Current Date

Search
Close this search box.
Search
Close this search box.

യുദ്ധത്തിനിടയിലെ മാധ്യമപ്രവർത്തനം: സിറിയയിലെ ജേണലിസ്റ്റുകളുടെ കഥ

മരിക്കുന്നതിന് മുമ്പ് മേരി കോള്‍വിന്‍ തന്റെ ചെരുപ്പു തപ്പുകയായിരുന്നു. മധ്യ പടിഞ്ഞാറന്‍ സിറിയയിലെ ഹിംസ്വിനടുത്തുള്ള അവരുടെ താല്‍ക്കാലിക പത്രപ്രവര്‍ത്തക ഓഫീസിന് മുകളില്‍ ആദ്യമേ ഒരു റോക്കറ്റ് ഇടിച്ചിറങ്ങിയിരുന്നു. അതിനു പിന്നാലെ വന്ന വേറൊരെണ്ണം അവരുടെയും ജീവനെടുത്തു. ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഒരു പത്ര പ്രവര്‍ത്തകയായതിനാല്‍ അവരുടെ ദാരുണമായ മരണം ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും സിറിയയുടെ ഭീകരാന്തരീക്ഷം ലോകത്തിന് മനസിലാക്കിക്കൊടുക്കുകയും ചെയ്തു. ജേണലിസ്റ്റുകള്‍ അടുക്കാന്‍ മടിക്കുന്ന ഒരു ഭൂമികയായി അതോടെ സിറിയ മാറി.

അതുമുതല്‍, പല മാധ്യമങ്ങളും തങ്ങളുടെ സ്റ്റാഫിനെ സിറിയയിലേക്കയക്കുന്നത് ഒഴിവാക്കുകയും സാധാരണക്കാര്‍ സ്മാര്‍ട്ട് ഫോണുപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോകള്‍ വാര്‍ത്തക്കായി ഉപയോഗിക്കാനാരംഭിക്കുകയും ചെയ്തു. യുദ്ധത്തിനിടയില്‍പ്പെട്ട് സകലതും നഷ്ടമായ തദ്ദേശീയരായ എന്‍ജിനീയര്‍മാരും ആര്‍ട്ടിസ്റ്റുകളും വിദ്യാര്‍ഥികളുമെല്ലാമായിരുന്നു അവര്‍.

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചുവിടുന്ന കുപ്രചരണങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയാഗ്രഹിച്ച് തെരുവുകളിലേക്ക് ക്യാമറയും പിടിച്ചിറങ്ങുകയായിരുന്നു അവരെല്ലാം. തങ്ങളുടെ ദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് പുറം ലോകത്തെ അറിയിക്കണമെന്നാഗ്രഹിച്ച്, പ്രാഥമികമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പോലുമില്ലാതെയാണ് അവര്‍ ഇറങ്ങിത്തിരിച്ചത്. ട്രെയിനിംഗോ മറ്റോ ലഭിക്കാത്ത പറ്റെ ചെറുപ്പക്കാരായ ഇവര്‍ക്കാകട്ടെ, അപകടകരമായ സാഹചര്യമായിരുന്നിട്ടും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന ഒരു ആനുകൂല്യവും കൂട്ടിനുണ്ടായിരുന്നില്ല – ഒരു എന്‍ജിഒ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാറിനു പുറമേ സിറിയയില്‍ മറ്റു സഖ്യ, സായുധസേനകളുടെയുമെല്ലാം കണ്ണിലെ കരടായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. സിറിയയിലെ ഒരു മനുഷ്യാവകാശ സംഘടനയുടെ കണക്കുപ്രകാരം, 2011-19 വര്‍ഷത്തിനിടയില്‍ 695-ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ, അവയവഭംഗം സംഭവിക്കുകയോ ചെയ്തു. മാതൃ സ്ഥാപനങ്ങള്‍ പോലും അവരെ തിരിഞ്ഞു നോക്കുകയുണ്ടായില്ല. കോള്‍വിന്റേതു പോലെ അവരുടെ പേരുകള്‍ നമുക്ക് പരിചിതമായില്ല.

Also read: സ്ത്രീ ശാക്തീകരണത്തിലെ പ്രവാചക മാതൃക

ടിം സിയൂഫി

ആറുമക്കളിലൊരുവനായ ടിം സിയൂഫിയുടെ കുടുംബം പ്രക്ഷോഭങ്ങള്‍ക്ക് മുമ്പു തന്നെ അരക്ഷിതാവസ്ഥയിലായിരുന്നു. വിപ്ലവം ഡമസ്‌ക്കസിലെത്തുന്നതിന് മുമ്പേ ടിമ്മിന്റെ പിതാവ് അറസ്റ്റിലായിരുന്നു. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അദ്ദേഹവും സമരങ്ങളില്‍ പങ്കാളിയായി. ഭരണകൂടത്തിന്റെ നെറികേടിനെതിരെ ശബ്ദിക്കാന്‍ അത് പകര്‍ത്തുകയാണ് തന്റെ വഴിയെന്ന് ടിം മനസിലാക്കി. ‘തോക്ക് അല്ലെങ്കില്‍ ക്യാമറ, രണ്ടാലൊന്നു തിരഞ്ഞെടുക്കലല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല. ‘- ടിം പറയുന്നു.

 

Tim Seofi, Damascus

പത്തൊമ്പതാം വയസില്‍ ആദ്യമായി ഒരു ക്യാമറ വാങ്ങിയ ടിം ദിനംപ്രതി ചിത്രങ്ങളെടുക്കുകയും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തു. ഒട്ടും വൈകാതെ അദ്ദേഹം പ്രൊഫഷനലായി മാറുകയും യുദ്ധമുഖത്തെ ഭീതിദമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു വേണ്ടി ഒപ്പിയെടുക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, ഒരു സ്റ്റോറി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ടിമ്മിന് പരിക്കേറ്റപ്പോള്‍ നഷ്ടപരിഹാരമായി നൂറു ഡോളറാണത്രെ ലഭിച്ചത്. ‘ഒരു ധാന്യപ്പൊതിക്ക് മുന്നൂറു ഡോളര്‍ വിലയുള്ള സ്ഥലത്താണിതെന്നോര്‍ക്കണം’- ടിം പറയുന്നു.
2018 ല്‍ ഡമസ്‌കസിന് പത്തു കിലോമീറ്ററകലെയുള്ള ദൗമയിലായിരുന്നു ടിമിന്റെ വേറൊരു ദൗത്യം. ദൗമയില്‍ സിറിയന്‍, റഷ്യന്‍ സേനകള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സമയമായിരുന്നു അത്. ടിമ്മിന് ഇരുപത്തഞ്ച് വയസു മാത്രമായിരുന്നു പ്രായം. പലതരത്തിലുള്ള ഒളിവിടങ്ങളിലിരുന്ന് ഒട്ടനവധി ചിത്രങ്ങളും മറ്റുമാണ് ടിം പകര്‍ത്തിയത്.

‘ഒരുപാട് പേരാണ് അവിടെ മരിച്ചുവീണത്. ഒരിക്കലും വിട്ടുപോകില്ലെന്ന് കരുതിയവര്‍. കുട്ടികളുള്‍പ്പെടെ ഇരുപത്തിമൂന്നോളം പേര്‍ കൊല്ലപ്പെട്ടു, എന്റെ അയല്‍പക്കക്കാരടക്കം.’- ഗദ്ഗദത്തോടെ ടിം പറയുന്നു. ഉറങ്ങുന്നവര്‍ക്ക് മുകളില്‍ ബോംബ് വര്‍ഷിച്ചത്, ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം പ്രതീക്ഷിച്ച് ജനം ടിവിക്ക് ചുറ്റും കൂടിനില്‍ക്കുന്നത്, തുടങ്ങി മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാത്തവ പകര്‍ത്താനാണ് ടിം ഉത്സാഹിച്ചത്. ഉപരോധം മൂലം പകര്‍ത്തിയത് ശേഖരിച്ചുവെക്കാന്‍ ഒരു ഹാര്‍ഡ് ഡ്രൈവ് വാങ്ങാനും, പവര്‍കട്ട് മൂലം കൃത്യമായി ചാര്‍ജ് ചെയ്യാനും അയാള്‍ ബുദ്ധിമുട്ടി.

 

സൈന്യവും പ്രതിപക്ഷവും ചര്‍ച്ചകള്‍ നടത്തുന്ന ഒഴിവില്‍ ടിമും ബസില്‍ ദൗമയില്‍ നിന്നും യാത്രതിരിച്ചു. ഭരണപക്ഷം കയ്യടക്കി വെച്ചിരിക്കുന്ന സ്ഥലമെത്തിയപ്പോള്‍ ഗവണ്‍മെന്റനുകൂലികള്‍ ബസിനു നേരെ കല്ലേറു നടത്തുകയുണ്ടായി. ഓരോ ചെക്ക്‌പോയിന്റിലും സൈനികര്‍ പരിശോധന നടത്തി. താന്‍ ഷൂട്ട് ചെയ്തത് അവര്‍ കാണുമെന്ന് അയാള്‍ ഭീതിപ്പെട്ടു. തന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന എണ്ണൂറു ഡോളര്‍ നഷ്ടപ്പെട്ടു. തന്റെ സ്വന്തം സഹോദരനെ പോരാളികള്‍ തടഞ്ഞുവെച്ചു.

Also read: സംസാരത്തിന്‍റെ ഉള്ളടക്കവും ശൈലിയും

രക്ഷപ്പെടാനൊരവസരമൊത്തപ്പോള്‍ ടിം പോയത് തുര്‍ക്കിയിലേക്കാണ്. അവിടെ തന്റെ അപാര്‍ട്ട്‌മെന്റ് മുറിയിലിരുന്ന് ജനാലയിലൂടെ പുറത്തേക്കുനോക്കിയപ്പോള്‍ ജനജീവിതം സൈ്വര്യമായി മുന്നോട്ടുപോകുന്നത് കണ്ട് താന്‍ അമ്പരന്നുപോയെന്ന് ടിം പറയുന്നു. എയര്‍പോര്‍ട്ടിനടുത്തുള്ള തന്റെ മുറിയില്‍ വിമാനത്തിന്റെ ഹുങ്കാരം കേള്‍ക്കുമ്പോഴെല്ലാം അയാള്‍ ഞെട്ടിയുണരും. സിറിയയില്‍ കുടുങ്ങിക്കിടക്കുന്ന തന്റെ കുടുംബത്തെയും കൂടപ്പിറപ്പുകളെയുമോര്‍ക്കും. ‘എല്ലാവര്‍ക്കും സമാധാനപൂര്‍ണമായി ഉറങ്ങാനാവുന്ന ഒരു ജനാധിപത്യ സിറിയയാണ് എന്റെ സ്വപ്നം.’- ടിം പറയുന്നു.

ദൗമയില്‍ നിന്നെടുത്ത ഫൂട്ടേജുകള്‍ വീണ്ടും കാണാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഒരുപാട് കഴിഞ്ഞാണ് അതുപയോഗിച്ച് ഒരു ഷോര്‍ട്ട് ഫിലിം ചിട്ടപ്പെടുത്തിയത്. ദൗമ അണ്ടര്‍ഗ്രൗണ്ട് എന്ന ആ ചിത്രം ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ‘അവിടെ കുടുങ്ങിപ്പോയവരുടെ നിസ്സഹായതയോര്‍ത്തപ്പോള്‍ അവരുടെ കഥകള്‍ എത്രയും വേഗം പുറം ലോകത്തെത്തിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നി.’

ദര്‍ഗാം ഹമ്മാദി

താന്‍ ജനിച്ചുവളര്‍ന്ന നഗരമായ അലപ്പോയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ലേഖകനായിരുന്നു 2018 വരെയും ദര്‍ഗാം. ആ സമയത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദാഇശ് തീവ്രവാദികള്‍ സിറിയയിലേക്ക് കടന്നുവരാനാരംഭിച്ചത്. ദര്‍ഗാം ചെറുപ്പത്തില്‍ വരച്ച സിറിയയുടെ ചിത്രങ്ങള്‍ മാറിമറിയുകയായിരുന്നു അതുമുതല്‍.
ഐസിസ് സ്ത്രീകളെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിക്കാന്‍ തുടങ്ങിയതോടെ സ്ത്രീജീവിതം ദുരിതപൂര്‍ണമായി. അവരില്‍ പലരും മനംനൊന്ത് ആത്മഹത്യ ചെയ്തു. ചിലര്‍ ഭാഗ്യത്തിന് തുര്‍ക്കിയിലേക്ക് രക്ഷപ്പെട്ടു. കടുത്ത ക്രൂരതക്കാണ് തങ്ങള്‍ ഇരയായതെന്ന പല സ്ത്രീകളുടെയും അനുഭവസാക്ഷ്യം ദര്‍ഗാം കേട്ടു. തങ്ങളുടെ ഭര്‍ത്താവിന്റെ പേരുപോലുമറിയാത്ത പല സ്ത്രീകളും തങ്ങളുടെ വിവാഹമോ കുട്ടികളുടെ പേരോ രെജിസ്റ്റര്‍ ചെയ്യാനാവാതെ ബുദ്ധിമുട്ടി.

 

Dergham Hammadi, journalist

രേഖകളില്ലാത്തതു മൂലം സഹായങ്ങളൊന്നും ലഭിക്കാത്ത പതിനേഴായിരത്തോളം കുട്ടികളെയാണ് വിവിധ ക്യാമ്പുകളിലായി ബര്‍ഗാമിന് കണ്ടത്താനായത്. ഈയവസ്ഥ സിറിയയിലെ നീതിന്യായ വകുപ്പിന്റെ മന്ത്രിയുള്‍പ്പെടെ വിവിധ അധികാരികളെ ബര്‍ഗാം ധരിപ്പിക്കുകയുണ്ടായി. ഇദ്‌ലിബിലെ ഇത്തരം സ്ത്രീകള്‍ താമസിക്കുന്ന ക്യാമ്പ് സന്ദര്‍ശിക്കാനാണ് അവര്‍ ബര്‍ഗാമിനോട് ആവശ്യപ്പെട്ടത്.

‘അവിടെ കയറിച്ചെന്നതും ഏഴെട്ടു പേരടങ്ങുന്ന സൈനികരാണ് എന്നെ എതിരേറ്റത്. താനാണ് ബര്‍ഗാമെന്ന് തിരിച്ചറിഞ്ഞ അവര്‍ എന്നെയും എന്നെ കൂട്ടിക്കൊണ്ടുപോയ സുഹൃത്തിനെയും വാഹനത്തില്‍ കയറ്റുകയും നാലു ദിവസത്തോളം ഞങ്ങളെ തടഞ്ഞുവെക്കുകയും ചെയ്തു. അമേരിക്കക്കു വേണ്ടി പ്രവര്‍ത്തിച്ചു എന്നതായിരുന്നു അവര്‍ ചാര്‍ത്തിയ കുറ്റം.
പക്ഷെ, ദര്‍ഗാമിനെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ചെലവുകളുള്‍പ്പെടെ എല്ലാ പിന്തുണയും മാതൃസ്ഥാപനം വാഗ്ദാനം ചെയ്തു. അലപ്പോ റെവലൂഷനറി കൗണ്‍സില്‍ എന്ന സംഘടന എല്ലാ നിയമസഹായങ്ങളും ദര്‍ഗമിന് നല്‍കി. ‘നിങ്ങളെന്നെ കൊന്നു കളഞ്ഞാലും എന്റെ കുടുംബത്തിന് അതൊരു പ്രശ്‌നമാകില്ല. ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ സൗകര്യം അനാഥരായ എന്റെ മക്കള്‍ക്ക് നല്‍കാന്‍ എന്നെ പിന്തുണക്കുന്നവര്‍ക്ക് കഴിയും.’ – ദര്‍ഗാം പറഞ്ഞത്രെ.

Also read: നുരയും പതയും കെട്ടടങ്ങും; ജനോപകാര പ്രദമായത് നിലനിൽക്കും

28 ദിവസത്തോളം ജയിലിലെ വൃത്തികെട്ട തറയിലാണ് ഞാനുറങ്ങിയത്. പക്ഷേ അതെല്ലാം ദുരിതമനുഭവിക്കുന്ന സിറിയയിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നോര്‍ത്തപ്പോള്‍ അതൊന്നും എനിക്ക് പ്രശ്‌നമായി തോന്നിയില്ല.- ദര്‍ഗാം പറയുന്നു.

 

Dergham Hammadi in front of a civilian home bombed by the regime

ആ സമയത്താണ് ജഡ്ജിയും അദ്ദേഹത്തിന്റെ സുഹൃത്തുമായ മുഹമ്മദ് നൂര്‍ ഹാമിദിയെ അവര്‍ തട്ടിക്കൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ കയ്യിലെ ഏഴു നഖങ്ങള്‍ അവര്‍ പറിച്ചെടുത്തു. മോചനദ്രവ്യമായി 35 മില്യണ്‍ സിറിയന്‍ ലിറ കിട്ടിയതിനു ശേഷമാണ് അവര്‍ അയാളെ വെറുതെവിട്ടത്. തന്റെ കയ്യിലൊന്നുമില്ലെന്ന് മനസിലാക്കിയതോടെ ദര്‍ഗാമിനെയും അവര്‍ വെറുതെവിട്ടു. ‘കൊച്ചു കുട്ടികള്‍ക്കു കൊടുക്കുന്നത്ര ഭക്ഷണമേ തടവുകാര്‍ക്കും കിട്ടിയിരുന്നുള്ളൂ. അതുകൊണ്ട് അവരുടെ ഹോട്ടലിലേക്കുള്ള ക്ഷണം നിരസിച്ച്, ഒരു കഫെയിലേക്കാണ് ഞാന്‍ ജയിലില്‍ നിന്നും നേരെ കയറിച്ചെന്നത്.’

 

യാറൂബ് ദാലി

ഒരു റിപ്പോര്‍ട്ടര്‍ ഒരിക്കലും തന്റെ കരിയറില്‍ തെരെഞ്ഞെടുക്കാനാഗ്രഹിക്കാത്ത അപകടകരമായ ദൗത്യങ്ങളാണ് കൗമാരക്കാരനായിരിക്കെത്തന്നെ യാറൂബ് ദാലി നിര്‍വഹിച്ചത്. 19 വയസ്സു മാത്രമുള്ളപ്പോഴാണ് ദാഇശിനും ഭരണകൂടത്തിനുമിടയിലെ എണ്ണ, സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാന്‍ അയാള്‍ അണ്ടര്‍കവറില്‍ പോയത്. 2015-ല്‍ അല്‍നുസ്‌റ ഫ്രണ്ട് ഒരു ക്രിസ്ത്യന്‍ ഗ്രാമത്തിനു നേരെ നടത്തിയ അക്രമത്തെ വിമര്‍ശിച്ച് യാറൂബ് ഒരു റിപ്പോര്‍ട്ടെഴുതുകയുണ്ടായി. ഇതു ശ്രദ്ധയില്‍പ്പെട്ട തീവ്രവാദികള്‍ യാറൂബിനെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തത്രെ.
കെട്ടിയിട്ട് പീഡിപ്പിച്ചത് കാരണമായി എന്റെ ഞരമ്പുകള്‍ ബ്ലോക്കായി. ഞാനിപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ഡോക്ടറുടെ അഭാവം മൂലം അനങ്ങാന്‍ പോലും വയ്യാതെ ഞാന്‍ ബുദ്ധിമുട്ടി. ഒരു നഷ്ടപരിഹാരവും എനിക്ക് ലഭിച്ചില്ല – അയാള്‍ പറയുന്നു.

ഹിംസ്വിലെ ഒരു പട്ടണത്തില്‍ യുദ്ധം ജീവച്ഛവമാക്കിയ ഒരു പറ്റം മനുഷ്യരുടെ കഥ പറഞ്ഞ യാറൂബ് എഴുതിയ ഒരു സ്റ്റോറി മിഡ്‌ലീസ്റ്റിലെ ഒട്ടേറെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് വായിച്ച ഖത്തറിലെ ഗുഡ്വില്‍ അംബാസിഡറായ ആയിഷ അബ്ദുല്‍ഗനി ആ വികലാംഗര്‍ക്ക് വേണ്ട സഹായങ്ങളൊരുക്കുകയുണ്ടായി.
അവര്‍ തന്ന സഹായം കാരണമാണ് അവരിലൊരാള്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നത്. എന്റെ തൂലികയാണ് അയാളെ രക്ഷിച്ചത് -യാറൂബ് അഭിമാനത്തോടെ പറയുന്നു.

പത്രപ്രവര്‍ത്തനം ഒരിക്കലും യാറൂബിന്റെ സ്വപ്നമേയായിരുന്നില്ല. സിറിയന്‍- ഇറാന്‍ നയതന്ത്ര ഓഫീസില്‍ ഉദ്യോഗസ്ഥനാവാനാണ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അയാളാഗ്രഹിച്ചത്. അതിനായി അയാള്‍ ഫാരിസി ഭാഷ പഠിച്ചു. അപ്പോഴാണ് വിപ്ലവം വരുന്നതും കാര്യങ്ങള്‍ മാറിമറിയുന്നതും. ഭരണകൂടത്തിന്റെ ക്രൂരതകള്‍ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി അങ്ങനെയയാള്‍ ജേണലിസ്റ്റായി.

Also read: യുക്തിവാദികൾ കൊന്നൊടുക്കിയത് ഒമ്പതര കോടിയെ

യുദ്ധത്തിന്റെ വിഷമാവസ്ഥകളെ നേരിട്ടു കൊണ്ട് വിജയം കൈവരിക്കുകയും മാനുഷികതക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന മനുഷ്യരുടെ കഥ പറയാനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചത് – യാറൂബിന്റെ വാക്കുകള്‍.
തന്റെ കഴിവുകള്‍ വികസിപ്പിക്കാനായി ഫേസ്ബുക്ക് പേജിലൂടെയാണ് യാറൂബ് ആദ്യമെഴുതിത്തുടങ്ങിയത്. ഒട്ടും വൈകാതെ അയാളുടെ കഴിവു തിരിച്ചറിഞ്ഞ ഒരു വെബ് പോര്‍ട്ടല്‍ അയാളെ ലേഖകനായി നിയമിക്കുകയും ചെയ്തു. എങ്കിലും യുദ്ധത്തിനിടക്ക് ഒരു ഫ്രീലാന്‍സറായി ജോലി നോക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ‘എനിക്കൊരവകാശവും ഉണ്ടായിരുന്നില്ല. ഞാനെഴുതിയ സ്റ്റോറി എഡിറ്റര്‍ക്കിഷ്ടമായില്ലെങ്കില്‍ അവര്‍ വേറെ ആളെ നോക്കും.’
ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യാറൂബ് സിറിയ വിട്ട് ഫ്രാന്‍സിലേക്ക് ചേക്കേറിയത്. ‘സിറിയയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം എന്നെ അവിടെ നിന്നും പിഴുതുമാറ്റിയ പോലെ തോന്നുന്നു. സ്വാതന്ത്ര്യത്തിലേക്കെത്താന്‍ അതിന് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. അവിടേക്ക് തിരിച്ചു ചെല്ലാനാണ് ഞാന്‍ എപ്പോഴും കൊതിച്ചു കൊണ്ടിരിക്കുന്നത്.’- യാറൂബ് പറയുന്നു.

ഒബൈദ അല്‍ഒമര്‍

വിപ്ലവം പൊട്ടിപ്പുറപ്പെട്ട സമയത്ത്, തന്റെ സുഹൃത്തായ റഈദ് ഫാരിസ് സ്ഥാപിച്ച ഒരു സ്ഥാപനത്തിനു വേണ്ടി ചെറു പ്രക്ഷോഭങ്ങളുടെ ഫോട്ടോയെടുത്തും റിപ്പോര്‍ട്ടെഴുതിയുമാണ് ഒബൈദ മാധ്യമരംഗത്തേക്ക് കടന്നുവന്നത്. അതിനുമുമ്പ് അയാള്‍ ഹമായിലെ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്നു. എപ്പോഴും നിലച്ചുപോയേക്കാവുന്ന ബ്ലഡ് ബാങ്കുകളുടെയും ആംബുലന്‍സുകളുടെയും മറ്റു ആരോഗ്യ സര്‍വീസുകളെയും പറ്റിയാണ് ഒബൈദ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത്.

 

Obaida Al-Omar at a protest in Kafar Nabl, Idlib

യുദ്ധത്തില്‍ പരുക്കേറ്റ ആയിരക്കണക്കിന് പേര്‍ക്ക് ചികിത്സ കൊടുക്കാനാവാതെ ആദ്യമേ ഉഴലുകയായിരുന്നു സിറിയയിലെ ആരോഗ്യരംഗം. ഇദ്‌ലിബ്, അലപ്പോ തുടങ്ങിയ പ്രവിശ്യകളിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍ ദാഇശ് പിടിച്ചുവെച്ചതു കാരണം എണ്ണക്ക് ശക്തമായ പ്രതിസന്ധിയാണ് മേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത് – ഒബൈദ ഒരു റിപ്പോര്‍ട്ടില്‍ എഴുതുന്നു. 2014-ലാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഏതൊരു സിറിയന്‍ യുവാവിനെയും പോലെ ഒബൈദക്കു നേരെയും ഭരണകൂടത്തിന്റെ ഭീഷണി നീളുന്നത്. സ്വദേശമായ ഇദ്‌ലിബില്‍ നിന്നും പുറത്തേക്കു കടന്ന് അയാള്‍ എത്തിയത് തുര്‍ക്കിയിലേക്കാണ്.

തുര്‍ക്കിഷ് അതിര്‍ത്തിയില്‍ വെച്ച് അയാള്‍ക്ക് ടര്‍ക്കിഷ് പോലിസിന്റെ വെടിയേല്‍ക്കുകയും നായകളാല്‍ അക്രമിക്കപ്പെടുകയും ചെയ്തു. എങ്ങനെയോ തുര്‍ക്കിയിലെ ഇസ്മീറിലെത്തിയ അയാള്‍ ഒരു മനുഷ്യക്കടത്തുകാരനെ ബന്ധപ്പെടുകയും അയാള്‍ ഒബൈദിനെ സിറിയക്കാരും ഫലസ്തീനികളുമെല്ലാമടങ്ങുന്ന ഒരു സംഘം ഒളിച്ചിരിക്കുന്ന കാട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഒരു ചെറിയ വഞ്ചിയില്‍ ഗ്രീസിലേക്കു കടക്കാനായിരുന്നു അവരുടെ പ്ലാന്‍. എന്നാല്‍, യാത്രാമധ്യേ തുര്‍ക്കിഷ് കോസ്റ്റ് ഗാര്‍ഡ് അവരെ പിടികൂടുകയും തടവിലിടുകയും ചെയ്തു. ഒമ്പതു ദിവസത്തിന് ശേഷം മോചിതനായ ഒബൈദക്ക് എത്രയും പെട്ടെന്ന് തുര്‍ക്കി വിടണമെന്ന അറിയിപ്പാണ് ലഭിച്ചത്.
അഞ്ചു മക്കളുടെ പിതാവായ ഒബൈദ പിന്നീട് ഒട്ടേറെ പരിശ്രമിച്ചാണ് തുര്‍ക്കിയിലെത്തുന്നത്. എന്നാല്‍, ഒട്ടും വൈകാതെ അന്താക്കിയയില്‍ വെച്ച് അയാളെ പോലീസ് പിടികൂടി. അവര്‍ നിര്‍ബന്ധിപ്പിച്ച് ടര്‍ക്കിഷ് ഭാഷയിലുള്ള ഒരു രേഖയില്‍ ബലമായി ഒപ്പുവെപ്പിക്കുകയും ചെയ്തു. അത് സിറിയയിലേക്ക് സ്വമേധയാ തിരിച്ചു പോകാനുള്ള രേഖയാണെന്ന് അയാള്‍ക്ക് പിന്നീടാണ് മനസിലായത്.

Also read: ഗസ്സ: ‘ക്വാറന്റൈനിനുള്ളിലെ ക്വാറന്റൈന്‍’

‘താന്‍ രോഗിയാണെന്നോ, യുദ്ധത്തില്‍ നിന്ന് ഓടിപ്പോന്നതാണെന്നോ ഉള്ള ഒരു പരിഗണനയും തരാതെ അവര്‍ എന്നെ നാടുകടത്തി. എന്റെ കുടുംബത്തെക്കൂട്ടി തുര്‍ക്കിയിലെത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചതുമില്ല.’- അയാള്‍ പറയുന്നു.
ഇദ്ലിബിലെ തന്റെ ബോംബു വീണ് തകര്‍ന്ന വീട്ടില്‍ കുടുംബത്തോടൊപ്പം കഴിച്ചുകൂട്ടാന്‍ ഒബൈദ വല്ലാതെ പ്രയാസപ്പെട്ടു. ഒടുവില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ഒരു വിസ എങ്ങനെയോ തരപ്പെട്ടു പാരീസിലെത്താനായി.’ ഞാന്‍ റെസിഡന്‍സ് പെര്‍മിറ്റിനു വേണ്ടി കാത്തിരിക്കുകയാണ്. എനിക്കിപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കിലും ഇപ്പോഴും ഇദ്‌ലിബില്‍ കഴിയുന്ന ഉപ്പയുടെ കുടുംബത്തെപ്പറ്റിയാണ് ഞാന്‍ ആശങ്കപ്പെടുന്നത്.’

സിറിയയെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം അസദ് ഭരണകൂടം കൊന്നുകളഞ്ഞ എന്റെ സുഹൃത്തുക്കളുടെ മുഖമാണ് മനസില്‍ വരിക. അപ്പോഴെല്ലാം ഞാന്‍ അറിയാതെ വിതുമ്പിപ്പോകും.സിറിയയെ അത്രമേല്‍ എനിക്കിഷ്ടമാണ്’- ഒബൈദയുടെ വേദന പുരണ്ട വാക്കുകള്‍.

വിവ- അഫ്സൽ പിടി മുഹമ്മദ്

Related Articles