Current Date

Search
Close this search box.
Search
Close this search box.

ഷിന്‍ഡെയുടെ കത്ത് നേരത്തെ അയക്കേണ്ടതായിരുന്നു

സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം 30 ന് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഒരു കത്തയക്കുകയുണ്ടായി. രാജ്യത്ത് അകാരണമായി പീഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം ചെറുപ്പിക്കാരില്‍ നിന്നും നിയമനിര്‍വഹണ സംവിധാനത്തിലൂടെത്തന്നെ പരാതികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പറഞ്ഞു കൊണ്ടുള്ളതാണ് കത്ത്. നിരപരാധിയായ ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ പോലും അറസ്‌ററ് ചെയ്യപ്പെടുകയോ തീവ്വവാദത്തിന്റെ പേരില്‍ തടവിലിടപ്പെടുതയോ ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ അദ്ദേഹം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. അത്തരം സംഭവങ്ങള്‍ അഥവാ നടന്നിട്ടുണ്ടെങ്കില്‍ തക്ക നഷ്ടപരിഹാരം നല്‍കണമെന്നും കത്ത് ആവശ്യപ്പെടുന്നു.
വളരെ അടുത്തായി ലോകതലത്തില്‍ തന്നെ ഗൗരവമാര്‍ന്ന പ്രതിഭാസങ്ങളിലൊന്നായി മാറിയതാണ് തീവ്രവാദം.ആഗോളതലത്തില്‍ എണ്ണ പാടങ്ങളുടെ നിയന്ത്രണ രാഷ്ട്രീയം തീവ്ര ഇസ്‌ലാമിന്റെ തലം നന്നായി ഉപയോഗപ്പെടുത്തുകയും അല്‍ ഖാഇദ പോലുള്ള സംഘടനകള്‍ക്ക് രൂപം നല്‍കുകയും ‘കാഫിര്‍’  ‘ജിഹാദ്’ തുടങ്ങിയ പദങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും അങ്ങനെ ഇസ്‌ലാമിക തീവ്രവാദത്തെ സൃഷ്ടിക്കുകയും ചെയ്തു. ഈ പദത്തിന്റെ വരവോടെ പുതിയ ആകര്‍ഷകമായ പദപ്രയോഗങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. അതില്‍ ഏറ്റവും അടുത്ത് രൂപപ്പെട്ടതാണ്  ‘ എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, എന്നാല്‍ തീവ്രവാദികളെല്ലാം മുസ്‌ലിംകളാണ്’ എന്നത്. ഇത് സമൂഹത്തിന്റെ പൊതു ബോധമായി മാറി എന്നതു മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തെ നിയന്ത്രിക്കുന്ന ഒരു പോളിസിയായിക്കൂടി മനസ്സിലാക്കപ്പെട്ടു. തീര്‍ച്ചയായും പോലീസിന്റെ മുസ്‌ലിം ചെറുപ്പാക്കാരോടുള്ള ക്രൂരമായ സമീപനത്തിന് വേറെയും കാരണങ്ങളുണ്ടാകാം. ആദ്യത്തില്‍ ഇത്തരം അറസ്റ്റുകള്‍ നടന്ന സന്ദര്‍ഭത്തില്‍ വിരലിലെണ്ണാവുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ മാത്രമേ അധികൃതരുടെ പക്ഷപാതപരമായ സമീപനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറായുള്ളൂ. എണ്ണം പറഞ്ഞ ജനകീയ കോടതികള്‍ ഇത്തരം ഭരണ സംവിധാനത്തിന്റെ ഇരകളാക്കപ്പെട്ടവരുടെ പരാതികള്‍ കേള്‍ക്കാനായി രൂപം കൊണ്ടിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗീയ കാഴ്ചപ്പാടിന്റെ ഇരകളായി തങ്ങളുടെ പഠനവും ജോലിയുമൊക്കെ പാതി വഴിയില്‍ നഷ്ടപ്പെട്ടു പോയ കുറെയധികം ചെറുപ്പക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയേറിയ കഥകള്‍ അവിടെ കേള്‍ക്കാന്‍ സാധിച്ചു. അവരില്‍ ഡോക്ടറാകാന്‍ പഠിച്ചവരുണ്ട്, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിച്ചവരുണ്ട്, എല്ലാവരും വേദനയോടെ തങ്ങളുടെ കഥകള്‍ വിവരിച്ചു.
2008 ലെ മാലേഗാവ് സ്‌ഫോടനത്തോടെ, മഹാരാഷ്ട്ര എ. ടി. എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയാണ് അതിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്നത്, നമ്മുടെ സംവിധാനത്തെ സ്വാധീനിച്ചിരിക്കുന്ന പക്ഷപാതപരതയെ തുറന്നു കാണിക്കാനും പ്രഗ്യ സിങ് താക്കൂര്‍, സ്വാമി ദയാനന്ദ പാണ്ഡെ, അസിമാനന്ദ തുടങ്ങി യഥാര്‍ഥ കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. ഈ പറയപ്പെട്ടവരിലധികവും ഇപ്പോള്‍ ജയിലിലാണ്. അസിമാനന്ദയുടെ ഏറ്റുപറച്ചിലോടെ അന്വേഷണത്തിന്റെ ഗതി മാറുകുയും ഇപ്പോള്‍ തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഇത്തരം ആളുകളെക്കുറിച്ച് പോലീസ് അന്വേഷിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു.
ഇതേ സന്ദര്‍ഭത്തില്‍ തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് കുറഞ്ഞു വന്നിരുന്നു. പക്ഷെ കുറച്ചു കാലത്തെ ഇടവേളക്കു ശേഷം അല്‍ ഖാഇദയുടെ ഉപഘടകങ്ങളായ ചെറു സംഘങ്ങള്‍ രൂപപ്പെടുകയും ചെയ്തിരിക്കുന്നു. പോലീസ് സംവിധാനം ഇത്തരം കേസുകളില്‍ തങ്ങളുടെ പ്രൊഫഷണല്‍ ശൈലി ഉപയോഗിക്കുമ്പോള്‍ തന്നെ, പക്ഷപാത സമീപനം ഉള്ളിലൊളിപ്പിച്ച് അന്വേഷണം നടത്തുകയും മുസ്‌ലിം ചെറുപ്പക്കാരെ തുടര്‍ച്ചയായി പീഠിപ്പിക്കുകുയം ചെയ്യുന്നവര്‍ ഇപ്പോഴുമുണ്ടെന്നതാണ് വസ്തുത.
അപ്പോള്‍ എന്താണ് നമ്മുടെ നിലപാട്. തീവ്രവാദവും മതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഒരു വശത്ത് അമേരിക്കന്‍ ഗൂഢതന്ത്രത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ മദ്രസകളില്‍ നിന്നും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അല്‍ ഖാഇദയെപ്പോലുള്ള അര്‍ബുദസമാനമായ ഭീകര സംഘടനകള്‍. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഉന്‍മാദാവസ്ഥയില്‍ തെക്കനേഷ്യ പ്രത്യേകിച്ചും യാതന അനുഭവിക്കുകയാണ്.
മറുവശത്ത് അസിമാനന്ദ ഒരു മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ നടത്തിയ ഏറ്റുപറച്ചിലിന്റെയും സനാതന്‍ സന്‍സ്ത എന്ന വെബ് സൈറ്റ് പ്രചരിപ്പിക്കുന്ന ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം തീവ്രവദ പ്രവര്‍ത്തനങ്ങള്‍ ഒരു ഹിന്ദു രാജ്യം സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതാണ്. സനാതന്‍ സന്‍സ്തയുടെ ആശയപ്രകാരം ഈ കലിയുഗത്തില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും നശിപ്പിക്കപ്പെടേണ്ട രാക്ഷസന്‍മാരാണ്. അപ്പോള്‍ മാലേഗാവ് മുതല്‍ അജ്മീര്‍ വരെ, സംഝോത മുതല്‍ മക്കാ മസ്ജിദ് വരെ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് കുറെയധികം മുസ്‌ലിംകള്‍ ഒന്നിച്ചുകൂടുന്ന സന്ദര്‍ഭം നോക്കിയാണ്. സംഝോത എക്‌സപ്രസ്സില്‍ ഭൂരിഭാഗം യാത്രക്കരും മുസ്‌ലിംകളാണ് എന്നതാണ് അത് ലക്ഷ്യമാക്കാന്‍ കാരണം.
നാം അഭീമുഖീകരിക്കുന്നത് തീവ്രവാദത്തിന്റെ രണ്ടറ്റങ്ങളെയാണ്. അല്‍ ഖാഇദയുടെ നേതൃത്വത്തിലുള്ള ഒന്നും അസിമാനന്ദയുടെ നേതൃത്വത്തിലുള്ള ഒന്നും. രണ്ടു കൂട്ടരും മതത്തിന്റെ മേലങ്കിയണിഞ്ഞാണ് നിലനില്‍ക്കുന്നത്. എന്നാല്‍ രണ്ടു കൂട്ടര്‍ക്കും മതവുമായി യാതൊരു ബന്ധവുമില്ല. അവരുടെ പ്രചോദനം രാഷ്ട്രീയമാണ്.
ഈ രണ്ടു തരം തീവ്രവാദവും നിലനില്‍ക്കെ ഒരു സമൂഹത്തിലെ ചെറുപ്പക്കാരെ മാത്രം എല്ലായിടത്തും തീവ്രവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നതെന്ത് കൊണ്ട് എന്നതാണ് ചോദ്യം. ഇത്തരം വിഷയങ്ങളുടെ സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ആശിഷ് ഖേതനെപ്പോലുള്ളവരുടെ വെബ് പോര്‍ട്ടലായ ‘ഗുലൈല്‍’ പോലുള്ളവ മുസ്‌ലിം ചെറുപ്പക്കാരെ അകാരണമായി അറസ്‌ററ് ചെയ്തതിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. നിലവില്‍ വേണ്ടത്ര തെളിവുകളില്ലാതെ തീവ്രവാദത്തിന്റെ പേരില്‍ അറസ്‌ററ് ചെയ്യപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റിഹായ് മഞ്ച് എന്ന സംഘടന ലഖനൗവില്‍ അനിശ്ചിതകാല നിരാഹാരം സംഘടിപ്പിച്ചിരിക്കുകയാണ്. തന്റെ സംഘടനയാണ് മാലേഗാവ് സ്‌ഫോടനത്തിന്റെ പിന്നിലെന്ന അസിമാനന്ദയുടെ നിയമസാധുതയുള്ള ഏറ്റുപറച്ചിലുണ്ടായിരിക്കെ അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലുകളില്‍ കഴിയുന്ന മുസ്‌ലിം ചെറുപ്പാക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പല മുസ്‌ലിം സംഘങ്ങളും മാലേഗാവില്‍ നിന്നും മുംബൈയിലേക്ക് സമാധാന മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി.
ഇതൊക്കെയായിരിക്കെ കുറെയധികം മുസ്‌ലിം ചെറുപ്പക്കാര്‍ ഇന്നും പ്രത്യേകിച്ച് തെളിവുകളൊന്നുമില്ലാതെ ജയിലുകളില്‍ കഴിയുകയാണ്.
ഈയൊരു പശ്ചാത്തലത്തിലാണ് സുശീല്‍ കുമാര്‍ ഷിണ്ഡെയുടെ മുഖ്യമന്ത്രിമാര്‍ക്കയച്ച കത്ത് നോക്കിക്കാണേണ്ടത്. ബി. ജെ. പി ഇതിനെ സര്‍ക്കാരിന്റെ ന്യൂനപക്ഷപ്രീണനത്തിന്റെ മറ്റൊരുദാഹരണമാണിതെന്ന പ്രചാരണത്തിലൂടെ ഇതിനെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ അഭിപ്രായത്തില്‍ ഇത് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ആയതുകൊണ്ട് കത്ത് എത്രയും വേഗം പിന്‍വലിക്കേണ്ടതുണ്ട്. ഹൈന്ദവ സമൂഹത്തിലെ സവര്‍ണ്ണര്‍ക്ക് മാത്രം ഉപകാരപ്പെടുന്ന ബി. ജെ. പിയുടെ ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പത്തില്‍ നിന്നുകൊണ്ടാണ് അവര്‍ ഇത് പറയുന്നത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ തുല്യമായി പരിഗണക്കപ്പെടേണ്ടതുണ്ടെന്ന കാര്യം ബി. ജെ. പിക്ക് ഒരിക്കലും മനസ്സിലാകില്ല. മറ്റു സമൂഹങ്ങളെ അംഗീകരിക്കുന്ന പ്രവര്‍ത്തനം, ദുര്‍ബലരായവര്‍ക്ക് രാജ്യം താങ്ങാവുന്ന രീതി ഇതൊന്നും ആ പാര്‍ട്ടിയുടെ വര്‍ഗീയ ആദര്‍ശത്തിന്റെ ഭാഗമാകില്ല.
ഒരു വശത്ത് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ എല്ലാവരും ഒരേ പോലെ പരിഗണിക്കപ്പെടണമെന്ന് അവര്‍ വാദിക്കുന്നു. അപ്പോള്‍ എന്തിനാണിവിടെ ദലിദ് വിരുദ്ധ പീഠന നിയമം, എന്തിനാണ് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന ഗാര്‍ഹിക പീഠന നിയമം?  ജാഗ്രതയുള്ള ഒരു ജനാധിപത്യ സമൂഹം തങ്ങളില്‍ ദുര്‍ബലരായവര്‍ക്ക് പ്രത്യേക പരിരക്ഷയും പരിഗണനയും നല്‍കേണ്ടതിന്റെ ആവശ്യം തിരിച്ചറിയുന്നവരാണ്. സാങ്കേതികമായ സമത്വാശയത്തിന്റെ ചക്രത്തിനടിയില്‍ ചവിട്ടിയരക്കപ്പെടാതിരിക്കണമെങ്കില്‍ അവര്‍ക്കിതാവശ്യമാണ്.
സാങ്കേതികമായ സമത്വത്തില്‍ നിന്നും സ്ഥിരതയുള്ള സമത്വത്തിലേക്കുള്ള പ്രായാണമാണ് യാഥാര്‍ഥത്തില്‍ ജനാധിപത്യം. ഹൈന്ദവ സവര്‍ണ്ണാധിപത്യം ആഗ്രഹിക്കുന്ന, ജാതിയുടെയും വര്‍ണ്ണത്തിന്റെയും പേരില്‍ വിഭജിക്കപ്പെട്ട സമൂഹഘടനയെ ആഗ്രഹിക്കുന്ന ബി. ജെ. പിക്ക് തീര്‍ച്ചയായും ഈ യാത്രയും അതിന്റെ യുക്തിയും മനസ്സിലാകില്ല. അപ്പോള്‍ ദുര്‍ബലരെ സംരക്ഷിക്കാനെടുക്കുന്ന തീരുമാനങ്ങള്‍ അവര്‍ക്ക് രാജ്യ വിഭജനമാകും.
യഥാര്‍ഥത്തില്‍ ഷിന്‍ഡെ വളരെ വൈകിയിരിക്കുന്നുവെന്നതാണ് ശരി. വര്‍ഷങ്ങള്‍ക്കു മുമ്പ് ജനകീയ അന്വേഷണങ്ങളും ധര്‍ണ്ണകളും മുന്നോട്ട് വച്ച ആവശ്യമായിരുന്നു ഇത്. അന്നേ ഇത്തരമൊരു കത്ത് അയക്കപ്പെടേണ്ടതായിരുന്നു. അതു മാത്രമല്ല, പോലീസിനെ മതന്യൂനപക്ഷങ്ങള്‍ക്കെതിരിലും മറ്റു ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരിലും പക്ഷപാത സമീപനം സ്വീകരിക്കുന്ന അവസ്ഥയില്‍ നിന്നും അതിജീവിക്കാന്‍ പ്രത്യേക പരിശീലനം കൊടുക്കേണ്ടത് ആവശ്യമാണ്. ഷിന്‍ഡെ നടപടിയുമായി മുന്നോട്ടു പോകുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് എങ്ങനെ തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാം എന്നാലോചിക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ ഇത്തരം ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങളും അപേക്ഷകളും മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം ജനകീയ കോടതികളുടെ റിപ്പോര്‍ട്ടുകള്‍ മറിച്ചു നോക്കാന്‍ തയ്യാറാകേണ്ടതുണ്ട്. ഒരു മനുഷ്യന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, സമൂഹത്തില്‍ നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥപ്പെട്ടയാള്‍ എന്ന അര്‍ഥത്തിലൊക്കെ ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ട സാമൂഹ്യ പ്രശ്‌നത്തില്‍ അവര്‍ക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്. പല ബി. ജെ. പി നേതാക്കളും പ്രഗ്യാ സിങ് താക്കൂറുമായും അസിമാനന്ദയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അവരോട് മൃദു സമീപനം പുലര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ വരെ ഇത്തരം ആളുകള്‍ സന്ദര്‍ശിച്ചു. എന്തൊരു കാപട്യമാണിത്?  ഇത്തരം ബോംബു ധാരികളെ സഹായിക്കുകയും നിരപരാധികളായ മുസ്‌ലിംകള്‍ക്കെതിരില്‍ തീവ്രവാദ മുദ്രകുത്തുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നത് അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതാണ് വര്‍ഗീയ വാദം. ഈ പാര്‍ട്ടിയുടെ ആദര്‍ശവും അതു തന്നെ.

വിവ: അത്തീഖുറഹ്മാന്‍

Related Articles