Current Date

Search
Close this search box.
Search
Close this search box.

മോദി ഇന്ത്യയും നാസി ജർമനിയും; നിയമ നിർമാണങ്ങളിലെ സാമ്യതകൾ

പൗരത്വ ഭേദഗതി ബിൽ 2019, വിവേചനപരമായ പൗരത്വം, ദേശീയ പൗരത്വ രജിസ്റ്റർ: ഇന്ത്യ ജർമനിയുടെ പാതയിലേക്കാണോ പോകുന്നത്? 1930-കളിൽ അധികാരത്തിലേറിയതിനു ശേഷം, ജൂതൻമാർ, റോമക്കാർ, കറുത്തവർഗക്കാർ, അഭിപ്രായ വ്യത്യാസം വെച്ചുപുലർത്തുന്നവർ എന്നിവർക്കെതിരെ ഒരുപറ്റം വിവേചനപരമായ കടുത്ത നിയമങ്ങൾ ഹിറ്റ്ലറുടെ പാർലമെന്റ് പാസാക്കിയിരുന്നു. ജർമൻ രക്തവും ജർമൻ അഭിമാനവും സംരക്ഷിക്കുന്നതിനുള്ള നിയമം എന്ന് അവ വിശേഷിപ്പിക്കപ്പെട്ടു.

2019ലെ ഇന്ത്യയും 1930കളിലെ ജർമനിയും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള സാമ്യതകൾ തോന്നുന്നുണ്ടോ? എം.എസ് ഗോൾവാൾക്കറും ബി.എസ് മൂഞ്ചെയും തങ്ങളുടെ ലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടി കേവലം ഹിറ്റ്ലറുടെ ജർമനിയിലെ വിവേചനപരമായ നിയമങ്ങളിലും നയങ്ങളിലും മാത്രമല്ല ആകൃഷ്ടരായത്, ഫാസിസ്റ്റ് ഇറ്റലിയുടെ ഹിംസാത്മക സൈനിക ഭരണത്തിൽ നിന്നും അവർ ഒരു പോലെ പ്രചോദനം ഉൾക്കൊണ്ടിരുന്നു.

ജർമൻ ജനതയുടെ എന്നെന്നേക്കുമുള്ള നിലനിൽപ്പിന് ജർമൻ രക്തത്തിന്റെ വിശുദ്ധി അത്യന്താപേക്ഷിതമാണെന്ന ബോധ്യത്തിൽ നിന്നും, ജർമൻ രാഷ്ട്രത്തിന്റെ എന്നെന്നേക്കുമുള്ള നിലനിൽപ്പ് ഉറപ്പു വരുത്താനുള്ള ദൃഢനിശ്ചയത്തിൽ നിന്നും പ്രചോദിതരായാണ് നാസി ജർമൻ പാർലമെന്റ് ഏകകണ്ഠേന പ്രസ്തുത വിവേചനപരമായ നിയമം കൊണ്ടുവന്നത്. ഇതു തന്നെയാണ് പൗരത്വം നേടാനുള്ള തുല്ല്യാവകാശത്തിൽ നിന്നും മുസ്ലിം കുടിയേറ്റക്കാരെ ബഹിഷ്കരിക്കുന്നതിലൂടെ ഇന്ത്യയും ചെയ്യുന്നത്. തികച്ചും അപകടകരമായ നീക്കമാണിത്.

1920ലാണ് നാസി പാർട്ടിയുടെ 25-കാര്യ പദ്ധതി, ‘ആര്യൻ’ സമൂഹത്തിൽ നിന്നും ജൂതൻമാരെ പുറന്തള്ളുകയും, അവരുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ അവകാശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം വ്യക്തമാക്കിയത്. 1933-ൽ അധികാരത്തിൽ വന്നതിനു ശേഷം, ജൂതൻമാരെ ഒറ്റപ്പെടുത്താനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിൽ വരുത്തിക്കൊണ്ട് നാസികൾ അവരുടെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ നീങ്ങാൻ തുടങ്ങി. ദേശീയതലത്തിലും പ്രവിശ്യതലത്തിലും പ്രാദേശികതലത്തിലുമായി ഏതാണ്ട് 2000ത്തോളം നിയമ ഭേദഗതികൾ നാസികൾ കൊണ്ടുവന്നു. പ്രസ്തുത സെമിറ്റിക് വിരുദ്ധ നിയമങ്ങളിൽ ചിലത് കാലാനുക്രമത്തിൽ ചുവടെ പട്ടികപ്പെടുത്തുന്നു. ഇന്ത്യ നാസി ജർമനിയുടെ വഴിയിലൂടെയാണോ പോയിക്കൊണ്ടിരിക്കുന്നത് ?

1933: സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും ജൂതൻമാരെ നീക്കം ചെയ്യാനുള്ള പുതിയ നിയമങ്ങൾ കൊണ്ടു വന്നു; അഭിഭാഷകവൃത്തിയിൽ നിന്നും ജൂതൻമാർ വിലക്കപ്പെട്ടു; പൊതു വിദ്യാലയങ്ങളിൽ ജൂത വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തി; പൗരത്വം നേടിയ ജൂതൻമാരുടെയും “അനഭിമതരുടെയും” പൗരത്വം റദ്ദു ചെയ്തു; പത്രാധിപ സ്ഥാനങ്ങളിൽ നിന്നും ജൂതൻമാരെ വിലക്കി; ‘കോശർ’ അഥവാ വിശ്വാസപരമായ മൃഗബലി നിരോധിച്ചു.

1934: വൈദ്യശാസ്ത്രം, ദന്തവൈദ്യം, ഫാർമസി, നിയമം തുടങ്ങിയ രംഗങ്ങളിലെ പരീക്ഷകൾ എഴുതുന്നതിൽ നിന്നും ജൂത വിദ്യാർഥികൾ വിലക്കപ്പെട്ടു; സൈനിക സേവനത്തിൽ നിന്നും ജൂതൻമാരെ ഒഴിവാക്കി.

1935: കുപ്രസിദ്ധമായ ന്യൂറംബർഗ് നിയമങ്ങൾ: ജർമൻ ജൂതൻമാരുടെ പൗരത്വം റദ്ദു ചെയ്തു, അവരുടെ വോട്ടവകാശം എടുത്തുകളയപ്പെട്ടു; ജർമൻ രക്തമുള്ളവരുമായി ജൂതൻമാർ വിവാഹബന്ധത്തിലും ലൈംഗികബന്ധത്തിലും ഏർപ്പെടുന്നത് നിരോധിച്ചു.

1935-36: പാർക്കുകൾ, റെസ്റ്റോറന്റുകൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിൽ ജൂതൻമാർക്ക് വിലക്കേർപ്പെടുത്തി. ഇലക്ട്രിക്കൽ/ഒപ്റ്റിക്കൽ ഉപകരണങ്ങൾ, സൈക്കിൾ, ടൈപ്പ്റൈറ്റർ അല്ലെങ്കിൽ റെക്കോഡുകൾ എന്നിവ ഉപയോഗിക്കാൻ ജൂതൻമാർക്ക് അനുവാദം നിഷേധിച്ചു. ജർമൻ സ്കൂളുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും ജൂത വിദ്യാർഥികളെ നീക്കംചെയ്തു. സർക്കാർ സ്കൂളുകളിൽ ജൂത അധ്യാപകർക്ക് വിലക്കേർപ്പെടുത്തി.

1938: ജൂതൻമാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകപ്പെട്ടു. സിനിമ, നാടകം, സംഗീതസദസ്സ്, പ്രദർശനങ്ങൾ, ബീച്ച്, അവധിക്കാല റിസോർട്ടുകൾ എന്നിവിടങ്ങളിൽ നിന്നും ജൂതൻമാർ ബഹിഷ്കരിക്കപ്പെട്ടു. സ്വന്തം പേരിനൊപ്പം ‘സാറ’ അല്ലെങ്കിൽ ‘ഇസ്രായേൽ’ തുടങ്ങിയ പേരുകൾ ചേർക്കാൻ നിർബന്ധിക്കപ്പെട്ടു. ജൂതൻമാരുടെ പാസ്പോർട്ടുകളിൽ ‘J’ എന്ന അക്ഷരം ചുവപ്പു നിറത്തിൽ പതിപ്പിക്കപ്പെട്ടു.

നവംബർ 9-10 തിയ്യതികളിലെ രാത്രികളിൽ രാജ്യത്തുടനീളം ജൂതൻമാർക്കെതിരെ അതിക്രമങ്ങൾ അരങ്ങേറി. സിനഗോഗുകളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു.

1939: അസംഖ്യം ജൂതൻമാർ സ്വന്തം വീടുകളിൽ നിന്നും പുറത്താക്കപ്പെട്ടു. ജൂതൻമാരുടെ റേഡിയോകൾ കണ്ടുകെട്ടി. സ്വർണ്ണം, വെള്ളി, വജ്രം, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയ സർക്കാറിന് കൈമാറാൻ ഉത്തരവിട്ടു. ജൂതൻമാർക്ക് കർഫ്യൂ ഏർപ്പെടുത്തി.

1940: ജൂതൻമാരുടെ ടെലിഫോണുകൾ കണ്ടുകെട്ടി. വസ്ത്രങ്ങൾക്കു വേണ്ടിയുള്ള യുദ്ധകാല റേഷൻ കാർഡുകൾ നിർത്തലാക്കി.

1941: പൊതു ടെലിഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്നും ജൂതൻമാർ വിലക്കപ്പെട്ടു. വളർത്തു മൃഗങ്ങളെ വളർത്തുന്നതിൽ നിന്നും ജൂതൻമാർ വിലക്കപ്പെട്ടു. രാജ്യം വിട്ടുപോകാൻ ജൂതൻമാർക്ക് അനുവാദം നിഷേധിച്ചു.

1942: ജൂതൻമാരുടെ കമ്പിളി കോട്ടുകൾ പിടിച്ചെടുക്കപ്പെട്ടു. മുട്ടയും പാലും വാങ്ങുന്നതിൽ നിന്നും ജൂതൻമാരെ വിലക്കി.

നിയമ ഭേദഗതികളിൽ ചിലതു മാത്രമാണിത്. റോമക്കാർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ട്രേഡ് യൂണിയനിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, സോഷ്യൽ ഡെമോക്രാറ്റുകൾ, കറുത്ത വർഗക്കാർ- അഥവാ ‘അനാര്യൻമാർ’ എന്നിവർക്കൊപ്പം ജൂതൻമാരും വ്യവസ്ഥാപിതമായി നിഷ്ഠൂരമായ രീതികളിൽ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. അഴിച്ചുവിടാനിരിക്കുന്ന ഹിംസയുടെ മുന്നോടിയായിരുന്നു ഈ നിയമങ്ങൾ. അഡോൾഫ് ഹിറ്റ്ലറുടെ എല്ലാവിധ അനുമതിയോടും കൂടിയാണ് ഈ നിയമങ്ങളും നയങ്ങളും നടപ്പാക്കപ്പെട്ടത്.

ജർമൻ വിരുദ്ധമായി കണക്കാക്കപ്പെടുന്ന പുസ്തകങ്ങൾ, ജൂത എഴുത്തുകാരുടെ അടക്കം, രാജ്യവ്യാപകമായി കത്തിക്കപ്പെട്ടു. ജൂതൻമാരുമായുള്ള ജൂതൻമാർ അല്ലാത്തവരുടെ സാമൂഹിക ഇടപഴകൽ ക്രമേണ കുറഞ്ഞുവന്നു. ജൂതൻമാരുടെ വ്യാപാരസ്ഥാപനങ്ങൾ കച്ചവടം ഇല്ലാതെ അടച്ചുപൂട്ടപ്പെട്ടു. സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും മറ്റു പ്രൊഫഷണൽ മേഖലകളിൽ നിന്നും ബഹിഷ്കരിക്കപ്പെട്ടതിനെ തുടർന്ന് ജൂതൻമാർക്ക് താഴെത്തട്ടിലുള്ള ജോലികൾ ചെയ്യേണ്ടി വന്നു.

നിലവിൽ ഇന്ത്യയിലെ ബി.ജെ.പി സർക്കാറിന്റെ പ്രത്യയശാസ്ത്ര അടിത്തറ എന്താണെന്ന് ഇപ്പോൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. വിവേചനപരമായ പൗരത്വത്തിനുള്ള പിന്തുണ ആർ.എസ്.എസ് കഴിഞ്ഞ കാലങ്ങളിൽ വ്യക്തമാക്കിയതാണ്. കൂടാതെ നാസികൾ ജർമനിയിൽ ചെയ്തുകൂട്ടിയ കാര്യങ്ങളെ അവർ പ്രകീർത്തിക്കുകയും ചെയ്തിട്ടുണ്ട്. ആർ.എസ്.എസ് നേതാവും മുഖ്യ സൈദ്ധാന്തികനുമായ എം.എസ് ഗോൾവാൾക്കർ അദ്ദേഹത്തിന്റെ പ്രസിദ്ധമായ “നാം നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു” എന്ന ഗ്രന്ഥത്തിൽ അതു വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്:

“വംശത്തിന്റെയും സംസ്കാരത്തിന്റെയും ശുദ്ധി നിലനിറുത്താനായി സെമിറ്റിക് വംശങ്ങളെ – ജൂതന്മാരെ – ഉന്മൂലനം ചെയ്തുകൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചു. ഏറ്റവും ഉയർന്ന തലത്തിലുള്ള വംശാഭിമാനമാണ് ഇവിടെ വെളിവായത്. ആഴത്തിലുള്ള വ്യത്യാസങ്ങളുള്ള വംശങ്ങളെയും സംസ്കാരങ്ങളെയും ഒരു സമൂഹത്തിലേയ്ക്ക് കൂട്ടിച്ചേർക്കാനാവില്ല എന്നും ജർമനി കാട്ടിത്തരുന്നു. ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിച്ച് ഗുണഫലങ്ങളെടുക്കാവുന്ന ഒരു നല്ല പാഠമാണിത്.” (പേജ്. 87-88)

“ദേശീയതയിൽ ഉൾപ്പെടാത്തവരെല്ലാം, അതായത് ഹിന്ദു വംശം, മതം, സംസ്കാരം, ഭാഷ എന്നിവയിൽ ഉൾപ്പെടാത്തവരെല്ലാം സ്വഭാവികമായി തന്നെ യഥാർഥ ‘ദേശീയ’ ജീവിതത്തിന്റെ പരിധിയിൽ നിന്നും പുറത്തുപോവും.” (പേജ് 99) അവർ തങ്ങളുടെ “വംശ, മത, സാംസ്കാരിക വ്യത്യാസങ്ങൾ നിലനിർത്തുകയാണെങ്കിൽ” അവർ വിദേശികളായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.
“ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഹൈന്ദവ സംസ്കാരവും ഭാഷയും ഉൾക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാൻ പഠിക്കുകയും ഹിന്ദു സംസ്ക്കാരത്തെയും വംശത്തെയും ആദരവോടെ സ്വാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിന്റെതല്ലാത്ത മറ്റൊരു നിലനിൽപ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുൻഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴിൽ കഴിയാം – ഒരു പൗരന്റെ അവകാശം പോലും ലഭിക്കാതെ.” (പേജ് 105).

വിവേചനം കൂടാതെ, ഹിംസയും, ഭയപ്പെടുത്തലും ആർ.എസ്.എസ്സിന്റെ മാർഗങ്ങളിൽ പെട്ടവയാണ്. അവകാശ നിഷേധങ്ങളുടെയും വിവേചനപരമായ നിയമങ്ങളുടെയും പിറകെ എന്താണ് വരാനിരിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ് മുകളിൽ പരാമർശിച്ചത്.

അവലംബം: sabrangindia

Related Articles