Current Date

Search
Close this search box.
Search
Close this search box.

ശഹീദ് ഡോ. മുഹമ്മദ് മുര്‍സി

ഡോ. മുഹമ്മദ് മുര്‍സി ഇന്നലെ അദ്ധേഹത്തിന്റെ വിചാരണക്കിടയില്‍ കോടതിയില്‍ കുഴഞ്ഞ് വീണ് ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചു എന്നാണ് പറയപ്പെടുന്നത്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരം നമ്മുടെ കൈവശം ഇല്ല. അതൊക്കെ കാലം സാവകാശം വെളിപ്പെടുത്തും. സത്യങ്ങള്‍ എന്താണെന്ന് അല്‍പം വൈകിയാലും പുറത്ത് വരും. ഇന്‍ശാ അല്ലാഹ്. ഏറ്റവും ഒടുവിലത്തെ വാര്‍ത്തയനുസരിച്ച് അദ്ധേഹം കുഴഞ്ഞ് വീണെങ്കിലും മരിച്ചിട്ടില്ലായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സില്‍ വെച്ച് പട്ടാളം അദ്ധേഹത്തിന് ഇന്‍ജക്ഷന്‍ ചെയ്ത് കൊലപ്പെടുത്തി എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. അങ്ങനെയെല്ലാം സംഭവിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. ഇമാം ഹസനുല്‍ ബന്ന വെടിയേറ്റപ്പോള്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം മരിക്കാന്‍ മാത്രമുള്ള അപകടാവസ്ഥയില്‍ ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് നീക്കിയപ്പോള്‍ അന്നത്തെ ഫാറൂഖ് രാജാവ്, ഒരു ചികിത്സയും ഹസനുല്‍ ബന്നക്ക് കൊടുക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം കൊടുക്കുകയായിരുന്നു. അങ്ങനെ ചികിത്സ ലഭിക്കാതെ മണിക്കൂറുകളോളം ആശുപത്രിയില്‍ കിടന്ന് രക്തം വാര്‍ന്നാണ് ഹസനുല്‍ ബന്ന ശഹീദായത്. ഡോ. മുഹമ്മദ് മുര്‍സിയെ തൂക്കിലേറ്റാനുള്ള ധൈര്യം അബ്ദുല്‍ ഫത്താഹ് സീസിക്ക് ഉണ്ടായിരുന്നില്ല. തൂക്കിലേറി രക്തസാക്ഷിയാവുന്ന മുര്‍സിയെ അവരെല്ലാവരും പേടിച്ചു. അയാളെ മാത്രമല്ല, അയാള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളും മുര്‍സിയെന്ന തൂക്കിലേറ്റപ്പെടുന്ന രക്തസാക്ഷിയെ പേടിച്ചു. അതുകൊണ്ട് അദ്ധേഹത്തെ ജയിലില്‍ വെച്ച് ഇഞ്ചിഞ്ചായി കൊല്ലുക എന്നായിരുന്നു അവര്‍ തീരുമാനിച്ചത്. കോടതിയില്‍ തന്നെ പലപ്പോഴും അദ്ധേഹത്തിന് കിട്ടുന്ന അവസരങ്ങളില്‍ അദ്ധേഹം അത് പറയാറുണ്ടായിരുന്നു.

മൗത്തുല്‍ ബത്തീഅ – സാവധാനമുള്ള മരണമാണ് എനിക്കു വിധിച്ചിരിക്കുന്നത്. ഇഞ്ചിഞ്ചായാണ് അവര്‍ കൊല്ലുക. ഈ കാലഘട്ടത്തില്‍ വിഡ്ഢികളായ സ്വേച്ഛാധിപതികള്‍ ആളുകളെ കൊന്നു കൊണ്ടിരിക്കുന്നത് അങ്ങനെയാണ്. യാസര്‍ അറഫാത്തിനെ കൊന്നത് ഇതുപോലെ വിഷം കൊടുത്തായിരുന്നു. പ്രത്യക്ഷത്തില്‍ അത് ഒരു സാധാരണ മരണമായാണ് തോന്നുക. ഹമാസ് നേതാവ് ഖാലിദ് മിഷ്അലിനെ ജോര്‍ദാനില്‍ വെച്ച് കൊല്ലാന്‍ ശ്രമിച്ചതും ഇതുപോലെ സ്വാഭാവിക മരണം എന്ന് തോന്നുന്ന വിധത്തിലായിരുന്നു. ഒരു പ്രത്യേക സാധനം അദ്ദേഹത്തിന്റെ ചെവിക്കകത്ത് കൊണ്ടുവന്ന് വെച്ച് സ്വാഭാവിക മരണം പോലെ ആക്കി തീര്‍ക്കാന്‍ ആയിരുന്നു മൊസാദ് ശ്രമിച്ചിരുന്നത്. പക്ഷേ അത് പരാജയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ സ്വാഭാവിക മരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മരണങ്ങള്‍ കൊലപാതകം തന്നെയാണ്. അങ്ങനെ കൊല്ലപ്പെട്ട ഒരാളാണ് ഷഹീദ് മുഹമ്മദ് മുര്‍സി. അദ്ദേഹത്തെ ഈ വിധത്തില്‍ ജയിലില്‍ ചികിത്സ നല്‍കാതെ ഇടുങ്ങിയ സെല്ലില്‍ ഒറ്റക്ക് പാര്‍പ്പിച്ച് കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ക്കോ ഭാര്യക്കോ സന്ദര്‍ശിക്കാനുള്ള അവസരം പോലും നല്‍കിയിരുന്നില്ല. അദ്ദേഹത്തിന്റെ മകന്‍ പലപ്പോഴും പ്രസ്താവനകളിറക്കിയിരുന്നു. പിതാവിനെ കാണാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല, അദ്ദേഹത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കുന്നില്ല, ചികിത്സ നല്‍കുന്നില്ല ലോകത്തുള്ള പല മനുഷ്യാവകാശ സംഘടനകളും അദ്ദേഹത്തിന്റെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും അതൊക്കെ സ്വാഭാവികമായും നിരാകരിക്കപ്പെടുകയാണുണ്ടായത്.

ഡോ. മുഹമ്മദ് മുര്‍സി കോടതി ജഡ്ജിയോട് വിളിച്ചുപറയുന്ന വിവരങ്ങള്‍ മാത്രമാണ് ലോകത്തിന് കിട്ടുന്നത്. അപ്പോള്‍ അദ്ദേഹം പല കാര്യങ്ങളും പറയാറുണ്ട്. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു ‘ഞാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് അവര്‍ ജയിലില്‍ ഖുര്‍ആന്‍ നിഷേധിച്ചു. അദ്ദേഹം കോടതിയില്‍ പറഞ്ഞു, എനിക്ക് ഖുര്‍ആന്‍ ലഭിക്കാതിരുന്നാല്‍ ഓതാന്‍ സാധിക്കില്ല എന്നതല്ല,മറിച്ച് ഞാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഒരാളാണ്. എന്നാല്‍ ഞാന്‍ ഖുര്‍ആന്‍ ചോദിച്ചത് അത് തൊടാനുള്ള എന്റെ ആഗ്രഹം കൊണ്ടായിരുന്നു. അല്ലാതെ ഖുര്‍ആന്‍ അറിയാത്തതുകൊണ്ടല്ല’.

ഖുര്‍ആനെ ഇത്രമാത്രം ഭയപ്പെടുന്ന ഭരണാധികാരിയും പട്ടാളവുമാണ് ഈജിപ്തില്‍ ഉള്ളത്. സയ്യിദ് ഖുതുബിനെയും കൂട്ടരെയും കൊല ചെയ്ത സമയത്ത് ഈജിപ്തിലെ ജയിലധികൃതര്‍ മുസ്ഹഫ് ജയിലിലിട്ട് കാലുകൊണ്ട് ചവിട്ടിയരച്ചു എന്ന് നമുക്ക് ചരിത്രത്തില്‍ വായിക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ഇവരുടെ വിരോധം ഇഖ്വാനോടോ ഹസനുല്‍ ബന്നയോടോ മുര്‍സിയോടോ ഒന്നുമല്ല, അല്ലാഹുവിന്റെ ഖുര്‍ആനോടാണ്. മുഹമ്മദ് ഇബ്നു സല്‍മാനും, മുഹമ്മദ് ബിന്‍ സാഹിദും, സീസിയും പറയുന്നത് പൊളിറ്റിക്കല്‍ ഇസ്ലാമിനോടാണ് ഞങ്ങളുടെ വിദ്വേഷം എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ വിദ്വേഷം പൊളിറ്റിക്കല്‍ ഇസ്ലാമിനോടല്ല, മറിച്ച് ഇസ്ലാമിനോടാണ്.

പൊളിറ്റിക്കല്‍ ഇസ്ലാം എന്ന് പറഞ്ഞ് അവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. അബ്ദുല്‍ ഫത്താഹ് സീസി വിചാരിക്കുന്നത് ഇതോടെ ചരിത്രം അവസാനിക്കുമെന്നാണ്. എന്നാല്‍ ചരിത്രം അവസാനിച്ചിട്ടില്ല ആരംഭിച്ചിട്ടേ ഉള്ളൂ. പല കൊലയാളികളും വിചാരിക്കുന്നത് ആളുകളെ ശാരീരികമായി ഇല്ലാതാക്കിയാല്‍ അവരുടെ ചരിത്രം അവസാനിച്ചു എന്നാണ്. പക്ഷേ അവര്‍ മഹാ വിഡ്ഢികളാണ്. ഇവര്‍ വലിയ സ്ട്രാറ്റജിസ്റ്റുകളും ബുദ്ധിമാന്മാരും സിയോണിസ്റ്റുകളും സി ഐ എ യും മൊസാദുമൊക്കെ ഉണ്ടാക്കുന്ന ആ സൂത്രങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പല ആളുകളും വിചാരിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ വിഡ്ഢികളാണ്. ഒരു മനുഷ്യനെ കൊന്നാല്‍ ലോകത്ത് അതോടെ വിപ്ലവങ്ങള്‍ ആരംഭിക്കുകയാണ് ചെയ്യുന്നത്. ജമാല്‍ അബ്ദുല്‍ നാസര്‍, ഷഹീദ് സയ്യിദ് ഖുതുബിനെ കൊന്നു. പക്ഷേ അതിനുശേഷമാണ് ഇവര്‍ പറയുന്ന പൊളിറ്റിക്കല്‍ ഇസ്ലാം ഏറ്റവും ശക്തമായത്. ഇന്ന് ശഹീദ് സയ്യിദ് ഖുതുബ് ലോകത്ത് മുഴുവനും ഇപ്പോഴും അനുസ്മരിക്കപ്പെടുന്നു. യൗമുല്‍ ഖിയാമത്ത് വരെ സയ്യിദ് ഖുതുബും ഹസനുല്‍ ബന്നയും അനുസ്മരിക്കപ്പെടും. എന്നാല്‍, അതേസമയം ജമാല്‍ അബ്ദുല്‍ നാസറിനെ ആരാണ് അനുസ്മരിക്കുന്നത്?. ഒരുകാലത്ത് ഈജിപ്തിലെ തെരുവുകളിലെ ഇളകിമറിച്ച ആ അബ്ദുനാസര്‍ ഇന്ന് എവിടെയാണ് ?. അബ്ദുനാസര്‍ അവസാനം ഇതുപോലെ വിഷം അകത്തുചെന്നാണ് മരിച്ചത്. അല്ലാഹു അദ്ദേഹത്തെ കൊന്നു.

അയാള്‍ക്ക് ഇന്ന് ഈജിപ്തില്‍ ഒറ്റ അനുയായികള്‍ പോലും ഇല്ല. ഒരു കാലത്ത് നാസറിസ്റ്റുകള്‍ അറബ് ലോകത്തിന്റെ ഹരമായിരുന്നു. ഇന്ന് അവര്‍ ചരിത്രത്തില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടു. ഇന്ന് നാസറിസ്റ്റുകള്‍ ഈജിപ്തിന്റെ പാര്‍ലമെന്റില്‍ ഒരു സീറ്റിനുവേണ്ടി കെഞ്ചുകയാണ്. അതേസമയം ശഹീദ് സയ്യിദ് ഖുതുബും അദ്ദേഹം പ്രതിനിധീകരിച്ച സിദ്ധാന്തവും ലോകത്തുടനീളം ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിന് കാരണം അവര്‍ പ്രതിനിധീകരിക്കുന്നത് ഇസ്ലാമെന്ന സത്യത്തെയാണ്. ഇതേപോലെ മുര്‍സിയെ കൊന്നതുകൊണ്ട് ചരിത്രം അവസാനിക്കുകയില്ല. അത് ആരംഭിക്കുകയാണ്. മുര്‍സിയുടെ കൊലയാളികള്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണ്.
മഹാനായ ഡോക്ടര്‍ മുര്‍സി ഉംറ നിര്‍വഹിച്ച് ഇഹ്റാമിലെ വസ്ത്രത്തില്‍ നമസ്‌കരിച്ചു കൊണ്ടിരിക്കെ ഖുര്‍ആന്‍ ആയത്ത് കേട്ട് കരയുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചിരുന്നു. മുര്‍സിയെന്ന വ്യക്തി നമ്മള്‍ പോലും പ്രതീക്ഷിക്കാത്ത അത്രയും മാന്യനായ മനുഷ്യനായിരുന്നു. അദ്ദേഹത്തെ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും ഇത്രയും സാധുവാകരുതായിരുന്നു അദ്ദേഹമെന്ന് തോന്നാറുണ്ട്. അദ്ദേഹത്തിന്റെ പ്രത്യേകത, അദ്ദേഹം അത്രയും നിര്‍മ്മലനായ നിസ്വാര്‍ത്ഥനായ നിഷ്‌കളങ്കനായ ഒരു മനുഷ്യനായിരുന്നു എന്നതാണ്. ഈജിപ്തിന്റെയും പല ദേശങ്ങളുടെയും ഹുസ്നി മുബാറക്കിന്റെയും പല രഹസ്യങ്ങള്‍ അദ്ദേഹത്തിന്റെ കയ്യിലുണ്ട്.

പ്രസിഡണ്ടിനെ കൊട്ടാരത്തില്‍ കഴിഞ്ഞതാണ് അദ്ദേഹം, പക്ഷേ അദ്ദേഹത്തിന്റെ അസാമാന്യമായ മാന്യതകൊണ്ട് ആ രഹസ്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഒരുവേള കോടതിയി വിചാരണയില്‍ അദ്ദേഹം പറഞ്ഞു ‘ഈജിപ്തിന്റെ പല രഹസ്യങ്ങളും എനിക്കറിയാം പക്ഷേ ഈജിപ്തിന്റെ ഭാവിയോര്‍ത്ത് ഞാന്‍ അത് പറയുന്നില്ല. ഇഖ്വാനും ഇസ്ലാമിസ്റ്റുകള്‍ക്കും ഉപയോഗപ്പെടുത്താവുന്ന പല രഹസ്യങ്ങളും.’

പട്ടാള അട്ടിമറി നടക്കാന്‍ പോകുന്നു എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ പോലും അദ്ദേഹം ഒരു വാക്കും പഴയ കാര്യങ്ങളെ കുറിച്ചോ രഹസ്യങ്ങളെക്കുറിച്ചോ പറഞ്ഞില്ല. അത് പറയരുത് എന്ന് അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ആരോടെങ്കിലും അത് പറഞ്ഞിട്ടുണ്ടാകും. അത് ഏതെങ്കിലും കാലത്ത് വെളിപ്പെടുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. അത് അതിഗംഭീരമായ രഹസ്യങ്ങള്‍ ആയിരിക്കും. ആ രഹസ്യങ്ങള്‍ പുറത്തു വരേണ്ടതുണ്ട്. അദ്ദേഹത്തിനെതിരെ നടന്ന ഗൂഢാലോചനകള്‍ അദ്ദേഹം ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. ചില അറബ് ഭരണാധികാരികള്‍ എനിക്കെതിരെ ഗൂഢാലോചന നടത്തി.

‘എനിക്ക് സീസിയെ കാണാന്‍ കഴിയുന്നില്ല. എങ്ങനെയാണ് ഞാന്‍ അദ്ദേഹത്തെ കാണുക. മുര്‍സി എന്ന പ്രസിഡന്റാണ് സീസിയെ സൈനിക മേധാവിയാക്കിയുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്. ഈ ഒപ്പിട്ട അതേ കൈകളെ കയ്യാമം വെച്ചു കൊണ്ട് സീസി പ്രസിഡന്റിനെ കൊട്ടാരത്തില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോയ ക്രൂരനായ ഒരാളെ ഞാന്‍ എങ്ങനെയാണ് കാണുക’ എന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ചോദിച്ചത്.

ലോകത്ത് 55 മുസ്ലിം രാഷ്ട്രങ്ങള്‍ ഉണ്ട്. മുര്‍സിയുടെ മരണവാര്‍ത്തയറിഞ്ഞ് എത്ര രാജ്യങ്ങളാണ് പ്രതികരിച്ചത്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ശഹീദ് ഡോ. മുഹമ്മദ് മുര്‍സി എന്ന് വിശേഷിപ്പിച്ചു. ഖത്തര്‍ അമീര്‍ അദ്ദേഹത്തിന്റെ ദുഃഖവും വേദനയും അറിയിച്ചു. കുടുംബത്തെ അനുശോചനവും അറിയിച്ചു. ബാക്കിയുള്ള ഭരണാധികാരികള്‍ മിണ്ടിയിട്ടില്ല. അവര്‍ മിണ്ടാന്‍ വിചാരിച്ചാലും മിണ്ടാന്‍ കഴിയുകയില്ല. ഇതാണ് മുസ്ലിം ലോകം. എന്താണ് മുമ്പ് ഹസനുല്‍ ബന്നയുടെ മയ്യിത്തിനോട് ചെയ്തിരുന്നത്. അത് ഇപ്പോള്‍ മുര്‍സിയുടെ മയ്യിത്തിനോടും ചെയ്തു കൊണ്ടിരിക്കുകയാണ്. മയ്യിത്ത് കുളിപ്പിച്ച് കൊണ്ട് അദ്ദേഹത്തെ മഖ്ബറയിലേക്ക് കൊണ്ടുപോവുകയാണ്. ഒരു സാധാരണ മയ്യിത്തായിട്ട്. അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കും വക്കീലിനും മാത്രമാണ് ഖബറടക്കത്തില്‍ പങ്കെടുക്കാനുള്ള അനുവാദം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രിയതമക്ക് പോലും മയ്യിത്ത് കാണാന്‍ സീസി ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മൂന്ന് വര്‍ഷമായി ജയിലില്‍ പോകാനും അനുവാദമുണ്ടായിരുന്നില്ല. നേരത്തെ ഇമാം ഹസനുല്‍ ബന്നയെ വധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മയ്യിത്ത്കട്ടില്‍ പിടിച്ചത് സ്ത്രീകളായിരുന്നു.

ഇനി ഖബറില്‍ കിടക്കുന്ന മുര്‍സിയെ പേടിച്ചു കൊണ്ടേ ഇവര്‍ക്ക് കിടന്നുറങ്ങാന്‍ പറ്റുകയുള്ളൂ. അത് ഏതു വലിയ കൊട്ടാരങ്ങളിലായാലും പഞ്ചനക്ഷത്ര ഹോട്ടലുകളിലായാലും രാത്രി ഇവര്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. ഇവരോടൊക്കെ ചരിത്രം സുന്ദരമായി പ്രതികാരം ചെയ്യും. ജമാല്‍ അബ്ദുല്‍ നാസറിന്നോട്,ഹുസ്നി മുബാറക്കിനോട്,ഗദ്ദാഫിയോട്,ഫാറൂഖ് രാജാവിനോട് പ്രതികാരം ചെയ്തതുപോലെ ഇയാളോടും അല്ലാഹു ഒരു ദിവസം പ്രതികാരം ചെയ്യും.

90 വയസ്സായ ഹുസ്നി മുബാറക്ക് ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്ത് 30 കൊല്ലം ഏകാധിപത്യ ഭരണം നടത്തിയ ഭരണാധികാരി ആയിരുന്നു ഹുസ്നി മുബാറക്ക്. അദ്ദേഹത്തിന് ലോകോത്തര ചികിത്സയാണ് സീസി നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ 65 വയസ്സായ മുര്‍സിയെ കൊല്ലുകയാണ് ചെയ്തത്. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്റാണ് മുര്‍സി. ഇവരുടെ പല വൃത്തികേടുകള്‍ക്കും അവസാനം കുറിച്ച പ്രസിഡന്റായിരുന്നു മുര്‍സി. അതുകൊണ്ട് അദ്ദേഹത്തെ ഇവര്‍ക്ക് കൊല്ലേണ്ടി വന്നു. മുര്‍സി ഇന്ത്യയില്‍ വന്നപ്പോള്‍ 20 കോടി മുസ്ലിംകളുള്ള രാജ്യത്തെ നേതാക്കളെ കാണുവാന്‍ സമയം മാറ്റി വെച്ചിരുന്നു. അദ്ദേഹം അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അവരോട് പറയാനുള്ളത് പറയുകയും ചെയ്തു. ഇന്ന് ഇസ്‌ലാമോഫോബിയ ഉള്ളത് അമേരിക്കയിലോ യൂറോപ്പിലോ അല്ല, അറബ് ദേശങ്ങളിലാണ്.

തയ്യാറാക്കിയത്: ഷഫീഹ് വാണിയമ്പലം

Related Articles