Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ; അറബ്-മുസ്ലിം രാഷ്ട്രങ്ങൾക്കും ഈ പാപത്തിൽ പങ്കുണ്ട്

മഹ്മൂദു വലദ് സ്വലാഹിയുടെ (50 വയസ്സ്) പേരിൽ ഏതെങ്കിലും കുറ്റകൃത്യം ചാർത്തപ്പെടുകയോ തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നിട്ടും അമേരിക്കയുടെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ബേ തടവറയിൽ 14 വർഷം തടവുകാരനായി അദ്ദേഹത്തിന് കഴിയേണ്ടി വന്നു. അവിടെ അദ്ദേഹം ക്രൂരമായ മർദ്ദനത്തിന് ഇരയായി, ലൈംഗികമായി അവഹേളിക്കപ്പെട്ടു, വാട്ടർബോർഡിംഗ് എന്ന നിഷ്ഠൂരമായ ശിക്ഷാമുറക്ക് വിധേയനായി, നിരന്തരമായി ഷോക്കേൽപ്പിക്കപ്പെട്ടു, ഭയപ്പെടുത്താൻ വേണ്ടി മാത്രമുള്ള വധശിക്ഷാമുറകൾക്ക് വിധേയനായി.

“ഞാൻ ചെയ്യാത്ത ഒരു കുറ്റകൃത്യം സമ്മതിക്കാൻ വേണ്ടി അവർ എന്നെ നിർബന്ധിച്ചു. ഒരു പോള കണ്ണടക്കാൻ പോലും സമ്മതിക്കാതെ ആദ്യത്തെ 70 ദിവസം അവർ എന്നെ തുടർച്ചയായി ചോദ്യം ചെയ്തു, നമസ്ക്കരിക്കാനും നോമ്പെടുക്കാനും എന്നെ അനുവദിച്ചില്ല.”

ദുർബലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളാണ് സ്വലാഹിയെന്ന് വ്യാജമായി ആരോപിക്കപ്പെടുകയും ഒന്നാം നമ്പർ തടവുകാരനായി സ്വലാഹി മുദ്രകുത്തപ്പെടുകയും ചെയ്തു, 1980കളിൽ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയ സോവിയറ്റ് കമ്മ്യൂണിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ സ്വലാഹി അൽഖാഇദയെ പിന്തുണച്ചു എന്നതു മാത്രമാണ് കാരണം. അന്ന് മൂന്നാഴ്ചയോളം അൽഖാഇദക്കൊപ്പം ചേർന്ന് കമ്മ്യൂണിസ്റ്റുകൾക്കെതിരെ സ്വലാഹി പോരാടിയിരുന്നു, പിന്നീട് മറ്റുപലകാരണങ്ങളാൽ അൽഖാഇദയുമായുള്ള ബന്ധം സ്വലാഹി വിച്ഛേദിക്കുകയും ചെയ്തു.

അഞ്ച് ബാഫ്ത അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ‘ദി മൗറിത്താനിയൻ’ എന്ന ഹോളിവുഡ് സിനിമയിൽ, ഡയറക്ടർ കെവിൻ മക്ഡൊണാൾഡ്, 2002 നവംബറിൽ മൗറിത്താനിയയിലെ തന്റെ വീടിനു പുറത്തുനിന്ന് സ്വലാഹി അറസ്റ്റ് ചെയ്യപ്പെടുന്നതും, വിചാരണകൂടാതെ ഗ്വാണ്ടനാമോയിൽ പാർപ്പിക്കപ്പെടുന്നതും, സ്വലാഹിയുടെ അഭിഭാഷകയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമാണ് ചിത്രീകരിക്കുന്നത്.

1990കളുടെ അവസാനത്തിൽ, യു.എസ് ഇന്റലിജൻസിന്റെ കണ്ണിൽപ്പെടുന്ന സമയത്ത്, ഒരു ജർമൻ ടെക്നോളജി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു സ്വലാഹി. യു.എസ് ഇന്റലിജൻസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് സ്വലാഹിയെ സ്വന്തം രാജ്യമായ മൗറിത്താനിയയിലെ അധികൃതർ 2001ൽ തടവിലിടുന്നത്. ശേഷം സി.ഐ.എ അദ്ദേഹത്തെ ജോർദാനിലേക്ക് കൊണ്ടുപോയി. മാസങ്ങളോളം അവിടെ അദ്ദേഹം ഏകാന്തതടവറയിൽ പാർപ്പിക്കപ്പെട്ടു. ശേഷം അഫ്ഗാനിസ്ഥാനിലെ ബഗ്രാം എയർബേസിലേക്ക് യു.എസ് അദ്ദേഹത്തെ മാറ്റി, അവിടെ നിന്ന് ഗ്വാണ്ടനാമോ തടവറയിലേക്കും.

അമേരിക്ക ക്യൂബയുടെ പക്കൽ നിന്നും നാവികത്താവളത്തിനായി 1903 മുതൽ പാട്ടത്തിനെടുത്ത ഒരു ചെറിയ പ്രദേശത്താണ് ഗ്വാണ്ടനാമോ ബേ നിർമിച്ചിരിക്കുന്നത്. യു.എസ് അതിർത്തിക്ക് പുറത്ത് ഈ തടവറ നിർമിക്കാനുള്ള തീരുമാനം ബോധപൂർവം തന്നെയാണ്, യു.എസ് നിയമങ്ങൾ ഇവിടെ പാലിക്കേണ്ടതില്ല എന്നതാണ് അതിന്റെ കാരണം.

“കഥകൾ കെട്ടിച്ചമക്കുന്നതിൽ അമേരിക്കൻ സർക്കാറിന് നല്ല മിടുക്കാണ്, ഏറ്റവും ഭീകരനായ ഭീകരവാദിയായി ലോകത്തിനു മുന്നിൽ അവർ എന്നെ ചിത്രീകരിച്ചു. അഫ്ഗാനിസ്ഥാനിലെ യുദ്ധഭൂമിയിൽ നിന്നാണ് എന്നെ പിടികൂടിയത് എന്ന രീതിയിൽ അവർ കഥമെനഞ്ഞു, അത് സത്യമല്ല. എന്റെ രാജ്യമായ മൗറിത്താനിയയിൽ നിന്നും എന്നെ തട്ടികൊണ്ടുപോവുകയാണ് ഉണ്ടായത്. ഞാൻ തെറ്റായ സ്ഥലങ്ങളിൽ പോയിരുന്നു എന്ന് അവർ ആരോപിച്ചു. അതും ശരിയല്ല. ഞാൻ എന്റെ കുടുംബത്തിനു വേണ്ടി ജോലി ചെയ്യുകയും സമയം ചെലവഴിക്കുകയുമായിരുന്നു.” അദ്ദേഹം എന്നോട് പറഞ്ഞു.

ഗ്വാണ്ടനാമോ ബേയുടെ ചരിത്രത്തിൽ ഏറ്റവും കൊടിയ പീഡനത്തിന് ഇരയായ ആളായാണ് സ്വലാഹി കണക്കാക്കപ്പെടുന്നത്. 2015ൽ ‘ഗ്വാണ്ടനാമോ ഡയറി’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ജയിലോർമകൾ പുറത്തുവന്നു, അതിൽ അദ്ദേഹത്തിന്റെ ഗ്വാണ്ടനാമോ ജീവിതം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ‘ദി മൗറിത്താനിയ’ എന്ന സിനിമ ഭാഗികമായി ഈ പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്. മണിക്കൂറുകളോളം നീണ്ടും നിൽക്കുന്ന ചോദ്യംചെയ്യൽ “മുറകളെയും”, കൊടുംതണുപ്പിലെ മർദ്ദന-പീഡനങ്ങളെയും, ഉറങ്ങാൻ കഴിയാത്ത അവസ്ഥയെയും, പുറംകടലിൽ കൊണ്ടുപോയി മുക്കിക്കൊല്ലാൻ ശ്രമിക്കുന്നതിനെയും എങ്ങനെയാണ് അദ്ദേഹം അതിജീവിച്ചതെന്ന് പ്രസ്തുത ഓർമക്കുറിപ്പിൽ വിശദമായി പറയുന്നുണ്ട്.

തന്റെ ഉമ്മയെ ഗ്വാണ്ടനാമോയിലേക്ക് കൊണ്ടുവരുമെന്നും, പുരുഷൻമാർ മാത്രമുള്ള തടവറയിൽ പാർപ്പിക്കുമെന്നും, ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയപ്പോൾ മാത്രമാണ്, അദ്ദേഹം മാനസികമായി തകർന്നതും താൻ ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന് സമ്മതിച്ചതും. അക്കൂട്ടത്തിൽ ടൊറന്റോയിലെ പ്രസിദ്ധമായ സി.എൻ ടവർ ബോംബ് വെച്ച് തകർക്കാനുള്ള ഗൂഢാലോചന വരെയുണ്ട്.

ഫ്രഞ്ച്-അൾജീരിയൻ നടൻ താഹർ റഹീമാണ് ‘ദി മൗറിത്താനിയൻ’നിൽ സ്വലാഹിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വലാഹിയുടെ മോചനത്തിനായി യു.എസ് മിലിറ്ററിയുമായി സന്ധിയില്ലാ നിയമയുദ്ധം നടത്തിയ അഭിഭാഷക നാൻസി ഹോളണ്ടറായി ജോഡി ഫോസ്റ്ററും, സ്വലാഹിയെ പീഡനത്തിനിരയാക്കിയാണ് കുറ്റസമ്മതമൊഴി എടുത്തിരിക്കുന്നത് എന്ന് കണ്ടെത്തിയ യു.എസ് മിലിറ്ററി പ്രോസിക്യൂട്ടർ ലെഫറ്റനന്റ് കേണൽ സ്റ്റുവാർട്ട് കൗച്ചായി ബെനെഡിക്റ്റ് കുമ്പർബാച്ചും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

“സിനിമ ഞാൻ കണ്ടിരുന്നു, പക്ഷേ അക്രമ-പീഡനരംഗങ്ങൾ കാണാൻ കഴിഞ്ഞില്ല, ഞാൻ എഴുന്നേറ്റു പോയി, മറക്കാൻ ശ്രമിക്കുന്ന മോശം ഓർമകൾ അത് തിരികെകൊണ്ടുവരും. യാഥാർഥ്യം ഇതിനേക്കാൾ പതിന്മടങ്ങ് മോശമായിരുന്നു, അവരുടെ വിരൽതുമ്പുകളുടെ സ്പർശം എനിക്ക് ഇപ്പോഴും അനുഭവപ്പെടും, അവ ഇപ്പോഴും എന്റെ ശരീരത്തിൽ നിന്ന് പോയിട്ടില്ല.” സി.ഐ.എ ജോർദാനിൽ നിന്ന് കൊണ്ടുപോകുന്ന സമയത്ത്, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും, വെറും ഡയപ്പർ മാത്രമണിയിച്ച് നിർത്തുകയും ചെയ്ത രംഗം വിവരിക്കുകയായിരുന്നു അദ്ദേഹം. “ആ സമയം മുഴുവനും എന്റെ കണ്ണുകൾ കെട്ടിയിരുന്നു. ആ സ്ഥലത്തുനിന്നും ജീവനോടെ ഒരിക്കലും പുറത്തുപോകില്ലെന്ന് സത്യമായും ഞാൻ കരുതിയിരുന്നു.”

2002ലാണ് ഗ്വാണ്ടനാമോ തടവറ തുറക്കുന്നത്, താലിബാൻ, അൽഖാഇദ എന്നിവയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 780 പേരെ വർഷങ്ങളോളം അവിടെ പാർപ്പിച്ചിരുന്നു, അതേസമയം അവരുടെ മേൽ യാതൊരുവിധ കുറ്റവും ചാർത്തപ്പെട്ടിരുന്നില്ല. 2016-ൽ മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, ഗ്വാണ്ടനാമോ തടവറ അമേരിക്കൻ മൂല്യങ്ങൾക്ക് എതിരാണെന്നും, അത് അടച്ചുപൂട്ടണമെന്നും വാദിച്ചിരുന്നു. അത് അടച്ചുപൂട്ടുന്നതിനു വേണ്ടി അദ്ദേഹം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും പൂർണമായും അടച്ചുപൂട്ടുന്നതിൽ അത് പരാജയപ്പെട്ടു, അവസാനം 41 തടവുകാർ അവശേഷിച്ചു, അവരുടെ മേൽ യാതൊരു കുറ്റവും ചാർത്തപ്പെട്ടിരുന്നില്ല. നിലവിലെ പ്രസിഡന്റ് ജോ ബിഡൻ ഗ്വാണ്ടനാമോ അടച്ചുപൂട്ടുന്നതിന് വേണ്ടിയുള്ള അവലോകന പ്രക്രിയ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അതുമായി ബന്ധപ്പെട്ട നടപടികളൊന്നും ഉണ്ടായിട്ടില്ല.

സ്വലാഹിയുടെ അഭിപ്രായത്തിൽ, ഗ്വാണ്ടനാമോ എന്ന പ്രശ്നം യു.എസ് സർക്കാറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല; യു.കെ, സൗദി അറേബ്യ, ജോർദാൻ, പാകിസ്ഥാൻ തുടങ്ങിയ മുസ്ലിം-മധേഷ്യൻ രാഷ്ട്രങ്ങൾക്കും കൂട്ടുത്തരവാദിത്തമുള്ള ഒരു കൊടിയ കുറ്റകൃത്യത്തിന്റെ പേരാണ് ഗ്വാണ്ടനാമോ.

“ഗ്വാണ്ടനാമോയിൽ എനിക്കറിയാവുന്ന എല്ലാ തടവുകാരും മുസ്ലിം അഥവാ അറബ് രാഷ്ട്രങ്ങൾ അമേരിക്കക്ക് കൈമാറിയവരാണ്. അമേരിക്കയെ മാത്രം ഇക്കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. കാരണം മൗറിത്താനിയ, പാകിസ്ഥാൻ, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കും ഈ കുറ്റത്തിൽ പങ്കുണ്ട്. മനുഷ്യാവകാശങ്ങൾ ആദരവ് നൽകുന്ന ജനാധിപത്യരാജ്യങ്ങൾ അല്ല ഇവ. എന്നെ സംരക്ഷിക്കുമെന്ന് കരുതിയിരുന്ന സ്വന്തം രാജ്യക്കാർ തന്നെ യാതൊരു ചോദ്യവും ചോദിക്കാതെ എന്നെ കൈമാറുമെന്നത് തീർത്തും വേദനാജനകമാണ്. കുറ്റും തെളിയിക്കപ്പെടുന്നതു വരേക്കും നിരപരാധിയാണെന്ന തത്വത്തിന്റെ പരിഗണന ഒരു ഘട്ടത്തിലും എനിക്ക് ലഭിച്ചിട്ടില്ല. സത്യം പറഞ്ഞാൽ, ഈ തത്വത്തിൽ വിശ്വസിക്കുന്ന ലോകത്തിലെ ഒരേയൊരു വ്യക്തി നിങ്ങളുടെ മാതാവ് മാത്രമാണ്.”

നിശ്ചിത ഇടവേളകളിൽ ഗ്വാണ്ടനാമോയിലെ തടവുകാരെ ഇന്റർവ്യൂ ചെയ്യുകയും അവരുടെ ഫയലുകൾ പരിശോധിക്കുകയും ചെയ്യുന്ന പീരിയോഡിക് റിവ്യൂ ബോർഡിനു മുന്നിൽ ഹാജറാക്കിയ സമയത്ത്, ഫലസ്തീനിലെ ഇസ്രായേലിന്റെ കൊളോണിയൽ അധിനിവേശത്തെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് അഭിമുഖം നടത്തുന്നയാണ് സ്വലാഹിയോട് ചോദിച്ചു. “ഞാൻ ഞെട്ടിപ്പോയി. ഫലസ്തീൻ ഇസ്രായേൽ പ്രശ്നത്തിലെ എന്റെ രാഷ്ട്രീയ നിലപാടിനെ അടിസ്ഥാനമാക്കിയാണ് അമേരിക്കൻ സർക്കാർ ഞാനൊരു നല്ല വ്യക്തിയാണോയെന്ന് തീരുമാനിക്കുന്നത്.”

ഇതെല്ലാം ഒരു രാഷ്ട്രീയ നാടകമായാണ് സ്വലാഹി കാണുന്നത്. “ഗ്വാണ്ടനാമോയിൽ ഉള്ളവർ നിരപരാധികളാണ്. കാരണം ഭീകരവാദം ഒരു രാഷട്രീയ സാങ്കേതികപദമാണ്, കുറ്റകൃത്യവുമായി അതിന് ബന്ധമില്ല. ഭീകരവാദം എന്ന പദത്തെ കുറിച്ച് നാം അറബികൾക്ക് നന്നായി അറിയാം, കാരണം നമ്മളാണ് മിഡിലീസ്റ്റിൽ അത് കണ്ടുപിടിച്ചത്. എല്ലാ രാഷ്ട്രീയ എതിരാളികളും നമുക്ക് ഭീകരവാദികളാണ്, സർക്കാറുകൾക്ക് അവരെ എന്തു വേണമെങ്കിലും ചെയ്യാം.”

കടുത്ത അനീതികളിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും, സ്വലാഹി ഉൻമേഷവാനും സന്തോഷവാനും അതിലുപരി ആരോഗ്യവാനുമായാണ് കാണപ്പെട്ടത്. ശുഭാപ്തി വിശ്വാസവും പ്രത്യാശയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും.

“അങ്ങേയറ്റം മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾക്ക് ഞാൻ ഇരയായെങ്കിലും, ആ ഗാർഡുകളോട് എനിക്ക് യാതൊരുവിധ പകയോ വിദ്വോഷമോ ഇല്ല, അവർക്കെല്ലാം ഞാൻ പൊറുത്തുകൊടുത്തിരിക്കുന്നു. അത് മനസ്സിന് കൂടുതൽ സന്തോഷവും വിമോചനവും നൽകുന്നുണ്ട്. അല്ലാഹുവിലേക്ക് കൂടുതൽ അടുത്തതുപോലെ എനിക്ക് അനുഭവപ്പെടുന്നു.”

സ്വലാഹി എപ്പോൾ ഒരു മുഴുസമയ എഴുത്തുകാരനാണ്, പുതിയ പുസ്തകം “അഹ്മദ് ആന്റ് സർഗ” അടുത്താണ് പുറത്തിറങ്ങിയത്. എഴുത്താണ് അദ്ദേഹത്തിന്റെ തെറാപ്പി.

യു.എസ് അധികൃതരുടെ സമ്മർദ്ദം കാരണം, മൂന്ന് വർഷത്തേക്ക് അദ്ദേഹത്തിന്റെ പാസ്പോർട്ട് മൗറിത്താനിയൻ അധികൃതർ തടഞ്ഞുവെച്ചു. ഗ്വാണ്ടനാമോയിലെ പീഡനം കാരണമുണ്ടായ നാഡീ സംബന്ധമായ രോഗാവസ്ഥയുടെ ചികിത്സാവശ്യാർഥം പോലും വിദേശത്ത് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ, സ്വാതന്ത്ര്യത്തിന്റെ ഈ പുതുജീവിതത്തിലും, യു.എസ് അധികൃതർ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളിൽ അദ്ദേഹം തടവുകാരനായി തന്നെ കഴിയുകയാണ്. അദ്ദേഹത്തിന് ഇപ്പോഴും വിസകൾ നിഷേധിക്കപ്പെടുന്നു, ‘ദി മൗറിത്താനിയൻ’ന്റെ പ്രചാരണാർഥം ബ്രിട്ടനിൽ പോകാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

തട്ടിക്കൊണ്ടുപോകപ്പെട്ട് തടവിലാക്കപ്പെട്ടവരെ കുറിച്ചല്ല ഗ്വാണ്ടനാമോ പറയുന്നത്, മറിച്ച് അമേരിക്കയെ കുറിച്ചാണ് ഗ്വാണ്ടനാമോ ലോകത്തിനു മുന്നിൽ വിളിച്ചുപറയുന്നത്. “തടവുകാരിൽ ഒരാൾ പോലും ഒരു കുറ്റത്തിന്റെ പേരിലും ശിക്ഷിക്കപ്പെട്ടില്ല, ഇതിൽ എവിടെയാണ് നീതി? ജയിലിൽ കഴിയുന്നവർക്ക് നീതി ലഭിച്ചിട്ടില്ല, 9/11ൽ കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നീതി ലഭിച്ചിട്ടില്ല. ഒരാൾക്കും ഒരു തരത്തിലും നീതി ലഭിക്കുന്നില്ല”. സ്വലാഹി പറഞ്ഞുനിർത്തി.

ഗ്വാണ്ടനാമോയിലെ യു.എസ് തടവറയുടെ യഥാർഥ ഉപയോഗവും ലക്ഷ്യവും എന്താണെന്ന് ചോദിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്.

മൊഴിമാറ്റം: അബൂ ഈസ

Related Articles