Current Date

Search
Close this search box.
Search
Close this search box.

ലൈംഗിക പീഡനങ്ങള്‍, ആരാണ് ഉത്തരവാദി?

sexual-harass.jpg

സത്രീകള്‍ക്ക് നേരെ നടക്കുന്ന ഭീകരതകളിലൊന്നാണ് അവര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍. അത് അവളുടെ ശരീരത്തെയും മനസിനെയുമെല്ലാം ബാധിക്കുന്നതാണ്. അവമതിക്കുന്ന വാക്കുളാലോ , ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ അവളുടെ ശരീരത്തില്‍ നടത്തുന്ന സ്പര്‍ശനത്തിലൂടെയോ ആവാമത്. പലപ്പോഴും ടെലിഫോണിലൂടെ വിളിച്ചുള്ള ശല്ല്യപ്പെടുത്തലുമാകാം അത്.
ലൈംഗിക പീഡനങ്ങള്‍  മിക്ക സമൂഹങ്ങളെയും പ്രയാസപ്പെടുത്തുന്നുണ്ട്. അത്തരം വാര്‍ത്തകള്‍ നാം എല്ലാ സമൂഹങ്ങളില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ സമൂഹവും അതില്‍ നിന്ന് മുക്തമല്ല. വിദ്യാര്‍ഥിനികള്‍ക്ക് അധ്യാപകരില്‍ നിന്ന് പോലും പീഡനമേല്‍ക്കേണ്ടി വരുന്നുവെന്നത് അതിന്റെ ഗൗരവം വിളിച്ചോതുന്നു.
പീഡനമെന്ന പ്രതിഭാസം വളരെ വ്യാപകമാണെങ്കിലും അതിന്റെ കൃത്യമായ കണക്കുകള്‍ എവിടെയും ലഭ്യമല്ലെന്നതാണ് യാഥാര്‍ഥ്യം. അതിന്റെ പ്രധാന കാരണം തങ്ങള്‍ പീഡനത്തിനിരയാകുന്നുവെന്ന് തിരിച്ചറിയുന്നവര്‍ വളരെ കുറവാണ് എന്നതും അത് തിരിച്ചറിയുന്നവര്‍ തന്നെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനായി അത് വളരെ രഹസ്യമാക്കിവെക്കുന്നതുമാണ്. അതില്‍ തന്നെ പരാതിപ്പെടുന്നവരുടെ എണ്ണവും വളരെ തുച്ഛമാണ്. തനിക്കും കുടുംബത്തിനും അതുണ്ടാക്കുന്ന അഭിമാനക്ഷതം ഓര്‍ത്ത് അതിനെ മറച്ചുവെക്കാനാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്.
പെണ്‍കുട്ടികള്‍ ഇന്ന് ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും പീഡനം ഏല്‍ക്കുന്നവരാണ്. സന്തുഷ്ടമായ വിവാഹ ജീവിതത്തിനത് തടസ്സമാകുമെന്നതിനാല്‍ പലതും ആരും അറിയാതെ പോകുന്നു. അങ്ങാടികളിലും ആശുപത്രികളും മറ്റു പൊതുസ്ഥലങ്ങളിലുമെല്ലാം അവള്‍ പീഡനത്തിന് വിധേയയാകുന്നു. ഒരു തവണ പീഡനത്തിന് വിധേയരായ പലരെയും അത് വെച്ച് തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് വീണ്ടും പീഡിപ്പിക്കുന്ന സംഭവങ്ങളും വിരളമല്ല. എന്നാല്‍ പീഡനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്ത്രീകള്‍ക്ക് മേല്‍ കെട്ടിവെക്കുന്ന സമൂഹങ്ങളുണ്ട്. അവളാണ് അതിന് പുരുഷന്‍മാര്‍ക്ക് പ്രേരണ നല്‍കുന്നത് എന്നതാണ് അവരുടെ ന്യായം.

പ്രശ്‌നത്തിന്റെ കാരണങ്ങള്‍
തങ്ങളുടെ തന്നെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും കാരണം ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകളും ഉണ്ട്. സമൂഹത്തിന്റെ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും കൈവെടിഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവരാണവര്‍. അവര്‍ അറിഞ്ഞുകൊണ്ടോ അല്ലാതെയോ പീഡിപ്പിക്കപ്പെടുന്നതിന് കാരണക്കാരികളാകുന്നവരാണ്. ദുര്‍ബലമായ പുരുഷമനസുകളെ അത് പ്രലോഭിപ്പിക്കുക തന്നെ ചെയ്യും. പ്രത്യേകിച്ചും സമൂഹത്തില്‍ മതനിഷ്ഠയോ മൂല്യങ്ങളെ പരിഗണിക്കുകയോ ചെയ്യാത്ത യുവാക്കള്‍ ഉണ്ടായിരിക്കുമ്പോള്‍ അതിനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അശ്ലീല ചാനലുകളും സിനിമകളും അതിന് പ്രേരകമായി വര്‍ത്തിക്കുകയും ചെയ്യുന്നു.

പണ്ഡിതന്‍മാരുടെ ഉപദേശം
മതരംഗത്തെയം കര്‍മ്മശാസ്ത്ര മേഖലയിലെയും പണ്ഡിതന്‍മാര്‍ ഉപദേശിക്കുന്നത് നമ്മുടെ സന്താനപരിപാലത്തെ കുറിച്ചുള്ള ഒരു പുനര്‍വിചിന്തനത്തിനാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വളര്‍ത്തുമ്പോള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിനാണ് അവര്‍ ആവശ്യപ്പെടുന്നത്. അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും നിഷിദ്ധമായ കാര്യങ്ങളും അനുവദനീയമായ കാര്യങ്ങളും അവരെ പഠിപ്പിക്കുകയും വേണം. മൂല്യങ്ങളും സല്‍സ്വഭാവവും അവരില്‍ വളര്‍ത്തിയെടുക്കണം. അവരുടെ ജീവിതത്തെ നശിപ്പിക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും സംരക്ഷണം നേടുന്നതെങ്ങനെയെന്നും അവരെ പഠിപ്പിക്കണം. കുടുംബത്തില്‍ മക്കളോടുള്ള ബന്ധം ശക്തവും അവര്‍ക്ക് നിര്‍ഭയത്വം ഉറപ്പ് നല്‍കുന്നതായിരിക്കണമെന്നതും വളരെ പ്രധാനമാണ്. തങ്ങള്‍ക്കേല്‍ക്കുന്ന മോശപ്പെട്ട അനുഭവങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കുന്ന അന്തരീക്ഷം കുടുംബത്തിലുണ്ടായിരിക്കണം.

ഇസ്‌ലാം മറ്റുള്ളവര്‍ക്ക് പവിത്രത നല്‍കുന്നു
 തന്റെ സഹോദരനെ ആദരിക്കാന്‍ മനുഷ്യനെ ഇസ്‌ലാം പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് പവിത്രതയുണ്ടെന്നും അതൊരിക്കലും ലംഘിക്കപ്പെടരുതെന്നും ഇസ്‌ലാം നിര്‍ബന്ധം പിടിക്കുന്നു. ജീവന്‍, സമ്പത്ത്, അഭിമാനം തുടങ്ങിയവക്കെല്ലാം പവിത്രതയുണ്ട്. ഈ അടിസ്ഥാനങ്ങള്‍ ചെറുപ്പം മുതല്‍ തന്നെ മനുഷ്യര്‍ അറിഞ്ഞിരിക്കണം. ഒരു കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്ന് സമയങ്ങളില്‍ മാതാപിതാക്കളുടെ മുറിയില്‍ കയറുന്നതിന് അനുവാദം ചോദിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. പ്രഭാതത്തിന് മുമ്പുള്ള സമയം, ഉച്ചഭക്ഷണത്തിന് ശേഷം, രാത്രി ഭക്ഷണത്തിന് ശേഷമുള്ള സമയം തുടങ്ങിയവയാണവ. ലളിതമായ ഈ അധ്യാപനത്തിലൂടെ മറ്റുള്ളവര്‍ക്കുള്ള പവിത്രത കുട്ടികളെ പഠിപ്പിക്കുകയാണ്. അത് മാതാപിതാക്കളോ സഹോദരങ്ങളോ ആണെങ്കില്‍ പോലും ലംഘിക്കരുതെന്ന് അവരെ പഠിപ്പിക്കുന്നു. ഈ പവിത്രതയില്‍ നിന്ന് ആരും ഒഴിവല്ലെന്ന് അവരെ അനുശാസിക്കുന്നു. ഇപ്രകാരം ഞാന്‍ മറ്റുള്ളവരുടെ പവിത്രത കാത്തുസൂക്ഷിക്കുമ്പോള്‍ അവര്‍ എന്റെ പവിത്രതയും സൂക്ഷിക്കും. അതിലൂടെ നിര്‍ഭയമായ ഒരു ജീവിതം സാധ്യമാകും. ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറുന്ന ഒറ്റപ്പെട്ട ആളുകളുണ്ടാവും, അത്തരക്കാരുടെ വൃത്തം വളരെ ഇടുങ്ങിയതാവുകയും അവര്‍ക്ക് തെറ്റിലേക്ക് എത്തുന്നതിന് ധാരാളം തടസ്സങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എല്ലാ തരത്തിലും രൂപത്തിലുമുള്ള അശ്ലീലതയോടും ഇസ്‌ലാം പോരാടുന്നുവെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഓരോ വ്യക്തിക്കും തന്റെ മനുഷ്യത്വവും മാന്യതയും സംരക്ഷിക്കാനാവശ്യമായ നിയമങ്ങളും ഇസ്‌ലാം മുന്നോട്ട് വെക്കുന്നു. നമ്മില്‍ ഓരോരുത്തരും സന്താനങ്ങളെ ഇസ്‌ലാമികാധ്യാപനങ്ങള്‍ അനുസരിച്ച് വളര്‍ത്തുകയെന്നത് ഉത്തരവാദിത്വമായി ഏറ്റെടുക്കണം. അവരുടെ സമയങ്ങള്‍ പ്രയോജനപ്രദമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടുകയും വേണം. ഓരോരുത്തരും മറ്റുള്ളവരെ പവിത്രതയോടെ നോക്കികാണുമ്പോള്‍ അവര്‍ക്ക് അതിനെ ചെറിയതോതില്‍ പോലും ലംഘിക്കാന്‍ സാധിക്കുകയില്ല.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles