Current Date

Search
Close this search box.
Search
Close this search box.

റഹീമ അക്തര്‍ ഖുഷി; അവകാശ നിഷേധത്തിന്റെ അഭയാര്‍ത്ഥി ഇര

ലോക അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും രാഷ്ട്രത്തലവന്മാരുടെ മനസ്സാക്ഷി ഉണര്‍ന്നിട്ടില്ല. അസ്ഥിത്വമില്ലാതാക്കപ്പെട്ട് പലായനത്തിന്റെ ദുരിതവഴികളിലുടനീളം മരണത്തെ മുഖാമുഖം കാണുന്ന അഭയാര്‍ത്ഥികളെക്കുറിച്ചുള്ള യഥാര്‍ത്ഥ വാര്‍ത്തകള്‍ ഇപ്പോഴും മറകള്‍ക്കപ്പുറത്താണ്. ലോകമാധ്യമത്തിന്റെ കുത്തകാവകാശം കൈയടക്കി വെച്ച് അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന വേദനാജനകമായ വംശീയ ഉന്മൂലന പ്രക്രിയകള്‍ പൂഴ്ത്തിവെക്കുന്ന  രാഷ്ട്രങ്ങളുടെ നിലപാടുകള്‍ ലജ്ജാകരമാണ്.

അഭയാര്‍ത്ഥികളെക്കുറിച്ച് പുതിയ വാര്‍ത്തകളൊന്നും പുറത്ത് വരാത്തതിനാല്‍ തന്നെ ലോകതലത്തില്‍ മുന്‍കാലങ്ങളേക്കാള്‍ അവരിപ്പോള്‍ സുരക്ഷിതരാണെന്നാണ് നമ്മുടെ ദേശീയ അന്തര്‍ദേശീയ പത്ര- ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളൊക്കെത്തന്നെയും തെറ്റിദ്ധരിച്ച് വച്ചിരിക്കുന്നത്. യു.എന്നിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെക്കാളും എഴുപത് മില്ല്യണെന്ന റെക്കോര്‍ഡ് കണക്കിലേക്കാണ് ലോക അഭയാര്‍ത്ഥികള്‍ എത്തിയിരിക്കുന്നത്. അതില്‍ തന്നെ വെറും ഇരുപത് മില്ല്യണ്‍ പേര്‍ക്ക് മാത്രമാണ് യു.എന്‍ അഭയാര്‍ത്ഥി എജന്‍സിക്ക്(UNCHR) അഭയം നല്‍കാന്‍ സാധിച്ചിട്ടുള്ളത്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ പേരിന് പോലും ഒരു തുണ്ട് ഭൂമിയില്ലാത്ത ഇവരില്‍ അധിക പേരും അടിസ്ഥാന വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ജോലിയും പൗരത്വം പോലും നിഷേധിക്കപ്പെട്ടവരാണ്. നിരന്തരമായ ഉന്മൂലന സംഘട്ടനങ്ങളും വേട്ടയാടലും ഇപ്പോള്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടവരിലേക്കും പതിയെ കടന്ന് ചെല്ലുകയാണ്. അതിന്റെ ലളിത രൂപമാണ് അവകാശ ധ്വസംനം.

ഏറ്റവും കൂടുതല്‍ പലായനങ്ങള്‍ സംഭവിക്കുന്നത് ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലാണ്. അതുകൊണ്ട് തന്നെ ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പും ഏഷ്യയിലാണ്, ദക്ഷിണ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍(COX’S BAZAR) ജില്ലയില്‍. നാല് ലക്ഷത്തിന് മുകളില്‍ കുരുന്നുകളടങ്ങുന്ന ഏകദേശം 9.10 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഇവിടെ അഭയം തേടുന്നുണ്ട്(യൂനിസെഫിന്റെ ജൂലൈ, 2019 കണക്ക് പ്രകാരം). അവരില്‍ ഭൂരിഭാഗം അഭയാര്‍ത്ഥികളും മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ട് വന്ന റോഹിംങ്ക്യകളാണ്.

ഈ കോക്‌സ് ബസാറിലെ കുതുപലോങ്(KUTUPALONG) അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നാണ് അഭയാര്‍ത്ഥികളുടെ അടിസ്ഥാന അവകാശങ്ങളെയും പിടിച്ചുവെക്കുന്നതിന്റെ  വാര്‍ത്തകൾ വന്നത് നമ്മുടെ ശ്രദ്ധയിലുണ്ടാവും.  നമ്മുടെ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അറിയുക കൂടി ചെയ്തിട്ടില്ലാത്ത റഹീമ അക്തറും അക്കൂട്ടത്തിലുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അവർ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയായത്.  LLB ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയായ റഹീമ അക്തറിനെ കോക്‌സ് ബസാറിലുള്ള ഒരു പ്രൈവറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പഠിച്ച് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ വെച്ച് ഏറ്റവും വലിയ വിദ്യാസമ്പന്നയാകുകയായിരുന്നു അക്തറിന്റെ സ്വപ്‌നം. റോഹിങ്ക്യന്‍ ജനതക്ക് സ്‌കൂളുകളിലോ കോളേജുകളിലോ പഠിക്കുന്നതിന് ബംഗാള്‍ ഗവണ്‍മെന്റ് വിലക്കേര്‍പ്പെടുത്തയപ്പോള്‍ സ്വന്തം ഐഡന്റിറ്റി മറച്ചു പിടിച്ചാണ് അവള്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടുന്നത്.അതിനായി ബംഗാളി ഭാഷ മാത്രം സംസാരിക്കുകയും ബംഗാളി പെണ്‍കുട്ടികളെ പോലെ വസ്ത്രം ധരിക്കുകകൂടി അവള്‍ ചെയ്തു. പഠിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിന് നിരന്തരം കലഹിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ മുന്‍നിരക്കാരിയാണ് ഇരുപത് വയസ്സുകാരിയായ റഹീമ അക്തര്‍ ഖുഷി.

അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി അക്തര്‍ വീഡിയോ ഫീച്ചര്‍ ചെയ്തിരുന്നു. ഒരു റോഹിങ്ക്യ ആയിരിക്കുന്നതിനെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിക്കുക വഴി വേട്ടയാടപ്പെടുന്ന തന്റെ സമൂഹത്തിന് വേണ്ടി ശബ്ദിക്കാനാകുമെന്ന അവളുടെ സ്വപ്‌നത്തെക്കുറിച്ചും അവള്‍ അതില്‍ വാചാലയായി. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചെയ്ത ഈ വീഡിയോ ഈയിടെയാണ് അവര്‍ പരസ്യപ്പെടുത്തിയത്. അവള്‍ നിയമം പഠിച്ചിരുന്ന കോക്‌സ് ബസാര്‍ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍(CBIU) നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് ഈ വീഡിയോ വൈറലാകുന്നത്.

അക്തര്‍ കോളേജിലായിരിക്കുമ്പോള്‍ തന്നെ പലരും അവരുടെ ഫോണുകളില്‍ ഈ വീഡിയോ കാണാന്‍ തുടങ്ങിയിരുന്നു. പെട്ടെന്ന് ഓരോരുത്തരും അവളോട് ചോദിക്കാന്‍ തുടങ്ങി, താന്‍ റോഹിങ്ക്യയാണോ? അപ്പോഴേക്കും ചിലര്‍ അക്തറിനെ പുറത്താക്കണമെന്ന് പറഞ്ഞ് കാംപയ്ന്‍ തുടങ്ങിയിരുന്നു.

‘പഠിക്കണമെങ്കില്‍ എനിക്കെന്റെ ഐഡന്റിറ്റിയെ മറച്ച് പിടിക്കണമായിരുന്നു. അതില്‍ എനിക്ക് കുറ്റബോധമുണ്ടായിരുന്നു, പക്ഷെ എനിക്ക് ഇതല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു. അറിവ്  നേടലിത്ര വലിയ കുറ്റമാണോ? മനുഷ്യന്റെ മൗലികാവകാശമാണത്, ഞാന്‍ പഠിച്ചിട്ടുണ്ട്.റോഹിങ്ക്യയായി എന്നുള്ളത് എന്റെ തെറ്റൊന്നുമല്ലല്ലോ’ റഹീമ അക്തറിന്റെ നിഷ്‌കളങ്കമായ ചോദ്യമാണിത്. അത്രമേല്‍ അധികാരികള്‍ അതസ്ഥിത വിഭാഗത്തിന്റെ ഉയര്‍ച്ചയെ ഭയക്കുന്നുണ്ട്. അറിവില്ലാത്ത കാലത്തോളം അവരെ നിലക്ക് നിര്‍ത്താമെന്നും അല്ലാത്ത പക്ഷം തങ്ങളുടെ അവകാശനിഷേധങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ട്.

അസ്ഥിത്വം പരസ്യമായതോടെ സുരക്ഷിതത്വം ഭയന്ന് അവള്‍ കോക്‌സ് ബസാറിലെ തന്റെ അടുത്ത ബന്ധു വീട്ടിലാണ് താമസിക്കുന്നത്. പന്ത്രണ്ട് വയസ്സായിരുന്നപ്പോള്‍ പഠനം അവസാനിപ്പിച്ച് അവളെ വിവാഹം കഴിപ്പിച്ച് വിടാനായിരുന്നു പിതാവിന്റെ ശ്രമം. ഒരുപാട് കേണപേക്ഷിച്ചിട്ടാണ് അവളെ തുടര്‍ പഠനത്തിന് അനുവദിച്ചത്. അങ്ങനെയാണ് ബയ്തൂഷ് ഷെരീഫ് ജബ്ബാരിയ്യ അക്കാദമിയില്‍ നിന്ന് സെക്കന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും കോക്‌സ് ബസാര്‍ ഗവണ്‍മെന്റ് വുമണ്‍സ് കോളേജില്‍ നിന്ന് ഹൈയര്‍ സെക്കന്ററി സര്‍ട്ടിഫിക്കറ്റും അക്തര്‍ കരസ്ഥമാക്കുന്നത്.

അക്തര്‍ ജനച്ചതും വളര്‍ന്നതും ബംഗ്ലാദേശിലാണ്. മ്യാന്‍മറില്‍ നിന്ന് 1992 ലെ റോഹിങ്ക്യന്‍ കൂട്ടപ്പലായന സമയത്ത് ഒളിച്ചോടിയവരാണ് അവളുടെ മാതാപിതാക്കള്‍. ബംഗ്ലാദേശ് ഗവണ്‍മെന്റ് രജിസ്റ്റര്‍ ചെയ്ത 33000 അഭയാര്‍ത്ഥികളില്‍ ഒരാളാണ് അവളും.

റോഹിങ്ക്യന്‍ വിദ്യാര്‍ത്ഥകള്‍ക്ക് അഭയാര്‍ത്ഥി കാമ്പിലെ നിയമാനുസൃതമല്ലാത്ത പ്രൈമറി സ്‌കൂള്‍ മാത്രമെ അനുവദിക്കപ്പെട്ടിരുന്നൊള്ളൂ. ചിലര്‍ വ്യാജ രേഖകളുണ്ടാക്കി മക്കളെ ബംഗ്ലാദേശി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിച്ചു. വര്‍ഷങ്ങളോളം ഒരു പ്രശ്‌നവുമില്ലാതെ ഇതു തുടര്‍ന്നു പോന്നു. 2019 ജനുവരിയില്‍ കാര്യങ്ങളുടെ സ്ഥിതിയാകെ മാറി. ബംഗ്ലാദേശി അധകാരികള്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിദ്യാര്‍ത്ഥികളെ തിരഞ്ഞു പിടച്ച് പുറത്താക്കി(HRW REPORT, APRIL, 2019). HRW ന്റെ അസോസിയേറ്റ് ഡയറക്ടറായ ബില്‍ വാന്‍സ് എസ്വെല്‍ഡ പറഞ്ഞത് അന്തര്‍ദേശീയ നിയമപ്രകാരം വിവേചനങ്ങള്‍ക്കതീതമായി ഓരോ കുട്ടിക്കും വിദ്യാഭ്യാസം നല്‍കല്‍ അവരുടെ ഉത്തരവാദിത്തമായിരുന്നു. പക്ഷെ, അവരത് ചെയ്തില്ല.

‘രജിസ്‌റ്റേഡ്’ എന്നും നിര്‍ബന്ധിതരായി മ്യാന്മറില്‍ നിന്ന് പുറത്താക്കപ്പെട്ട് 2017 ആഗസ്റ്റിന് ശേഷം വന്നവര്‍ എന്ന രണ്ട് രൂപത്തിലാണ് ബംഗ്ലാദേശ് റോഹിങ്ക്യകളെ വേര്‍തിരക്കുന്നത്. ഏഴ് ലക്ഷത്തിലധികം പേര്‍ മ്യാന്മറില്‍ നിന്ന് ഓടിരക്ഷപ്പെടുന്നത് 2017 ആഗസ്റ്റിന് മ്യാന്മര്‍ പട്ടാളം ആരംഭിച്ച രക്തരൂക്ഷിത അടിച്ചമര്‍ത്തലോടെയാണ്. അത് അവരുടെ പൗരത്വവും മറ്റു അടിസ്ഥാന അവകാശങ്ങളും നഷ്ടപ്പെടാന്‍ കാരണമാക്കി.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ബംഗ്ലാദേശില്‍ വര്‍ദ്ധിച്ച് വുരുന്ന അരക്ഷിതാവസ്ഥയെയാണ് ഇത് തുറന്ന് കാട്ടുന്നത്. ഏതാണ്ട് 1.2 മില്ല്യന്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ മ്യാന്മര്‍ അതിര്‍ത്തിയിടുന്ന കോക്‌സ് ബസാര്‍ ജില്ലയിലെ തിങ്ങിനിറഞ്ഞ  കാമ്പിലാണ് കഴിയുന്നത്. ഈയടുത്തായി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ഒഴിവാക്കി. അവരുടെ കൂട്ടപ്പലായനത്തിന്റെ രണ്ടാം ഓര്‍മ ദിവസം വന്‍ പ്രതിഷേധറാലി നടത്തിയതാണ് അവരെ ചൊടിപ്പിച്ചത്.

അക്തറിനെ സംബന്ധിച്ചെടുത്തോളം, ഒരു അഭയാര്‍ത്ഥി എന്ന നിലക്ക് നിയമപരമായി ബംഗ്ലാദേശില്‍ പഠിക്കാനുള്ള അവകാശം അവള്‍ക്കില്ല. പക്ഷെ, ധാര്‍മികമായി ഒരു വിദ്യാസമ്പന്നയാകാന്‍ അവള്‍ക്ക് അവകാശമുണ്ട്. റോഹിങ്ക്യന്‍ ജനതയുട പരിതസ്ഥിതിയാണ് അക്തറിന്റെ അനുഭവം പറഞ്ഞ് തരുന്നത്. അവള്‍ അവളുടെ ഭാവിയെക്കുറിച്ച് അത്യുത്സാഹിയായിരുന്നു. ആട്ടിയോടിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ പൊതുവെ കാണപ്പെടാത്ത ആത്മവിശ്വാസം അവളില്‍ പ്രോജ്ജൊലിച്ച് നിന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ മറ്റുള്ളവര്‍ക്കുകൂടി പ്രതീക്ഷ നല്‍കുകയായിരുന്നു.

മൂഖപടം ധരിച്ച് റിസര്‍ച്ച് പ്രൊജക്ടിന് വിവരങ്ങള്‍ ശേഖരിക്കാന്‍ അക്തര്‍ ഒരു കാമ്പില്‍ നിന്ന് മറ്റൊരു കാമ്പിലേക്ക് നടന്നു. ഒടുങ്ങാത്ത വേദനയുടെ കഥകളായിരുന്നു എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. ‘എനിക്കവരെ സഹായിക്കണം. റോഹിങ്ക്യയായിരിക്കലെന്താണെന്ന് എനിക്കറയണം. അത് ഞാന്‍ എന്നെത്തന്നെ ഒളിപ്പിച്ച് വെക്കേണ്ട ദുര്‍വിധിയായാണ് എനിക്ക് തേന്നുന്നത്. ഇതെന്റെ നാടാണ്. എപ്പോഴൊക്കെ ഞാന്‍ ഭയക്കുന്നോ അപ്പോഴെല്ലാം ഞാന്‍ മടക്കി അയക്കപ്പെടും, ഓരോ പകലും ഓരോ രാത്രിയും’ അക്തര്‍ പറയുന്നു.

മുന്നേ അഭയാര്‍ത്ഥകളായി വന്നവരെപ്പോലെത്തന്നെ അവളുടെ കുടുംബവും സാമൂഹികമായി സമന്വയിക്കപ്പെട്ടവരും ബംഗ്ല സംസാരിക്കുന്നവരും ബംഗ്ലാദേശ് സ്വന്തം നാടായി കാണുന്നവരുമായിരുന്നു. പഠനം കഴിഞ്ഞുള്ള ബാക്കി സമയങ്ങളില്‍ റെഡ് ക്രോസിന്റെയും പ്രാദേശിക എന്‍.ജി.ഓകളുടെയും സന്നദ്ധ സേവകയായി ജോലി ചെയ്തു. തീവ്ര ബുദ്ധിസ്റ്റുകള്‍ വംശീയ ഉന്മൂലനം(CLEARENCE OPERATION) നടപ്പിലാക്കിയ കാലത്ത് കാമ്പുകളിലെ എയ്ഡ് ഏജന്‍സികള്‍ക്ക് വേണ്ടി ദ്വിഭാഷികയായും ജോലി ചെയ്തു. മറ്റു റോഹിങ്ക്യന്‍ പെണ്‍കുട്ടികളില്‍ നിന്ന് താന്‍ ഏറെ വ്യത്യസ്ഥയാണെന്ന് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നു. തന്റെ നാല് കൂടെപ്പിറപ്പുകളോട് കൂടെ റോള്‍ മോഡലുകളൊന്നുമില്ലാതെ വളര്‍ന്നവളായിരുന്നു അക്തര്‍. അവളുടെ അധിക കൂട്ടുകാരികള്‍ക്കും കല്ല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ കുട്ടികളായിരുന്നു, മാത്രമല്ല അവരെല്ലാംതന്നെ സ്വകാര്യമായി അധിക്ഷേപങ്ങള്‍ നേരിടുന്നവരായിരുന്നു.

ഏകദേശം ഏഴ് ലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ കുട്ടികളുടെ ഭാവി ശൂന്യമാണ്. കാമ്പിലെ 2000 ത്തോളം പഠന കേന്ദ്രങ്ങളിലായി ദിവസവും രണ്ടു മണിക്കൂര്‍ മാത്രമാണ് അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നത്. അവരില്‍ തന്നെ പതിനഞ്ച് മുതല്‍ പതിനെട്ട് വരെ പ്രായമുള്ള 97 ശതമാനം കുട്ടികളും ഈ ആനകൂല്യം പോലും സ്വീകരിക്കുന്നില്ല. ഇവരെല്ലാം മടങ്ങി പോകാനുള്ളവരാണെന്ന തെറ്റിദ്ധാരണയാണ് ഗവണ്‍മെന്റിനെ  ഈയൊരു വിദ്യാഭാസ നിഷേധത്തിന് പ്രേരിപ്പിക്കുന്നത്. റഹീമ അക്തര്‍ അവളുടെ വിദ്യാഭ്യാസം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്.’അവര്‍ക്കെന്റെ സര്‍ട്ട്ഫിക്കറ്റുകളെല്ലാം കൊണ്ട് പോകാന്‍ കഴിഞ്ഞേക്കാം. പക്ഷെ, അവര്‍ക്കെന്റെ അറിവ് എടുത്ത് കോണ്ട് പോകാന്‍ കഴിയില്ലല്ലോ’ അക്തര്‍ പറയുന്നു.

Related Articles