Current Date

Search
Close this search box.
Search
Close this search box.

”എന്തു നല്ല നാട്! എത്ര നന്നായി പൊറുക്കുന്ന നാഥന്‍”

നല്ല നാടും നാഥനും എന്നതാണ് ഈ ദിവ്യസൂക്ത ശകലത്തിന്റെ ഏകദേശ പരാവർത്തനം . പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതരായ പൂർവ്വകാല ജനതതികളിലെ ഒരു കൂട്ടർ (സബഉകാർ ) ആ അനുഗ്രഹങ്ങളെ വിസ്മരിച്ചതിനാൽ എത്തിപ്പെട്ട ഭയാനകമായ പ്രകൃതി ദുരന്തങ്ങൾ നമ്മുടെ സവിശേഷ സാഹചര്യങ്ങളിൽ ഒന്നു താരതമ്യം ചെയ്യുന്നത് നന്നാവും.

കേരളം എന്ന വാക്കു സൂചിപ്പിക്കുന്നത് കേരവൃക്ഷങ്ങളുടെ നാട് എന്നാണല്ലോ. കേര വൃക്ഷങ്ങള്‍ നൃത്തമാടുന്ന കടല്‍തീരങ്ങള്‍,മനോഹരമായ കായല്‍പരപ്പ്, സസ്യശ്യാമളമായ മലയോരങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ പരിമളം പരത്തുന്ന വനപ്രദേശങ്ങള്‍, കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും, നീര്‍ച്ചാലുകളും…ഇവയെയെല്ലാം സംഗീതാല്‍മകമാക്കുന്ന അപൂർവ്വയിനം പക്ഷിസമൂഹങ്ങള്‍, കാടുകളെയും, മലയോരങ്ങളെയും ഗംഭീരമാക്കുന്ന വന്യജീവികള്‍!…. കണ്ണിനും കാതിനും മാത്രമല്ല മനസ്സിനും കുളിര്‍മയേകുന്ന ഈ കാഴ്ചകള്‍ ആരെയും ഇവിടേയ്ക്ക് മാടിവിളിക്കുന്നു എന്ന് മാത്രമല്ല
خير الله/خير العالم – God’s own country എന്നെല്ലാം ഇവിടം സന്ദർശിക്കുന്ന അറബികളും മറ്റു വിദേശികളും ഉരുവിടുന്നത് നമുക്ക് കാണാം. ആധുനിക ചരിത്രം പറയുന്നത് 1956 നവംബർ 1 നാണ് കേരള സംസ്ഥാനം രൂപം കൊണ്ടത് എന്നാണ്. ഭാഷ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് അപ്പോൾ ഇന്നേക്ക് 63 വർഷം പൂർത്തിയാവുന്നു. ഈ നീണ്ട കാലയളവിനിടയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ ഒരു പടി മുന്നിലാണ് കേരളം.

തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്‌, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു

സബഅ് അധ്യായത്തിലെ 15-16 സൂക്തങ്ങൾ യമനിലെ പുരാതന സബഇനേക്കാൾ ഇന്നേറ്റവും ഫിറ്റാവുന്നത് നാം ഉപരിസൂചിപ്പിച്ച ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ്. പൊറുത്തുകൊടുക്കുന്ന റബ്ബ് ഒരു നാടിനേകിയ അനുഗ്രഹത്തെ കുറിച്ച് പരിചിന്തനം നടത്തിയാൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് വേണ്ട രീതിയിൽ നന്ദി പ്രകാശിപ്പിക്കാത്തതാണ് ശക്തമായ പ്രളയത്തിലൂടെ ഒരു വലിയ ഭൂപ്രദേശത്തെ തന്നെ ഊഷരമാക്കി കളഞ്ഞതെന്നുള്ള പുരാതന യമനിൽ നിന്നുള്ള ചരിത്ര പാഠം ദൈവത്തിന്റെ സ്വന്തം നാട്ടിലെ സമീപകാല ദുരന്തങ്ങൾ മുൻ നിർത്തി ചിന്തിച്ചാൽ പ്രത്യേകം വിശദീകരണമില്ലാതെ ആർക്കും മനസ്സിലാക്കാം. العبرة لعموم اللفظ لا بخصوص السبب ഇമാം ദഹ് ലവിയെ പോലുള്ള മുഫസ്സിറുകൾ പഠിപ്പിച്ച ഒരു പൊതു തത്വമാണിത് :

പ്രത്യേക അവതരണ കാരണത്തിൽ നിന്നല്ല; പ്രത്യുത വാക്യങ്ങളുടെ സാകല്യത്തിൽ നിന്നാണ് ഗുണപാഠമുൾകൊള്ളേണ്ടത്. സബഉകാരെ പോലെ ദൈവികാനുഗ്രഹങ്ങളെ അഗണ്യകോടിയിൽ തള്ളുന്നത് അവന്റെ ഭീകരമായ നിഗ്രഹത്തിനുള്ള നിമിത്തമാവുമെന്നതാണ് ഈ സൂക്തം നമ്മിൽ സജീവമാക്കേണ്ടുന്ന ചിന്ത. സംഭവിച്ചത് സംഭവിച്ചു; ഇനിയെങ്കിലും നാഥന്റെ നന്മയ്ക്ക് നന്ദിയുള്ള നാടാവാൻ നാം തയ്യാറാവുന്നില്ലെങ്കിൽ സബഇനെ പോലെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കാവും നമ്മുടേയും പരിണതി. അല്ലാഹു കാക്കട്ടെ

Related Articles