Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളും അവകാശങ്ങളിലെ തുല്ല്യതയും

ഇസ്‌ലാമിനെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചതില്‍ മാസ് മീഡിയക്ക് വലിയ പങ്കുണ്ട്. സെപ്തംബര്‍ 11 ന് ശേഷം ഇതിന് വലിയ പ്രചാരം വരികയുമുണ്ടായി. ഇസ്‌ലാം സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് പകരം സ്ത്രീകളോട് അനീതി കാണിക്കുന്നു വെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്.

മറ്റുസ്വതന്ത്ര ഭരണഘടനകളെ പോലെ ഇസ്‌ലാമിക നിയമങ്ങളും സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.  സ്ത്രീകള്‍ക്കെതിരെയുള്ള അവകാശ നിഷേധങ്ങളെ പ്രതിരോധിക്കുന്നതിന് നിയമങ്ങള്‍  മാത്രം പോരാ. മറിച്ച് നിയമങ്ങളെ ബഹുമാനിക്കാന്‍ ജനമനസുകളില്‍ അന്തര്‍ലീനമായി ചില പ്രേരണാ സ്രോതസുകള്‍ കൂടി ഉണ്ടാവേണ്ടതാണ്. ആ പ്രേരണസ്രോതസിനെ മത വിശ്വസികള്‍  തഖ്‌വ എന്നു പറയുന്നു. ദൈവസ്‌നേഹം കൊണ്ടും ദൈവ ഭയം കൊണ്ടുമാണ് തഖ്‌വ രൂപപ്പെടുന്നത്. ഇസ്‌ലാമിലായലും ഇതര മതങ്ങളിലായാലും സ്ത്രീകളുടെ അവകാശ ലംഘനങ്ങളുണ്ടാകുന്നത് നിയമങ്ങളില്ലാത്തത് കൊണ്ടല്ല മറിച്ച് അവ പ്രയോഗിക വല്‍ക്കരിക്കുന്നേടത്തുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ്.

ജനങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനം വളര്‍ത്തിയെടുക്കുക എന്നത് ഇസ്‌ലാമിക ധാര്‍മിക നിയമങ്ങളുടെ അടിസ്ഥാനമാണ്. പ്രവാചകന്‍ (സ) പറയുന്നു. ഒരു മുസ്‌ലിം ആധിക്ഷേപിക്കുകയോ മ്ലേച്ഛ വാക്കുകള്‍ പറയുകയോ ശപിക്കുകയോ ഇല്ല. (മുസ്‌ലിം)
ഇതിനോട് ചേര്‍ത്ത് കൊണ്ട് തന്നെ പ്രവാചകന്‍ (സ) പറഞ്ഞു : ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍ക്കാരന് പ്രയാസമുണ്ടാക്കാതിരിക്കട്ടെ. നിങ്ങള്‍ നിങ്ങളുടെ സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ഞാന്‍ നിങ്ങളോട് കല്‍പിക്കുകയും ചയ്യുന്നു. (ബുഖാരി)
സ്ത്രീകളില്‍ നിന്ന് മോശം പെരുമാറ്റങ്ങളുണ്ടായാല്‍ പോലും അവളോട് മോശമായിപ്പരുമാറുന്നതിന് പകരം സഹിഷ്ണുത കാണിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. പ്രവാചകന്‍(സ) പറഞ്ഞു: വിശ്വാസിയായ മനുഷ്യന്‍ വിശ്വാസിനിയായ സ്ത്രീയെ വെറുക്കരുത്. അവളുടെ ഏതെങ്കിലും പെരുമാറ്റത്തില്‍ അവന് വെറുപ്പ് തോന്നുന്നുവെങ്കില്‍ മറ്റുചില കാര്യങ്ങളില്‍ അവന് സംതൃപ്തി ലഭിക്കും (മുസ്‌ലിം)

ഈ ഹദീസിന് സമാനമായ പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും കാണാന്‍ സാധിക്കും.
‘ നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു. ഇനി അവരെ വെറുക്കുന്നുവെങ്കില്‍, ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നും അതേ അവസരം അല്ലാഹു അതില്‍ ധാരാളം നന്മനകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം ‘ (അന്നിസാഅ് : 19)

ഇതേ ആശയം തന്നെ പ്രാവാചകന്‍ (സ) വീണ്ടും ആവര്‍ത്തിക്കുന്നു. തിര്‍മിദി ഉദ്ധരിച്ച ഹദീസില്‍ പ്രവാചകന്‍ (സ) പറയുന്നു: ‘വിശ്വാസികളില്‍ വിശ്വാസത്തില്‍ പൂര്‍ണത കൈവരിച്ചവര്‍ സല്‍സ്വഭാവികളാണ്. നിങ്ങളില്‍ ഏറ്റവും പുണ്യവാന്മാര്‍ തങ്ങളുടെ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ്’.
സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ നിരൂപണം ചെയ്തു കൊണ്ട് പ്രവാചകന്‍ (സ) പറയുന്നു : ധാരാളം സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് പരാതി പറഞ്ഞ് കൊണ്ട് പ്രവാചക കുടുംബത്തില്‍ വന്നിരുന്നു. ആ പുരുഷന്മാര്‍ ആരും നല്ലവരല്ല. (ഇബ്‌നുമാജ)

സ്ത്രീകളോട് നല്ല നിലയില്‍ പെരുമാറുന്ന കാര്യത്തില്‍ പ്രവാചകന്‍ സ്വയം തന്നെ മാതൃകയായിരുന്നു.  പ്രവാചകന്‍ ആയിശയോടൊത്ത് ഓട്ട മത്സരം സംഘടിപ്പിച്ചിരുന്നു, അവരുടെ വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ അവര്‍ മെലിഞ്ഞിരുന്നതിനാല്‍ അവരായിരുന്നു മത്സത്തില്‍ വിജയിച്ചിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് തടി കൂടുകയും മത്സരത്തില്‍ പ്രവാചകന്‍ വിജയിക്കുകയും ചെയ്തു.
സ്ത്രീകളോട് എങ്ങനയാണ് പെരുമാറേണ്ടത് എന്നതിനെക്കുറിച്ച് ഒരു പാട് സൂചനകള്‍ ഇസ്‌ലാമിലുണ്ട്.  പക്ഷെ അവയില്‍ പലതും മുസ്‌ലിംകള്‍ തന്നെ അവഗണിച്ചിരിക്കുന്നു. ഇതിലൂടെ ശത്രുക്കള്‍ക്ക് ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു.

പടിഞ്ഞാര്‍ കേന്ദ്രീകൃതമായ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് സമത്വം നല്‍കുന്നു എന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാം നല്‍കുന്ന പരിഗണന സ്ത്രീകള്‍ക്ക് നല്‍കാന്‍ അത്തരം നിയമങ്ങള്‍ക്കാവില്ല. ഉദാഹരണത്തിന്: സ്ത്രീ ജോലി ചെയ്‌തോ അനന്തരമായോ കിട്ടിയ പണമോ മറ്റ് ആസ്തികളോ ഭര്‍ത്താവുമായി പങ്ക് വെക്കേണ്ടതില്ലെന്നാണ് ഇസ്‌ലാമിക നിയമം. അതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അവകാശവാദവും ഭര്‍ത്താവിന് ഉന്നയിക്കാവതല്ല. എന്നാല്‍ ഇതിന് നേര്‍ വിപരീതമാണ് പല പാശ്ചാത്യ നിയമങ്ങളിലും കാണുന്നത്. പാശ്ചാത്യ നിയമമനുസരിച്ച് ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ അവകാശ വാദം ഉന്നയിക്കാന്‍ കഴിയും. അതു പോലെ തന്നെ പാശ്ചാത്യ നിയമമനുസരിച്ച് ഭാര്‍ത്താവ് ഭാര്യക്ക് ചെലവിന് കൊടുക്കേണ്ടതില്ല. മുസ്‌ലിം നിയമമനുസരിച്ച് ഭര്‍ത്താവ് ഭാര്യക്ക് ചെലവിന് കൊടുക്കുകയും വേണം. എന്നാല്‍ മുസ്‌ലിം സ്ത്രീക്ക് സ്വന്തം ഇഷ്ടപ്രകാരം തന്റെ കുടുംബത്തിന് ചെലവഴിക്കാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ ഭര്‍ത്താവ് സ്ത്രീക്ക് ചെലവിന് കൊടുത്തില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ക്ക് വിവാഹ മോചനം നേടാനുള്ള അവകാശവും ഇസ്‌ലാമിലുണ്ട്.

അനന്തരാവകാശത്തില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ വിഹിതം മാത്രമേ ലഭിക്കൂ എന്നത് ഇസ്‌ലാമിനെതിരെ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണമാണ്. സഹോദരന് സഹോദരിയേക്കാള്‍ കൂടുതല്‍ അനന്തരസ്വത്ത് ലഭിക്കുന്നുവെന്നാണ് ഇവിടുത്തെ ആരോപണം. യഥാര്‍ഥത്തില്‍ ഈ ആരോപണത്തിനുള്ള മറുപടി വളരെ ലളിതമാണ്, തന്റെ കുടുംബത്തിലെ മാതാവ്,വിവാഹം കഴിയാത്ത സഹോദരിമാര്‍ ഉള്‍പ്പടെ മറ്റെല്ലാ കുടുംബാംഗങ്ങള്‍ക്കും ചെലവിന് കൊടുക്കേണ്ട ബാധ്യത പുരുഷനുണ്ട്. തങ്ങളുടെ അവകാശം ലഭിച്ചില്ലെങ്കില്‍ നിയമപരമായി അത് നേടിയെടുക്കാന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് കഴിയുന്നു. അതിനാല്‍ തന്നെ അധിക ബാധ്യതയുള്ള പുരുഷന് സ്ത്രീയേക്കാള്‍ കൂടുതല്‍ അനന്തരാവകാശം ലഭിക്കുന്നു.

ഇസ്‌ലാമില്‍ ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വളരെ പെട്ടെന്ന് ലഭിക്കും. ഭര്‍ത്താവ് തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിന്നില്ലെങ്കില്‍ സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാവുന്നതാണ്. എന്നാല്‍ പാശ്ചാത്യ ലോകത്ത് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച്-സിവില്‍ നിയമങ്ങളടക്കമുള്ള ധാരാളം നിയമ പ്രശ്‌നങ്ങള്‍ക്ക് ശേഷം മാത്രമേ സ്ത്രീക്ക് വിവാഹമോചനം ലഭിക്കുകയുള്ളു.

ഇസ്‌ലാമില്‍ തൊഴില്‍ നിയമങ്ങളിലും ക്രിമിനല്‍ നിയമങ്ങളിലും വരെ സ്ത്രീക്ക് പ്രത്യേക പരിഗണനയുണ്ട്. മാതാവെന്ന നിലയില്‍ സ്ത്രീയെ ഇസ്‌ലാം ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു. സ്ത്രീകളില്‍ അമ്മമാരാകുന്നവര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി കൊണ്ട് ഇസ്‌ലാമിക രാജ്യങ്ങളില്‍ നീണ്ട പ്രസവ അവധികള്‍ അനുവദിക്കാറുണ്ട്. അത് പാശ്ചാത്യ ലോകത്ത് നിലവിലില്ല. പൊതു ഗതാകത സമ്പ്രദായത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക ഭാഗങ്ങള്‍ അനുവദിച്ച് കൊടുത്തിട്ടുണ്ട്. ഇങ്ങനെ ഒരു പാട് ഉദാഹരണങ്ങള്‍ ഇനിയും ഇസ്‌ലാമിക നിയമങ്ങളിലുണ്ട്.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles