Current Date

Search
Close this search box.
Search
Close this search box.

അവര്‍ വരുന്നു..സംരക്ഷിക്കാനല്ല; നശിപ്പിക്കാന്‍

സിറിയയില്‍ തുടരുന്ന ആഭ്യന്തര കലുഷിതാവസ്ഥയും അമേരിക്കയുടെ നേതൃത്വത്തില്‍ പടിഞ്ഞാറിന്റെ താല്‍പര്യങ്ങളുടെ വിശകലനം ചെയ്തു കൊണ്ട് പ്രമുഖ ചിന്തകന്‍ നോം ചോംസ്‌കി സംസാരിക്കുന്നു..   
1.    നിലവില്‍ സിറിയയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് എന്താണ്? ഇതില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങള്‍ മനസ്സിലാക്കേണ്ടതെന്താണ്?
    സിറിയ സ്വയം ആത്മഹത്യയിലേക്ക് ഇറങ്ങിക്കൊടുക്കയാണ്. വളരെ ദുഖകരവും ഭീകരവുമാണ് ആ കഥ. എവിടെയും ഒരു ശുഭവെളിച്ചം കാണാന്‍ സാധ്യമല്ല. സ്വാഭാവികമായും എന്താണ് സംഭവിക്കുക എന്നാലോചിച്ചു നോക്കൂ. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ സിറിയ മൂന്ന് പ്രദേശമായി വിഭജിക്കപ്പെടും. ഇപ്പോള്‍ തന്നെ ഏകദേശം രൂപപ്പെട്ടു കഴിഞ്ഞ കുര്‍ദ് പ്രദേശമാണൊന്ന്. തുര്‍ക്കിയുമായുള്ള ചില ധാരണയില്‍ ഇറാഖിലെ അര്‍ധാധികാര കുര്‍ദിസ്ഥാനുമായി യോജിച്ചു കൊണ്ട് അവര്‍ തങ്ങളുടെ പ്രദേശത്തെ രൂപപ്പെടുത്തും.
രാജ്യത്തിന്റെ ബാക്കി ഭാഗം രണ്ടായി വിഭജിക്കപ്പെടും. ബശ്ശാറുല്‍ അസദിന്റെ ആധിപത്യം നിലനില്‍ക്കുന്ന ഒരു പ്രദേശവും മറ്റു വിമത സേനയുടെ കീഴിലുള്ള പ്രദേശവും. രണ്ടും തീര്‍ച്ചയായും പൗരന്‍മാരെ ക്രൂരമായി അടിച്ചമര്‍ത്തിക്കൊണ്ട് മാത്രമെ മുന്നോട്ട് പോവുകയുള്ളൂ..അതേസമയം ഇസ്രായേല്‍ ഈ അവസ്ഥ കണ്ട് വല്ലാതെ സന്തോഷിക്കുന്നുണ്ട്. സെപ്തംബര്‍ പത്തിലെ ന്യൂയോര്‍ക്ക് ടൈംസ് നിങ്ങളൊന്ന് നോക്കൂ. ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്റെ അറബ് സഹോദരങ്ങള്‍ പരസ്പരം പോരടിക്കുന്നതില്‍ തന്റെ സന്തോഷം പ്രകടിച്ചുകൊണ്ടുള്ള സംസാരം അതില്‍ വായിക്കാം. അമേരിക്കയുടെ കാര്യവും അങ്ങനെത്തന്നെ..അവരാരും അതില്‍ നിന്നും ഒരു മെച്ചവും പ്രതീക്ഷിക്കുന്നില്ല. വിമതരെ സഹായിക്കാനാണെങ്കില്‍ ഒരു സൈനിക നടപടികളുമില്ലാതെ അമേരിക്കക്കും ഇസ്രായേലിനും അത് എളുപ്പത്തില്‍ സാധിക്കുമായിരുന്നു. ഗോലാന്‍ കുന്നുകള്‍ കൈവശപ്പെടുത്താന്‍ ഇസ്രായേലിന് സൈനിക നടപടി കടുപ്പിക്കാമായിരുന്നു.(യഥാര്‍ഥത്തില്‍ ഗോലാന്‍ കുന്നുകള്‍ സിറിയയുടെ ഭാഗം തന്നെയാണ്. പക്ഷെ ഇസ്രായേലിന്റെ നിയമവിരുദ്ധ അധിനിവേശങ്ങള്‍ ലോകം ഇപ്പോള്‍ എളുപ്പത്തില്‍ സ്വീകരിച്ചു തുടങ്ങി) അത് അസദിനെ തെക്കന്‍ മേഖലയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുകയും വിമതര്‍ക്കെതിരെ കൂടുതല്‍ നടപടിയിലേക്ക് നയിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ ഇപ്പോഴും അതിനുള്ള ഒരു സൂചനയും കാണുന്നില്ല. ദുരിതമനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്ക് ഒരുതരത്തിലുമുള്ള സഹായവും നല്‍കുന്നതായും കാണുന്നില്ല.ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പറയുന്നതു പോലെ അമേരിക്കയും ഇസ്രായേലും എന്താണ് നടക്കുന്നതെന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം ഇസ്രായേല്‍ വല്ലാതെ സന്തോഷിക്കുന്നുണ്ട്. ഹരാറ്റ്‌സ് പത്രത്തിന്റെ എഡിറ്റര്‍ അലൂഫ് ബെന്നിന്റെ ലേഖനത്തില്‍ അയാള്‍ പറയുന്നു; ഇസ്രായേലി പൗരന്‍മാര്‍ ബീച്ചിലും മറ്റും പോയി ആഘോഷിക്കുകയാണെന്ന്്. അവര്‍ അവരെത്തന്നെ വിശേഷിപ്പിക്കുന്നത് അക്രമങ്ങളും കണ്ണീരും നിറഞ്ഞ കാട്ടിലെ ഉല്ലാസഭവനം എന്നാണ്. അമേരിക്കയും കൂടുതലായൊന്നും ആഗ്രഹിക്കുന്നില്ല എന്നാണ് തോന്നുന്നത്. മറ്റെല്ലാം നിഴല്‍ യുദ്ധങ്ങളാണ്.
2.    അപ്പോള്‍ അമേരിക്കന്‍ ആക്രമണത്തെക്കുറിച്ച് എന്തു പറയുന്നു?അത് നടക്കുമെന്നാണോ താങ്കള്‍ പറയുന്നത്?
    അമേരിക്കയില്‍ അത് ഒരു താല്‍പര്യമുണര്‍ത്തുന്ന ചര്‍ച്ചയാണിന്ന്.തീവ്ര വലതുപക്ഷക്കാരായവര്‍ അതിനെ എതിര്‍ക്കുന്നു. പക്ഷെ അവരുന്നയിക്കുന്ന കാരണങ്ങളോട് എനിക്ക് യോജിക്കാനാകുന്നില്ല. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാമെന്തിന് നമ്മുടെ വിഭവങ്ങള്‍ ചിലവഴിക്കണമെന്നവര്‍ ചോദിക്കുന്നു. എന്നെങ്കിലും നാം ആക്രമിക്കപ്പെട്ടാല്‍ ആരാണ് നമ്മെ സഹായിക്കാനുണ്ടാവുകയെന്നവര്‍ ചോദിക്കുന്നു. മിതവാദികളായ വലതുപക്ഷത്തെ നിരീക്ഷിച്ചാല്‍ അവരുടെ അഭിപ്രായത്തില്‍ പ്രദേശത്തു നിന്നും തങ്ങളുടെ സേനയെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ നീക്കം അത്രമാത്രം നല്ലതല്ല എന്നതാണ്. ന്യൂയോര്‍ക്ക് ടൈംസിലെ ഡേവിഡ് ബ്രൂക്കിനെപ്പോലുള്ളവര്‍ അത്തരം അഭിപ്രായം ഉള്ളവരാണ്. ബ്രൂക്കിന്റെ അഭിപ്രായത്തില്‍ അമേരിക്കന്‍ സൈന്യം ഉള്ള സന്ദര്‍ഭത്തില്‍ പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഇറാഖില്‍ അങ്ങനെ അവര്‍ക്ക് സാധിച്ചു. പക്ഷെ സൈന്യത്തെ പിന്‍വലിച്ചതിനു ശേഷം സാഹചര്യത്തില്‍ ഇടപെടാന്‍ അത്രമാത്രം അവര്‍ക്ക് സാധിച്ചിട്ടില്ല.ലിബറല്‍ ഡെമോക്രാറ്റുകളുള്‍പ്പെടെയുള്ളവരുടെ അഭിപ്രായം അതാണ്.
അപ്പോള്‍ മറ്റുള്ളവരെ സംരക്ഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇത് പാശ്ചാത്യന്റെ പ്രത്യേകിച്ചും അമേരിക്കയുടെ ബുദ്ധിപരമായ സംസ്‌കാരത്തെക്കുറിച്ച് ചില ബോധ്യങ്ങള്‍ നമുക്ക് മുമ്പില്‍ വക്കുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ ശക്തമായ ലംഘനമാണ് ഇതെന്ന യാഥാര്‍ഥ്യത്തിനു പുറമെയാണിത്. മറ്റു രാജ്യങ്ങളുടെ മേല്‍ പ്രത്യേകിച്ച്് മാര്‍ഗരേഖകളൊന്നും വക്കാതിരിക്കുകയെന്നതാണ് ഒബാമയുടെ പുതിയ നയം.പക്ഷെ രാസായുധയുദ്ധത്തിന്റെ വിഷയത്തില്‍ ലോകത്ത് നിലനില്‍ക്കുന്ന പരമ്പരാകതമായ ഒരു നയമുണ്ട്്.
‘സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം’ എന്നത് പാശ്ചാത്യന്റെ ബുദ്ധിപരമായ സംസ്‌കാരത്തില്‍ അതിക്രമിച്ചു കയറിയ ഒരു വ്യാജ സങ്കല്‍പമാണ്. ഇവിടെ ഒരു സങ്കല്‍പമുണ്ട്. ഒന്ന് യു. എന്‍ ജനറല്‍ അസംബ്ലിയില്‍ പാസ്സാക്കപ്പെട്ടതാണ്. അത് സംരക്ഷണ ഉത്തരവാദിത്വത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും മറ്റൊരു രാജ്യത്തെ യു. എന്‍ ചാര്‍ട്ടര്‍ അനുസരിച്ചല്ലാതെ ആക്രമിക്കാന്‍ അനുമതി കൊടുക്കുന്നില്ല.
മറ്റൊരു സങ്കല്‍പവുമുണ്ട്. അത് പക്ഷെ പടിഞ്ഞാറിനുമാത്രം(അമേരിക്കക്കും കൂട്ടാളികള്‍ക്കും) ബാധകമായതാണ്. അവര്‍ക്ക് സുരക്ഷാ കൗണ്‍സിലിന്റെ അനുമതിയൊന്നും കൂടാതെ സൈനിക നടപടി സ്വീകിരിക്കാനുള്ള അവകാശമുണ്ട് എന്നതാണ്. അപ്പോള്‍ യഥാര്‍ഥത്തില്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്നവരെ ആക്രമിക്കാനുള്ള സ്വാതന്ത്ര്യത്തിനു പറയുന്ന പേരാണ് ‘സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം’ എന്നത്. സ്വാഭാവികമായും അത്തരം സംരക്ഷണങ്ങള്‍ ഭീകരമായില്ലെങ്കിലേ ഫലിതമാകൂ..

വിവ:അത്തീഖുറഹ്മാന്‍

Related Articles