Current Date

Search
Close this search box.
Search
Close this search box.

ഇത് പത്തു വയസ്സുകാരൻ മുഹമ്മദ് അബു റിദാൻ

സിറിയയിലെ ആഭ്യന്തര യുദ്ധം ആരംഭിച്ച 2011ലായിരുന്നു ജനനം. പിറന്നു വീണത് യുദ്ധഭൂമിയിൽ ആയതിനാൽ കുഞ്ഞുനാളിൽ തന്നെ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ അനുഭവിച്ചറിയുകയാണവൻ.
സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയിലെ മാർസ്ഹൗറീൻ ഗ്രാമത്തിൽ ജനിച്ച മുഹമ്മദ് ഇപ്പോൾ താമസിക്കുന്നത് അലെപ്പോയിൽ തന്നെ തുർക്കിയുടെ നിയന്ത്രണത്തിലുള്ള അഭയാർഥി ക്യാമ്പുകളിലൊന്നിലാണ്. ഹൃദ്രോഗിയായ പിതാവ് ജോലിക്ക് പോകാനാവാതെ വീട്ടിൽ കഴിയുന്നതിനാൽ കൊച്ചു മുഹമ്മദ് മറ്റൊന്നും ആലോചിച്ചില്ല. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും സ്വന്തം ചുമലിലേറ്റി.

‘ഞങ്ങൾക്കൊരു വീടുണ്ടായിരുന്നു. ഞാൻ ദിവസവും സ്‌കൂളിൽ പോകാറുമുണ്ടായിരുന്നു. അവ രണ്ടും അവർ (ബശ്ശാറുൽ അസദിന്റെ പട്ടാളം) തകർത്തു,’ മുഹമ്മദ് അബൂ റിദാൻ പറയുന്നു.

എന്നും അതിരാവിലെ എഴുന്നേറ്റ് മരംകോച്ചുന്ന തണുപ്പ് വകവെക്കാതെ മുഹമ്മദ് വീട്ടിൽനിന്ന് ഇറങ്ങും. പത്തു കിലോ മീറ്റർ അകലെ ക്ലീനിംഗ് ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലാണ് അവന്റെ ജോലി. അവിടേക്ക് പോകുന്ന ഏതെങ്കിലും വാഹനത്തിൽ കയറിപ്പറ്റുകയാണ് ആദ്യ കടമ്പ. വാഹനം കിട്ടിയില്ലെങ്കിൽ നടന്നുപോകും. പത്തു മണിക്കൂറോളം ദിവസവും ജോലി ചെയ്യണം. 100 ടർക്കിഷ് ലിറ (ഏതാണ്ട് 925 രൂപ)യാണ് മാസ വേതനം! അതു മാത്രമാണ് അവന്റെ കുടുംബത്തിന്റെ ഏക വരുമാനവും!!

ടെന്റില്‍ ചായ ഉണ്ടാക്കുന്ന മുഹമ്മദ് അബൂ റിദാന്‍

ജോലി കഴിഞ്ഞ് ടെന്റിലെത്തുമ്പോൾ അങ്ങേയറ്റം ക്ഷീണിതനായിരിക്കും. എങ്ങനെയെങ്കിലും തല ചായ്ക്കാനാണ് അപ്പോൾ തോന്നുകയെന്ന് മുഹമ്മദ് പറയുന്നു. എന്നാൽ അങ്ങനെയങ്ങ് ഉറങ്ങാൻ അവനു മനസ്സ് വരില്ല. മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ ഈ പത്തുവയസ്സുകാരൻ വീട്ടുജോലിയിലും (ടെന്റിൽ എന്നു പറയുന്നതാണ് ശരി) സഹായിക്കും. മഴയും മഞ്ഞുവീഴ്ചയും കാരണം ടെന്റിലെ ജീവിതം ദുസ്സഹമാണ്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് സ്റ്റൗ കത്തിക്കാനും രുചിയുള്ള ചായ ഉണ്ടാക്കാനും അവനറിയാം. കടുത്ത തണുപ്പിൽ ഒരാശ്വാസം.

യുനിസെഫിന്റെ കണക്കനുസരിച്ച് 25 ലക്ഷത്തോളം സിറിയൻ കുട്ടികൾ വിദ്യാലയങ്ങൾക്ക് പുറത്താണ്! അയൽ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന മറ്റൊരു ഏഴര ലക്ഷം കുട്ടികൾ വേറെയും. യുനിസെഫ് മറ്റൊരു ഞെട്ടിക്കുന്ന കണക്കു കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ കുട്ടികളിൽ 90 ശതമാനവും ജീവകാരുണ്യ സഹായങ്ങൾ ആവശ്യമുള്ളവരാണ്. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനത്തിലേറെയാണ് ഈ കണക്ക്. ബശ്ശാറിന്റെ പട്ടാളവും റഷ്യയും ഇറാനിയൻ മിലീഷ്യയും കഴിഞ്ഞ വർഷം മാത്രം കുട്ടികൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിലും അവകാശ നിഷേധങ്ങളിലും 75 ശതമാനവും ഭരണകൂടത്തിന് നിയന്ത്രണം ഇല്ലാത്ത വടക്കു പടിഞ്ഞാറൻ സിറിയയിലാണ് എന്നു കൂടി ചേർത്തു വായിക്കുക.

മുഹമ്മദ് അബൂ റിദാനെ പോലെ നിരവധി കുട്ടികളാണ് അടിസ്ഥാന അവകാശമായ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് കുടുംബം പോറ്റാൻ ബാലവേല ചെയ്യേണ്ടിവരുന്നത് എന്നത് പരിഷ്‌കൃതമെന്ന് മേനി നടിക്കുന്ന ലോകത്തിന് അപമാനമാണ്. അധികാരം നിലനിർത്താൻ ഏകാധിപതികൾ സ്വന്തം പൗരന്മാരെ ജന്മനാട്ടിൽനിന്നു തന്നെ പുറന്തള്ളുന്ന ക്രൂരതകൾ ഒരുഭാഗത്ത് നടക്കുമ്പോൾ ഈ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് വൻശക്തികൾ.

Related Articles