Current Date

Search
Close this search box.
Search
Close this search box.

കൊറോണ: ലോകം ഇന്ത്യയുടെ കാര്യത്തിൽ ആശങ്കയിലാണ്

ലോക മാധ്യമങ്ങൾ ഈ ആഴ്ച പ്രധാന വാർത്തയായി നൽകുന്നത് ഇന്ത്യയിലെ കൊറോണ രോഗ അവസ്ഥയെ കുറിച്ചാണ്. “ എന്ത് കൊണ്ട് കൊറോണയുടെ രണ്ടാം വരവിനെ തടയുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു” എന്ന ചോദ്യമാണ് ബി ബി സി ഉന്നയിക്കുന്നത്. കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റി അയച്ചിരുന്നു. കൊറോണയുടെ ഒന്നാം വരവിൽ ഇന്ത്യയിൽ പ്രതിദിന രോഗ വ്യാപനം ഒരു ലക്ഷത്തിൽ താഴെയായിരുന്നു. “ മോഡി ലോകത്തിനു മാതൃക” എന്ന നിലയിലായിരുന്നു അന്ന് കാര്യങ്ങൾ വിശദീകരിക്കപ്പെട്ടത്‌. ഒരിക്കൽ ഇന്ത്യയുടെ പ്രതിദിന രോഗ വ്യാപനം പതിനായിരത്തിനു അടുത്തെത്തിയിരുന്നു.

കൊറോണയുടെ ആദ്യ വരവിനെ പിടിച്ചു കെട്ടി എന്ന് ലോകത്തിന് മുമ്പിൽ ഇന്ത്യ വീരവാദം ഉന്നയിച്ചു കൊണ്ടിരുന്നു. കൊറോണയുടെ കാർ മേഘങ്ങൾ മാറ്റി ഇന്ത്യൻ സമ്പത്ത് രംഗം പുതിയ വെളിച്ചത്തിലേക്ക് നീങ്ങുന്നു എന്നാണു റിസർവ് ബാങ്ക് നൽകിയ വിശദീകരണം. അങ്ങിനെ മോഡിയെ അദ്ദേഹത്തിന്റെ ആളുകൾ “ കോവിഡ് ഗുരു” എന്ന് വിളിച്ചു പോന്നു.

അങ്ങിനെ കാര്യങ്ങൾ മുന്നോട്ടു പോകുമ്പോഴാണ് ഇലക്ഷൻ കമ്മീഷൻ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏകദേശം പത്തൊമ്പത് കോടി ആളുകൾ വോട്ടു ചെയ്യണമായിരുന്നു. യാതൊരു സുരക്ഷ മാനദണ്ഡങ്ങളില്ലാതെയാണു തിരഞ്ഞെടുപ്പ് നടന്നത്. ആളുകൾ കൂട്ടം കൂടുന്നതിൽ ഒരു നിയന്ത്രണവും പാലിച്ചില്ല. അത് കൂടാതെ ആളുകൾ ക്രിക്കറ്റ് മത്സരം കാണാനും ഒരുമിച്ചു കൂടി. അതും ഒരു സുരക്ഷയും പാലിക്കാതെ,. കാര്യങ്ങൾ തല കീഴായി മറിഞ്ഞു. രോഗത്തിന്റെ രണ്ടാം വരവിനു പലതും കാരണമായി. രണ്ടു ലക്ഷത്തിൽ മേലെയായി ദിനം പ്രതി രോഗം പിടിപെട്ടവരുടെ കണക്ക്. 270,000 എന്ന റെക്കോർഡ് കേസുകൾ ഒറ്റ ദിവസം തന്നെ രാജ്യത്തിന് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ടായിരത്തിനു അടുത്ത് ദിനം പ്രതി മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ നില തുടർന്നാൽ ജൂൺ മാസത്തോടെ ദിനം പ്രതി മരണം മുവ്വായിരം കടക്കും എന്നാണ് പഠനം പറയുന്നത്.

ഇന്ന് രാജ്യത്തിന്റെ ചിത്രം മറ്റൊന്നാണ്. മരുന്നിനും കിടക്കക്കും ഓക്സിജൻ സിലിണ്ടറിനും വേണ്ടി വരി നിൽക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഒരു കിടക്കയിൽ തന്നെ ഒന്നിൽ കൂടുതൽ രോഗികളെ കിടത്തുന്ന അവസ്ഥ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. വാക്സിൻ കയറ്റുമതി നിർത്തലാക്കി ഓക്സിജൻ അടക്കം ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നു. രാജ്യത്ത് ആവശ്യത്തിനുള്ള വാക്സിനുകൾ ലഭ്യമല്ല എന്നതാണ് പുതിയ വിവരം. അടുത്ത ജൂൺ മാസത്തോടെ മാത്രമേ ആവശ്യമായ വാക്സിനുകൾ നൽകാൻ കഴിയൂ.

രാജ്യത്ത് IPL ക്രിക്കറ്റ് ആരംഭിച്ചിരിക്കുന്നു. കളി കാണാൻ ആളുകൾ നേരിട്ടു വരുന്നില്ലെങ്കിലും റോഡ്‌ അരികിൽ കളി കാണാൻ തിങ്ങി നിൽക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. അതിനിടയിൽ എല്ലാ നിയമത്തെയും വെല്ലുവിളിച്ചു നടത്തിയ കുംഭമേള രോഗം പടരാൻ വലിയ കാരണമായി. രണ്ടാം വരവിനെ കുറിച്ച് കാര്യമായ മുൻ കരുതൽ ഇന്ത്യ എടുത്തില്ല എന്നാണു പൊതു വിലയിരുത്തൽ. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മതപരമായ ഒത്തു കൂടലുകളും രാഷ്ടീയ കൂടിചെരലുകളും നടന്നു. നടപടി സ്വീകരിക്കേണ്ട സർക്കാരുകൾ തന്നെ അതിനു വഴി ഒരുക്കി ക്കൊടുത്തു.

രാജ്യത്തെ പലയിടത്തും “ mass funeral” നടന്നു കൊണ്ടിരിക്കുന്നു. ദിവസം മുഴുവൻ ഒരേ പോലെ പ്രവർത്തിച്ചിട്ടും ശവങ്ങൾ അടക്കി കഴിയുന്നില്ല എന്നാണ് ജീവനക്കാർ പറയുന്നത്. ഗുജറാത്തിലെ സൂറത്ത് അത്തരം ഒരു അവസ്ഥ നേരിടുന്ന സ്ഥലമാണ്‌. ഇതുവരെയായി രണ്ടു ലക്ഷത്തോളം ആളുകൾ രോഗം കാരണം മരിച്ചിട്ടുണ്ട് . അതിൽ ഈ ആഴ്ച മാത്രം പതിനയ്യായിരം മരണം കടന്നു എന്നാണ് ഔദ്യോഗിക കണക്ക്.

എന്തായാലും കൊറോണയുടെ രണ്ടാം വരവിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുന്നു. മോഡി രാജി വെക്കണം എന്ന “ hashtag” നാട്ടിൽ വ്യാപകമായിരിക്കുന്നു. ഒന്നാം വരവിൽ കാണിച്ച ജാഗ്രത രണ്ടാം വരവിന്റെ തുടക്കത്തിൽ കാണിച്ചില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായി പറയപ്പെടുന്നത്‌. ഒന്നാം കൊറോണയുടെ ആദ്യ വരവിൽ ഇന്ത്യയിൽ രോഗം എങ്ങിനെ പ്രതിഫലിക്കുമെന്ന് ലോകം ചർച്ച ചെയ്തിരുന്നു. ഇന്ത്യയിൽ അത് വലിയ ആഘാതം സൃഷ്ടിക്കും എന്ന രീതിയിൽ അന്ന് ചർച്ച വന്നെങ്കിലും നാം അതിനെ അതിജീവിച്ചു.

പല സംസ്ഥാനങ്ങളിലും അന്ന് കൊറോണ കൂടുതൽ കുഴപ്പം സൃഷ്ടിച്ചു . പിന്നീട് നാം കൈ കൊണ്ട ജാഗ്രത കാരണം രോഗം പതുക്കെ പടിയിറങ്ങി. ജനിതക മാറ്റം സംഭവിച്ച രോഗാണു ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും ഈ കൊല്ലത്തിന്റെ ആരംഭത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിനു ശേഷമാണു നാം തിരഞ്ഞെടുപ്പ് ലോകത്തേക്ക് കടന്നത്‌. നാം തുടർന്ൻ വന്ന എല്ലാ നിബന്ധനകളും നാം തന്നെ സ്വയം പൊളിച്ചു കളഞ്ഞു. അതിന്റെ ഫലമായി ഇന്ത്യയുടെ ചിത്രം ഇന്ന് കത്തിത്തീരാത്ത ശവങ്ങളുടെതാണ് എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക കഴിഞ്ഞാൽ അടുത്ത സ്ഥാനത്ത് ഇന്ത്യ എത്തി നില്ക്കുന്നു.

രോഗത്തെ പ്രതിരോധിക്കുന്നതിൽ ഭരണാധികാരികൾക്ക് വന്ന പിഴവാണ് അമേരിക്ക അനുഭവിക്കുന്നത്. അത് തന്നെയാണ് ഇപ്പോൾ ഇന്ത്യയും അനുഭവിക്കുന്നത്. ഒന്നാം കൊറോണ കാലത്ത് നമ്മുടെ ചെവിയിൽ മുഴങ്ങിക്കേട്ട ശബ്ദമാണ് “ തബ് ലീഗ് കൊറോണ”. പക്ഷെ കുംഭ മേള കൊറോണ എന്ന് വിളിക്കാൻ നമ്മുടെ മാധ്യമങ്ങൾക്ക് നാവില്ല എന്നതാണ് ഇതിലെ വലിയ ദുരന്തം,. അമിത് ഷായെ പോലുള്ള മന്ത്രിമാർ തന്നെ തിരഞ്ഞെടുപ്പ് എന്ന പേരിൽ ആളെ കൂട്ടുന തിരക്കിലാണ്.

Related Articles