Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീക്കു നേരെ തുടരുന്ന ഫ്രഞ്ച് മതേതര യുദ്ധം

അൾജീരിയയിൽ ഫ്രഞ്ച് അധിനിവേശം നടക്കുന്ന സമയത്ത്, തങ്ങളുടെ കൊളോണിയൽ പിടുത്തം നിലനിർത്താൻ വേണ്ടി ഫ്രാൻസ് സ്വീകരിച്ച ലിംഗാധിഷ്ടിത സമീപനത്തെ കുറിച്ച് ഫ്രാൻസ് ഫാനൻ എഴുതിയിട്ടുണ്ട്: “അൾജീരിയൻ സാമൂഹികഘടനയും അവരുടെ ചെറുത്തുനിൽപ്പ് ശേഷിയും ഇല്ലാതാക്കണമെങ്കിൽ, ഏറ്റവും ആദ്യം ചെയ്യേണ്ടത്, അവിടുത്തെ സ്ത്രീകളെ പിടിച്ചടക്കുക എന്നതാണ്; അവർ സ്വയം മറഞ്ഞിരിക്കുന്ന മൂടുപടത്തിനു പിന്നിലേക്കും, പുരുഷൻമാർ അവരെ ആരും കാണാതെ സൂക്ഷിച്ചിരിക്കുന്ന വീടകങ്ങളിലേക്കും നാം കടന്നുചെല്ലേണ്ടതുണ്ട്.” ഈ സമീപനം, ഫ്രഞ്ച് സർക്കാറിനെയും അതിന്റെ തീവ്രമതേതരത്വവാദത്തെയും സമൂഹത്തെയും സംബന്ധിച്ചിടത്തോളം പഴയൊരു കാര്യമല്ല.

ഒരിക്കൽ കൂടി, മുസ്ലിം സ്ത്രീകളെയും ഹിജാബ് ധരിക്കാനുള്ള അവരുടെ അവകാശത്തെയും സംബന്ധിച്ച ചർച്ചകൾ കൊണ്ടും തലക്കെട്ടുകൾ കൊണ്ടും ദൃശ്യ-അച്ചടി മാധ്യമങ്ങൾ നിറയുകയുണ്ടായി. ഫ്രഞ്ച് സാഹചര്യത്തിൽ ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്ന ഈ സംഘം ചേർന്ന ആക്രമണത്തിൽ തീവ്രവലതുപക്ഷം മുതൽ തീവ്രഇടതുപക്ഷം വരെയുള്ള എല്ലാ രാഷ്ട്രീയധാരകളും ഒറ്റക്കെട്ടാണ്. ദിജോണിലെ പ്രാദേശിക പാർലമെന്റിലേക്കുള്ള പഠനയാത്രയിൽ മകനോടൊപ്പം ഹിജാബ് ധരിച്ച് അകമ്പടി പോയ മാതാവിന് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.

“ഫാത്തിമ” എന്ന പേരിൽ അറിയപ്പെടുന്ന ആ മാതാവിനു നേരെ ജൂലിയൻ ഒദൂൽ എന്ന ഫാഷിസ്റ്റ് ‘നാഷണൽ റാലി’ പാർട്ടി അംഗം മോശമായി സംസാരിക്കുകയും അവരോട് തന്റെ തലമറയ്ക്കുന്ന ഹിജാബ് അഴിച്ചു മാറ്റുകയോ അല്ലെങ്കിൽ പാർലമെന്റിൽ നിന്ന് പുറത്തുപോവുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടതുമാണ് സംഭവം.

ഒദൂലിന്റെ വിദ്വേഷപ്രസംഗം അസംബ്ലി അധ്യക്ഷൻ ചെറുക്കുകയും മറ്റു അംഗങ്ങൾ ഒദൂലിനോട് സംസാരം നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒദൂലിന്റെ അധിക്ഷേപം കേട്ട് സങ്കടപ്പെട്ട ആ മകനെ ആശ്വസിപ്പിക്കാൻ അവന്റെ മാതാവ് മാത്രമേ അന്നേരത്ത് ഉണ്ടായിരുന്നുള്ളു.

ഒദൂലിന്റെ ആക്രണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഫ്രാൻസിലെ പൊതുജീവിതത്തിൽ നിന്നും മുസ്ലിം സ്ത്രീയെ നിരോധിക്കാൻ ലക്ഷ്യമിടുന്ന നിലവിലെ നിയമനിർമാണത്തിലാണ് അതിന്റെ വേരുകൾ ചെന്നെത്തുന്നത്. ഉദാഹരണത്തിന്, ഹിജാബ് ധരിച്ചു കൊണ്ട് സ്കൂളുകളിലും മറ്റു പൊതുസ്ഥാപനങ്ങളിലും – ജോലിയാവശ്യാർഥമോ സേവനാവശ്യാർഥമോ – മുസ്ലിം സ്ത്രീകൾ പ്രവേശിക്കുന്നത് 2004-ൽ തന്നെ ഫ്രാൻസ് നിരോധിച്ചിട്ടുണ്ട്. 2011-ൽ നിഖാബ്/ഹിജാബ് നിരോധനം നടപ്പിലാക്കിയ യൂറോപ്പിലെ ആദ്യത്തെ രാജ്യം കൂടിയാണ് ഫ്രാൻസ്.

അൾജീരിയൻ യുദ്ധം നടക്കുന്ന വേളയിൽ, 1961 ഒക്ടോബർ 17ന് നടന്ന പാരീസ് കൂട്ടക്കൊലയുടെ വാർഷികവും കഴിഞ്ഞ ആഴ്ച നടന്നിരുന്നു. അൾജീരിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി തെരുവിലിറങ്ങിയ നൂറുകണക്കിന് അൾജീരിയക്കാരാണ് അന്ന് കൊല്ലപ്പെട്ടത്, അവരുടെ മൃതശരീരങ്ങൾ ഫ്രഞ്ച് പോലീസ് സെൻ നദിയിലേക്ക് വലിച്ചെറിഞ്ഞു. മൗറീസ് പാപ്പോൺ എന്ന പോലീസ് മേധാവിയായിരുന്നു അതിന് ഉത്തരവിട്ടത്. രണ്ടാം ലോകയുദ്ധസമയത്ത് നൂറുകണക്കിന് ജൂതൻമാരെ നാടുകടത്തുന്നതിലും അദ്ദേഹം പങ്കുവഹിച്ചിരുന്നു.

പാരിസ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഫ്രഞ്ച് ഭരണകൂടം ഏറ്റെടുക്കാൻ 1990-കൾ വരെ കാത്തിരിക്കേണ്ടി വന്നു. പിന്നീട് 2001-ലാണ് സംഭവസ്ഥലത്ത് ഒരു അനുസ്മരണ ഫലകം സ്ഥാപിക്കപ്പെടുന്നത്. അൾജീരിയക്കാരോട് കാണിച്ച തങ്ങളുടെ കൊളോണിയൽ ഹിംസയും ക്രൂരതയും അംഗീകരിക്കാനും അനുസ്മരിക്കാനും ഫ്രഞ്ച് ഭരണകൂടം കാണിക്കുന്ന നിസ്സംഗത, ഇന്ന് ഫ്രാൻസിലെ മുസ്ലിംകൾക്കു നേരെയുള്ള ഹിംസയെ മറച്ചുവെക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്.

കൊളോണിയൽ കാലത്ത് അൾജീരിയൻ സ്ത്രീകളോടും പുരുഷൻമാരോടും കാണിച്ച അതിക്രമങ്ങൾ തന്നെയാണ് ഇന്ന് മുസ്ലിം സ്ത്രീകളോടും പുരുഷൻമാരോടുമുള്ള ഫ്രഞ്ച് ഭരണകൂടത്തിന്റെയും പോലീസിന്റെയും സമീപനത്തിലും പ്രതിഫലിക്കുന്നത്. തങ്ങളുടെ ഭൂതകാലം അംഗീകരിക്കുക എന്ന ഫ്രഞ്ച് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്, കാരണം അതിപ്പോഴും അവസാനിച്ചിട്ടില്ല എന്നതാണ്. കൊളോണിയൽ ഭൂതകാലം അംഗീകരിക്കുന്നത് മാറ്റത്തിനും നീതിക്കും വഴിവെക്കും. ഉദാഹരണത്തിന്, 1961ലെ കൂട്ടക്കൊലയുടെ അനുസ്മരണം, നിലവിലെ മുസ്ലിം വിരുദ്ധ വെറുപ്പിനെതിരെയുള്ള മുന്നേറ്റമായാണ് ഫ്രഞ്ച് ഭരണകൂടവും പൊതുസ്ഥാപനങ്ങളും നടത്തേണ്ടിയിരുന്നത്. എന്നാൽ അതിനു പകരം, അൾജീരിയയിലും മറ്റു ഭൂഖണ്ഡങ്ങളിലും അനുവർത്തിച്ച വംശീയ കൊളോണിയൽ പദ്ധതിതന്നെയാണ് അവർ ഇവിടെയും ആവർത്തിക്കുന്നത്.

ഫാത്തിമക്കു നേരെയുള്ള ഒദൂലിന്റെ വെറുപ്പും വിദ്വേഷവും കലർന്ന പ്രതികരണം, മുൻകാല കോളനികളോടുള്ള ഫ്രഞ്ച് ഭരണകൂടത്തിന്റെ നിലപാട് തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. കറുത്തവർഗക്കാരുടെ സ്വാതന്ത്ര്യം ഫ്രാൻസ് ഒരിക്കലും അംഗീകരിച്ചിട്ടില്ല, അങ്ങനെയൊന്ന് ഉണ്ടെന്ന് അവർ വിശ്വസിക്കുന്നുമില്ല.

കീഴടക്കാനും പിടിച്ചടക്കാനുള്ള ഫ്രഞ്ച് ഭരണകൂടത്തിന്റെ ആഗ്രഹം ഇന്നും അടങ്ങിയിട്ടില്ല. അൾജീരിയ ഫ്രാൻസിന്റെ കൊളോണിയൽ പിടുത്തത്തിൽ നിന്നും വിമോചനം നേടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, മുസ്ലിം സ്ത്രീകളെയും അവരുടെ ശരീരങ്ങളെയും സമൂഹത്തിലെ അവരുടെ സ്ഥാനത്തെയും നശിപ്പിക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്.

താൻ അപമാനിക്കപ്പെട്ടതിൽ മനോവിഷമം വന്ന സ്വന്തം മകനെ വാരിപ്പുണർന്ന് ആശ്വസിപ്പിക്കുന്ന മാതാവിന്റെ കരളലിയിപ്പിക്കുന്ന കാഴ്ച ആ ഫാഷിസ്റ്റ് രാഷ്ട്രീയക്കാരനിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. എന്നാൽ, ബഹുസാംസ്കാരിക തലസ്ഥാന നഗരിയെന്ന് വിളിക്കപ്പെട്ടുന്ന പാരീസ് തെരുവിലൂടെ ഹിജാബ് ധരിച്ചു കൊണ്ട് നടന്ന്, ഒരു ലോക്കൽ ബാങ്കിലോ സൂപ്പർമാർക്കറ്റിലോ കടന്നുചെന്നു നോക്കുക, ഒദൂലിന്റെ പ്രതികരണം ഒറ്റപ്പെട്ട ഒരു സംഭവമല്ല എന്ന് നിങ്ങൾക്ക് ഉടനെ തന്നെ ബോധ്യമാവും.

പാർലമെന്റിൽ ഫാത്തിമയ്ക്കു നേരിടേണ്ടി വന്ന അധിക്ഷേപത്തിന് ആറു ദിവസങ്ങൾക്കു ശേഷം, 85 ടെലിവിഷൻ ചർച്ചകളാണ് ഹിജാബുമായി ബന്ധപ്പെട്ട് മാത്രം ഫ്രഞ്ച് ന്യൂസ് ചാനലുകളിൽ നടന്നതെന്ന് ലിബറേഷൻ എന്ന ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 286 അതിഥികളാണ് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ക്ഷണിക്കപ്പെട്ടത്, ഹിജാബ് ധരിക്കുന്ന ഒരാൾ പോലും ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിരുന്നില്ല. മുസ്ലിം സ്ത്രീകൾക്ക് എന്തൊക്കെ ധരിക്കാൻ അനുമതി നൽകാം?, സഹകരിച്ചില്ലെങ്കിൽ അവരുടെ ഏതൊക്കെ അവകാശങ്ങളാണ് എടുത്തുകളയേണ്ടത്? തുടങ്ങിയ ചോദ്യങ്ങളാണ് പ്രസ്തുത ചർച്ചകളിൽ ഉയർന്നു കേട്ടത്. ഒരു മാധ്യമപ്രവർത്തകൻ ഹിജാബിനെ നാസികളുടെ എസ്.എസ് യൂണിഫോമിനോട് ഉപമിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി.

ഈ ആക്രമണങ്ങളും, ബഹിഷ്കരണ നിയമങ്ങളും, ഭരണകൂട ഹിംസയും എല്ലാം തന്നെ ക്രൂരൻമാരായ ഭർത്താക്കൻമാരിൽ നിന്നും പിതാക്കൻമാരിൽ നിന്നുള്ള അടിച്ചമർത്തപ്പെട്ട മുസ്ലിം സ്ത്രീകളുടെ വിമോചനത്തിനു വേണ്ടിയുള്ള നടപടികളായാണ് ലിബറൽ ഫെമിനിസ്റ്റുകളും ഫ്രഞ്ച് മതേതരത്വവും കണക്കാക്കുന്നത്. അഫ്ഗാൻ സ്ത്രീകളെ അവരുടെ തലയ്ക്കു മുകളിൽ ബോംബ് വർഷിച്ചു കൊണ്ട് അമേരിക്ക വിമോചിപ്പിച്ചതു പോലെയാണിത്. തങ്ങളുടെ ശരീരം ഒരു യുദ്ധഭൂമിയാണെന്ന് മുസ്ലിം സ്ത്രീകളെ നിരന്തരം ഓർമപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

അൾജീരിയൻ സ്ത്രീകളെ നിയന്ത്രണവിധേയമാക്കി കൊണ്ട് അൾജീരിയൻ സമൂഹത്തെ തകർക്കാനായിരുന്നു ഫ്രാൻസ് ശ്രമിച്ചതെങ്കിലും, തങ്ങളുടെ കൊളോണിയൽ വാഴ്ചക്കെതിരെ തെരുവിലിറങ്ങിയ ജനകൂട്ടത്തിന്റെ മുൻനിരയിലാണ് അൾജീരിയൻ സ്ത്രീകളെ ഫ്രഞ്ച് ഭരണകൂടത്തിന് കാണാൻ കഴിഞ്ഞത്. ഒദൂലിന്റെ അലർച്ചയെ ഒട്ടും പതറാതെ ധൈര്യപൂർവം നേരിടുകയും, മകനെ ചേർത്തുപിടിച്ച് ഉമ്മ നൽകി പുഞ്ചിരിയോടെ ആശ്വസിപ്പിക്കുകയുംചെയ്ത ഫാത്തിമയിലൂടെ ചരിത്രം ആവർത്തിക്കപ്പെടുകയായിരുന്നു.

അവലംബം: middleeasteye.net
മൊഴിമാറ്റം: ഇർഷാദ് കാളാചാല്‍

Related Articles