Human Rights

അള്‍ജീരിയയില്‍ ഇനിയെന്ത് ?

രാജ്യത്തെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചരിത്രപരമായ പങ്കാണ് അള്‍ജീരിയന്‍ സൈന്യം നടത്തിയത്.1992ല്‍ പ്രസിഡന്റ് ചാദ്‌ലി ബെന്‍ജെദിദ് ആണ് ലിയാമിന്‍ സെറൂലിന് പ്രസിഡന്റ് സ്ഥാനത്തേക്ക് വഴിയൊരുക്കിയിരുന്നത്. പിന്നീട് 1999ല്‍ സെറൂലിനെ നിര്‍ബന്ധിച്ച് താഴെയിറക്കുകയും അബ്ദുല്‍ അസീസ് ബൂട്ടോഫഌക്ക സ്ഥാനാരോഹണം നടത്തുകയുമായിരുന്നു.

ഏപ്രില്‍ രണ്ടിന്, കഴിഞ്ഞ ആറാഴ്ചകളായി നടന്ന സമാധാനപരമായ ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് ബൂട്ടോഫ് ളിക്ക രാജിവെച്ചു. സൈനിക മേധാവി അഹ്മദ് ഗെയ്ദ് സലാഹ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് പെട്ടെന്ന് രാജി പ്രഖ്യാപിച്ചത്.

എന്നാല്‍ അള്‍ജീരിയ ഇന്നും ഏറെ മുന്‍കരുതലുകളോടെയാണ് നില്‍ക്കുന്നത്. ബൂട്ടോഫ് ളിക്കക്ക് പിന്നിലുണ്ടായിരുന്ന സൈന്യം ഇപ്പോഴും അവിടെയുണ്ട്. അള്‍ജീരിയന്‍ ഭരണഘടനയിലെ 102,104 ആര്‍ട്ടിക്കിള്‍ പ്രകാരം പ്രസിഡന്റിനെ നീക്കം ചെയ്യുകയോ മരണപ്പെടുകയോ ചെയ്താല്‍ പ്രസിഡന്റ് നടത്തുന്നത് വരെ പുതിയ പ്രസിഡന്റിനെ നിയമിക്കാനാവില്ല. അതിനാല്‍ തന്നെ പ്രക്ഷോഭകരെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ബൂട്ടോഫ് ളിക്ക രാജിവെക്കുന്നതിന് ഏതാനും ദിവസം മുന്‍പ് അദ്ദേഹം പുതിയ ഒരു കെയര്‍ ടേക്കര്‍ (താല്‍ക്കാലിക നിയന്ത്രണാധികാരമുള്ള)സര്‍ക്കാരിനെ നിയമിച്ചിരുന്നു. നിലവിലുള്ള 27 മന്ത്രിമാരില്‍ നിന്നും 21 മന്ത്രിമാരെ തെരഞ്ഞെടുത്താണ് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിച്ചത്. രാജ്യത്ത് പുതുതായി നിയമിച്ചിരുന്ന പ്രധാനമന്ത്രി നൂറുദ്ദീന്‍ ബിദോയിയെ നീക്കം ചെയ്ത് മുന്നോട്ടു പോകാനുള്ള നീക്കവും പ്രതിഷേധക്കാര്‍ക്കു മുന്നില്‍ വിജയം കണ്ടില്ല.

ഒരു മാസത്തിലധികമായി അള്‍ജീരിയന്‍ തെരുവില്‍ സമരം ചെയ്തവര്‍ എല്ലാം ആവശ്യപ്പെട്ടത് ബൂട്ടോഫ് ളിക്കയും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളും അധികാരത്തില്‍ നിന്നും താഴെയുറങ്ങണം എന്നായിരുന്നു.സമൂലമായ മാറ്റമാണ് അള്‍ജീരിയന്‍ ജനത ആവശ്യപ്പെട്ടത്. അതിനാല്‍ തന്നെ ബൂട്ടോഫ് ളിക്കയെ പിന്തുണക്കുന്ന എല്ലാ ആളുകളുടെയും രാജി അവര്‍ ആവശ്യപ്പെടുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ ഡാലിയ ഗനിം പറയുന്നു. കുത്തക വ്യവസായ മുതലാളിമാരെ പുറംതള്ളാന്‍ അവര്‍ ആഗ്രഹിക്കുന്നു. സൈന്യം തങ്ങളെ പിന്തുണക്കണമെന്നും ബാരക്കുകളിലേക്ക് മടങ്ങണമെന്നുമാണ് ജനങ്ങള്‍ ആഗ്രഹിച്ചത്. ഭരണം സൈന്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും അവര്‍ താല്‍പര്യപ്പെടുന്നില്ല- ഗനിം പറഞ്ഞു.

ബൂട്ടോഫ് ളിക്കയുടെ സന്തതസഹചാരിയും അടുത്ത അനുയായിയുമാണ് നൂറുദ്ദീന്‍ ബിദോയ്. അദ്ദേഹം പുതിയ സര്‍ക്കാരുണ്ടാക്കാനായി മുന്‍ പ്രസിഡന്റ് ലിയാമിന്‍ സിറോലിനെ സമീപിച്ചിരുന്നു. സര്‍ക്കാരിനെ ഇത്തരത്തില്‍ പരിവര്‍ത്തിപ്പിക്കാന്‍ അവസാന ശ്രമങ്ങളും ബൂട്ടോഫ് ളിക്ക നടത്തിയിരുന്നു.

മുന്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് മദിന്‍ മാര്‍ച്ച് 30ന് ഇക്കാര്യമാവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ അവരുടെ വാഗ്ദാനം താന്‍ നിരസിക്കുകയാണ് ചെയ്തതെന്നും സിറോലിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സെനറ്റിലെ മുതിര്‍ന്ന അംഗവും ദീര്‍ഘകാലമായി ബൂട്ടോഫ് ളിക്കയുടെ അടുത്ത അനുയായിയുമായ അബ്ദുല്‍ ഖാദര്‍ ബിന്‍ സലാഹ് ആണ് ഇപ്പോള്‍ അള്‍ജീരിയയുടെ ആക്റ്റിങ് പ്രസിഡന്റ്. അള്‍ജീരിയയില്‍ നടന്ന തീര്‍ത്തും സമാധാനപരമായുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളടക്കം അണിനിരന്ന പ്രക്ഷോഭത്തിലൂടെ രാജ്യത്ത് ജനാധിപത്യ ക്രമവും സത്യസന്ധമായ തെരഞ്ഞെടുപ്പും വരുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം.

ഭരണഘടന പ്രക്രിയയെ ബഹുമാനിച്ച് കൊണ്ട് തന്നെ അള്‍ജീരിയന്‍ ജനത ആഗ്രഹിക്കുന്നത് പ്രമുഖരല്ലാത്ത പുതിയ നേതാക്കള്‍ രാജ്യം ഭരിക്കണമെന്നാണ്. ഇതിനായി സൈനിക മേധാവിയും രാഷ്ട്രീയ നേതാവുമായ അഹ്മദ് ഗിയാദ് സലാഹിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

വരും ദിവസങ്ങളില്‍ ഇക്കാര്യം ജനങ്ങള്‍ നിലവിലെ ആക്റ്റിങ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ബിന്‍സലാഹിനെയും പ്രധാനമന്ത്രി നൂറുദ്ദീന്‍ ബിദോയിയെയും ഭരണഘടന കൗണ്‍സില്‍ തലവന്‍ തയ്യിബ് ബിലൈസിനെയും അറിയിക്കുമെന്നും ഇതാണ് കഴിഞ്ഞ ആറാഴ്ചയായി നടന്ന മില്യണ്‍ കണക്കിന് ജനങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും ഇത്തരത്തില്‍ പുതിയ അള്‍ജീരിയ സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് ജനങ്ങള്‍ നേതാക്കളുമൊത്ത് നിര്‍വഹിക്കുകയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞുവെക്കുന്നു.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: സഹീര്‍ അഹ്മദ്‌

Facebook Comments
Show More

Related Articles

Close
Close