incidents

കണ്ണുകൾക്കപ്പുറമുള്ള കാഴ്ചകൾ

ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ് എന്നത്, ഒരു കാര്യം സത്യപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കാണ്. ദൃക്സാക്ഷി എന്നത് പല കേസുകളും തെളിയിക്കുന്നതിന് സഹായകമാവാറുണ്ട്. ഒരാൾ കണ്ടു, മറ്റൊരാൾ കേട്ടു എന്നിരിക്കട്ടെ , പ്രസ്തുത സംഭവത്തിന് ആധികാരിക സാക്ഷ്യമായി സ്വീകരിക്കപ്പെടുക, കണ്ട ആളുടെ വിവരണമാണ്. കാണുന്നില്ല എന്നത് ദൈവമില്ല എന്നതിന്റെ ന്യായമായി നിരീശ്വരവാദികൾ പറയാറുണ്ട്. കാണാത്തതെല്ലാം ഇല്ലാത്തതാണോ? കാണുന്നതെല്ലാം ഉള്ളതാണോ? എന്തു കാണുവാനും കണ്ണുകൾ വേണമോ?

ഒരു ക്ലാസിൽ അധ്യാപകൻ വന്നു കുട്ടി കളോട് ചോദിച്ചു. നിങ്ങൾ ഈ മുറിയിലെ ബ്ലാക്ക് ബോർഡ് കാണുന്നുണ്ടോ ? കുട്ടികൾ പറഞ്ഞു അതെ . അധ്യാപകൻ പ്രസ്താവിച്ചു: കാണുന്നതിനാൽ ബ്ലാക്ക്ബോർഡ് ഇവിടെ ഉണ്ട്. ഈ മുറിയിൽ നിങ്ങൾ ഒരു അരുവി കാണുന്നുണ്ടോ? കുട്ടികൾ പറഞ്ഞു, ഇല്ല. ഇവിടെ അരുവി ഇല്ലാത്തതിനാലാണല്ലോ കാണാത്തത്. അഥവാ ഉള്ളത് നാം കാണുന്നു എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ! . അങ്ങനെയെങ്കിൽ നിങ്ങൾ എപ്പോഴെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ല. അപ്പോൾ ദൈവം ഇല്ല എന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ?  അധ്യാപകന്റെ വാദത്തിൽ പകച്ചുനിൽക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും മിടുക്കനായ ഒരുവൻ എഴുന്നേറ്റു അധ്യാപകന്റെ അനുവാദത്തോടെ മുന്നോട്ടുവന്നു. മറ്റു കുട്ടികളോട് ചോദിച്ചു.
കൂട്ടുകാരെ, നമ്മുടെ പ്രിയ ഗുരുനാഥൻ നമുക്ക് പഠിപ്പിച്ചു തന്ന യുക്തിയനുസരിച്ച് ഞാനും ചിലത് ചോദിക്കാം. അധ്യാപകനും പ്രോത്സാഹിപ്പിച്ചു. വിദ്യാർത്ഥി ചോദിച്ചു : നിങ്ങൾ നമ്മുടെ ഗുരുനാഥന്റെ കണ്ണട കാണുന്നുണ്ടോ എല്ലാവരും പറഞ്ഞു, അതെ . അതായത് നാം കാണുന്നതുകൊണ്ട്കണ്ണട യുണ്ട് . അതെ, അധ്യാപകനും ശരിവച്ചു . വിദ്യാർത്ഥിയുടെ അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു : കൂട്ടുകാരെ, നിങ്ങളാരെങ്കിലും അദ്ധ്യാപകന്റെ ബുദ്ധി കണ്ടിട്ടുണ്ടോ?  കുട്ടികൾ പറഞ്ഞു: ഇല്ല . എന്താണതിനർത്ഥം? കുട്ടികൾ ചിരിച്ചു. അധ്യാപകൻ നിശബ്ദനായി. അഥവാ കാണാത്തതെല്ലാം ഇല്ലാത്തതാണെങ്കിൽ നമ്മുടെ ഗുരുനാഥന് ബുദ്ധിയില്ല, ജീവനില്ല , എന്നൊക്കെ പറയേണ്ടി വരില്ലേ?! അദ്ധ്യാപകൻ തലതാഴ്ത്തി ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.

കാണാത്തത് എല്ലാം ഇല്ലാത്തതല്ല. നമ്മുടെ കാഴ്ചകൾക്ക് പരിമിതികൾ ഉണ്ട് എന്നതിനാൽ നാം എല്ലാം കാണുന്നില്ല എന്നേയുള്ളൂ. അപ്പോഴും, കാണുന്നതെല്ലാം ഉള്ളതാണല്ലോ എന്ന് നമുക്ക് തോന്നാം. നാം ഉച്ചവെയിലിൽ സഞ്ചരിക്കുകയാണെന്ന് സങ്കൽപ്പിക്കുക, ദീർഘദൂരം വളവു തിരിവുകളില്ലാത്ത റോഡ് ആണെങ്കിൽ ദൂരെ ജലാശയം കാണാം. എന്നാൽ, അടുത്തെത്തുമ്പോൾ അത് അപ്രത്യക്ഷമാകുന്നു. അത് മരീചികയായിരുന്നു. അഥവാ, നാം കണ്ട കാര്യം ഇല്ലാത്തതായിരുന്നു . ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച ആയി കാണുന്നു. അക്കരെ ചെല്ലുമ്പോൾ പക്ഷേ പച്ചപ്പ് ഉള്ളതായി നാം കാണുന്നത്  ഇക്കരെ യാണ്.
നിലാവുള്ള രാത്രിയിൽ മുറ്റത്തിറങ്ങി ആകാശത്തേക്ക് നോക്കിയാൽ മിന്നിത്തിളങ്ങുന്ന ചെറിയ അലങ്കാര വിളക്ക് പോലെ നക്ഷത്രങ്ങളെ കാണാം. എന്നാൽ നാം, കാണുന്ന കാഴ്ചയും നക്ഷത്രങ്ങളുടെ യഥാർത്ഥ രൂപവും തമ്മിൽ യാതൊരു ബന്ധവുമില്ല. എങ്കിൽ ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു എന്നു പറയുന്നത്, കുറ്റമറ്റ സാക്ഷി മൊഴിയാവുന്നത് എങ്ങനെ?!

കൂട്ടത്തിൽ പറയാം കണ്ണില്ലാതെയും നാം കാണാറുണ്ട്. നമ്മുടെ ഭാവനയും സ്വപ്നവും അത്തരം കാഴ്ചകൾക്ക് ഉദാഹരണങ്ങളാണ് . സ്വപ്നം വ്യക്തമായി കാണാൻ ആരും കണ്ണട വെക്കാറില്ലല്ലോ! കാണുക മാത്രമല്ല, നല്ല കാഴ്ചകൾ കാണുമ്പോൾ ആസ്വദിക്കുകയും ഭയപ്പെടുത്തുന്ന കാഴ്ചകൾ കാണുമ്പോൾ വിയർക്കുകയും കരയുകയും ചെയ്യുന്നു. കാഴ്ച എന്നത് നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ സുപ്രധാനമായ ഒരു ഇന്ദ്രിയം തന്നെ. എന്നാൽ കാഴ്ചപ്പാടുകൾ രൂപീകരിക്കാനും പ്രവർത്തനത്തിന് പ്രമാണമാക്കാനും ഏകാവലംബമായി പഞ്ചേന്ദ്രിയങ്ങൾ നിർണയിക്കുന്നത് അബദ്ധമായിരിക്കും.

ഒരാൾ കാറിൽ സഞ്ചരിക്കുകയാണ്, ജംഗ്ഷനിൽ എത്തിയപ്പോൾ ഒരു കാൽനടയാത്രക്കാരൻ കാർ കൈകാണിച്ചു നിർത്തിയിട്ട് പറഞ്ഞു: “ഇതിലെ മുന്നോട്ടുപോയാൽ, മരം വീണു റോഡ് തടസ്സപ്പെട്ടു കിടക്കുകയാണ്. ഈ ജംഗ്ഷനിൽ നിന്ന് വഴിമാറി പോയാൽ തടസ്സമില്ലാതെ താങ്കൾക്ക് യാത്ര തുടരാം.” കാർ ഓടിച്ചു വരുന്നയാൾ ഇത് പറഞ്ഞ ആളെ അല്പം പുച്ഛത്തോടെ നോക്കി . കാരണം, തടസ്സമുണ്ടെന്ന് അയാൾ പറഞ്ഞ ദിശയിൽ നിന്ന് വാഹനങ്ങൾ വരുന്നുണ്ടായിരുന്നു. തന്റെ കാറിനേക്കാൾ വലിപ്പമുള്ള വാഹനങ്ങൾ ഇതുവഴി വരുന്നത് കണ്ണുകൊണ്ട് കാണുമ്പോൾ ഞാനെന്തിന് ഇയാൾ പറയുന്നത് കേൾക്കണം? എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഇങ്ങോട്ട് വാഹനം വരുന്നുവെങ്കിൽ അങ്ങോട്ടും അതുവഴി പോകാമല്ലോ. കാഴ്ചയെ പ്രമാണിച്ച് അയാൾ വാഹനം ഓടിച്ചു പോയി . കൃത്യം രണ്ട് കിലോമീറ്റർ ദൂരം എത്തിയപ്പോൾ വഴി അടഞ്ഞു വലിയൊരു മരം റോഡിനു കുറുകെ കടപുഴകി വീണു കിടക്കുന്നു. മുന്നോട്ട് യാത്ര സാധ്യമല്ല. വല്ലാതെ പ്രയാസപ്പെട്ടു വാഹനം തിരിച്ചുപോന്നു . നേരത്തെ മുന്നറിയിപ്പ് അവഗണിച്ച് അയാൾ വാഹനമോടിച്ചത് എതിർവശത്തു നിന്ന് വാഹനം വരുന്നത് കണ്ടു എന്നതു കൊണ്ടായിരുന്നുവല്ലോ. പക്ഷേ, ഇദ്ദേഹത്തെപ്പോലെത്തന്നെ മുന്നറിയിപ്പ് അവഗണിച്ച് നേരത്തേ മുന്നിൽ വന്ന വാഹനങ്ങൾ തടസ്സം നേരിട്ടനുഭവിച്ച് തിരിച്ചുവരുന്നത് ആയിരുന്നു അയാൾ കണ്ടിരുന്നത്. എന്ന് ഇപ്പോഴാണ് മനസ്സിലായത്. പഞ്ചേന്ദ്രിയങ്ങളെ, ഭാഗികമായി അവലംബിക്കുന്നവരുടെ പരിമിതിയാണ് ഇത്. കാണുമ്പോൾ ഒരുപക്ഷേ മിന്നുന്നുണ്ടായിരിക്കാം എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല. കാണുന്നതെല്ലാം അതേപോലെ ഉള്ളതല്ല. “അനന്തമജ്ഞാതമവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു”

ഓരോരുത്തരും നോക്കുന്ന സ്ഥാനങ്ങൾക്ക് അനുസരിച്ച് കാഴ്ചകൾ വ്യത്യാസപ്പെടും. ജീവിത കാഴ്ചപ്പാടുകൾക്കും ഇത് ബാധകമാണ്. അതിനാലാണ് മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങൾക്ക് സമഗ്രമായ തുല്യ നീതി അവതരിപ്പിക്കാനാവാത്തത്. ദർശനങ്ങളുടെ രചയിതാവ്/ രചയിതാക്കൾ അവരുടെ കാലം ദേശം ഭാഷ തുടങ്ങിയ പരിസരത്ത് നിന്നേ, ലോകത്തെയും പ്രശ്നങ്ങളെയും നോക്കി കാണൂ. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതി ഇല്ലാതെ രചിക്കപ്പെടുന്ന ജീവിതദർശനത്തിന് മാത്രമേ സർവദിക്കിൽ നിന്നും ലോകത്തെ കാണാനും തുല്യ നീതി നടപ്പിലാക്കാനും സാധ്യമാവൂ. അതാണ് ദൈവിക ദർശനത്തിന്റെ പ്രസക്തി. കാണുന്ന കാഴ്ചകൾ അകകണ്ണുകൊണ്ട് പിന്തുടരുകയും കാഴ്ചകൾക്ക് പിന്നിലെ സൃഷ്ടാവിനെ ഹൃദയത്തിൽ നിറക്കുകയും ചെയ്യുന്ന വർക്ക്, എല്ലാ മറകളും നീങ്ങുന്ന ലോകത്ത് സുന്ദര കാഴ്ചകൾക്ക് അവസരം ലഭിക്കും.

Facebook Comments
Related Articles

Check Also

Close
Close
Close