Human Rights

ഉന്നാവ് : ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പരാജയം

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പരാജയവും അതിനകത്ത് ആഴത്തില്‍ വേരോടിയിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതിത്വവുമാണ് ഉന്നാവ് കേസില്‍ പ്രതിഫലിക്കുന്നത്. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപണം ഉന്നയിച്ച പെണ്‍കുട്ടി ഒരു വര്‍ഷത്തോളമായി നിയമയുദ്ധം നടത്തിവരികയായിരുന്നു. സെന്‍ഗാറിനെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഗൗരവപൂര്‍വം ആലോചിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല. ഉന്നാവില്‍ ഒന്നും സംഭവിക്കാത്തതു പോലെയായിരുന്നു പാര്‍ട്ടിയുടെ നിലപാട്.

നമുക്കും ഉന്നാവ് അത്രമാത്രം കാര്യമായിരുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം. പക്ഷേ അവളൊരു ധീരവനിതയാണ്, കേസുമായി മുന്നോട്ടു പോകാന്‍ അവള്‍ കാണിച്ച ചങ്കൂറ്റത്തെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. അതുതന്നെയാണ് അവളുടെ ശത്രുക്കളെ സംബന്ധിച്ചിടത്തോളം അവള്‍ ചെയ്ത ഏറ്റവും വലിയ കുറ്റവും.

അവളുടെ പിതാവ് പോലിസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ഇപ്പോഴിതാ അവളുടെ അമ്മായിയും കൊല്ലപ്പെട്ടിരിക്കുന്നു. ജയിലില്‍ കിടക്കേണ്ട രാഷ്ട്രീയ നേതാവിനെ ഭരണകൂടം തന്നെയാണ് തുറന്നുവിട്ടിരിക്കുന്നത്, മുകളില്‍ നിന്നുള്ള ഉത്തരവും സംരക്ഷണവും ആശിര്‍വാദവും ഇല്ലാതെ ഇതൊരിക്കലും സാധ്യമാവുകയില്ല.

ജനരോഷം കടുത്തപ്പോള്‍ മാത്രമാണ് പാര്‍ട്ടി അദ്ദേഹത്തെ സസ്പെന്‍റ് ചെയ്യാന്‍ പോലും തുനിഞ്ഞത്. നിര്‍ഭയ കേസില്‍ ആര്‍ത്തിരമ്പിയ ജനകൂട്ടം പക്ഷേ ഈ കേസില്‍ മൗനംപാലിച്ചു. അസം ഖാനെതിരെ ചൂണ്ടിയ വിരലുകള്‍ പക്ഷേ നിവരാന്‍ മടിച്ചു. ഈ പെണ്‍കുട്ടിയെന്താ ഇന്ത്യക്കാരിയല്ലെ. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം അവള്‍ക്കില്ലെ?

അവളെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ജീവിതം വളരെയധികം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. എല്ലാം എതിരായിട്ടു കൂടി അവള്‍ തന്‍റെ പോരാട്ടവഴിയില്‍ നിന്നും തെല്ലും പിന്‍മാറാന്‍ ഒരുക്കമല്ല. ഒരു സിവില്‍ സൊസൈറ്റിയും ഒരു ആക്റ്റിവിസ്റ്റും അവളെ തിരിഞ്ഞുനോക്കിയിരുന്നില്ല. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് അവള്‍ക്കും അവളുടെ കുടുംബത്തിനും നേരെ വധശ്രമം ഉണ്ടായപ്പോഴാണ് നാം കണ്ണുതുറന്നത്.

രാഷ്ട്രീയ ഗുണ്ടകളാണ് ഇത്തരത്തിലുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കു നേരെ വിരല്‍ചൂണ്ടുന്നവരെ ജീവനോടെ വെച്ചേക്കില്ലെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇത്. ചില ത്രില്ലര്‍ സിനിമകളില്‍ കണ്ടുപരിചയിച്ച രംഗങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് നമ്മുടെ സുരക്ഷ ഉറപ്പാക്കേണ്ട പോലിസ് സംവിധാനത്തെ വിശ്വസിക്കാന്‍ കഴിയുക. പോലിസുകാര്‍ തന്നെയാണ് എം.എല്‍.എയുടെ ഗുണ്ടകള്‍ക്ക് വിവരങ്ങള്‍ കൈമാറിയതെന്നും, അതുപ്രകാരമാണ് ഗൂഢാലോചന നടത്തിയതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നാം എങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത്? ബി.ജെ.പിയുടെ ഉന്നതതല നേതാക്കള്‍ ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം എന്നേ അവര്‍ പറയാന്‍ പോകുന്നുള്ളു.

എന്തുകൊണ്ടാണ് ഉന്നാവിലെ ജനങ്ങള്‍ നീതിക്കു വേണ്ടി പോരാടുന്ന ഈ സ്ത്രീക്കൊപ്പം നിലകൊള്ളാത്തത്? തങ്ങളുടെ സ്വന്തം സമുദായത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ പീഢിപ്പിക്കുകയും അവളുടെ കുടുംബത്തെ ഒന്നടങ്കം ഉന്മ‍ൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സ്വന്തം സമുദായത്തില്‍ നിന്നു തന്നെയുള്ള നേതാവിനെതിരെ ശബ്ദമുയര്‍ത്താന്‍
രജ്പുത് മഹാസഭയും കാര്‍ണി സേനയും എന്തുകൊണ്ടാണ് തയ്യാറാവാത്തത്?

അവലംബം : countercurrents
വിവ. ഇര്‍ശാദ് കാളാചാല്‍

Facebook Comments
Show More

Related Articles

Close
Close