Current Date

Search
Close this search box.
Search
Close this search box.

സ്‌ഫോടനം: കള്ളക്കേസെന്ന് ഇപ്പോള്‍ പറയാനാവില്ല

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുണ്ടായിട്ടുള്ള ബോംബ്‌സ്‌ഫോടനക്കേസുകള്‍ പലതും ഇപ്പോള്‍ വിചാരണയുടെ ഘട്ടങ്ങളിലാണ്. നിരപരാധികളായ പല മുസ്‌ലിങ്ങളെയും കള്ളക്കേസുകളില്‍ കുടുക്കി പ്രതിയാക്കിയിട്ടുണ്ടെന്നാണ് ആരോപണം. സത്യം കണ്ടെത്താന്‍ ഈ കേസുകളിലെല്ലാം കൂടുതല്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതിയിലെ ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ കമ്മീഷനായി നിയോഗിക്കണമെന്നുള്ള പൊതുതാത്പര്യ ഹര്‍ജിയുമായിട്ടാണ് ഏതാനുംപേര്‍ ചേര്‍ന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കള്ളക്കേസ് ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, ബോംബ് സ്‌ഫോടനക്കേസുകളില്‍ പങ്കാളികളായ ആര്‍.എസ്.എസ്., വി.എച്ച്.പി. തുടങ്ങിയ വര്‍ഗീയസംഘടനകള്‍ക്കെതിരെ നടപടി എടുക്കുക. അന്വേഷണക്കമ്മീഷനായി പ്രവര്‍ത്തിക്കേണ്ട മുന്‍ സുപ്രീംകോടതി ജഡ്ജിയെ സഹായിക്കാന്‍ ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തുക, ലഫ്. കേണല്‍ പുരോഹിത്, മഹന്ത് ദയാനന്ദ് പാണ്ഡെ എന്നിവരില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിന്റെ ഉള്ളടക്കം വെളിപ്പെടുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. 2002-മുതല്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള ബോംബ് സ്‌ഫോടനങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പല കേസുകളും വിചാരണയിലാണ് മറ്റു ചിലവയാകട്ടെ അന്വേഷണം പൂര്‍ത്തിയായിവരുന്ന ഘട്ടത്തിലാണ്. നിരപരാധിയെ കള്ളക്കേസില്‍ കുടുക്കിയിട്ടുള്ളതാണെന്ന് ഇപ്പോള്‍ എങ്ങനെ പറയാന്‍ കഴിയുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. വിചാരണ കഴിയാതെ കേസുകളെക്കുറിച്ച് പറയുക അനവസരത്തിലുള്ള നടപടിയായിരിക്കുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.
പ്രതിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ നിയമവ്യവസ്ഥയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ആ സംവിധാനങ്ങള്‍ ഏതുപ്രതിക്കും ഉപയോഗിക്കാം. അല്ലാതെ സുപ്രീംകോടതിക്ക് ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.
ഹര്‍ജിക്കാര്‍ നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അവ അംഗീകരിച്ചാല്‍ നിലവിലുള്ള വിചാരണ നടപടികളുമായി ഇടപെടലായിരിക്കും സ്ഥിതിയെന്ന് സുപ്രീംകോടതി പറഞ്ഞു. പൂര്‍ത്തിയാകാത്ത അന്വേഷണ മുണ്ടെങ്കില്‍ അതിനെ തകിടം മറിക്കുകയും ചെയ്യും. കൂടുതല്‍ അന്വേഷണം ഏതെങ്കിലും പ്രതിക്ക് ആവശ്യമാണെന്ന് തോന്നുന്നുവെങ്കില്‍ അതിനും നിയമപ്രകാരം സംവിധാനമുണ്ട്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് നല്‍കിക്കഴിഞ്ഞാലും ക്രിമിനല്‍ നടപടി ക്രമത്തില്‍ വ്യവസ്ഥകള്‍ ഏതു പ്രതിക്കും ലഭ്യമാണെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു.
വിചാരണക്കോടതിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ പ്രതിക്ക് അത് ഉയര്‍ത്തി കോടതിയില്‍ ചോദ്യം ചെയ്യാം. സുപ്രീംകോടതിവരെ പ്രസ്തുത പ്രക്രിയ നീളും. ഇത്തരം സംവിധാനങ്ങള്‍ നിയമത്തില്‍ വ്യവസ്ഥയുള്ളപ്പോള്‍ കൂടുതല്‍ അന്വേഷണത്തിനുള്ള ആവശ്യം അനുവദിക്കുന്നത് നിയമവിരുദ്ധമായ നടപടിയായിരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. കേസിന്റെ വിചാരണകഴിയട്ടെ. അല്ലെങ്കില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത കേസുകളില്‍ അത് പൂര്‍ത്തിയായിക്കിട്ടാന്‍ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിക്കിട്ടുന്നതിനും കോടതിയെ സമീപിക്കാന്‍ വ്യവസ്ഥയുണ്ട്.
പ്രതിയായവര്‍ക്ക് നിയമാനുസൃതമായ പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ വ്യവസ്ഥകളുണ്ട്. അവര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റികളെയും സമീപിക്കാം. സൗജന്യ നിയമസഹായം അവര്‍ക്ക് ലഭിക്കുകയും ചെയ്യും. കേസ് വിചാരണ ചെയ്യുന്ന ജഡ്ജിയോടുതന്നെ ഇക്കാര്യങ്ങള്‍ പ്രതികള്‍ക്ക് ഉന്നയിക്കാവുന്നതാണ്. നിയമാനുസൃതമായ തെളിവുകള്‍ ഇല്ലാതെ ഒരു പ്രതിയെയും ശിക്ഷിക്കില്ലെന്ന് ഉറപ്പ് വരുത്തുകയാണ് ഫലപ്രദമായ സൗജന്യ നിയമസഹായ വ്യവസ്ഥയുടെ കാതല്‍.
ഈ സാഹചര്യത്തില്‍ റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി സമാന്തര അന്വേഷണം നടത്തുക വെറും പാഴ്‌വേലയാകുമെന്നും അത് അനുവദനീയമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
** **
ഗൂഢാര്‍ഥത്തോടെയല്ല ന്യായാധിപര്‍ വിധി എഴുതേണ്ടത്. കേസിലെ വസ്തുതകള്‍ പഠിച്ച് വിശകലനം ചെയ്ത് മനസ്സിരുത്തി സ്​പഷ്ടമായ രീതിയിലാണ് അതുചെയ്യേണ്ടതെന്ന് കീഴ്‌ക്കോടതി ന്യായാധിപന്മാരെ സുപ്രീംകോടതി ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. യു.പി.യി.ലെ ബലിയ ജില്ലാകളക്ടര്‍ പുറപ്പെടുവിച്ച ഒരു ഉത്തരവ് അലഹാബാദ് ഹൈക്കോടതി ശരിവെച്ചു. കളക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജി സ്​പഷ്ടമല്ലാത്ത ഉത്തരവിലൂടെയാണ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതി ഉത്തരവ് ഗൂഢാര്‍ഥത്തോടെയാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി പുതുതായി തീര്‍പ്പാക്കാന്‍ ഉത്തരവിടുകയും ചെയ്തു.
പലവസ്തുതകളും ശരിയായരീതിയില്‍ മനസ്സിലാക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.വിധി സംക്ഷിപ്തമായി എഴുതണം. നീട്ടിവലിച്ച് എഴുതിയാല്‍ അത് മഹത്തരമാകില്ല. ചെറുതായാല്‍ വിധി മോശമാകുകയുമില്ല. കോടതിയില്‍ എത്തുന്ന ഒരോ വിഷയവും ഗൗരവത്തോടെ കണക്കിലെടുത്ത് വിധി എഴുതേണ്ടതാണ്. അല്ലെങ്കില്‍ വിധിക്ക് നിലനില്‍പ്പില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

(കടപ്പാട് : മാതൃഭൂമി)

Related Articles