Human Rights

ട്രംപ് എന്ന വൈറ്റ് സുപ്രീമസിസ്റ്റ്

ന്യൂസിലാന്റ് ഭീകരാക്രമണത്തിലെ പ്രതിയില്‍നിന്ന് കണ്ടെടുക്കപ്പെട്ട രേഖകളില്‍് ഡൊണാള്‍ഡ് ട്രംപിനെ വളര്‍ന്നുവരുന്ന തൊലിവെളുപ്പന്‍ വംശീയതയുടെ പ്രതീകമായി വിശേഷിപ്പിക്കുകയും യു.എസ് പ്രസിഡന്റിനെ പുകഴ്ത്തുകയും ചെയ്യുന്ന വാചകങ്ങള്‍ അദ്ദേഹത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊലയില്‍ അനുശോചിച്ചെങ്കിലും വെളുപ്പിന്റെ വംശീയ വാദം ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ഭീഷണിയായി താന്‍ കാണുന്നില്ലെന്നാണ് ട്രംപ് ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ട്രംപ് പറയുന്നതുപോലെയല്ല കാര്യങ്ങളെന്ന് അദ്ദേഹത്തിന്റെ സ്വന്തം ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. വംശീയ വിദ്വേഷത്തില്‍ ഊന്നിയ അതിക്രമങ്ങള്‍ക്ക് 2017ല്‍ 17 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഗ്രാഫ് ഉയരുന്നതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കഴിഞ്ഞ നവംബറില്‍ വ്യക്തമാക്കുകയുണ്ടായി. 2016ല്‍ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം 6,121 ആണെങ്കില്‍ 2017ല്‍ 7,175 ആയി ഉയര്‍ന്നുവെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ കണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ട്രംപ് ഭരണത്തില്‍ അമേരിക്കയില്‍ വെള്ളക്കാരുടെ വംശീയ വിദ്വേഷ പ്രചാരണം മൂന്നിരട്ടി വര്‍ധിച്ചതായി രാജ്യാന്തര ഗവണ്‍മേന്റേതര ജൂത സംഘടന ആന്റി ഡിഫമേഷന്‍ ലീഗ് (എ.ഡി.എല്‍) സാക്ഷ്യപ്പെടുത്തുന്നു. 2017ല്‍ 421 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2018ല്‍ അത് 1,187 ആയി ഉയര്‍ന്നു. 2017ല്‍ 37 പേര്‍ക്കും 2018ല്‍ ചുരുങ്ങിയത് അമ്പതു പേര്‍ക്കും പ്രാദേശിക ആക്രമണങ്ങളില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പട്ടിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം കേസുകളിലും പ്രതിസ്ഥാനത്തുള്ളത് വെള്ള വംശവെറിയന്മാരാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഉണ്ടായതിനേക്കാള്‍ വംശവിദ്വേഷം പ്രസരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ കഴിഞ്ഞ ഒരു വര്‍ഷം അമേരിക്കയില്‍ പിറവിയെടുത്തുവെന്നാണ് സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ മാത്രം ഇത്തരം 1,020 ഗ്രൂപ്പുകള്‍ അമേരിക്കയില്‍ രൂപം കൊണ്ടിട്ടുണ്ട്.

വംശീയ വിദ്വേഷം ചൊരിയുന്ന വെള്ളക്കാരുടെ സംഘടനയായ കെ.കെ.കെയെ (Ku Klux Klan) തള്ളിപ്പറയാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട അതിന്റെ മുന്‍ നേതാവ് ഡേവിഡ് ഡ്യൂകിനെയും അബദ്ധത്തില്‍പോലും ട്രംപ് വിമര്‍ശിച്ചിട്ടില്ല. ട്രംപിന്റെ പല നടപടികളും വെള്ള വംശവെറിയന്‍മാരോടുള്ള അദ്ദേഹത്തിന്റെ മമത വ്യക്തമാക്കുന്നതാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രഥമ മുസ്‌ലിം അംഗവും മിന്നസോട്ട അറ്റോര്‍ണി ജനറലുമായ കീത്ത് എല്ലിസന്‍ അല്‍പം മുമ്പാണ് സി.എന്‍.എന്നിനോട് പറഞ്ഞത്.

വംശീയത കത്തിച്ചും ഇസ്‌ലാമോഫോബിയ പച്ചയായി പ്രകടിപ്പിച്ചുമാണ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് എല്ലാവര്‍ക്കുമറിയാം. മുസ്‌ലിം കുടിയേറ്റക്കാരെ അമേരിക്കയില്‍ കയറ്റില്ലെന്ന് പ്രഖ്യാപിക്കുകയും ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തത് ട്രംപിന്റെ വംശീയ വിദ്വേഷത്തിന്റെ വ്യക്തമായ തെളിവാണ്.

2017 ഓഗസ്റ്റില്‍ വിര്‍ജിനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലയില്‍ വൈറ്റ് സുപ്രീമസിസ്റ്റുകള്‍ നടത്തിയ അക്രമാസക്ത റാലിക്കെതിരെ കറുത്തവരും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തിയ കൗണ്ടര്‍ റാലിയിലേക്ക് വെളള വംശീയവാദി കാറോടിച്ചു കയറ്റി ഒരാളെ കൊല്ലുകയും 19 പേരെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഇരു വിഭാഗത്തെയും പഴിചാരുകയാണ് ട്രംപ് ചെയ്തത്. അതിനാല്‍ ന്യൂസിലാന്റ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റെ പ്രസ്താവന കൂട്ടിവായിക്കുക കൂടി ചെയ്യുമ്പോള്‍ നമുക്ക് പറയാനുള്ളത് ഇതാണ്: രാജാവേ, താങ്കള്‍ നഗ്‌നനാണ്!

Facebook Comments
Show More

Related Articles

Close
Close