരെ ബോധ്യപ്പെടുത്തി. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ആളുകള്‍ പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ അയക്കാന്‍ തുടങ്ങി. പാതിവഴിക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാറും എന്‍.ജി.ഒ കളും സന്നദ്ധ സംഘടനകളും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ നേടാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശ്ങ്ങളും പ്രേരണയും നല്‍കി.
സ്‌കൂളുകളില്ലാത്ത സ്ഥലത്ത് സ്‌കൂളുകളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പൊതു വിദ്യാഭ്യാസം നല്‍കുന്നതിന് മദ്‌റസകളോട് ഓപണ്‍ സ്‌കൂള്‍ സംവിധാനങ്ങളുമായി (NIOS) സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സമ്മേളനങ്ങളും 300-ല്‍ പരം വര്‍ക്‌ഷോപ്പുകളും സംഘടിപ്പിച്ചു.
2010 -11 കാലയളവില്‍ ഞങ്ങളൊരു സര്‍വെ നടത്തി. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്തുത റിപോര്‍ട്ട് പ്രകാരം മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള 49 ശതമാനം പെണ്‍കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് അഡ്മിഷന്‍ നേടുന്നുണ്ട്. എന്നാല്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെത്തുന്നതോടെ കൊഴിഞ്ഞ് പോക്ക് ശക്തമാകുന്നു. ഡിഗ്രി തലത്തിലെത്തുമ്പോഴേക്കും മുസ്‌ലിം സമുദായത്തിലെ പെണ്‍ക്കുട്ടികളുടെ പ്രാതിനിധ്യം ഒന്ന് മുതല്‍ ഒന്നര ശതമാനത്തിലേക്ക് താഴുന്നു.
വിദ്യാഭ്യാസത്തിന്റെ ഗുണത്തിനും ഞങ്ങള്‍ ഊന്നല്‍ നല്‍കി. കേരളത്തിലെ 400 ഓളം വരുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 250 ഉം മുസ്‌ലിംകള്‍ നടത്തുന്നതാണ്. അവയുടെ പ്രിന്‍സിപ്പാള്‍മാരെയും മാനേജര്‍മാരെയും ഡല്‍ഹിയില്‍ വിളിച്ചു വരുത്തി രണ്ടാഴ്ച്ചക്കാലത്തെ ഒരു ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്ങനെ കൊണ്ടു നടക്കുമെന്ന് പഠിപ്പിക്കാന്‍ സഹായകമായതായിരുന്നു പ്രസ്തുത പരിപാടി.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് വലിയ ഫലം കാണാന്‍ കഴിഞ്ഞു. ദക്ഷിണേന്ത്യയില്‍ നിരവധി ബിരുധദാന ചടങ്ങുകളില്‍ ഞങ്ങള്‍ പങ്കെടുത്തിരുന്നു. ചില മെഡിക്കല്‍ കോളേജുകളിലെല്ലാം 80 ശതമാനം എം.ബി.ബി.എസ് ഡിഗ്രികളും നേടിയത് പെണ്‍കുട്ടികളായിരുന്നു. പെണ്‍കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രധാന്യം രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്. ഈയൊരു പ്രവണത ഉത്തരേന്ത്യയിലേക്കും പകര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
– വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ്?
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായ ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ട്. പല കാരണങ്ങള്‍ കൊണ്ടും പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നതായിട്ടാണ് അവരുമായുള്ള സംസാരത്തില്‍ നിന്നും മനസ്സിലാക്കിയത്. സ്ത്രീ അധ്യാപകരുടെ കുറവും ടോയ്‌ലറ്റുകളുടെ അഭാവവും അതിന് കാരണമാണ്. ചില പ്രദേശങ്ങളിലെല്ലാം പ്രാഥമിക തലത്തിലുള്ള സ്‌കൂളുകള്‍ മാത്രമേ ഉള്ളൂ. പെണ്‍കുട്ടികളെ ദൂരെയുള്ള ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്ക് അയക്കാനും സുരക്ഷിതത്വ പ്രശ്‌നങ്ങളാല്‍ ഹോസ്റ്റലുകളില്‍ നിര്‍ത്താനും രക്ഷിതാക്കള്‍ താല്‍പര്യപ്പെടുന്നില്ല. അതിലുപരിയായി ചില കുടുംബങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം മാത്രം നല്‍കുന്നു. സമുദായത്തില്‍ നിന്ന് തന്നെ ഒത്ത വിദ്യാഭ്യാസമുള്ള ഇണകളെ കിട്ടുമോ എന്ന ആശങ്കയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നല്‍കുന്നതിലേറെ പ്രധാന്യം അവര്‍ക്ക് സ്ത്രീധനം കണ്ടെത്താന്‍ നല്‍കുന്നതും കാണാം. പല രക്ഷിതാക്കളും വിദേശ നാടുകളിലേക്ക് പോകുന്നത് തന്നെ സ്ത്രീധനം നല്‍കാന്‍ പണമുണ്ടാക്കുന്നതിനാണ്. നമ്മുടെ കുടുംബങ്ങള്‍ പെണ്‍കുട്ടികളെ നേഴ്‌സിങ്, മെഡിക്കല്‍, നിയമം, ജേര്‍ണലിസം തുടങ്ങിയ മേഖലകളിലേക്ക് അയക്കുന്നില്ല. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോട് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി കൊടുക്കാന്‍ ഞാന്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരം മേഖലകളിലെല്ലാം നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നമുക്ക് കാണാവുന്നതാണ്.
പ്രാഥമിക തലം മുതല്‍ ഉന്നത തലം വരെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്ന് കൊടുക്കുന്നതില്‍ പ്രചോദനം നല്‍കുക എന്നതാണ് ഞങ്ങള്‍ വളരെ പ്രധാന്യത്തോടെ ചെയ്തിട്ടുള്ള പ്രവര്‍ത്തനം. ഈ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തകനായ ഡോ. വിസാറത് റസൂര്‍ ഖാന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ഹൈദരാബാദിലും ആന്ധ്രപ്രദേശിന്റെ മറ്റു ഭാഗങ്ങളിലുമായി 54 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അദ്ദേഹം സ്ഥാപിച്ചത്. വിദ്യാഭ്യാസത്തിന്റെ ഓരോ തലത്തിലും സ്ത്രീകള്‍ക്കായി പ്രത്യേക സ്ഥാപനങ്ങള്‍ അദ്ദേഹം ആരംഭിച്ചു. ഉദാഹരണത്തിന് ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുമ്പോള്‍ അതോടൊപ്പം പെണ്‍കുട്ടികള്‍ക്ക് മാത്രമായി മറ്റൊന്ന് കൂടി തുറന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു മാനേജ്‌മെന്റ് കോളേജും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ മാറ്റങ്ങള്‍ ഹൈദരാബാദില്‍ കാണാനും സാധിക്കുന്നു. സ്ത്രീകള്‍ അതിലൂടെ കൂടുതല്‍ ആത്മവിശ്വാസം നേടുകയും സമൂഹത്തിന് കൂടുതല്‍ സംഭാവനകളര്‍പ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ വിവിധ തുറകളില്‍ സേവനം ചെയ്യുന്നവരാണവര്‍.
– മുസ്‌ലിം പെണ്‍കുട്ടികളുടെ ശാക്തീകരണത്തിന് എന്ത് സന്ദേശമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്?
മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ എടുത്തുദ്ധരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ‘നിങ്ങള്‍ ഒരാണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കുമ്പോള്‍ ഒരു വ്യക്തിക്കാണ് വിദ്യാഭ്യാസം നല്‍കുന്നത്. അതേസമയം ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കുമ്പോള്‍ ഒരു തലമുറയെയാണ് നിങ്ങള്‍ വിദ്യ അഭ്യസിപ്പിക്കുന്നത്.’ സ്ത്രീകള്‍ സമൂഹത്തിന്റെ നട്ടെല്ലാണ്. സമൂഹത്തില്‍ ബഹുമുഖ പങ്കാണ് അവര്‍ നിര്‍വഹിക്കുന്നത്. അവരെ ശക്തിപ്പെടുത്തേണ്ട് നമ്മുടെയെല്ലാം ചുമതലയാണ്. അവര്‍ക്ക് വിദ്യഭ്യാസത്തിനുള്ള അവസരങ്ങള്‍ നാം ഒരുക്കണം. അതിലൂടെ മാത്രമേ ഒരു മെച്ചപ്പെട്ട രാഷ്ട്രത്തെ നമുക്ക് സ്വപ്‌നം കാണാനാവൂ. രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഒരു ആയുധമാണ് വിദ്യാഭ്യാസം. അതില്‍ സുപ്രധാനമായ പങ്ക് വഹിക്കാന്‍ സത്രീകള്‍ക്ക് സാധിക്കും. അവള്‍ക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്ന് കൊടുക്കുന്നതിന് വ്യക്തികളും സംഘടനകളും ശ്രമിക്കണം. ന്യൂനപക്ഷത്തിനകത്തെ മറ്റൊരു ന്യൂനപക്ഷമാണ് സ്ത്രീകള്‍. അവരെ വിദ്യാഭ്യാസപരമായും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയമായും നാം ശാക്തീകരിക്കേണ്ടതുണ്ട്.
വിവ : നസീഫ്