Human Rights

ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍

രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സര്‍വകലാശാലകളില്‍ ഒന്നായ ഡല്‍ഹി യൂനിവേഴ്്‌സിറ്റി അനൗദ്യോഗിക അധ്യാപകരുടെ എണ്ണത്തില്‍ റെക്കോര്‍ഡുണ്ട്. നിലവില്‍ ഇത്തരത്തില്‍ താല്‍ക്കാലിക ജീവനക്കാരായ അയ്യായിരത്തോളം ഡല്‍ഹി സര്‍വകാലാശാലക്കു കീഴില്‍ ജോലി ചെയ്യുന്നുണ്ട്. വര്‍ഷാവര്‍ഷം ഇത്തരം ജീവനക്കാരുടെ കാര്യത്തില്‍ കോളജ് അധികൃതര്‍ കരാര്‍ പുതുക്കികൊണ്ടുപോകുന്ന നയമാണ് കൈകൊള്ളുന്നത്. അതിനാല്‍ തന്നെ ഇത്തരം അധ്യാപകരെ ഗസ്റ്റ് ഫാക്കല്‍റ്റി ഗണത്തിലാണ് ഉള്‍പ്പെടുത്തുക. ഇവര്‍ക്ക് ജോലിസ്ഥിരത ലഭിക്കുകയോ ജോലി സുരക്ഷ ഉറപ്പുലഭിക്കുകയോ ചെയ്യുന്നില്ല. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി സര്‍വകലാശാല ഇതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതിനിടെ അപൂര്‍വമായി ചില അഡ്‌ഹോക് അധ്യാപകരെ സ്ഥിരമാക്കി നിയമിക്കുകയും ചെയ്തു.

ഇത്തരത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നും ജോലി ചെയ്യുന്ന ധാരാളം അധ്യാപകര്‍ ഇപ്പോഴും ഇവിടെ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നിരവധി ജോലിഭാരം ഉള്ളതുകൊണ്ടാണ് സര്‍വകലാശാല നിരന്തരം അഡ്‌ഹോക് അധ്യാപക നിയമനം നടത്തുന്നതും.

90 കോളജുകളാണ് ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ളത്. ഈ കോളജുകളിലെല്ലാം അധ്യാപക ഒഴിവുണ്ടെന്ന് പറഞ്ഞ് എല്ലാ വര്‍ഷവും പത്രത്തില്‍ പരസ്യം നല്‍കാറുണ്ട്. 500 രൂപ ഫീസ് അപേക്ഷകരില്‍ നിന്നും കോളജുകള്‍ വാങ്ങുന്നു. നിരവധി അപേക്ഷകളാണ് സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ലഭിക്കാറുള്ളത്. എന്നാല്‍ ഇന്റര്‍വ്യൂ നടത്താറില്ല. അപേക്ഷ ഫീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചു കിട്ടുകയുമില്ല. അടുത്ത വര്‍ഷം വീണ്ടും സര്‍വകലാശാല അധ്യാപക ഒഴിവുണ്ടെന്ന് പറഞ്ഞ് അപേക്ഷ ക്ഷണിക്കുകയും 500 രൂപ ഫീസ് വാങ്ങുകയും അഭിമുഖം നടത്താത്തിരിക്കുകയും ചെയ്യുന്നു. ഇതാണ് ചാക്രികമായി വര്‍ഷങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മറ്റു സര്‍വകലാശാലകളില്‍ നിന്നും വ്യത്യസ്തമായി ഡല്‍ഹി സര്‍വകലാശാലക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളുമുണ്ട്. പ്രത്യേകിച്ചും പരീക്ഷ നടത്താനും ഫലം പ്രഖ്യാപിക്കുന്നതിലും ചോദ്യപേപ്പര്‍ തയാറാക്കുന്നതിലുമെല്ലാം. ഇവിടുത്തെ ഡിഗ്രി,ഗവേഷണ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകര്‍ക്ക് നിശ്ചിത യോഗ്യതയും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനാല്‍ തന്നെ ഇവിടെ സ്ഥിരം അധ്യാപകരുടെ എണ്ണം കുറവായതിനാല്‍ ഇത്തരം പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താന്‍ അഡ്‌ഹോക് ടീച്ചര്‍മാരെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്ന അധ്യാപകര്‍ ഉത്തരപേപ്പറുകളും മൂല്യനിര്‍ണയം നടത്തേണ്ടി വരും. ഇത്തരം നിയമങ്ങളില്‍ സര്‍വകലാശാല അധികൃതര്‍ ഇതുവരെ ഭേദഗതികള്‍ വരുത്തിയിട്ടില്ല.

ഈ വിഷയം സര്‍വകലാശാലയിലെ അധ്യാപക രാഷ്ട്രീയത്തിലെ മറ്റൊരു പ്രശ്‌നമായി തീരുകയും ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളുമായി സഹകരിച്ചു മറ്റും താല്‍ക്കാലിക അധ്യാപകര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് യാതൊരു പരിഹാരവും ഇതുവരെ ആയിട്ടില്ല.

എങ്കിലും ഒരുനാള്‍ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണവര്‍. എന്നാല്‍ ഇവരുടെ പ്രതീക്ഷകള്‍ തീര്‍ത്തും നിഷ്ഫലമാക്കുന്നതാണ് കഴിഞ്ഞ ജനുവരി 16ന് ഡല്‍ഹി സര്‍വകലാശാല അക്കാദമിക കൗണ്‍സില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ്. താല്‍ക്കാലിക നിയമനങ്ങളും സ്ഥിരനിയമനങ്ങളും രണ്ടാണെന്ന തരത്തിലാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ഇതിനെതിരെ ആയിരക്കണക്കിന് അധ്യാപകര്‍ രാംലീല മൈതാനിയില്‍ നിന്നും പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിന്നീട് ഡല്‍ഹി സര്‍വകലാശാല കവാടത്തിന് മുന്നില്‍ ധര്‍ണയും ആരംഭിച്ചു. പൊലിസ് സമരക്കാരെ നിഷ്‌കരുണം ലാത്തിവീശി അടിച്ചോടിക്കുകയാണുണ്ടായത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ പോകുന്നില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

വൈസ് ചാന്‍സിലറും പ്രിന്‍സിപ്പല്‍മാരും പ്രൊഫസര്‍മാരും ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുക്കുകയും ചെയ്യുന്നില്ല. അവരെല്ലാം താല്‍ക്കാലിക നിയമനം തുടരാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ ഭാവി ജീവിതത്തില്‍ വലിയ ആശങ്കയിലാണവര്‍. തങ്ങള്‍ക്ക് പി.എഫ്,പെന്‍ഷന്‍,മെഡിക്കല്‍ സൗകര്യം,ഇന്‍ഷൂറന്‍സ് എന്നിവയൊന്നും വിരമിക്കലിനു ശേഷം ലഭിക്കില്ലെന്നും കുട്ടികളുടെയും കുടുംബത്തിന്റെയും ഭാവിയില്‍ ആശങ്കയിലും കഴിയുകയാണ് ഈ അധ്യാപക സമൂഹം. നമ്മുടെ സര്‍വകലാശാലകളിലും ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെയും സ്വകാര്യവത്കരണത്തിന്റെ കടന്നാക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇന്നും കാണുന്നത്. 1991ല്‍ നടപ്പിലാക്കിയ ഉദാരവത്കരണ നയത്തിന്റെ ഭാഗമാണിതെല്ലാം. സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ വിദ്യാഭ്യാസ രംഗത്തുള്ളവരെല്ലാം ഒരുമിച്ച് നിന്ന് പോരാടേണ്ടതുണ്ട്. ഇതിന് പരിഹാരം കണ്ടേ മതിയാകൂ. ഇല്ലെങ്കില്‍ ഇത്തരം പ്രവണതകള്‍ രാജ്യത്ത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

Facebook Comments
Show More

Related Articles

Close
Close