Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്‍ പിറക്കുന്നു

‘വായിക്കുക!’ മലക്ക് ജിബരീല്‍ മാലാഖ മുഹമ്മദിനോടാവശ്യപ്പെട്ടു. അദ്ദേഹം അറേബ്യയിലെ മക്കാനഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുളള നൂര്‍ മലയിലെ ‘ഹിറാ’ ഗുഹയിലായിരുന്നു. നാല്‍പത് വയസ്സായതോടെ അവിടെ ധ്യാനനിരതനായിരിക്കുക മുഹമ്മദ് പതിവാക്കി. ആത്മീയതയോടുളള ആഭിമുഖ്യം മാത്രമായിരുന്നില്ല അതിനു കാരണം. മക്കയിലെ മലിനമായ സാഹചര്യങ്ങളില്‍ നിന്നകന്നു നില്‍ക്കാനുളള തീവ്രമായ ആഗ്രഹം കൂടിയായിരുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി തുടര്‍ന്നുവരുന്ന വിശുദ്ധ ജീവിതത്തിന് ഭംഗം വരരുതെന്ന നിര്‍ബന്ധം മുഹമ്മദിനുണടായിരുന്നു. അന്നോളം ആ ജീവിതത്തില്‍ പാപത്തിന്റെ കറ പുരണടിരുന്നില്ല. മക്ക അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും അക്രമത്തിന്റെയും അനീതിയുടെയും അധര്‍മത്തിന്റെയും അശ്‌ളീലതയുടെയും പിടിയിലായിരുന്നിട്ടും.
മുഹമ്മദ് അക്കാലത്തെ മറ്റെല്ലാ ചെറുപ്പക്കാരെയുംപോലെ നിരക്ഷരനായിരുന്നു. അതിനാലൊട്ടും മടിയില്ലാതെ പറഞ്ഞു: ‘എനിക്കു വായിക്കാനറിയില്ല.’
അതോടെ ജിബ്രീല്‍ അദ്ദേഹത്തെ അണച്ചുപിടിച്ചു. തുടര്‍ന്ന് വീണടും വായിക്കാനാവശ്യപ്പെട്ടു. മുഹമ്മദ് തന്റെ മറുപടി ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിനയപൂര്‍വം ചോദിച്ചു: ‘ഞാനെന്താണ് വായിക്കേണടത്!’
തന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന മുഹമ്മദിനെ ജിബ്രീല്‍ തെളിഞ്ഞ ഭാഷയിലിങ്ങനെ വായിച്ചു കേള്‍പ്പിച്ചു:
‘വായിക്കുക! സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. അവന്‍ പേനകൊണടു പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ അഭ്യസിപ്പിച്ചു.’
അങ്ങനെ മുഹമ്മദ് ആദ്യമായി ദിവ്യസന്ദേശങ്ങള്‍ ഏറ്റുവാങ്ങി. കഴിഞ്ഞ നാല്‍പതു കൊല്ലം സാധാരണ മനുഷ്യനായി ജീവിച്ച അദ്ദേഹം അല്ലാഹുവിന്റെ അന്ത്യദൂതനായി നിയോഗിതനായി. പ്രിയപത്‌നി ഖദീജ സ്‌നേഹപൂര്‍വം നല്‍കിയ ആഹാരപ്പൊതിയുമായി ഹിറാ ഗുഹയിലേക്കുപോയ മുഹമ്മദ് അവിടെ നിന്ന് പുറത്തുവന്നത്, ഹൃദയത്തില്‍ ദിവ്യവെളിച്ചവും ചുണ്ടുകളില്‍ വേദവാക്യങ്ങളുമായാണ്.

Related Articles