Current Date

Search
Close this search box.
Search
Close this search box.

ഇത് ഇന്ത്യയാണ്, ഈ പോരാട്ടത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കാണ്!

ഗുജറാത്തില്‍ ഹിന്ദുത്വര്‍ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ ഇഹ്സാന്‍ ജാഫ്രിയുടെ മകള്‍ നിഷ്രീന്‍ ജാഫ്രി, കഴിഞ്ഞാഴ്ച ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേതാ ഭട്ടിന് എഴുതിയ കത്ത്. ഇത് ഇന്ത്യയാണെന്നും, പോരാട്ടത്തില്‍ കൂടെ നില്‍ക്കാന്‍ ആരുമുണ്ടാവില്ലെന്നും, ആളുകളില്‍ നിന്ന് അധികമൊന്നും സഹതാപവും ഐക്യദാര്‍ഢ്യവും പ്രതീക്ഷിക്കരുതെന്നും അവര്‍ എഴുതുന്നു.

പ്രിയപ്പെട്ട ശ്വേത സഞ്ജീവ് ഭട്ട്,

ഇന്ത്യയില്‍ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം എന്നുപറയുന്നത് ആരും കൂടെനില്‍ക്കാത്തതും അനന്തമായി നീണ്ടുനില്‍ക്കുന്നതുമായ ഒന്നാണ്.

ഒരിക്കല്‍ ഒരു അഭിമുഖസംഭാഷണത്തില്‍ ടീസ്റ്റ സെറ്റല്‍വാദാണ് ഈ പരാമര്‍ശം നടത്തിയത്. ദിവസങ്ങളോളം ആ പറഞ്ഞതിന്‍റെ ആഴം മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഒറ്റയ്ക്കായി പോവുക എന്നത് എന്താണെന്ന് ആദ്യം ദിവസം തൊട്ടുതന്നെ ഞാന്‍ അനുഭവിച്ചറിഞ്ഞു, പക്ഷേ അതു പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങളുടെ ഭര്‍ത്താവിനെയും കൊണ്ട് അവര്‍ പോയിട്ടുള്ള വഴി എത്രമാത്രം ഒറ്റപ്പെട്ടതാണെന്നും, നിങ്ങളുടെയും മക്കളുടെയും കുടുംബത്തിന്‍റെയും മുന്നില്‍ നീണ്ടുകിടക്കുന്ന വഴി എത്രമാത്രം ദൈര്‍ഘ്യമേറിയതും ഒറ്റപ്പെട്ടതും ബുദ്ധിമുട്ടേറിയതുമാണെന്നും ഞാന്‍ പറഞ്ഞുതരാം. നിങ്ങളുടെ കാര്യമെടുത്താല്‍ നിങ്ങള്‍ക്കതിനെ കുറിച്ച് കൃത്യമായ ധാരണ ഇതുവരെ ലഭിച്ചിട്ടില്ല.

1960-കളില്‍ അഹ്മദാബാദിലേക്ക് വരുമ്പോള്‍ എന്‍റെ അമ്മയ്ക്ക് 23 വയസ്സായിരുന്നു പ്രായം. 2002-ല്‍ അവരുടെ 60-ാമത്തെ വയസ്സില്‍, ഫെബ്രുവരി 28-നു രാവിലെ എടുത്തണിഞ്ഞ അതേ സാരിയുടുത്ത് അന്നേദിവസം രാത്രി വീട്ടില്‍ നിന്നിറങ്ങി, 40-ലധികം വര്‍ഷം നടന്ന അതേ തെരുവിലൂടെ നടക്കേണ്ടി വന്നപ്പോള്‍, ചമന്‍പുര തൊട്ട് ഗാന്ധിനഗര്‍ എത്തുന്നതു വരെ ഒരു വാതില്‍ പോലും അവരുടെ മുന്നില്‍ തുറക്കപ്പെട്ടില്ല. പിറ്റേന്നു രാവിലെ ഗാന്ധിനഗറില്‍ ഒരു കുടുംബസുഹൃത്താണ് അവരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.

നിങ്ങള്‍ നാട് എന്ന് വിളിക്കുന്ന നഗരം, നിങ്ങള്‍ “മേരേ ദേശ് വാസി” (എന്‍റെ നാട്ടുകാര്‍) എന്നു വിശേഷിപ്പിക്കുന്ന ആളുകള്‍, നിങ്ങളിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥ ശ്രദ്ധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

അച്ഛന്‍റെ വളരെകാലത്തെ സുഹൃത്തുക്കളായിരുന്ന, അഹ്മദാബാദില്‍ ജീവിക്കുന്ന പ്രമുഖരില്‍ ഒരാള്‍ പോലും എന്‍റെ അമ്മയെ തിരിഞ്ഞുനോക്കിയില്ല. അമ്മയ്ക്കൊപ്പം അടുക്കളയിലിരുന്ന് സ്വറപറഞ്ഞിരുന്നവര്‍, അച്ഛനൊപ്പം ഇരുന്ന് ഇറച്ചിക്കറിയും ബിരിയാണിയും കഴിച്ചവര്‍, അഹ്മദാബാദില്‍ അച്ഛന്‍റെ കൂടെ ജോലി ചെയ്തിരുന്ന, തെരഞ്ഞെടുപ്പില്‍ മത്സരിച്ച, കോടതിയില്‍ കേസുകള്‍ വാദിച്ച, റാലികളില്‍ ഒപ്പം പങ്കെടുത്ത, സമരങ്ങളില്‍ കൂടെയിരുന്ന, ഹോളി ഒരുമിച്ചാഘോഷിച്ച, പെരുന്നാള്‍ കൊണ്ടാടിയ, ദീവാലിയിലും മറ്റും ഒരുമിച്ചാഹ്ലാദിച്ച ആളുകള്‍ പോലും വന്നില്ല. സ്വസമുദായത്തില്‍പെട്ട നൂറുകണക്കിനാളുകള്‍ക്കൊപ്പം അച്ഛനും ക്രൂരമായി കൊലചെയ്യപ്പെട്ട വാര്‍ത്ത പടരുകയും, അമ്മയെ ഗാന്ധിനഗറില്‍ ഒറ്റയ്ക്കു കണ്ടെത്തുകയും ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഈ സംസ്ഥാനത്തും നഗരത്തിലും നിങ്ങളുടെ ഭര്‍ത്താവ് ചെയ്തിരുന്ന ജോലിയും, അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസവും സര്‍വ്വീസും, രാജ്യത്തെ സേവിക്കുക എന്ന അദ്ദേഹത്തിന്‍റെ സ്വപ്നവും, സത്യന്ധതയും ആത്മാര്‍ഥതയും പരിഗണിക്കപ്പെടുമെന്നും, നിങ്ങളുടെ പോരാട്ടത്തില്‍ ഈ ആളുകള്‍ പങ്കുചേരുമെന്നും നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?

അത്തരമൊരു വലിയ സംഭവം കാനഡയിലാണ് നടന്നതെന്നും, ഒരു മുന്‍പാര്‍ലമെന്‍റംഗം സ്വന്തം വീട്ടില്‍ വെച്ച്, അവിടെയുണ്ടായിരുന്ന 169 മനുഷ്യരുടെ കൂടെ ക്രൂരമായി അഗ്നിക്കിരയാക്കപ്പെട്ട് കൊലചെയ്യപ്പെട്ടെന്നും കരുതുക, ജസ്റ്റിന്‍ ട്രിഡ്യൂവും അദ്ദേഹത്തിന്‍റെ മന്ത്രിസഭയും പാര്‍ലമെന്‍റ് അടച്ചുപൂട്ടി, ഇരകള്‍ക്കൊപ്പം നിലകൊള്ളുമായിരുന്നു. വലിയ വ്യവസായസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മിക്കാനും, ഇരകളെ പുനരധിവസിപ്പിക്കാനും വേണ്ടി ഗുല്‍ബര്‍ഗ് സൊസൈറ്റിയിലും മറ്റു പ്രദേശങ്ങളിലും ജോലി തുടങ്ങിയിട്ടുണ്ടാകുമായിരുന്നു.

2002-ലും ഇപ്പോഴും ഇന്ത്യയിലെ അതിസമ്പന്ന വ്യാപാരികളില്‍ മൂന്നു പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. പക്ഷേ, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളുന്ന ആ സമ്പന്നകുടുംബങ്ങളിലെ സ്ത്രീകള്‍ പോലും ഇരകളെ സഹായിക്കാന്‍ മുന്നോട്ടുവരികയോ, സമ്പന്നരും പ്രശസ്തരുമായ മറ്റു സ്ത്രീകളെ മുന്നോട്ടുകൊണ്ടുവരികയോ, ഐക്യദാര്‍ഢ്യവും സ്നേഹവും പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഒരു സാരി അണിഞ്ഞതു കൊണ്ടോ, നെറ്റിയില്‍ മനോഹരമായ പൊട്ടു തൊട്ടതു കൊണ്ടോ ഒരു മനുഷ്യനായി അവര്‍ നിങ്ങളെ പരിഗണിക്കുമെന്നും, അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും മകള്‍ എന്ന നിലയിലും നിങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ദുരവസ്ഥകളെ കുറിച്ച് അവര്‍ ചിന്തിക്കുമെന്നും, നിങ്ങളുടെ പോരാട്ടത്തില്‍ അവര്‍ അണിച്ചേരുമെന്നും നിങ്ങള്‍ കരുതുന്നുണ്ടോ?

ലക്ഷക്കണക്കിന് ഇന്ത്യന്‍ സ്ത്രീകള്‍ അതിരാവിലെ നമ്മുടെ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ആരാധനാലയങ്ങളില്‍ പോകുന്നുണ്ട്, പക്ഷേ അതേ ദിവസം, അവര്‍ ജീവിക്കുന്ന അതേ നഗരത്തില്‍, ഒരു സമുദായം മൊത്തം തങ്ങളുടെ പിഞ്ചുമക്കളെയും വൃദ്ധമാതാപിതാക്കളെയും കൊണ്ട് ഒന്നിരിക്കാനും കിടക്കാനുമുള്ള ഇടമന്വേഷിച്ച് തെരുവുകളിലൂടെ അലയുകയാണെന്ന കാര്യം അവര്‍ ആരും തന്നെ ചിന്തിച്ചിട്ടില്ല.

സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ അവരുടെ വീടുകളില്‍ നിന്നും പുറത്താക്കപ്പെടുക മാത്രമല്ല ഉണ്ടായത്, അവരില്‍ ചിലര്‍ തങ്ങളുടെ മുറിവേറ്റ ഇളംപൈതങ്ങളേയും മാതാപിതാക്കളെയും ഉടുതുണിക്ക് മറുതുണിയില്ലാതെ ദിവസങ്ങളോളം കൈകളിലും ചുമലുകളിലുമേറ്റി നടക്കുന്നുണ്ടായിരുന്നു, വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് വരുന്ന കത്തിക്കരിഞ്ഞ മൃതദേഹങ്ങളില്‍ നിന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുന്നുണ്ടായിരുന്നു ചിലര്‍, ഇപ്പോള്‍ അഭയാര്‍ഥി ക്യാമ്പുകളായി മാറിയ മുസ്ലിം മേഖലകളില്‍ സ്ഥിതി ചെയ്യുന്ന സ്കൂളുകളിലെ പരുക്കന്‍ നിലങ്ങളില്‍ ആശ്വാസം കണ്ടെത്തുന്ന ചിലര്‍, മറ്റു ചിലരാകട്ടെ ഖബര്‍സ്ഥാനിന്‍റെ ഒരു മൂലയില്‍ ഇടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു, ഇതൊക്കെ നടന്നുകൊണ്ടിരിക്കുമ്പോഴും നിറയെ അധ്യാപികമാരുള്ള ഗുജറാത്തിലെ സ്കൂളുകളും, നിറയെ വനിതാ പ്രൊഫസര്‍മാരുള്ള കോളേജുകളും യൂണിവേഴ്സിറ്റികളും, നിറയെ വനിതാ ജീവനക്കാരുള്ള വ്യവസായ സ്ഥാപനങ്ങളും സാധാരണ പോലെ തന്നെ പ്രവര്‍ത്തിച്ചു.

ഇതേ ആളുകള്‍ നിങ്ങളെ കുറിച്ചോ, ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടിയതിന്‍റെ പേരില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന നിങ്ങളുടെ ഭര്‍ത്താവിനെ കുറിച്ചോ വ്യാകുലപ്പെടുമെന്നാണോ നിങ്ങള്‍ കരുതുന്നത്?

മറ്റേതെങ്കിലും കാലത്തോ രാജ്യത്തോ ആയിരുന്നെങ്കില്‍, ഐ.പി.എസ് ഓഫീസര്‍മാര്‍ മാത്രമല്ല മൊത്തം സര്‍ക്കാര്‍ ജീവനക്കാരും, ഗുജറാത്തിലെ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ മുഴുവനും തന്നെ, സഞ്ജീവ് ജി ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമരത്തിനിറങ്ങുമായിരുന്നു.

പക്ഷേ, നിങ്ങള്‍ ഇന്ത്യയിലാണ് സുഹൃത്തേ; ഇവിടെ നമ്മെ ഭിന്നിപ്പിക്കുന്ന ഒരുകൂട്ടം കാര്യങ്ങളാല്‍ മനസില്‍ പരസ്പര വിദ്വേഷം കുത്തിവെക്കപ്പെട്ടാണ് നാം വളര്‍ത്തപ്പെടുന്നത്. ദുരന്തം വല്ലതും സംഭവിക്കാനുണ്ടെങ്കില്‍, അതു പ്രകൃതിദുരന്തമായിരിക്കണേ, ഒരിക്കലും മതത്തിന്‍റെയോ രാഷ്ട്രീയത്തിന്‍റെയോ പേരിലുള്ള വിദ്വേഷത്തില്‍ നിന്നുണ്ടാകുന്ന ദുരന്തമാവരുതേയെന്നാണ് എന്‍റെ പ്രാര്‍ഥന. അത്തരം മത-രാഷ്ട്രീയ വിദ്വേഷത്തിന്‍റെ ഇരകളായവര്‍ക്കു മാത്രമേ ഈ വഴി എത്രമാത്രം ഒറ്റപ്പെട്ടതാണെന്നും ഏകാന്തമാണെന്നും അറിയുകയുള്ളു. നിങ്ങള്‍ക്കും ധീരനായ നിങ്ങളുടെ ഭര്‍ത്താവ് സഞ്ജീവ് ഭട്ടിനും എന്‍റെ എല്ലാവിധ പ്രാര്‍ഥനാസ്നേഹങ്ങളും നേരുന്നു കൊണ്ട് നിര്‍ത്തുന്നു.

വിശ്വസ്തതയോടെ,
നിഷ്രീന്‍ ജാഫ്രി ഹുസൈന്‍.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : national herald

Related Articles