Current Date

Search
Close this search box.
Search
Close this search box.

മ്യാൻമർ; മുസ്ലിം വംശഹത്യയെ കുറിച്ച് നിശബ്ദരാണ്

മ്യാൻമറിലെ പട്ടാള അട്ടിമറി വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അപലപന ശബ്ദങ്ങളുടെ ഘോഷയാത്രയാണ് കാണാൻ കഴിഞ്ഞത്. ബ്രിട്ടൻ മ്യാൻമറിനെതിരെ പുതിയ ഉപരോധനടപടികളെ കുറിച്ച് ആലോചിച്ച് തുടങ്ങി. സമാധാന നൊബേൽ ജേതാവ് ഓങ് സാൻ സൂകിയെ പുറത്താക്കി അട്ടിമറിക്ക് നേതൃത്വം നൽകിയ സൈനിക നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബിഡൻ പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഓങ് സാൻ സൂകിയുടെ “നിയമവിരുദ്ധ തടങ്കലിനെ” വിമർശിച്ചു കൊണ്ട് രംഗത്തുവരികയും ചെയ്തു.

മ്യാൻമറിലെ സൈനിക ഏകാധിപത്യത്തിന്റെ തിരിച്ചുവരവിനെതിരെ പ്രതിഷേധിക്കുക എന്നത് തികച്ചും ശരിയായ കാര്യം തന്നെയാണ്. ഈ സൈനിക അട്ടിമറി അപലപിക്കപ്പെടേണ്ടതാണെന്ന് സമ്മതിക്കുമ്പോഴും ഇവിടെ ഒരു ഇരട്ടത്താപ്പ് സംഭവിക്കുന്നുണ്ട്; ബ്രിട്ടനിൽ നിന്നും പാശ്ചാത്യലോകത്തുനിന്നും വന്നുകൊണ്ടിരിക്കുന്ന ഈ സദ്ഗുണഭാഷണങ്ങൾക്ക് യാതൊരുവിധ ആത്മാർഥതയോ വിശ്വാസ്യതയോ ഇല്ലായെന്ന് പറയാതിരിക്കാൻ നിർവാഹമില്ല.

2016 ജൂലൈയിൽ തുർക്കിയിൽ പ്രസിഡന്റ് റെജബ് ത്വയ്യിബ് എർദോഗാനെതിരെ അരങ്ങേറിയ അട്ടിമറി ശ്രമത്തിനെതിരെയുള്ള പാശ്ചാത്യ പ്രതികരണം ഈ അവസരത്തിൽ ഓർക്കുക. തുർക്കിഷ് സൈനിക ഓഫീസർമാർ എയർപോർട്ടുകൾ കൈയ്യടക്കുകയും പാർലമെന്റിന് നേരെ ബോംബാക്രമണം നടത്തുകയും ചെയ്ത അവസരത്തിൽ, ഈ സൈനിക അട്ടിമറി ശ്രമത്തെ “ വിപ്ലവം” എന്നാണ് അങ്കാറയിലെ യു.എസ് എംബസി തുർക്കിയിലെ യു.എസ് പൗരൻമാർക്കുള്ള അടിയന്തിര സന്ദേശത്തിൽ വിശേഷിപ്പിച്ചത്.

എർദോഗാൻ യുഗം അവസാനിച്ചു എന്ന കണക്കെ ബി.ബി.സി അറബിക്, സ്കൈ ന്യൂസ് അറബിക്, അൽഅറബിയ്യ, ഐ.ടി.എൻ, യു.എസ് വാർത്താമാധ്യമങ്ങൾ എന്നിവ വാർത്തകൾ നൽകി. സൈനിക അട്ടിമറി പരാജയപ്പെടുകയാണെന്ന് ഏതാണ്ട് ഉറപ്പായതോടെ മാത്രമാണ് അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും എർദോഗാനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കിയത്. അട്ടിമറി ഗൂഢാലോചനക്കാരുടെ വക്താവാണെന്ന് തോന്നിപ്പോകും വിധമായിരുന്നു ബി.ബി.സിയുടെ സീനിയർ കറസ്പോണ്ടർമാരിൽ ഒരാൾ ചാനൽ പ്രേക്ഷകർക്കു മുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ചത്.

മൊറോക്കോ, ഖത്തർ, സുഡാൻ എന്നീ മൂന്ന് രാഷ്ട്രങ്ങൾ മാത്രമാണ് തുടക്കം മുതൽ എർദോഗാനെ വ്യക്തമായി പിന്തുണച്ചു കൊണ്ട് രംഗത്തുവന്നത്. അട്ടിമറി പരാജയപ്പെടുന്നത് വരെയും എർദോഗാനെതിരെ അട്ടിമറിയെ പിന്തുണച്ചു കൊണ്ടാണ് പാശ്ചാത്യ ശക്തികൾ നിലകൊണ്ടു.

ഈജിപ്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. 2013ൽ ഈജിപ്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വതന്ത്ര ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുർസിയെ സ്ഥാനഭ്രഷ്ടനാക്കിയ സൈനിക അട്ടിമറിയെ യു.എസ് പൂർണമായും പിന്തുണച്ചത് പരസ്യമായ ഒരു വസ്തുതയാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ, സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി സൈനിക ഇടപെടലിന് വ്യക്തമായ അംഗീകാരം നൽകി, ഈജിപ്ഷ്യൻ സൈന്യം “ജനാധിപത്യം പുനഃസ്ഥാപിക്കുകയാണ്” എന്ന വിചിത്ര വാദവും അദ്ദേഹം നടത്തി. സൈന്യത്തിന്റെ അധികാര കവർച്ചയെ “അട്ടിമറി” എന്ന് വിശേഷിപ്പിക്കാൻ വാഷിങ്ടൺ വിസമ്മതിച്ചു.

ബ്രിട്ടനും ഇതു തന്നെ പിന്തുടർന്നു. റാബിഅ ചത്വരത്തിൽ മണിക്കൂറുകൾക്കുള്ളിൽ 800ലധികം പ്രതിഷേധക്കാരെ ഈജിപ്ഷ്യൻ സൈന്യം കൊന്നുതള്ളിയ ദാരുണസംഭവത്തിന് ശേഷം പാശ്ചാത്യസമീപനത്തിൽ മാറ്റമുണ്ടായെങ്കിലും (ആഭ്യന്തര അടിച്ചമർത്തലിന് ഉപയോഗിക്കാവുന്ന ചരക്കുകളുടെ കയറ്റുമതി ലൈസൻസുകൾ റദ്ദുചെയ്തു) അത് ഏറെ കാലം നിലനിന്നില്ല എന്നതാണ് യാഥാർഥ്യം. ഈജിപ്ഷ്യൻ പൗരൻമാരുടെ കൂട്ടക്കൊല ചെയ്തതിനും, ഈജിപ്ഷ്യൻ ജയിലുകളിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ ബലാത്സംഗത്തിനും പീഢനത്തിനും ഇരയാക്കിയതിനും സീസിക്കെതിരെ യാതൊരു വിധ പരാതിയും പാശ്ചാത്യലോകത്തു നിന്നും ഉയർന്നുവന്നില്ല.

മറിച്ച്, “കൂടുതൽ സുസ്ഥിരവും ഐശ്വര്യദായകവും ജനാധിപത്യപരവുമായ ഒരു ഭാവിയുടെ നിർമാണ”ത്തിന്റെ പേരിൽ ഈജിപ്ഷ്യൻ പട്ടാള ഭരണകൂടത്തിന് മേൽ പ്രശംസാവാചകങ്ങൾ ചൊരിയുകയാണ് ഉണ്ടായത്. പുതിയ ആയുധ ഇടപാടുകൾ നടന്നു, സീസി ഡൗണിംഗ് സ്ട്രീറ്റ് സന്ദർശിക്കാൻ ബ്രിട്ടനിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെടുകയും ചെയ്തു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ലിസ്റ്റിൽ മുഹമ്മദ് മുർസിയുടെ പേർ ചേർക്കപ്പെട്ടതിനു പിന്നാലെയാണ് സീസി ബ്രിട്ടനിലേക്ക് ക്ഷണിക്കപ്പെട്ടത്.

1953ലെ ഇറാനിയൻ അട്ടിമറി തൊട്ട്, ബ്രിട്ടീഷ്, അമേരിക്കൻ വിദേശനയ പ്രസ്താവനങ്ങളുടെ ഒരു സ്ഥിരം പ്രത്യേകതയാണ് മനുഷ്യാവകാശ പ്രശ്നങ്ങളിലെ സെലക്ടീവ് രോഷപ്രകടനം. മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധിക്കുന്നവർ, അവിടുത്തെ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ അരങ്ങേറുന്ന വംശഹത്യയോട് സ്വീകരിക്കുന്ന നിശബ്ദത രോഷപ്രകടനങ്ങളുടെ കാപട്യത്തെ മറയില്ലാതെ വെളിവാക്കുന്നുണ്ട്.

വിദേശ മന്ത്രാലയം കഴിഞ്ഞാഴ്ച മ്യാൻമർ അംബാസഡറെ വിളിച്ചുവരുത്തിയപ്പോൾ, 2017 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ റാഖൈൻ പ്രവിശ്യയിൽ, പ്രാദേശിക ഗ്യാങുകളുടെ സഹായത്തോടെ മ്യാൻമർ സൈന്യം റോഹിങ്ക്യൻ മുസ്ലിം ഗ്രാമങ്ങളിൽ നടത്തിയ ബലാത്സംഗവും തീവെപ്പും കൂട്ടക്കൊലയുമാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. ഈ കൊലപാതകങ്ങൾ വളരെ ആസൂത്രിതമായിരുന്നു. ഐക്യരാഷ്ട്രസഭ നിയോഗിച്ച അന്വേഷണസംഘം ഇതിനെ വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്.

ബ്രിട്ടനിൽ, നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസണായിരുന്നു അന്നത്തെ വിദേശ സെക്രട്ടറി. അന്ന് മ്യാൻമർ സെക്രട്ടറിയെ വിളിച്ചുവരുത്തുന്നതിന് പകരം, റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ കൂട്ടക്കൊല അരങ്ങേറുമ്പോൾ ഓങ് സാൻ സൂകിയുടെ സർക്കാറിന് സംരക്ഷണ കവചം ഒരുക്കുകയാണ് ബോറിസ് ജോൺസൺ ചെയ്തത്. പ്രധാനമന്ത്രി എന്ന നിലയിലും റോഹിങ്ക്യൻ മുസ്ലിംകളുടെ ദുരിത പർവത്തിനു നേരെ നിസ്സംഗത തന്നെയാണ് ജോൺസൺ പുലർത്തുന്നത്. മ്യാൻമറിനെതിരെ ഗാമ്പിയ കൊടുത്ത കേസിൽ പങ്കുചേരാനും ബ്രിട്ടൻ വിസ്സമതിച്ചു.

നിലാരംബരായ മുസ്ലിംകൾ കൂട്ടക്കൊല ചെയ്യപ്പെടുന്നത് പാശ്ചാത്യലോകത്തെ നീതിപീഠങ്ങളെ സംബന്ധിച്ച് പരിഗണനീയ വിഷയമല്ലെന്നാണ് റോഹിങ്ക്യൻ മുസ്ലിംകളുടെ വംശഹത്യ തുറന്നുകാണിക്കുന്നത്.

മൊഴിമാറ്റം: അബൂ ഈസ
അവലംബം: middleeasteye

Related Articles