Current Date

Search
Close this search box.
Search
Close this search box.

പിതാവിനെക്കാള്‍ പ്രിയപ്പെട്ട പ്രവാചകന്‍

‘മുഹമ്മദേ, ഇതെന്തു മതമാണ്?’ പിതൃവ്യന്‍ അബൂത്വാലിബ് ചോദിച്ചു. പ്രവാചകന്‍ തന്നോടൊപ്പമുള്ള ചെറു സംഘത്തോടൊപ്പം പ്രാര്‍ഥനയിലായിരുന്നു. മുഹമ്മദ് പുതിയ മതം പ്രബോധനം ചെയ്യുന്നതിനെ സംബന്ധിച്ച് അബൂത്വാലിബിന് നേരത്തെ തന്നെ കേട്ടറിവുണടായിരുന്നു. എങ്കിലും അതേക്കുറിച്ച് നേരില്‍ സംസാരിച്ചിരുന്നില്ല.
സഹോദരപുത്രന്‍ മുഹമ്മദിന്റെ കൂടെ താമസിക്കുന്ന സ്വന്തം മകന്‍ അലിയെ തേടിയാണ് അബൂത്വാലിബ് അപ്പോള്‍ അവിടെ എത്തിയത്. തന്റെ മകനും പുതിയ മതത്തില്‍ ചേര്‍ന്നിട്ടുണെടന്ന് പറഞ്ഞുകേട്ടതിനാലാണ് പെട്ടെന്ന് പ്രവാചക ഭവനത്തിലെത്തിയത്. മകനെ കൂടെ കൂട്ടലായിരുന്നു പ്രധാന ഉദ്ദേശ്യം.
‘ഇത് പരമോന്നതനായ ദൈവത്തിന്റെ മതമാണ്.’ മുഹമ്മദ് നബി ശാന്തസ്വരത്തില്‍ പറഞ്ഞു. ഏതാനും നിമിഷത്തെ മൌനത്തിനുശേഷം വിശദീകരിച്ചു: ‘നമ്മുടെ പൂര്‍വ പിതാവ് ഇബ്‌റാഹീം പ്രവാചകന്റെ മതം.’
‘അപ്പോള്‍ നീ ആരാണ്?’ പിതൃവ്യന്‍ ആകാംക്ഷയോടെ അന്വേഷിച്ചു. ‘ഞാന്‍ ദൈവത്തിന്റെ ദാസനും ദൂതനും.’ പ്രവാചകന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ഉറച്ചസ്വരത്തില്‍ പറഞ്ഞു. തന്റെ മറുപടി കേട്ട് പ്രത്യേകിച്ചൊന്നും പറയാതിരുന്ന പിതൃവ്യനില്‍ പ്രതീക്ഷ പുലര്‍ത്തിയ മുഹമ്മദ് നബി പറഞ്ഞു: ‘അങ്ങ് ഞങ്ങളോടൊപ്പം ചേരണമെന്നാണ് എന്റെ ആഗ്രഹം. അങ്ങ് അങ്ങനെ ചെയ്താലും.’
അബൂത്വാലിബിന് സഹോദരപുത്രനെ ഏറെ ഇഷ്ടമായിരുന്നു. എന്നിട്ടും ക്ഷണം സ്വീകരിക്കാന്‍ തയാറായില്ല. പ്രധാന കാരണം പൂര്‍വികാചാരങ്ങളോടും പാരമ്പര്യങ്ങളോടും വിടപറയാനുള്ള മടി തന്നെ. അതിനാല്‍, ക്ഷണം നിരസിച്ചുകൊണടിങ്ങനെ പറഞ്ഞു: ‘മുഹമ്മദ്, നിന്റെ ആത്മാര്‍ഥതയെക്കുറിച്ച് എനിക്ക് നന്നായറിയാം. പക്ഷേ, നമ്മുടെ പൂര്‍വികരുടെ മതം ഞാനെങ്ങനെ കൈയൊഴിക്കും? എന്നാലും എനിക്കാവുന്നതൊക്കെ ഞാന്‍ ചെയ്തുകൊള്ളാം. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നമ്മുടെ ആള്‍ക്കാരുടെ എതിര്‍പ്പില്‍നിന്ന് നിന്നെ ഞാന്‍ രക്ഷിക്കാം. നിനക്കൊരാപത്തും വരില്ലെന്ന് ഞാന്‍ ഉറപ്പുതരാം.’
തുടര്‍ന്ന് അദ്ദേഹം തന്റെ ആഗമനോദ്ദേശ്യം വ്യക്തമാക്കിക്കൊണട് മകനെ വിളിച്ചു: ‘മോനേ അലീ, വരൂ!’
എന്തു ചെയ്യണമെന്നും പറയണമെന്നും അറിയാതെ അലി പ്രയാസപ്പെട്ടു. പ്രവാചകനെ വിട്ട് പിതാവിനോടൊപ്പം പോവുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും ആ ബാലന് സാധ്യമായിരുന്നില്ല. അവര്‍ക്കിടയിലെ ബന്ധം അത്രയേറെ ഗാഢവും ഹൃദ്യവുമായിരുന്നു. അതിനാല്‍ ധൈര്യമവലംബിച്ചുകൊണട് പിതാവിനോട് പറഞ്ഞു: ‘അങ്ങയോടൊപ്പം വരാനെനിക്ക് പ്രയാസമാണ്. അല്ലാഹുവിനെയും അവന്റെ ദൂതനെയും സേവിക്കാമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു.’
‘നിനക്ക് ഇഷ്ടമാണെങ്കില്‍ പിതാവിനോടൊപ്പം പോയിക്കോളൂ.’ പ്രവാചകന്‍ അലിയുടെ ചുമലില്‍ കൈവെച്ചു പറഞ്ഞു.
‘ഇല്ല; ഞാന്‍ പോകുന്നില്ല.’ അലി ദൃഢസ്വരത്തില്‍ അറിയിച്ചു.
‘എങ്കില്‍ നീ വരേണട.’ അബൂത്വാലിബ് പ്രതിഷേധസ്വരത്തില്‍ പറഞ്ഞു. തുടര്‍ന്ന് പ്രവാചകന്റെ നേരെ തിരിഞ്ഞ് തന്റെ മനോഗതം വ്യക്തമാക്കി: ‘മുഹമ്മദേ, നിന്നോടൊപ്പം നില്‍ക്കുന്നതുകൊണട് അവനൊരു വിപത്തും വരില്ലെന്ന് എനിക്കറിയാം. നീ അവനെ വഴിപിഴപ്പിക്കുകയില്ലെന്നും.’

Related Articles