Human Rights

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഫേസ്ബുക്ക്,ട്വിറ്റര്‍ ഓഫിസുകള്‍

ട്വിറ്ററിന്റെ പശ്ചിമേഷ്യയിലെ മേഖല ഓഫിസ് ദുബായില്‍ നിന്നും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ചേര്‍ന്ന് ട്വിറ്ററില്‍ ക്യാംപയിന്‍ ആരംഭിച്ചത്. #Change_Office_Twitter_Dubai എന്ന ഹാഷ്ടാഗ് ക്യാംപയിനായിരുന്നു അരങ്ങേറിയത്. ഭരണകൂടത്തെ വിമര്‍ശിക്കുന്ന തങ്ങളുടെ ട്വീറ്റുകളും ഹാഷ്ടാഗുകളും ട്വിറ്റര്‍ അധികൃതര്‍ നീക്കം ചെയ്യുകയും കൈകടത്തലുകള്‍ നടത്തിയെന്നും ആക്റ്റിവിസ്റ്റുകള്‍ പറഞ്ഞു.

നൂറുകണക്കിന് രാഷ്ട്രീയ എതിരാളികളുടെയും ആക്റ്റിവിസറ്റുകളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്തതിനു പിന്നാലെയാണ് ക്യാംപയിന്‍ ആരംഭിച്ചത്. ഇന്നത്തെ ഡിജിറ്റല്‍ റിയാലിറ്റിയില്‍ അഭിപ്രായ പ്രകടനത്തിനും,സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാനും കൂടുതലായും ഉപയോഗിക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്. അതിനാല്‍ തന്നെ അവയിലെ സ്വാതന്ത്ര്യം നിര്‍ണ്ണയിക്കുന്നതും ഇത്തരം കമ്പനികളാണ്.

അടുത്തിടെ രാഷ്ട്രീയ പരസ്യങ്ങളില്‍ തെറ്റായ ആരോപണങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം ഫേസ്ബുക്ക് പുറപ്പെടുവച്ചിരുന്നു. ഈ നീക്കത്തിനെതിരെ കുറച്ച് പേര്‍ അഭിപ്രായവ്യത്യാസവും സംശയവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സംശയം ഉളവാക്കുന്ന നടപടികള്‍ ആദ്യത്തേതല്ല. ഫലസ്തീനുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള ആശയങ്ങളെ അവര്‍ അടിച്ചമര്‍ത്തിയിരുന്നു. അതായത്, പ്രതിരോധം, രക്തസാക്ഷിത്വം,ഹമാസ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതിനെയാണ് ഇത്തരം കമ്പനികള്‍ വിലക്കിയിരുന്നത്. പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനോ തടയുന്നതിനോ സന്ദര്‍ഭം ഒരു കാരണമല്ല. ഇത്തരം ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നിരോധിക്കുകയും ചിലരെ അറസ്റ്റു ചെയ്യുകയും വരെയുണ്ടായിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണമായി #FBblocksPalestine എന്ന പേരില്‍ ഹ്ാഷ്ടാഗ് ക്യാംപയിനും ആരംഭിച്ചിരുന്നു.

ഡിജിറ്റല്‍ യാഥാര്‍ത്ഥ്യം

ഇന്നത്തെ ഡിജിറ്റല്‍ കാലത്ത് സോഷ്യല്‍ മീഡിയ വഴി അഭിപ്രായ പ്രകടനത്തിനും സ്വാതന്ത്ര്യത്തിനും അനേകം വഴികളുണ്ട്. തുറന്ന ആശയവിനിമയത്തിനും വിദ്വേഷ പ്രചാരണത്തിലുമുള്ള സെന്‍സര്‍ഷിപ്പ്,കൃത്യമായ ബാലന്‍സിങ് തുടങ്ങിയവ നിയന്ത്രിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികളെ സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തി. മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്ന ഒരു കൃത്യമായ പെരുമാറ്റച്ചട്ടം ഇല്ലാതെ തന്നെ, ഈ സ്വകാര്യ കമ്പനികള്‍ പലപ്പോഴും സര്‍ക്കാരുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയും അവരുടെ ചാനലുകള്‍ അടിച്ചമര്‍ത്തലിന്റെ ഉപകരണങ്ങളായി ഉപയോഗിക്കുകയും ചെയ്യുകയാണ്.

അതിനാല്‍ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങിടുന്ന രാജ്യങ്ങളില്‍ തന്നെ ഇത്തരം മീഡിയ കമ്പനികളുടെ പ്രാദേശിക ഓഫിസുകളും ആസ്ഥാനവും സ്ഥിതി ചെയ്യുന്നു എന്നത് വിരോധാഭാസമാണ്.

ഇസ്രായേല്‍,യു.എ.ഇ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഫേസ്ബുക്ക്,ട്വിറ്റര്‍ ഓഫീസുകള്‍ അതത് രാജ്യത്തിന് അനുകൂലമായി വിയോജിപ്പുകാരെയും രാഷ്ട്രീയ എതിരാളികളെയും നിശബ്ദരാക്കാന്‍ സര്‍ക്കാരുകള്‍ ഇത്തരം കമ്പനികളോട് ആവശ്യപ്പെടുന്നതായി ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ സംഘടന നടത്തിയ സര്‍വേയില്‍ പറയുന്നു. ഗൂഗിള്‍,ഫേസ്ബുക്ക്,മൈക്രോസോഫറ്റ്,ഇന്റല്‍ തുടങ്ങി 300ലധികം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഇതിനോടകം ഇസ്രായേലില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 2013ലാണ് തെല്‍ അവീവില്‍ ഫേസ്ബുക്ക് മേഖല ആസ്ഥാനം ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തിനു ശേഷം ഫേസ്ബുക്ക് പ്രതിനിധികളും ഇസ്രായേല്‍ സര്‍ക്കാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ഫലസ്തീന്‍ അനുകൂല,ഇസ്രായേല്‍ വിരുദ്ധ സംഘടനായ ബി.ഡി.എസിനെതിരെ നടപടിയെടുക്കാനും അവര്‍ക്കെതിരെ പോരാടാനും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനെതിരെയും വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ അധിനിവേശം എളുപ്പമാക്കാനും ഫലസ്തീനികളെ സോഷ്യല്‍ മീഡിയയില്‍ അടിച്ചമര്‍ത്തുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.

ഞെട്ടിക്കുന്ന കണക്കുകള്‍

2017ല്‍ ഇസ്രായേല്‍ ജസ്റ്റിസ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഫലസ്തീനികള്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത പോസ്റ്റുകളില്‍ 70 ശതമാനവും നീക്കം ചെയ്യുന്നതില്‍ തങ്ങള്‍ വിജയിച്ചുവെന്ന് പറഞ്ഞു. 2241 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം 350 ഫലസ്തീനികളെ ഇസ്രായേല്‍ ഇതേ വിഷയത്തില്‍ അറസ്റ്റു ചെയ്തു. 2017ല്‍ ഇത്തരത്തില്‍ 300ാളം പേരെയും അറസ്റ്റു ചെയ്തിരുന്നു.

ഔദ്യോഗിക അടിച്ചമര്‍ത്തല്‍

അടുത്തിടെ ട്വിറ്ററും ഫേസ്ബുക്കും ശരിയായ ദിശയില്‍ നടപടിയെടുത്തിരുന്നു. ഇസ്രായേല്‍ തെരഞ്ഞെടുപ്പ് സമയത്ത് നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടിയുടെ അക്കൗണ്ട് ഇലക്ടോറല്‍ നിയമം ലംഘിച്ചതിന് അധികൃതര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതുപോലെ, മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പുറത്താക്കിയ സൗദി റോയല്‍ കോര്‍ട്ട് മുന്‍ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനിയുടെ ട്വിറ്റര്‍ അക്കൗണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സൗദി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുത്തതിന് 271 ട്വിറ്റര്‍ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിരുന്നു. സമാനമായി യു.എ.ഇ,ഈജിപ്ത്് എന്നിവിടങ്ങളിലെ അക്കൗണ്ടുകളും സസ്‌പെന്റ് ചെയ്തിരുന്നു. ഇവ പ്രോത്സാഹിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഇവരുടെ മുന്‍ നിലപാടുകള്‍ നോക്കിയാല്‍ പര്യാപ്തമാകില്ല. ഇന്ന് ആഗോള ബഹുരാഷ്ട്ര കമ്പനികള്‍ ലാഭത്തിന്റെ അത്ര തന്നെ പ്രാധാന്യം മനുഷ്യാവകാശങ്ങള്‍ക്കും നല്‍കുന്നുണ്ട്. അത്തരം കമ്പനികള്‍ വിദ്വേഷവും,ആക്രമവും,ആരോഗ്യകരമായ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ അനുവദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത് എന്നാണ് നമുക്ക് പറയാനുള്ളത്. ഇതിന്റെ ആദ്യപടിയായി, ഇത്തരം ആഗോള മീഡിയ കമ്പനികള്‍ സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്നും മോചിതരാകണമെന്നും ഇത്തരം അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന രാജ്യങ്ങളില്‍ നിന്നും അവരുടെ ഓഫിസുകള്‍ മാറ്റിസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്.

വിവ: പി.കെ സഹീര്‍ അഹ്മദ്
അവലംബം: middleeasteye.net

Facebook Comments
Related Articles
Show More
Close
Close