Current Date

Search
Close this search box.
Search
Close this search box.

ഭയപ്പെടുത്തി ഭരിക്കുന്ന സീസി ഭരണകൂടം

ഈജിപ്ഷ്യൻ ചാനലുകളിൽ റമദാൻ മാസത്തിന്റെ ഭാഗമായി ‘ദി ചോയിസ്’ എന്ന പേരിലുള്ള ഒരു ടി.വി സീരിസ് ഇപ്പോൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. അതിന്റെ രണ്ടാം ഭാഗത്തിലെ അഞ്ചാം എപ്പിസോഡ്, 2013ൽ റാബിഅ അദവിയ്യ ചത്വരത്തിൽ സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തിയ മുബാറക്ക് വിരുദ്ധ പ്രക്ഷോഭകരെ കുറിച്ചുള്ളതായിരുന്നു. 817 പ്രക്ഷോഭകരെയാണ് അന്ന് ഈജിപ്ഷ്യൻ സൈന്യം നിഷ്കരുണം വെടിവെച്ചു കൊലപ്പെടുത്തിയത്.

ഈജിപ്ഷ്യൻ ഇന്റലിജൻസ് സർവീസസ് പരോക്ഷമായി നിയന്ത്രിക്കുന്ന ‘സിനർജി’ എന്ന കമ്പനിയാണ് പ്രസ്തുത ടി.വി പരമ്പരയുടെ നിർമാതാക്കൾ. അതുകൊണ്ടു തന്നെ, റാബിഅ അദവിയ്യ പ്രക്ഷോഭകരെ ആയുധധാരികളും മതഭ്രാന്തൻമാരായും ചിത്രീകരിക്കുന്ന പരമ്പര, പട്ടാള ഭരണകൂടത്തിന്റെ അർധ-ഔദ്യോഗിക നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്.

ആധുനിക ഈജിപ്ഷ്യൻ ചരിത്രത്തിലെ മനുഷ്യത്വരഹിതമായ കൂട്ടക്കൊലയെ അങ്ങേയറ്റം നാടകവത്കരിക്കുന്ന ഒന്നാണ് ‘ദി ചോയിസ്’. ഈജിപ്ഷ്യൻ ജനതയെ ആഴത്തിൽ ധ്രുവീകരിക്കുന്നതിലേക്ക് നയിച്ച റാബിഅ അദവിയ്യ കൂട്ടക്കൊല, പട്ടാള ഭരണകൂടത്തിന്റെ ശിലാസ്ഥാപനത്തിലേക്ക് നയിച്ച ഒരു സംഭവമാണ്, കൂടാതെ അതിനുചുറ്റും നിർമിച്ച കെട്ടുക്കഥകൾ ഭരണകൂടത്തെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ടതുമാണ്.

2013 ആഗസ്റ്റിൽ ഈജിപ്ഷ്യൻ സുരക്ഷാ സൈന്യം റാബിഅ കൂട്ടക്കൊല നടത്തുന്നതിന് മുമ്പ്, അന്നത്തെ പ്രതിരോധമന്ത്രി അബ്ദുൽ ഫത്താഹ് സീസി, “ഭീകരതക്കെതിരെ പോരാടുന്നതിന്” തന്നെ അധികാരപ്പെടുത്തുന്നാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു- മുസ്ലിം ബ്രദുർഹുഡിന്റെ കുത്തിയിരിപ്പ് സമരത്തെ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുന്നതിനെ കുറിച്ചുള്ള വ്യക്തമായ സൂചനയായിരുന്നു അത്. കുത്തിയിരിപ്പ് സമരക്കാർ ആയുധധാരികളാണെന്നും, പ്രക്ഷോഭകർ പൗരൻമാരെ തട്ടിക്കൊണ്ടുപോവുകയും പീഢിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന വ്യാപകമായ പ്രോപഗണ്ട കാമ്പയിന്റെ കൂടെയായിരുന്നു സീസിയുടെ ആഹ്വാനവും ഉണ്ടായത്.

ഭരണകൂട അടിച്ചമർത്തൽ നടപടിക്ക് ജനകീയ പിന്തുണ ഉണ്ടാക്കാൻ വേണ്ടി മാത്രമായിരുന്നില്ല ഈ തന്ത്രം സീസി പ്രയോഗിച്ചത്, മറിച്ച് ഒരു വിഭാഗീയ ഉന്മൂലനം നടപ്പിൽ വരുത്താൻ കൂടിയായിരുന്നു അത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രാഷ്ട്രീയ എതിരാളികളെ കൂട്ടക്കൊല ചെയ്യുന്നതിൽ വലിയൊരു വിഭാഗം ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു പ്രസ്തുത പ്രോപഗണ്ടയുടെ ലക്ഷ്യം. കൂട്ടക്കൊല അരങ്ങേറിയ ദിവസം പട്ടാളത്തിന്റെ അക്രമത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിഷേധക്കാരെ പ്രദേശവാസികൾ അടങ്ങിയ ജാഗ്രതാഗ്രൂപ്പുകൾ വളഞ്ഞിട്ട് പിടിച്ച് സൈന്യത്തിന് കൈമാറിയപ്പോഴാണ് പ്രസ്തുത തന്ത്രത്തിന്റെ പ്രയോഗവത്കരണം പ്രകടമായത്.

കൂട്ടക്കൊലയെ അംഗീകരിക്കുകയും അതിനെ സജീവമായി പിന്തുണക്കുകയും ചെയ്യുന്ന ജനങ്ങളിൽ വലിയൊരു വിഭാഗവും ഭരണകൂടവും തമ്മിൽ ഒരു ജൈവിക ബന്ധം സൃഷ്ടിക്കാൻ കൂട്ടക്കൊലയുടെ പ്രാരംഭഘട്ടം കാരണമായിവർത്തിച്ചു. മുസ്ലിം ബ്രദർഹുഡിനെ അടിച്ചമർത്താൻ ഉപയോഗിച്ച അതേ ന്യായീകരണം മതേതര പ്രതിപക്ഷത്തിനും ആക്റ്റിവിസ്റ്റുകൾക്കും എതിരെ ഉപയോഗിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
റാബിഅ അദവിയ്യ കൂട്ടക്കൊലക്ക് നാസറിസത്തിലും അത് ഉയർത്തിപിടിച്ച അറബ് ദേശീയതയിലും പ്രത്യയശാസ്ത്രപരമായ അടിത്തറയുണ്ടായിരുന്നു. ഇല്ലാതാക്കപ്പെടേണ്ട പരസ്പര വിരുദ്ധമായ താൽപ്പര്യങ്ങളുള്ള അനേകം സാമൂഹിക ഗ്രൂപ്പുകളേക്കാൾ, ജൈവികമായ, സ്വർച്ചേർച്ചയുള്ള ജനകീയ താൽപര്യങ്ങളുള്ള ഏകകമായാണ് നാസറിസം രാഷ്ട്രത്തെ വിഭാവന ചെയ്യുന്നത്.

രാഷ്ട്രം അതിന്റെ ജനകീയ താൽപര്യം സൈന്യത്തിലൂടെ പ്രകടിപ്പിക്കുമ്പോൾ അത് ദേശീയവികാരത്തിന്റെ മൂർത്തരൂപമായി മാറുന്നു. ഇത് മേൽക്കോയ്മാ ദേശീയതയുടെ തീവ്രരൂപത്തിന് അടിത്തറപാകുക മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെയും ന്യൂനപക്ഷങ്ങളുടെയും ആൾക്കൂട്ട അടിച്ചമർത്തലിനെ ന്യായീകരിക്കുകയും ചെയ്യും.

കൂട്ടക്കൊലയുടെ സമയത്ത്, മുസ്ലിം ബ്രദർഹുഡ് രാഷ്ട്രത്തിന് “പുറത്തുള്ളവരെന്ന്” മുദ്രകുത്തപ്പെട്ടിരുന്നു, അതിലൂടെ അവർക്കെതിരായ ആൾക്കൂട്ട അതിക്രമം ന്യായീകരിക്കപ്പെട്ടു. “ജനകീയ താൽപര്യ”ത്തിൽ നിന്നുള്ള വേറിട്ടുനിൽക്കൽ ദേശീയ സ്വത്വത്തെക്കുറിച്ചുള്ള പൊള്ളയും അബദ്ധജഡിലവുമായ ധാരണകളാൽ സംഘടിതമായ ഒരു ജൈവിക രാഷ്ട്രം എന്ന ആശയത്തിന് അസ്തിത്വപരമായ ഭീഷണിയായി കണക്കാക്കപ്പെട്ടു.

രാഷ്ട്രത്തിന്റെ “ജനകീയ താൽപര്യം” സാമൂഹികമായി യാഥാസ്ഥികവും പുരുഷാധിപത്യപരവുമാണെന്ന് ചിത്രീകരിച്ച്, മതേതര പ്രതിപക്ഷത്തെയും വളർന്നുവരുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനത്തെയും മറ്റുള്ളവരെയും അടിച്ചമർത്താൻ പ്രസ്തുത പ്രത്യയശാസ്ത്ര അടിത്തറ പിന്നീട് ഉപയോഗിക്കപ്പെട്ടു.

ദശാബ്ദങ്ങൾക്കു ശേഷം ആദ്യമായി പ്രതിഷേധക്കാർ ഹുസ്നി മുബാറക്കിന്റെ സുരക്ഷാസൈന്യത്തെ പരാജയപ്പെടുത്തുകയും പൊതുഇടം പരസ്യമായി പിടിച്ചെടുക്കുകയും ചെയ്ത 2011 ജനുവരി 28നോട് സമാനമായ പ്രതീകാത്മക മൂല്യം റാബിഅ അദവ്വിയ കൂട്ടക്കൊലയും ഉൾവഹിക്കുന്നുണ്ട്. എന്നാൽ കൂട്ടക്കൊല ജനുവരി 28ന് നേർവിപരീത ഫലമായിരുന്നു ഉണ്ടാക്കിയത് എന്ന് മാത്രം. മനുഷ്യത്വരഹിതവും പ്രതീകാത്മവുമായ ഹിംസയിലൂടെ സുരക്ഷാസൈന്യം പൊതുഇടം തിരിച്ചുപിടിച്ചു, കഴിയുന്നത്ര ആളപായം വരുത്തുക എന്ന നയം ആസൂത്രിതമായി നടപ്പാക്കപ്പെട്ടു.

സൈനിക അതിക്രമം വ്യക്തമായ ഒരു സന്ദേശം ജനങ്ങൾക്ക് നൽകി: ശക്തമായ അടിച്ചമർത്തൽ ഉണ്ടാകും. ജനുവരി 28 പോലെയുള്ള സംഭവങ്ങൾ ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കുകയില്ല, മരണസംഖ്യ എത്രതന്നെ ഉയർന്നാലും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ നിഷ്ഠൂരമായി അടിച്ചമർത്തും.

ആ നിമിഷം മുതൽക്ക്, പൊതുഇടം ഭരണകൂടം തിരിച്ചുപിടിച്ചു- 2013ലെ പ്രതിഷേധ വിരുദ്ധ നിയമം അംഗീകരിച്ചതോടെ ഭരണകൂടം നിയന്ത്രണം നിയമമാക്കപ്പെടുകയും ചെയ്തു. 2019 സെപ്റ്റംബറിൽ പട്ടാള ഭരണകൂടത്തിനെതിരെ വീണ്ടും ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരാൻ തുടങ്ങിയപ്പോൾ, 2013ൽ തന്റെ എതിരാളികളെ കൂട്ടക്കൊല ചെയ്ത അതേസ്ഥലത്താണ് സീസി തന്റെ അനുയായികളെ കാണാൻ എത്തിയത്; റാബിഅ അദവിയ്യ ചത്വരത്തിൽ.

കൂട്ടക്കൊലയുടെ അനന്തരഫലങ്ങൾ വ്യാപകവും വളരെകാലം നിലനിൽക്കുന്നതും, ആഴത്തിൽ ധ്രുവീകരിക്കപ്പെട്ട ഒരു രാഷ്ട്രീയ വ്യവസ്ഥിതിക്ക് അത് അടിത്തറപാകുന്നതുമാണ്. കൂട്ടക്കൊല മുസ്ലിം ബ്രദർഹുഡിനെ സംബന്ധിച്ചിടത്തോളം എല്ലാവിധ രാഷ്ട്രീയ ഇടപെടലുകളും അസാധ്യമാക്കിത്തീർത്തു.

കൂട്ടക്കൊലക്കു ശേഷം, രാഷ്ട്രീയ പ്രക്രിയയിൽ നിന്ന് ബ്രദർഹുഡ് ഒഴിവാക്കപ്പെടുകയും, പിന്നീട് ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഈ ധ്രുവീകരണം പട്ടാള ഭരണകൂടത്തെ സംബന്ധിച്ച് രാഷ്ട്രീയത്തെ അരാഷ്ട്രീയവത്കരിക്കാനും, രാഷ്ട്രീയ അഭിപ്രായ ഭിന്നതകളെ രാജ്യസുരക്ഷാഭീഷണികളായി ചിത്രീകരിക്കാനും സഹായിച്ചു. “തിന്മയുടെ ആളുകൾ” എന്നാണ് സീസി തന്റെ എതിരാളികളെ വിശേഷിപ്പിച്ചത്. ഇത് വലിയ ജനപിന്തുണയോടെ തന്നെ, എല്ലാ പ്രതിപക്ഷ ശബ്ദങ്ങളെയും വ്യാപകമായി അടിച്ചമർത്താൻ പട്ടാള ഭരണകൂടത്തിന് സഹായകരമായി വർത്തിച്ചു.

ഇതിലൂടെ സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ ഭരണകൂട പരാജയങ്ങളെ മറച്ചുവെക്കാൻ പട്ടാള ഭരണകൂടത്തിന് കഴിഞ്ഞു. ഭരണകൂടത്തിന്റെ ഏതെങ്കിലും നയത്തിനെതിരായ വിമർശനങ്ങളെ ബ്രദർഹുഡുമായി ചേർന്ന് ദുഷ്ടശക്തികൾ നടത്തുന്ന ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടു. ഈ യുക്തി നിരന്തരമായ അടിയന്തരാവസ്ഥ സൃഷ്ടിച്ചു, ഭരണകൂടത്തെ അതിന്റെ അടിച്ചമർത്തൽ കൂടുതൽ വ്യാപിപ്പിക്കാൻ അനുവദിക്കുകയും ചെയ്തു. ഭരണം നിലനിർത്താനുള്ള ഉപാധിയായി ഭരണകൂടത്തിന് ശത്രുക്കളെ എപ്പോഴും ആവശ്യമാണ്.

ഇത് സൃഷ്ടിക്കുന്ന സാമൂഹികാഘാതങ്ങളും കൂട്ടക്കൊലയുടെ ഇരകളെ വേട്ടയാടുന്ന കനത്ത വ്യക്തിഗത ആഘാതങ്ങളും മനസ്സിലാക്കാൻ പ്രയാസമാണ്. അതിൽ നിന്ന് മുക്തമാവുക എന്നത് വളരെയേറെ സമയവും സമാധാനവും ആവശ്യമുള്ള പ്രക്രിയകളിലൂടെ മാത്രമേ സാധിക്കൂ, അത് നിലവിലെ സാഹചര്യത്തിൽ സാധ്യവുമല്ല എന്നത് അങ്ങേയറ്റം വേദനാജനകമാണ്. അത്തരമൊരു അവസ്ഥ സംജാതമാകുന്നതു വരേക്കും, റാബിഅ അദവിയ്യ കൂട്ടക്കൊല ഈജിപ്ഷ്യൻ സമൂഹത്തിനും രാഷ്ട്രീയത്തിനും മേൽ ഭീതിതമായ നിഴൽവിരിച്ച് നിലനിൽക്കുന്നത് തുടരും.

മൊഴിമാറ്റം: അബൂ ഈസ

Related Articles