Human Rights

ഒന്നാം ഇന്‍തിഫാദയുടെ ഓര്‍മകള്‍

1987 മുതല്‍ 1993 വരെ നീണ്ടുനിന്ന ഒന്നാം ഇന്‍തിഫാദ, ഫലസ്തീന്‍ വിമോചന പോരാട്ടത്തിലെ സുപ്രധാന ഘട്ടങ്ങളില്‍ ഒന്നാണ്. ഒന്നാം ഇന്‍തിഫാദയെ ഞങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായും വഴിത്തിരിവായും മാറ്റിയ പ്രധാന സംഭവവികാസങ്ങള്‍ എന്റെ തലമുറക്ക്, അതായത് ഇന്‍തിഫാദ തലമുറക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഡിസംബര്‍ മാസം അടുക്കുമ്പോഴെല്ലാം, ഓര്‍മകള്‍ ഒരു സിനിമ കണക്കെ മിന്നിത്തെളിയാന്‍ തുടങ്ങും. ഗൃഹാതുരത്വത്തിന്റെയും ആഴമേറിയ മുറിവിന്റെയും സങ്കടത്തിന്റെയും ആ കാലഘട്ടം ഓരോരുത്തരും ഓര്‍ത്തെടുക്കും.

ഒന്നാം ഇന്‍തിഫാദ വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ മുത്തശ്ശിമാര്‍ ഭൂതകാലത്തെ കുറിച്ച്് വിലപിക്കുന്നതു പോലെത്തന്നെ, ഞങ്ങളും ഒരു ഭൂതകാല വര്‍ത്തമാനകാല താരതമ്യത്തിലേര്‍പ്പെടാറുണ്ട്. എന്നാല്‍, കേവലം ഗൃഹാതുരത്വ സംബന്ധിയും അതിനെ തുടര്‍ന്നുണ്ടാവുന്ന നിരാശയിലുമല്ല ആ ഓര്‍മകളുടെ പ്രസക്തിയെന്ന് ഞങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ട്. കാരണം ആ കാലം വളരെയധികം വ്യത്യസ്തമായിരുന്നു.

ഇന്‍തിഫാദക്കിടെ ഉരുവംക്കൊണ്ട ദേശീയ ഐക്യം, ശക്തമായ സാമൂഹിക ബോധം തുടങ്ങിയ മൂല്യങ്ങളെ കുറിച്ച് സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ക്ക് അഭിപ്രായങ്ങള്‍ പറയാം. ഇസ്രായേല്‍ അധിനിവേശകര്‍ സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ബദല്‍ വിദ്യഭ്യാസ സംവിധാനങ്ങളെ കുറിച്ച് വിദ്യഭ്യാസ വിചക്ഷണര്‍ക്കു കുറിപ്പികള്‍ എഴുതാം. കൂടാതെ, സമൂഹത്തില്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെ കുറിച്ചും, ഇസ്രായേല്‍ അധിനിവേശകരുടെ ക്രൂരതകളുടെ ഫലമായി സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ഗവേഷകര്‍ക്ക് നെടുനീളന്‍ പ്രഭാഷണങ്ങളും നടത്താം.

സമൂഹത്തിനും ദേശീയ പ്രസ്ഥാന നേതാക്കള്‍ക്കും ഇടയിലുള്ള മഹത്തായ ബന്ധത്തെ കുറിച്ചും, ദൈനംദിന പോരാട്ടങ്ങളില്‍ നിന്നും കരുത്തു നേടിയ ഫീല്‍ഡ് ലീഡര്‍മാരെ കുറിച്ചും രാഷ്ട്രീയ നിരീക്ഷകര്‍ക്കു വേണ്ടുവോളം കുറിപ്പുകളെഴുതാം. അധിനിവേശ സൈന്യവുമായുള്ള സംഘട്ടനത്തില്‍ വഴികാട്ടികളായി മുന്നില്‍നടന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ കുറിച്ചും അവര്‍ക്കു സംസാരിക്കാം. രക്തസാക്ഷികളുടെ ഉമ്മമാര്‍, തടവുകാരുടെ ഭാര്യമാര്‍, മുറിവേറ്റവരുടെ സഹോദരിമാര്‍ തുടങ്ങിയ വിശേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്നവരല്ല ഫലസ്തീന്‍ സ്ത്രീകള്‍, മറിച്ച് ഇസ്രായേല്‍ ട്രൂപ്പുകളുമായി നേര്‍ക്കുനേര്‍ പോരാടിയ ധീരപോരാളികള്‍ കൂടിയാണ് അവര്‍. ഫലസ്തീന്‍ സ്ത്രീകള്‍ ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുത്ത പോരാട്ടവീര്യത്തിന്റെ പേരില്‍ ലോകത്തെ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്കു തീര്‍ച്ചയായും അഭിമാനിക്കാന്‍ വകയുണ്ട്. ചെറുപ്പകാരികളെന്നോ പ്രായംചെന്നവരെന്നോ വ്യത്യാസമില്ലാതെ അസാമാന്യ ധീരതയോടെ കയ്യില്‍ കിട്ടിയ കല്ലുകള്‍ അടക്കം ആയുധമാക്കി അവര്‍ ഇസ്രായേല്‍ സൈനികര്‍ക്കെതിരെ പോരാടി. തുല്ല്യതയില്ലാത്ത ഈ ധീരചരിത്രമുഹൂര്‍ത്തങ്ങള്‍ മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും വരുംതലമുറക്കു വേണ്ടി ഒപ്പിയെടുത്തിട്ടുണ്ട്.

സര്‍വായുധസജ്ജരായ ഇസ്രായേല്‍ സൈനികര്‍ക്കു മുന്നില്‍ നെഞ്ചുറപ്പോടെ നില്‍ക്കുന്ന ഫലസ്തീന്‍ കുട്ടികളെ നമുക്ക് കാണാം. ലോകത്തെ പഠിപ്പിക്കുക എന്നതതു ഫലസ്തീന്‍ കുട്ടികളുടെ അവകാശമാണെന്ന്, ഇന്‍തിഫാദയെ കുറിച്ചുള്ള കവിതയില്‍ നിസാര്‍ ഖബ്ബാനി പറയുന്നുണ്ട്. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എ്‌ന്തെന്നാല്‍, ഒന്നിലധികം അര്‍ഥങ്ങള്‍ ഉള്ള, ഒരുപാടു വസ്തുതകളിലേക്കു നമ്മെ കൊണ്ടു ചെന്നെത്തിക്കുന്ന നിത്യഹരിത മുഹൂര്‍ത്തങ്ങളാണ് അവ.

ഡിസംബറിലെ ഒരു തണുത്ത ദിവസമാണ് ഇന്‍തിഫാദ ആരംഭിച്ചത്. ഒരു ഇസ്രായേലി കുടിയേറ്റക്കാരനാല്‍ കൊല്ലപ്പെട്ട തൊഴിലാളികളെ മറവു ചെയ്തതിനു ശേഷം വെടിയൊച്ചകളുടെ നടുവിലാണു ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പ് ഉറങ്ങിയത്. ഭയാനകമായ ഒരു രാത്രിയായിരുന്നു അത്. വരാനിരിക്കുന്ന വലിയൊരു അപകടത്തിന്റെ മുന്നോടി മാത്രമാണ് ഇപ്പോള്‍ സംഭവിച്ചതെന്നതിന്റെ ധ്വനി അന്തരീക്ഷത്തില്‍ തളംകെട്ടിനിന്നു. ആരും അതിനു വേണ്ടി തയ്യാറായിരുന്നില്ല. 1987-ലെ ഡിസംബറിന് സാക്ഷിയായ ഒരു ചെറിയ കുട്ടിയെന്ന നിലയില്‍ ഞാന്‍ അങ്ങനെയാണു കാര്യങ്ങളെ മനസിലാക്കിയത്. ആരും ഞങ്ങളോടു തെരുവിലിറങ്ങാന്‍ പറഞ്ഞില്ല, സംഘടിതമായി മുന്നിട്ടിറങ്ങാന്‍ ആരും തന്നെ പദ്ധതിയൊന്നും മുന്നോട്ടുവെച്ചില്ല. എന്തെങ്കിലും ചെയ്യാന്‍ യോജിച്ചൊരു തീരുമാനത്തിലും എത്തിയില്ല. ആ ദിവസ നടന്ന വേദനാജനകമായ സംഭവങ്ങളെ കുറിച്ചോര്‍ത്ത് ഞങ്ങള്‍ ഉറക്കത്തിലേക്കു വഴുതിവീണു.

ആ രാത്രി, ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിനെതിരെ (ഐ.ഡി.എഫ്) ഞങ്ങളും ക്യാമ്പിലും തൊട്ടടുത്ത പട്ടണപ്രദേശങ്ങളിലും വമ്പിച്ച ജനരോഷമുയര്‍ന്നു. ഒരു ഇസ്രായേലി കുടിയേറ്റക്കാരനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഉപജീവനമാര്‍ഗം തേടി വീട്ടില്‍നിന്നിറങ്ങി തൊഴിലാളികള്‍ക്ക് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും അനുയോജ്യമായ യാത്രാമൊഴിയായിരുന്നു അത്.

അടുത്ത ദിവസം രാവിലെ, കനാന്‍ ദേശക്കാരുടെ ചരിത്രത്തെ കുറിച്ചായിരുന്നു ഞങ്ങളുടെ ടീച്ചര്‍ പഠിപ്പിച്ചത്. ഈജിപ്തില്‍ നിന്നുമുള്ള ഞങ്ങളുടെ പാഠ്യപദ്ധതിയില്‍ പുരാതന ഈജിപ്ഷ്യന്‍ നാഗരികതയെയും ഫറോവമാരെയും കുറിച്ച് മനഃപാഠമാക്കാനാണ് ഉണ്ടായിരുന്നത്. അതിലൊന്നും തന്നെ കനാന്‍ ദേശക്കാരെ കുറിച്ചോ, ഞങ്ങള്‍ ഫലസ്തീനികളെ കുറിച്ചോ ഒന്നും തന്നെ പ്രതിപാദിക്കുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും, ഞങ്ങളുടെ ടീച്ചര്‍ ഞങ്ങള്‍ സ്വന്തം ചരിത്രത്തെ കുറിച്ച് ബോധവാന്‍മാരായി വളരുന്നതിനായി പാഠ്യപദ്ധതിയില്‍ നിന്നും മാറി സഞ്ചരിച്ചിരുന്നു. ക്ലാസ് അവസാനിക്കുന്നതിനു മുന്‍പു തന്നെ ഞങ്ങളുടെ രോഷം അണപൊട്ടിയൊഴുകിയിരുന്നു.

പെട്ടെന്ന്, അതുവരെ കലിപൂണ്ട് ഡെസ്‌ക്കുകളില്‍ അടിച്ചിരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളിനു പുറത്തേക്കോടുകയും ഐ.ഡി.എഫ് ബേസ് ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങുകയും ചെയ്തു. അതേസമയത്താണ്, ജബലിയയിലെ ഫലൂജ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും തെരുവിലേക്ക് ഒഴുകിയെത്തിയത്. അവര്‍ക്കു പിന്നാലെ ഗേള്‍സ് സ്‌കൂളിലേയും പ്രൈമറി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ വന്നുചേര്‍ന്നു. ഇസ്രായേലി പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തതോടെ നാനാഭാഗത്തുനിന്നും വിദ്യാര്‍ഥികള്‍ പട്ടാളക്കാരുമായി ഏറ്റുമുട്ടി.

ജബലിയക്കു ചുറ്റും മണല്‍കൂനകള്‍ ഉണ്ടായിരുന്നു. അവിടെയുണ്ടായ സംഘട്ടനത്തില്‍ എന്റെ ബാല്യകാല സുഹൃത്തും അയല്‍വാസിയുമായ ഹാതിം അല്‍സീസി കൊല്ലപ്പെട്ടു. അവനായിരുന്നു ഇന്‍തിഫാദയിലെ ആദ്യ രക്തസാക്ഷി. തലേന്നു രാത്രി വരെ ഒരുമിച്ച് ഫുട്‌ബോള്‍ കളിച്ചവരായിരുന്നു ഞങ്ങള്‍. പിറ്റേന്നു രാവിലെ സ്വന്തം രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹാതിമിനെയാണ് ഞാന്‍ കണ്ടത്. അതോടു കൂടി ഇസ്രായേല്‍ അധിനിവേശകര്‍ക്കെതിരെയുള്ള ജനരോഷം കാട്ടുതീ പോലെ നാനാഭാഗത്തു നിന്നും പടര്‍ന്നുപിടിക്കാന്‍ തുടങ്ങി.

ഇന്‍തിഫാദയെ കുറിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്ത അനുഭവസാക്ഷ്യങ്ങളാണ് പറയാനുണ്ടാവുക. കുട്ടികളെന്ന നിലയില്‍, ഇസ്രായേല്‍ പട്ടാളക്കാര്‍ക്കെതിരെ ആരാണു കൂടുതല്‍ കല്ലുകള്‍ എറിഞ്ഞത് എന്നായിരുന്നു അന്നത്തെ ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. അധികം താമസിയാതെ തന്നെ, കുറച്ചു കൂടി വളര്‍ന്നതിനു ശേഷം, വിജയശ്രീലാളിതരായി ഞങ്ങള്‍ ഓരോരുത്തരും ജയിലുകളില്‍ വെച്ച് കണ്ടുമുട്ടുകയും പരസ്പരം കഥകള്‍ പറയുകയും ചെയ്യുന്ന സന്ദര്‍ഭവും ഉണ്ടായി.

ഒരുപാടു ധീരന്‍മാര്‍ ജന്മം കൊണ്ട സമയമായിരുന്നു അത്. അന്നത്തെ സംഭവങ്ങളെ കുറിച്ചോര്‍ക്കുമ്പോഴെല്ലാം ആ ധീരന്‍മാരുടെ ഓര്‍മകള്‍ക്കു മുന്നില്‍ നാം പ്രണാമമര്‍പ്പിക്കുക തന്നെ വേണം. അവരായിരുന്നു ഇന്‍തിഫാദ സംഘങ്ങളെ സംഘടിപ്പിക്കുകയും നയിക്കുകയും ജനങ്ങളുടം ക്ഷേമങ്ങളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നത്. ഓരോ വര്‍ഷവും ഈ ദിവസം, നാം അവരെ ഓര്‍ക്കുകയും അവരോടു ഹൃദയംഗമായി നന്ദി പറയുകയും ചെയ്യേണ്ടതുണ്ട്.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: middleeastmonitor.com

Facebook Comments
Show More

Related Articles

Close
Close