Human Rights

ഇസ്‌ലാം വംശീയതയോട് പോരാടിയത് ?

പ്രഥമമായി അവതരിപ്പിക്കപ്പെട്ട ദിവ്യവെളിപാടുകളിലൂടെ തന്നെ ഇസ്‌ലാം വംശീയതക്കെതിരില്‍ യുദ്ധം പ്രഖ്യാപിച്ചു. സൂറത്ത് ദുഹയില്‍ അല്ലാഹു പ്രവാചകനോട് പറയുന്നു: ‘അനാഥയെ നീ അടിച്ചമര്‍ത്തരുത്. ചോദിച്ച് വരുന്നവനെ നീ വിരട്ടിവിടുകയും ചെയ്യരുത്.’ (അദ്ദുഹാ: 9-10) എങ്ങനെ അത് സാധ്യമാക്കിയെന്നതാണ് താഴെ വിശദീകരിക്കുന്നത്.

ഒന്ന്: ഇസ്‌ലാം മനുഷ്യരെ ആദരിക്കുന്നുണ്ടോ? ഇസ്‌ലാമിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇസ്‌ലാം മനുഷ്യരെ ആദരിക്കുന്നുവെന്നത് ഇരു കണ്ണുകളുള്ള ഏതൊരാള്‍ക്കും വ്യക്തമാകുന്നതാണ്. എവ്വിധമാണ് ഇസ്‌ലാം മനുഷ്യരെ ആദരിച്ചിട്ടുള്ളത്?
മനുഷ്യ സൃഷ്ടിപ്പിലെ പരിപൂര്‍ണത: ‘അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി.’ (ഗാഫിര്‍: 64)
ദൈവിക സ്പര്‍ശം: മലക്കുകള്‍ സാഷ്ടാംഗം നമിക്കുന്നതിന് കാരണമായത് അല്ലാഹു മനുഷ്യനില്‍ തന്റെ ആത്മാവില്‍ നിന്ന് ഊതിയെന്നതാണ്. അല്ലാഹു പറയുന്നു: ‘അവനില്‍ എന്റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതി’ (അല്‍ഹിജ്ര്‍: 29)
മലക്കുകളുടെ പ്രണാമം: മനുഷ്യനിലെ ദൈവിക സ്പര്‍ശം മലക്കുകളെ പ്രണമിക്കാന്‍ നിര്‍ബന്ധിതരാക്കി. ‘അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം.’ (സ്വാദ്: 72)
ഇതര സൃഷ്ടികളേക്കാള്‍ മഹത്വം: പ്രപഞ്ചത്തിലെ അപ്രധാനമായ സൃഷ്ടിയായിട്ടല്ല, മറിച്ച് സുപ്രധാനമായ സുപ്രധാന സൃഷ്ടിയായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും, ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.’ (അല്‍ഇസ്‌റാഅ്: 70)

സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖേന മനുഷ്യര്‍ മുഴുവന്‍ സൃഷ്ടികളില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്നു: നല്ലത് പ്രവര്‍ത്തക്കുകയെന്നതിലൂടെ മാലാഖമാരെക്കാള്‍ ഉയര്‍ന്ന് നില്‍ക്കാന്‍ മനുഷ്യന് കഴിയുന്നു. ‘തീര്‍ച്ചയായും വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍.ട (അല്‍ബയ്യിന: 7)
സംസാരിക്കാനും ചിന്തിക്കാനുമുള്ള കഴിവ്: നാവുകൊണ്ട് സംസാരിക്കാനും, ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാനും കഴിയുന്ന സൃഷ്ടി അല്ലാഹുവിന്റെ സൃഷ്ടികളില്‍ മനുഷ്യനെ പോലെ മറ്റൊന്നില്ല. ‘അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.’ (അര്‍റഹ്മാന്‍: 3,4)
പ്രപഞ്ചത്തിലെ നേതൃത്വം: സമാനമായി സൃഷ്ടിക്കപ്പെട്ട സൃഷ്ടികള്‍ക്ക് കീഴൊതുങ്ങുന്നവനായികൊണ്ടല്ല അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്. പ്രപഞ്ചത്തിലുള്ളതെല്ലാം മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ‘അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്.’ (അല്‍ബഖറ: 29)
അമാനത്ത് നല്‍കപ്പെടുക: ബുദ്ധിയും, സംസാരശേഷിയും, പ്രപഞ്ച നേതൃത്വവും അമാനത്ത് (വിശ്വസ്തത) വഹിപ്പിക്കപ്പെടാനുള്ള യോഗ്യതയാണ്. മനുഷ്യന്‍ അതുമുഖേന തൃപ്തനാവുകയും ചെയ്തു. ‘മനുഷ്യന്‍ അത് (അമാനത്ത്) ഏറ്റെടുത്തു.’ (അല്‍അഹ്‌സാബ്: 72)

പ്രാതിനിധ്യം നല്‍കപ്പെടുക: അമാനത്ത് നല്‍കപ്പെട്ടുവെന്നത് പ്രാതിനിധ്യം കല്‍പിച്ചുകൊടുക്കാനുള്ള യോഗ്യതയാണ്. ‘ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക.’ (അല്‍ബഖറ: 30)
പ്രപഞ്ചത്തിന്റെ പരിപാലന ഉത്തരവാദിത്തം: പ്രാതിനിധ്യം നല്‍കപ്പെടുന്നതിലൂടെ സൃഷ്ടികളില്‍ നിന്ന് തേടുന്നത് പ്രപഞ്ചത്തിന്റെ പരിപാലനമല്ലാതെ മറ്റൊന്നുമല്ല. ‘അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു.’ (ഹൂദ്: 61)
മനുഷ്യനെ പ്രബോധനത്തിന്റെ കേന്ദ്ര ബിന്ദുവാക്കിയിരിക്കുന്നു: ദുനിയാവിലേക്ക് ഇറക്കിയത് മുതല്‍ അല്ലാഹു മനുഷ്യന് സന്മാര്‍ഗം കാണിച്ചുകൊടുക്കുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ഇറങ്ങിപോകൂ. നിങ്ങളില്‍ ചിലര്‍ ചലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.’ (അല്‍ബഖറ: 38)

Also read: നീന്തല്‍ അഭ്യാസം: അതിജീവനത്തിന്‍റെ കലയും ചികില്‍സയും

രണ്ട്: ഇസ്‌ലാം മനുഷ്യനെ ആദരിച്ചിരിക്കുന്നുവെന്നതിന് വ്യത്യസ്തങ്ങളായ ഉദ്ദേശങ്ങളാണുള്ളത്. വിശുദ്ധ ഖുര്‍ആനിലെ പ്രമാണങ്ങളില്‍ നിന്ന് ആ ഉദ്ദേശങ്ങള്‍ നമുക്ക് ഗ്രഹിക്കാവുന്നതാണ്. ഒന്ന്, ആദരവെന്നത് സംരക്ഷണമാണ്. ജീവന്‍, ബുദ്ധി, സമ്പത്ത്, അഭിമാനം തുടങ്ങിയവയുടെ സംരക്ഷണമാണ്. ഇത് പണ്ഡിതന്മാര്‍ മഖാസുദുശ്ശരീഅയില്‍ (ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍) എണ്ണിയിട്ടുള്ള കാര്യങ്ങളാണ്. ളില്‍ എണ്ണിയുട്ടള്ള കാര്യങ്ങളാണ്. രണ്ട്, ആദരവെന്നത് നേതൃത്വവും നായകത്വവുമാണ്. ഈ പ്രപഞ്ചത്തിന്റെ നേതൃത്വം മനുഷ്യന്റെ കൈകളിലാണ്. പ്രപഞ്ചത്തെ നിയിക്കുന്നതിനും, പരിപാലിക്കുന്നതിനുമാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്. ഇതാണ് വിശുദ്ധ ഖുര്‍ആന്‍ ‘ഖിലാഫത്ത്’ ‘ഇസ്തിഖ്‌ലാഫ’് തുടങ്ങിയ പദങ്ങള്‍കൊണ്ട് വിവക്ഷിക്കുന്നത്. ‘ഞാന്‍ ഭൂമിയില്‍ പ്രതിനിധിയെ (ഖലീഫ) നിയോഗിക്കാന്‍ പോവുകയാണ്.’ (അല്‍ബഖറ: 30) മൂന്ന്, ആദരവെന്നത് ഉന്നതിയും, യോഗ്യതയുമാണ്. അഥവാ, മുഴുവന്‍ സൃഷ്ടികളില്‍നിന്നും ഉയര്‍ന്നുനില്‍ക്കുന്ന അനുഗ്രഹങ്ങളായ ചിന്ത, തെരഞ്ഞെടുക്കാനുള്ള ശേഷി തുടങ്ങിയവ നല്‍കുവാനുള്ള കഴിവ് അല്ലാഹുവിന് മാത്രമാകുന്നു. അതുകൊണ്ടാണ് ജിന്നുകളില്‍പെട്ട ധിക്കാരികള്‍ ഇപ്രകാരം പറഞ്ഞത്: ‘ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു; അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം.’ (അന്നംല്: 39) ‘വേദത്തില്‍ നിന്ന് ജ്ഞാനം ലഭിച്ചിട്ടുള്ള മനുഷ്യന്‍ പറഞ്ഞു: താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടുവന്ന് തരാം.’ (അന്നംല്: 40) നാല്, ആദരവെന്നത് അറിവും പ്രവര്‍ത്തനവുമാണ്. അത് ജ്ഞാനത്തോട് ചേര്‍ന്നുവരുന്ന പ്രവര്‍ത്തനമാണ്. അറിവ് നല്‍കികൊണ്ടാണ് അല്ലാഹു ആദമിനെ ശ്രേഷ്ഠനാക്കിയത്. ‘അവന്‍ ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു.’ (അല്‍ബഖറ: 31) പ്രവര്‍ത്തിക്കാത്ത വിജ്ഞാനത്തിന് ഒരു വിലയുമില്ല. അല്ലാഹു പറയുന്നു: ‘അറിയുക, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്.’ (മുഹമ്മദ്: 19)

മൂന്ന്: മുഴുവന്‍ മനുഷ്യരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന രീതി വിശുദ്ധ ഖുര്‍ആനില്‍ കാണാന്‍ കഴിയുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മുഴുവന്‍ മനുഷ്യരെയുമാണ്. മക്കാ കാലഘട്ടത്തിലും, മദീനാ കാലഘട്ടത്തിലും മനുഷ്യരെ ഒരുപോലെയാണ് അഭിസംബോധന ചെയ്യുന്നത്. ആ അഭിസംബോധന പ്രത്യേക വഭാഗത്തെയോ, നിറത്തെയോ, വ്യക്തികളെയോ ഒന്നുമല്ല. മറിച്ച്, മുഴുവന്‍ മനുഷ്യരെയുമാണ്. വിശുദ്ധ ഖുര്‍ആനിലെ അഭിസംബോധനകള്‍ ഇപ്രകാരം കാണാവുന്നതാണ്. അല്ലയോ ജനങ്ങളേ: ‘ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍.’ (അല്‍ബഖറ: 21) ആദം സന്തതികളേ: ‘ആദം സന്തതിളെ, പിശാച് നിങ്ങളെ കുഴപ്പിത്തിലാക്കാതിരിക്കട്ടെ.’ (അല്‍അഅ്‌റാഫ്: 27) അല്ലയോ മനുഷ്യരേ: ‘ഹേ, മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്.’ (ഇന്‍ഫിതാര്‍: 6)

നാല്: ആദരവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ ഇസ്‌ലാമിക പ്രമാണങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിലേക്ക് മടങ്ങുകയാണെങ്കില്‍ ഇത്തരത്തില്‍ ആദരവിനെ സാക്ഷ്യപ്പെടുത്തുന്ന ധാരാളം അഭിപ്രായങ്ങള്‍ ദൃഷ്ടിയില്‍പെടുന്നതാണ്. അതില്‍ ഖുര്‍ആനിക വചനങ്ങളുണ്ട്, പ്രവാചക വചനങ്ങളുണ്ട്. കൂടാതെ, ഖുര്‍ആനില്‍ നിന്നും, പ്രവാചക സുന്നത്തില്‍ നിന്നും പൂര്‍വികരായ പണ്ഡിതര്‍ മനസ്സിലാക്കിയെടുത്ത അഭിപ്രായങ്ങളുമുണ്ട്. അല്ലാഹു പറയുന്നു: ‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക).’ (അന്നിസാഅ്: 1) ഈ സൂക്തത്തിലെ ‘കുടംബബന്ധങ്ങള്‍’ (അര്‍ഹാം) എന്നതിനെ സാധാരണ നാം മനസ്സിലാക്കുന്ന കുടുംബബന്ധങ്ങള്‍ എന്ന അര്‍ഥത്തില്‍ തന്നെയാണ്. എന്നാല്‍, യൂസുഫല്‍ ഖറദാവി മറ്റൊരു അഭിപ്രായം മുന്നോട്ടുവെക്കുന്നു. ‘അര്‍ഹാം’ എന്നത് പൊതുവായ മാനുഷിക ബന്ധമാണ്. ഖറദാവി പറയുന്നു: ‘അര്‍ഹാം’ എന്ന പദം, സഹോദരന്‍, പിതൃവ്യന്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയ പ്രത്യേക കുടുംബബന്ധങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതല്ലെന്ന് ഞാന്‍ വിചാരിക്കുന്നു. അത് പൊതുവായിട്ടുള്ള മാനുഷിക ബന്ധമാണ്. അദ്ദേഹം പറയുന്നു: ‘നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിച്ച അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക’ എന്ന സൂക്തത്തിലെ ‘നഫ്‌സ്’ എന്നത് ആദമാണ്. ‘അതില്‍ നിന്ന് ഇണയെ സൃഷ്ടിച്ചു’ എന്നത് ഹവ്വയുമാണ്.

Also read: ഓര്‍മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലക്കുമോ?

അല്ലാഹു പറയുന്നു: ‘ഹേ, മനുഷ്യരെ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയുന്നതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു.’ (അല്‍ഹുജറാത്ത്: 13) ഈ സൂക്തത്തെ സമഖ്ശരി വിശദീകരിക്കുന്നു: മാതാവില്‍ നിന്നും പിതാവില്‍ നിന്നുമായി നിങ്ങളെ ഓരോരുത്തരെയും സൃഷ്ടിച്ചത് നാമാണ്. എല്ലാവരെയും സൃഷ്ടിച്ചിട്ടുള്ളത് ഒരുപോലെയാണ്. അബൂ നദ്‌റത്തില്‍ നിന്ന് അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്നു: അയ്യാമുതശ്‌രീഖിന്റെ മധ്യത്തില്‍ പ്രവാചകന്റെ ഖുത്വ് ബ കേട്ട ഒരാള്‍ എന്നോട് പറഞ്ഞു. പ്രവാചകന്‍(സ) പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, അറിയുക, നിങ്ങളുടെ രക്ഷിതാവ് ഏകനാകുന്നു. അറിയുക, അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, ചുവന്നവന് കുറത്തവനെക്കാളോ, കറുത്തവന് ചുവന്നവനെക്കാളോ തഖ്‌വയുടെ അടിസ്ഥാനത്തിലല്ലാതെ ശ്രേഷ്ഠതയില്ല.’

സൈദ് ബിന്‍ അര്‍ഖമില്‍ നിന്ന് അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്നു: നമസ്‌കാരത്തെ തുടര്‍ന്ന് പ്രവാചകന്‍(സ) പറയുമായിരുന്നു; ‘അല്ലാഹുവേ, നീയാണ് ഞങ്ങളുടെ രക്ഷിതാവ്; എല്ലാ വസ്തുവിന്റെയും. രക്ഷിതാവ് നീ മാത്രമാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു, നിനക്ക് പങ്കുകാരില്ല. ഞങ്ങളുടെയും എല്ലാ വസ്തുവിന്റെയും രക്ഷിതാവായ അല്ലാഹുവേ, മുഹമ്മദ് നിന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഞങ്ങളുടെയും എല്ലാ വസ്തുവിന്റെയും രക്ഷിതാവായ അല്ലാഹുവേ, എല്ലാ ദാസന്മാരും സഹോദരന്മാരാണെന്ന് ഞാന്‍ സാക്ഷ്യംവഹിക്കുന്നു.’ അലിയുബ്‌നു അബീത്വാലിബ് മാലിക് ബിന്‍ അശ്തറിനോട് ഉപദേശപൂര്‍വം പറയുന്നു: ‘താങ്കള്‍ ജനങ്ങളോട് കാരുണ്യത്തോടെയും, സന്‌ഹേത്തോടെയും, അനുകമ്പയോടെയുമാണ് പെരുമാറേണ്ടത്. വന്യമൃഗങ്ങള്‍ വേട്ടയാടുന്നതുപോല നിങ്ങള്‍ അവരോട് പെരുമാറരുത് (തങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കഠിനമായി രീതിയില്‍ അവരോട് പെരുമാറരുത്). തീര്‍ച്ചയായും, അവര്‍ രണ്ട് തരത്തിലാകുന്നു. ഒന്നുകില്‍ അവര്‍ ദീനില്‍ നിങ്ങളുടെ സഹോദരന്മാരാകുന്നു. അല്ലെങ്കില്‍ സൃഷ്ടികളില്‍ നിങ്ങളുടെ സമന്മാരാകുന്നു.’

അഞ്ച്: നേടിയെടുക്കേണ്ടതില്ലാത്ത വിധം ഇസ്‌ലാമില്‍ മനുഷ്യന് വകവെച്ചുനല്‍കിയ അവകാശമാണ് സമത്വം. ആധിനുക കാലത്ത് ആയിരങ്ങളും പതിനായരങ്ങളും സമത്വത്തിനായുള്ള പോരാട്ടത്തില്‍ മരിക്കുകയാണ്. എന്നാല്‍, ഇത് മുസ്‌ലിംകള്‍ സമരമോ രക്തചൊരിച്ചലോ ഇല്ലാതെ കൈവരിച്ചതാണ്. തീര്‍ച്ചയായും, ഇസ്‌ലാമിക ശരീഅത്ത് എല്ലാവര്‍ക്കും വകവെച്ചുനല്‍കുന്ന അവകാശമാണ് സമത്വം. സ്ത്രീയും പരുഷനും, വിശ്വാസിയും അവിശ്വാസിയും, കറുത്തവനും വെളുത്തവനും സമന്മാരാണ്. സൃഷ്ടി എന്ന അടിസ്ഥാനത്തില്‍ എല്ലാവരും തുല്യരാണ്. അല്ലാഹു പറയുന്നു: ‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.’ (അന്നിസാഅ്: 1) അവകാശങ്ങളിലും ബാധ്യതകളിലും അവര്‍ സമന്മാരാകുന്നു. ‘നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും, താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. (സബഅ്: 28) പ്രതിഫലവും, ശിക്ഷയും ലഭിക്കുന്നതിലും അവര്‍ സമന്മാരാകുന്നു. ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സത്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.’ (അന്നഹല്‍: 97)

Also read: വിശ്വാസം പകരുന്ന നിര്‍ഭയത്വം

ആറ്: മനുഷ്യാവകാശത്തിന് വേണ്ടി പോരാടുകയും, ആ മാര്‍ഗത്തില്‍ ജീവിതം അര്‍പ്പിക്കുകയും ചയ്യുകയെന്നത് രക്തസാക്ഷിത്വമാണ്. തീര്‍ച്ചയായും, ഒരു മനുഷ്യന്‍ അടിസ്ഥാന അവകാശങ്ങളായ നീതി, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയക്ക് വേണ്ടി പോരാടുകയെന്നത് മഹനീയമായ കാര്യമാണ്. അപ്രകാരം അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ജീവാര്‍പ്പണം നടത്തുകയെന്നത് ശരീഅത്ത് വിലക്കുന്നുമില്ല. മറിച്ച്, അതിലേക്ക് ക്ഷണിക്കുകയാണ്. ആ മാര്‍ഗത്തില്‍ മരണം വരിക്കുന്നവരുടെ പദവി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ത്വല്‍ഹ ബിന്‍ അബ്ദുല്ല ബിന്‍ ഔഫില്‍ നിന്ന് അഹ്മദ് തന്റെ മുസ്‌നദില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: ആര്‍ തന്റെ സമ്പത്ത് സംരക്ഷിക്കുന്നതിന് വേണ്ടി കൊലചെയ്യുപ്പെടുന്നവോ അവന്‍ രക്തസാക്ഷിയാണ്. ആര്‍ തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി കൊലചെയ്യപ്പെടുന്നുവോ അവന്‍ രക്തസാക്ഷിയാണ്. ആര്‍ ദീനിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കൊലചെയ്യപ്പെടുന്നുവോ അവന്‍ രകതസാക്ഷിയാണ്. ആര്‍ തന്റെ രക്തത്തെ സംരക്ഷിക്കുന്നതിന് വേണ്ടി കൊലചെയ്യപ്പെടുന്നുവോ അവന്‍ രക്തസാക്ഷിയാണ്.’ ജീവിക്കുന്ന രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കുകയെന്നത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. നിയമങ്ങളെ അതിലംഘിക്കാന്‍ ആര്‍ക്കും അനുവാദമില്ല.

വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles
Close
Close