incidents

‘നിങ്ങളുടെ യുദ്ധം ഇറാഖില്‍ നിന്നും അകറ്റി നിര്‍ത്തൂ’

രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥ സമ്പൂര്‍ണമായും പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇറാഖില്‍ ജനങ്ങള്‍ വീണ്ടും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ പ്രക്ഷോഭത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്.

ഇറാഖിലെ വിദേശ ഇടപെടലിനെയും അധിനിവേശത്തെയും എതിര്‍ത്ത് പതിനായിരക്കണക്കിന് പേരാണ് തലസ്ഥാനമായ ബാഗ്ദാദിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ അണിനിരന്നത്. വെള്ളിയാഴ്ച രാത്രിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് തഹ്‌രീര്‍ സ്‌ക്വയറിലേക്ക് ഒഴുകുന്നത്.

ഇറാഖിന്റെ മണ്ണിനെ യു.എസും ഇറാനും തമ്മിലുള്ള യുദ്ധത്തിനുള്ള പ്രധാന കേന്ദ്രമായി മാറ്റുന്നതിനെതിരെയാണ് പ്രക്ഷോഭകര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്. യു.എസ് സൈന്യത്തോട് ഇറാഖില്‍ നിന്നും പിന്മാറണമെന്ന് ഇറാഖിലെ നിയുക്ത പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി യു.എസ് സ്റ്റ്റ്റ് സെക്രട്ടറി മൈക് പോംപിയോയോട് ആവശ്യപ്പെടുകയും ഇതു സംബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യം നിരസിക്കുകയാണ് യു.എസ് ചെയ്തത്. ഇതിനു പിന്നാലെയാണ് യു.എസ് ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ച് കൊലപ്പെടുത്തുന്നത്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ഇറാഖ് ജനത വീണ്ടും പ്രക്ഷോഭം ശക്തിപ്പെടുത്തുന്നത്.

തഹ്‌രീര്‍ സ്‌ക്വയറില്‍ പാതിനിര്‍മാണം കഴിഞ്ഞ തുര്‍ക്കിഷ് റെസ്റ്റോറന്റ് ആണ് സമരക്കാരുടെ സിരാകേന്ദ്രം. ഇതിലേക്ക് ആളുകള്‍ ചാടിക്കയറുകയാണ്. ഇവിടം ഇതിനോടകം പ്രക്ഷോഭത്തിന്റെ സ്മാരകമായി മാറി. ഇവിടെ ഗ്രീന്‍ സോണില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ‘നിങ്ങളുടെ യുദ്ധം ഇറാഖില്‍ നിന്നും അകറ്റിനിര്‍ത്തൂ’ കെട്ടിടത്തിന്റെ ഉയരത്തില്‍ കയറി നിന്ന് യുവാക്കള്‍ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചു.

ദിവസം മുഴുവന്‍ ചെറുപ്പക്കാര്‍ ഇവിടെ മുദ്രാവാക്യം വിളിച്ചും സംഗീത വിരുന്നൊരുക്കിയും ശക്തമായ സര്‍ഗ്ഗാത്മക സമരമാണ് ഒരുക്കിയിട്ടുള്ളത്. വളരെ ചെറിയ അതിക്രമത്തിന്റെ വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്‌ലത്. ബസ്‌റയില്‍ നിന്നും ഏതാനും പ്രക്ഷോഭകരെ അറസ്റ്റു ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമാണ് ചെയ്തത്. ഈ ആഴ്ച ആദ്യത്തില്‍ ഇറാന്‍ പിന്തുണയുള്ള സായുധ സൈന്യമായ ഖാതിബ് ഹിസിബുള്ള പ്രതിഷേധക്കാര്‍ക്കു നേരെ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒക്ടോബര്‍ ആദ്യം മുതലാണ് ബാഗ്ദാദിന്റെ തെരുവുകളില്‍ പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. പിന്നീടത് രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഷിയ ഭൂരിപക്ഷമുള്ള ഇടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ജോലി ആവശ്യപ്പെട്ടും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അഴിമതി ഭരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു സമരം. നൂറുകണക്കിന് പേരാണ് പൊലിസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്കാണ് പരുക്കേറ്റത്. സുരക്ഷ സേന പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ശക്തമായ നടപടിയെടുക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

‘ബ്രിട്ടീഷ്,അമേരിക്കന്‍സ്,ഇറാനിയന്‍സ് തുടങ്ങി എല്ലാവരും രാജ്യം വിടണം’ അല്‍ ജുംഹൂരിയ്യ പാലത്തില്‍ കയറിനിന്നു കൊണ്ട് 20കാരനായ മുസ്തഫ ഇബ്രാഹിം ഉച്ചത്തില്‍ പറയുന്നു. ‘അവര്‍ക്ക് യുദ്ധം ചെയ്യണമെങ്കില്‍ അത് സ്വന്തം നാട്ടില്‍ ചെന്ന് ചെയ്യാം’ മുസ്തഫ പറയുന്നു.

300 കിലോമീറ്റര്‍ അകലെ നിന്നും ബസ് യാത്ര കഴിഞ്ഞ് സമരത്തില്‍ ചേരാനെത്തിയ ഒരു സംഘത്തെയും അവിടെ ഒരു ടെന്റില്‍ കാണാമായിരുന്നു.
ഇവിടെ പ്രക്ഷോഭം നടത്തുന്നത് വളരെയധികം സുരക്ഷിതത്വമാണ് സംഘത്തിലൊരാളായ ഹൈദര്‍ പറഞ്ഞു.

ബസ്‌റയിലും നസ്‌രിയയിലും അവര്‍ക്ക്(പൊലിസ്) നിങ്ങളെ ലഭിച്ചില്ലെങ്കില്‍ അവര്‍ നിങ്ങളുടെ കുടുംബത്തെ വേട്ടയാടും. അവരെയും ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ സമര ക്യാംപ് വിട്ടുവരുന്നത് വരെ കാത്തിരിക്കും.
ബസ്‌റയിലെ മിക്ക ദിവസവും സംഘര്‍ഷത്തിലൂടെയാണ് കടന്നു പോയത്. അവിടെ ഒരു മാധ്യമപ്രവര്‍ത്തകനെ കൊന്ന വാര്‍ത്ത പ്രചരിച്ചതോടെ തഹ്‌രീര്‍ സ്‌ക്വയറിലെ പ്രക്ഷോഭം രൂക്ഷമായി.
മിലീഷ്യകളെ അനിയന്ത്രിതമായി അറസ്റ്റു ചെയ്തുവെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊല്ലുന്നത്. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പതിനായിരങ്ങളാണ് വിലാപാത്രയായി പങ്കെടുത്തത്.

നിരവധി പേരാണ് വെള്ളിയാഴ്ച രാത്രിയും വാര്‍ത്ത കേട്ട് പ്രക്ഷോഭത്തില്‍ പങ്കു ചേരാന്‍ തഹ്‌രീര്‍ സ്‌ക്വയറിലെത്തിയത്. സമാധാനപരമായുള്ള സമരം 100 ദിവസം പിന്നിടുമ്പോഴും മുസ്തഫയെപ്പോലുള്ളവര്‍ ഒരു വരാനിരിക്കുന്ന രാത്രികളെ ഭയപ്പെടുന്നു.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്‌

Facebook Comments
Show More
Close
Close